പാശ്ചാത്യരാജ്യങ്ങളില്‍ കലയും സംഗീതവും സാഹിത്യവും എല്ലാം സഭയുടെ അനുഗ്രഹാശിസ്സുകളോടെയാണ് വളര്‍ന്നത്. ക്രിസ്തുവിന്റെ പ്രബോധനം യൂറോപ്പില്‍ എത്തുന്നതിനു മുമ്പുതന്നെ കേരളത്തില്‍ ക്രിസ്തുമതം വേരുറച്ചു എന്നു വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും കേരളീയ കലകളില്‍ സഭയുടെ സ്വാധീനം കാര്യമായിട്ടില്ല തന്നെ. ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് നമ്മുടെ കലകള്‍ വളര്‍ന്നത്. പാശ്ചാത്യമിഷനറിമാരുടെ വരവിനു ശേഷമാണ് ഭാഷയിലും സാഹിത്യത്തിലും എന്തെങ്കിലും ക്രിസ്ത്യന്‍ സംഭാവനകള്‍ ഉണ്ടായത്.
സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിലുണ്ടായ ജനകീയ മുന്നേറ്റങ്ങളില്‍ നിന്നെല്ലാം ക്രിസ്ത്യന്‍സമൂഹം മിക്കവാറും വിട്ടുനിന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെ ''അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്'' എന്ന നാടകം കേരളത്തില്‍ ഹിന്ദുനവോത്ഥാനത്തിന്റെ തുടക്കം കുറിച്ചു. അതേതുടര്‍ന്ന് നാടകങ്ങള്‍ കേരളത്തില്‍ മാറ്റങ്ങളുടെ മാറ്റൊലി മുഴക്കി. 'പുതിയ ആകാശം പുതിയ ഭൂമി', 'മുടിയനായ പുത്രന്‍', 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' തുടങ്ങിയ കെ.പി.എ.സി. നാടകങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം, സാമൂഹിക അസമത്വത്തിനെതിരായ കാഴ്ചപ്പാടുകള്‍ സൃഷ്ടിച്ചുകൊണ്ട് ജനഹൃദയങ്ങളില്‍ ഇടതുപക്ഷ ചിന്തയുടെ വിത്തുപാകി. ഇത്തരം നാടകങ്ങള്‍ കാണരുതെന്ന അള്‍ത്താരകളില്‍ നിന്നുവന്ന നിര്‍ദ്ദേശങ്ങള്‍ നിരാകരിക്കപ്പെട്ടു.
ഈ പശ്ചാത്തലത്തില്‍, സഭ ഏതാണ്ട് പകച്ചുനിന്നപ്പോഴാണ് ഒരു ക്‌നാനായവൈദികന്‍ കലാരംഗത്തേക്ക് കടന്നുവന്നത്. ബഹുമുഖ പ്രതിഭയായിരുന്ന ഈ വൈദികന്‍ ''കൊല്ലം അസ്സീസി ആര്‍ട്‌സ് ക്ലബ്'' എന്ന നാടകക്കമ്പനിയ്ക്ക് രൂപം കൊടുത്തു. ഭക്തിഗാനങ്ങള്‍ വ്യവസായമാകുന്നതിനു വളരെ മുമ്പേ അദ്ദേഹം രചിച്ച പല ഗാനങ്ങളും ജനങ്ങളുടെ ചുണ്ടത്ത് തത്തിക്കളിച്ചു. ''വാനിലെ വാരൊളി'' എന്നു തുടങ്ങുന്ന പാട്ടിലെ ''കൊച്ചുളി ചുറ്റിക വരകോലുകൊണ്ടെല്ലാം കൊച്ചുന്നാള്‍ തൊട്ടെ പണി ചെയ്തില്ലേ'' എന്ന വരികള്‍ ജാതിമതഭേദമെന്യേ ജനങ്ങള്‍ നെഞ്ചിലേറ്റി.
ഫാ. ഫൗസ്റ്റിന്‍ ക്‌നാനായ സമുദായാംഗമാണെന്ന സത്യം അധികമാര്‍ക്കും അറിയില്ല. അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗമായ ഡോമിനിക് സാവിയോ എഴുതിയതാണ് ഈ ലേഖനം.
(എഡിറ്റര്‍, സ്നേഹസന്ദേശം)
നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ കത്തോലിക്കാപള്ളി പരിസരങ്ങള്‍ക്ക് അന്യമായിരുന്ന കാലത്താണ് ക്രൈസ്തവപ്രമേയങ്ങളുമായി കൊല്ലം അസ്സീസി ആര്‍ട്‌സ് ക്ലബ് പള്ളി മൈതാനങ്ങളിലേക്ക് കടന്നുവന്നത്. ക്ലബിനുവേണ്ടി നാടകങ്ങള്‍ തയ്യാറാക്കുകയായിരുന്നില്ല. പ്രത്യുത, നാടകാവതരണത്തിനുവേണ്ടി ഒരു ആര്‍ട്‌സ് ക്ലബിനു രൂപം കൊടുക്കുകയായിരുന്നു. ക്ലബിന്റെയും നാടകട്രൂപ്പിന്റെയും എല്ലാമെല്ലാമായിരുന്നതാകട്ടെ ക്‌നാനായക്കാരനായ ഒരു സന്യാസ വൈദികനും. അദ്ദേഹമാണ് ഫാ. ഫൗസ്റ്റിന്‍ വാച്ചാചിറയില്‍ OFM.Cap. ക്രൈസ്തവദര്‍ശനങ്ങളെയും വിശുദ്ധരുടെ ജീവചരിത്രങ്ങളെയും പ്രമേയങ്ങളാക്കി നാടകങ്ങള്‍ രചിച്ച് രംഗത്തവതരിപ്പിച്ച ഉജ്ജ്വല പ്രതിഭയായിരുന്നു ഫാ. ഫൗസ്റ്റിന്‍ കപ്പൂച്ചിന്‍. അദ്ദേഹത്തിനു മുന്‍പോ പിന്‍പോ ഒരു കത്തോലിക്ക പുരോഹിതന്‍ ഇതുപൊലൊരു രംഗത്ത് പ്രവര്‍ത്തിച്ചതായി അറിവില്ല.
അസ്സീസി ആര്‍ട്‌സ് ക്ലബ് 17 നാടകങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിച്ചു. പ്രൊഫഷണലായി നാടകങ്ങള്‍ അവതരിപ്പിക്കാന്‍ ചില പരിമിതികളുണ്ടെന്നറിഞ്ഞ അച്ചന്‍ നാടകകലകളുടെ ആചാര്യനായിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരെ ''അടിയറവു പറയാത്ത രക്തം'' എന്ന ആദ്യനാടകം ഏല്‍പ്പിച്ചു. അദ്ദേഹം പല സ്ഥലങ്ങളിലും നാടകം അവതരിപ്പിച്ചു. ഒരിക്കല്‍ അച്ചന്‍ നാടകം കാണുവാന്‍ ഇടയായി. അച്ചന്റെ ആശയങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് അവര്‍ നാടകം അവതരിപ്പിച്ചിരുന്നത്. ഇതില്‍ ദുഃഖിതനായ അദ്ദേഹം നാടകം തിരികെ വാങ്ങി, അസ്സീസി ആശ്രമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സമാജത്തിന്റെ പേരില്‍ നടത്തുവാന്‍ തുടങ്ങി. രണ്ടു നാടകം അവരിലൂടെ അവതരിപ്പിച്ചപ്പോള്‍ അവിടെയും ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തു. സമാജത്തില്‍ നിന്നുള്ളവരെ മാത്രമേ നാടകാഭിനയത്തിന് നിയോഗിക്കാവൂ എന്ന നിബന്ധന വന്നപ്പോള്‍, ഇതു ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയ ഫൗസ്റ്റിനച്ചന്‍ ആശ്രമാധിപരുടെ അനുമതിയോടെ സമതിയില്‍നിന്നും കലാവിഭാഗത്തെ വേര്‍പെടുത്തി രൂപം കൊടുത്തതാണ് അസ്സീസി ആര്‍ട്‌സ് ക്ലബ്. സ്വതന്ത്രപദവി ലഭിച്ച ഈ ക്ലബിന്റെ അമരക്കാരനായി ഫൗസ്റ്റിനച്ചന്‍ നിയമിതനായി.
അറിയപ്പെടുന്ന നാടകക്കാരായിരുന്നില്ല അച്ചന്റെ സഹപ്രവര്‍ത്തകര്‍. അച്ചന്റെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിഞ്ഞ കുറെ ചെറുപ്പക്കാരായിരുന്നു നാടകതാരങ്ങള്‍. അവരൊക്കെ വിവിധ കര്‍മ്മമണ്ഡലങ്ങളില്‍ ഉദ്യോഗം വഹിക്കുന്നവരുമായിരുന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന റ്റെഡി ലോപ്പസായിരുന്നു എല്ലാ നാടകങ്ങളുടെയും സംവിധായകന്‍. ഒരു പ്രധാന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു.
ഫൗസ്റ്റിനച്ചന്റെ നാടകങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയും ഒന്നിനൊന്നു മെച്ചപ്പെട്ടവയുമായിരുന്നു. ഓരോന്നിലും അന്നത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പ്രയോഗിച്ചിരുന്നു. പ്രേക്ഷകരെ പിരിമുറുക്കത്തിലിരുത്തിക്കൊണ്ടാണ് ഓരോ രംഗവും മുന്നോട്ടു നീങ്ങിയത്. അശ്ലീലം ഒഴികെയുള്ള എല്ലാ വികാരങ്ങളും അതിന്റെ തീവ്രതയില്‍ പ്രേക്ഷകര്‍ക്കനുഭവവേദ്യമായിരുന്നു. ഒപ്പം കഥാപാത്രങ്ങളുടെ ക്രിസ്തീയ വിശ്വാസതീക്ഷ്ണതയും പ്രേക്ഷകരിലേക്ക് പകര്‍ന്നിരുന്നു. സംഭാഷണം സരളവും അതിശക്തവും നര്‍മ്മബോധം നഷ്ടപ്പെടാത്തതുമായിരുന്നു. ദൈവസ്‌നേഹം ജനമനസ്സിലെത്തിക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത ഒരു വിനീത ദാസനായിരുന്നു ഫാ. ഫൗസ്റ്റിന്‍ വാച്ചാചിറയില്‍.
നാടകത്തിലെ ഗാനങ്ങളും അച്ചന്‍ തന്നെയാണ് രചിച്ചിരുന്നത്. ആദ്യ നാടകത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് എം.കെ. അര്‍ജ്ജുനനായിരുന്നു. അദ്ദേഹത്തിന്റെ സഹായിയും, അച്ചന്റെ നാട്ടുകാരനുമായിരുന്ന രാജപ്പനാണ് പിന്നീടുള്ള നാടകങ്ങളിലെ ഗാനങ്ങള്‍ക്കെല്ലാം ഈണം നല്‍കിയത്. അദ്ദേഹത്തിന് 'കുമരകം രാജപ്പന്‍' എന്ന പേരു നല്‍കിയത് ഫൗസ്റ്റിനച്ചനായിരുന്നു.
മലയാള ഭക്തിഗാനങ്ങളുടെ റെക്കാര്‍ഡിംഗിന്റെ തുടക്കക്കാരന്‍ അച്ചനായിരുന്നു. അച്ചന്‍ യേശുദാസുമായി എറണാകുളത്തുവച്ച് കണ്ടുമുട്ടിയശേഷം, അദ്ദേഹവും എ.പി. കോമളയും ചേര്‍ന്ന് അച്ചന്റെ രണ്ടു പാട്ടുകള്‍പാടി റെക്കാര്‍ഡ് ചെയ്തു. ഈ കാസറ്റ് ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. യേശുദാസും, ജാനകിയും ചേര്‍ന്നുപാടിയ പല പാട്ടുകളും റെക്കാര്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. ''വാനിലെ വാരൊളി'' എന്ന പ്രശ്‌സതഗാനം മര്‍ക്കോസും സംഗീതയും ചേര്‍ന്നുപാടി. കാരുണ്യ കമ്മ്യൂണിക്കേഷനും ഈസ്റ്റ്‌കോസ്റ്റും ചേര്‍ന്ന് അച്ചന്റെ പ്രശസ്തമായ പതിനാറു ഗാനങ്ങള്‍ കാസറ്റിലാക്കി പുറത്തിറക്കിയിരുന്നു.
കോട്ടയം അതിരൂപതയിലെ കുമരകം വള്ളാറ പുത്തന്‍പള്ളി ഇടവകയില്‍ വാച്ചാചിറയില്‍ ജോസഫ്-മറിയാമ്മ ദമ്പതികളുടെ ഒന്‍പതുമക്കളില്‍ രണ്ടാമനായി 1926 ഏപ്രില്‍ 5-ന് വല്യപ്പന്റെ പേരുകാരനായി കുഞ്ഞുചാക്കോച്ചന്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കപ്പൂച്ചിന്‍ സന്യാസസഭയില്‍ ചേര്‍ന്നു. ഫൗസ്റ്റിന്‍ എന്ന പേരില്‍ 1954 മാര്‍ച്ച് 25-ന് കോട്ടഗിരിയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. 28-ന് ഇടവകപ്പള്ളിയില്‍ വച്ച് നവപൂജ അര്‍പ്പിക്കുകയും ചെയ്തു.
കലാരംഗത്തു കടന്നുവന്ന് നാടകരംഗത്തെ പ്രോജ്വലിപ്പിച്ച കേരളത്തിലെ ആദ്യത്തെ കത്തോലിക്കാവൈദികനായിരുന്നു ഫാ. ഫൗസ്റ്റിന്‍ വാച്ചാചിറയില്‍. ക്‌നാനായ മക്കള്‍ക്ക് പൊതുവെ കിട്ടിയിട്ടുള്ള നേതൃവാസനയും, വിവിധതരം ആളുകളെ ഒരുമിച്ചു ചേര്‍ത്ത് വലിയ കാര്യങ്ങള്‍ ചെയ്യുവാനുള്ള നിയോഗവും അച്ചനും ജന്മനാ തന്നെ ലഭിച്ചിരുന്നു. ദാനമായി ലഭിച്ച താലന്തുകള്‍ ദൈവത്തിനായി സമര്‍പ്പിച്ചതുകൊണ്ടാണ് വലിയകാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനായത്. അതില്‍ നമുക്കെല്ലാം അഭിമാനിക്കാം.
''എല്ലാ ദുഃഖവും എനിക്കു തരൂ'' എന്ന സാമൂഹ്യനാടകത്തിന്റെ അവതരണത്തെക്കുറിച്ച് പ്രധാന നടനുമായി സംസാരിച്ചുകൊണ്ടിരിക്കേ തളര്‍ന്നു വീണ അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിരിക്കുന്നു എന്നറിയുകയും, ഓപ്പറേഷനോടു കൂടി, 1979 ജൂലൈ 7-ന് എന്നന്നേയ്ക്കുമായി അരങ്ങൊഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. ഭരണങ്ങാനം അസ്സീസി ആശ്രമത്തിലെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ അവരുടെ ഉന്നതപദവി മറന്ന് വാവിട്ടുള്ള നിലവിളി കണ്ടുനിന്നവരുടെ ഹൃദയം അലിയിക്കുന്നതായിരുന്നു. അവരോടുണ്ടായിരുന്ന അച്ചന്റെ സ്‌നേഹവും കരുതലും ആ നിലവിളിയില്‍ പ്രകടമായിരുന്നു.
സംസാരത്തില്‍ മിതത്വം പാലിച്ചിരുന്നവനും, മൃദുഭാഷിയും, കൃശഗാത്രനുമായിരുന്ന ഫൗസ്റ്റിനച്ചനെ അറിയുന്നവര്‍ നാട്ടില്‍ വളരെ ചുരുക്കമായിരുന്നു. വല്ലപ്പോഴും വീട്ടില്‍ വന്നുപോകുമായിരുന്ന അദ്ദേഹം വീട്ടുകാര്‍ക്കും സുപരിചിതനായിരുന്നോ എന്ന് സംശയമാണ്. കുമരകത്ത് മുളയെടുത്ത്, കൊല്ലത്തു വളര്‍ന്ന്, പറുദീസയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ ക്‌നാനായ വൈദികന്‍ നിത്യസമ്മാനിതനായ ഒരു മഹത്‌വ്യക്തിയാണ്. ക്‌നാനായ തനിമയും സംസ്‌കാരവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ജ്വലിപ്പിച്ചു എന്നത് സമുദായക്കാര്‍ക്ക് അഭിമാനം തരുന്ന വസ്തുതയാണ്. അദ്ദേഹത്തെ നമുക്ക് സ്മരിക്കുകയും ആദരിക്കുകയും ചെയ്യാം.
(2011 January ലക്കം സ്നേഹസന്ദേശത്തില്‍ പ്രിസിദ്ധീകരിച്ചത്)