'കര്‍ത്താവിനെ തൂക്കിയത് മരക്കുരിശിലല്ലേ പിന്നെ പള്ളിക്കെന്തിനാ പൊന്‍കുരിശ്?' വലിയ പള്ളിയിലെ പൊന്‍കുരിശ് മോഷ്ട്ടിച്ച തോമ്മായെ കൊണ്ട് പണ്ട് ബഷീറ് ചോദിപ്പിച്ച ചോദ്യമാണ്.
സമീപകാലത്തായി വടശ്ശേരികുന്നനെ പോലുള്ള അഭിനവ ഉപദേശിമാരുടെ സുവിശേഷപ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ബഷീറിന്റെ പഴയ കഥ ഓര്മ്മ വന്നുവെന്നു മാത്രം. അല്ല, ഇതിനു സമാനമായ ഒരു ചോദ്യം തന്നെ ആണല്ലോ രണ്ടായിരം വര്ഷം മുന്പ് യേശുദേവനും തന്റെ പിതാവിന്റെ ആലയം കച്ചവടസ്ഥലമക്കിയ പ്രമാണിമാരോട് ചോദിച്ചത്. ആ ഒരു ദിവസം മാത്രമല്ലെ പരസ്യജീവിതത്തില് അദ്ദേഹം ചാട്ടവാറും കയ്യിലേന്തി രൂക്ഷമായി പ്രതികരിച്ചിട്ടുള്ളൂ. അതൊക്കെ പക്ഷെ പഴയ കഥ. ഇന്നിപ്പോള്‍ നമ്മള്‍ കുരിശിന്റെ ആകൃതിയെ കുറിച്ച് പോലും ചര്‍ച്ചകള്‍ നടത്തുന്നു, പ്രബന്ധങ്ങള്‍ രചിക്കുന്നു, ഗവേഷണങ്ങള്‍ നടത്തുന്നു. സ്വര്‍ണ്ണത്തിന്റെ കാലം ഒക്കെ പോയി. രത്നങ്ങള്‍ പതിച്ച കുരിശുകളുടെ കാലം ഇനി അതിവിദൂരമല്ല!
എഴുപതുകളുടെ ഏതാണ്ട് മധ്യകാലം. അക്കാലത്താണ് പള്ളികളിലൊക്കെ ഉച്ചഭാഷിണികള്‍ സര്‍വസാധാരണമായി തുടങ്ങിയത്. ഞങ്ങളുടെ പുന്നത്തുറ പള്ളിയില്‍ നിന്നും എല്ലാ ഞായറാഴ്ചയും സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഒരു ഗാനം ഉണ്ട്. കലാ ഭവന്‍ ആബേലച്ചന്റെ “ഈശ്വരനെ തേടി ഞാന്‍ നടന്നു” എന്ന ഗാനം. അച്ചന്റെ ഏറ്റവും പ്രശസ്തമായ ഗാനവും അതുതന്നെ. എല്ലാ ക്രിസ്തീയ ദേവാലയങ്ങളില്‍ നിന്നും കുറെ നാളത്തേക്ക് ഈ ഗാനം സ്ഥിരമായി കേള്ക്കാമായിരുന്നു.
ആ ഗാനം ഒന്നു ശരിക്ക് വിശകലനം ചെയ്തപ്പോള്‍ ഒരു കാര്യം മനസ്സിലായി. അവിടെയും ഇവിടെയും ഒന്നും ഈശ്വരനെ അന്വേഷിച്ചിട്ട് കാര്യമില്ല, ഈശ്വരന്‍ അവനവന്റെ ഉള്ളില്‍ തന്നെയാണ്. ഇവിടുത്തെ ഏറ്റവും വലിയ വിരോധാഭാസം ഗാനരൂപത്തിലുള്ള ഈ ഉപദേശങ്ങള്‍ അന്ന് വന്നു കൊണ്ടിരുന്നത് ദേവാലയങ്ങളില്‍ നിന്ന് തന്നെ ആയിരുന്നു എന്നുള്ളതാണ്.
വളരെ ലളിതമായ ഭാഷയില്‍ ഉദാഹരണസഹിതം കുറെ ഉപദേശങ്ങള്‍ സാധാരണക്കാരനുവേണ്ടി യേശു നല്കി. അന്ന് യേശുവിന്റെ ശ്രോതാക്കള്‍ ആരും തന്നെ ഉയര്ന്ന വിദ്യാഭ്യാസം ഉള്ളവരോ പണ്ഡിതരോ ആയിരുന്നില്ല. കാലാന്തരത്തില്‍ കുറെ പേര്‍ അതിനെ ഗവേഷണങ്ങള്‍ നടത്തി നടത്തി പരമാവധി വളച്ചൊടിച്ചു ഒരു പരുവത്തില്‍ ആക്കിതന്നു. ഇല്ലാത്ത അര്‍ഥങ്ങള്‍ അതിനു നല്കി. വരുമാനം കൂട്ടാനും സമ്പത്ത് കുന്നുകൂട്ടാനും ഉള്ള ഒരു ഉപകരണം ആക്കി അതിനെ മാറ്റി. ചുരുക്കത്തില്‍ ലക്ഷ്യം മാറിയതോട് കൂടി മാര്‍ഗവും മാറി.
പണ്ടൊക്കെ രാജാക്കന്മാര്‍ അശ്വമേധയജ്ഞങ്ങള്‍ നടത്തുമായിരുന്നു. പ്രധാനമായും തന്റെ മേല്‌ക്കോയ്മ സ്ഥാപിക്കാനും അധികാരം ഉറപ്പിക്കാനും വേണ്ടിയാണു ഇങ്ങിനെ യജ്ഞങ്ങള്‍ നടത്തിയിരുന്നത്. ഇതിനായി സന്ദര്‍ഭത്തിനു യോജിച്ച ഒരു അശ്വത്തെ തിരഞ്ഞെടുത്തു സൈന്യത്തിന്റെ അകമ്പടിയോടെ അന്യരാജ്യങ്ങളിലേക്ക് കയറ്റിവിടും. എതിര്പ്പുകളെ അതിജീവിച്ചു അശ്വം തിരിച്ചു വന്നാല്‍ അതു കടന്നുപോയ രാജ്യങ്ങളെല്ലാം തന്റെ അധികാരത്തിന്‍ കീഴില്‍ വന്നു എന്നു രാജാവിനു ന്യായമായും ഉറപ്പിക്കാം. മുന്‍പില്‍ പോകുന്ന കുതിരയുടെ വിചാരം തന്റെ ഒരാളുടെ കഴിവ്‌കൊണ്ടാണ് ഇതെല്ലം സാധിക്കുന്നത് എന്നാണ്. അതുപോലെ അകമ്പടി സേവിക്കുന്ന സേനയുടെ ചിന്ത അവരുടെ കഴിവ് കൊണ്ടാണ് ഇതെല്ലം സാധിക്കുന്നത് എന്നും. എന്നാല്‍ ഇതെല്ലാം നിയന്ത്രിച്ചുകൊണ്ട് സുഖമായി കൊട്ടാരത്തില്‍ രാജാവ് ഇരിപ്പുള്ള കാര്യം ഇവരുടെ ചിന്താമണ്ഡലത്തിലേക്ക് കടന്നുകയറത്തേയില്ല. ഇത് മാത്രമല്ല, ഈ യജ്ഞങ്ങളുടെ അവസാനം അതിന്റെ വിജയകരമായ പരിസമാപ്തിക്കു നന്ദിസൂചകമായി രാജാവ് ഒരു യാഗം നടത്തും. ആ യാഗത്തില്‍ വച്ച് വിജയശ്രീലാളിതനായി തിരിച്ചുവന്ന അശ്വത്തെ യാഗബലിയായി കുരുതികൊടുക്കുകയും ചെയ്യും.
പക്ഷെ ഇത് ഒരു അധ്യായത്തിന്റെ അവസാനം മാത്രം. ഇതേ സമയത്തു തന്നെ മറ്റൊരു കുതിരയെ തയാറാക്കിയിട്ടുണ്ടാകും പുതിയൊരു യജ്ഞം തുടങ്ങാന്‍. സാധാരണഗതിയില്‍ കുതിരകളുടെയെല്ലാം ഗതി ഒന്ന് തന്നെ. എങ്കിലും പ്രധീക്ഷ ആണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. അതിനാല്‍ തന്നെ പുതിയൊരു യജ്ഞം ഏറ്റുഎടുക്കാന്‍ ധാരാളം അശ്വങ്ങള്‍ എപ്പോഴും മുന്നോട്ടു വന്നുകൊണ്ടിരിക്കും. കാലം മാറിയപ്പോള്‍ കുതിരകളുടെ സ്ഥാനത്ത് മനുഷ്യന്‍ വന്നു. വടക്കേ അമേരിക്കയിലും സീറോമലബാര്‍ ഭരണം വന്നു. അശ്വമേധം ഒന്നാം ഘട്ടം പൂര്ത്തിയായി. യാഗവും കുരുതിയും ഏതാണ്ട് തീരാറായി. പുതിയൊരു യന്ജത്തിനു തയാറെടുപ്പുകളും തുടങ്ങി.
'രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍'
'സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
കോലകങ്ങളില്‍ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലര്‍'
(പൂന്താനം: ജ്ഞാനപ്പാന)
നന്ദി
പയസ് പൂഴിക്കാല