സുഹൃത്തുക്കളെ,
കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ എന്ന കൊച്ചുഗ്രാമം. അവിടെ “മുടിയനായ പുത്രന്റെ” ജനുസില്‍ പെട്ട ഒരു കക്ഷി. കിടപ്പാടമില്ല. കുറെപ്പേര്‍ ചേര്‍ന്ന് അയാള്‍ക്ക് ഒരു കൂര ഉണ്ടാക്കികൊടുക്കുവാന്‍ ശ്രമിച്ചു.
പട്ടമനയില്ലത്തെ അവകാശിയായ നമ്പൂതിരിപ്പാട് പത്തുസെന്റ് സ്ഥലം കുതിരക്കാട്ടു കുന്നുംപുറത്ത് സൌജന്യമായി കൊടുക്കാമെന്ന് സമ്മതിച്ചു.
റേഷന്‍കടക്കാരന്‍ മങ്ങാട്ടുകുന്നേല്‍ ശ്രീ. ഉലഹന്നാന്‍ മത്തായി, കൊച്ചുപറമ്പില്‍ കുരുവിള (വാക്കാച്ചേട്ടന്‍), കൈതത്തൊട്ടിയില്‍ മാത്തുച്ചേട്ടന്‍ തുടങ്ങിയവരും ചേര്‍ന്ന് ആധാരച്ചെലവിനുള്ള തുക പിരിവെടുത്തു സ്ഥലം എഴുതി രജിസറ്റര്‍ ചെയ്തു. ഉടനെ തന്നെ മേല്‍പ്പറഞ്ഞവരുടെ മേല്‍നോട്ടത്തില്‍ നാട്ടില്‍ ഒരു പിരിവു നടത്തി കുറെ പണവും, രണ്ടു തെങ്ങും, രണ്ടു മൂന്നു കമുകും കുറെ മുളയും സംഘടിപ്പിച്ചു. തെങ്ങുതടി അറപ്പിച്ചു കാലും തൂണും - കമുകു മുറിച്ച് ഉത്തരങ്ങളും, മുളയും കമുകും ഉപയോഗിച്ച് കൂട്ടുകയറ്റിയും ഓലമേഞ്ഞ വിരിയും മുളയുംകൊണ്ട് ഭിത്തിയും തീര്‍ത്തു. രണ്ടു ചെറിയ മുറിയും അടുക്കളയുമായി ഒരു വീട് നിര്‍മ്മിച്ചു. അങ്ങനെ അവരെ ഒരു സുപ്രഭാതത്തില്‍ അവിടെ കൊണ്ടു താമസിപ്പിച്ചു.
ഉള്ളതുപറയണമല്ലോ വികാരിയച്ചന്‍ വീടു വെഞ്ചരിച്ചതിനു കാശു വാങ്ങിയില്ല.
അത്രയും നന്ന്......
*** *** *** ***
ഏതാണ്ട് അറുപതു വര്‍ഷങ്ങള്‍ മുമ്പ് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കാണാമായിരുന്ന നന്മയുടെയും മനുഷ്യസ്നേഹത്തിന്റെയും മനുഷ്യമനസുകളില്‍ സഹജീവികളോടുണ്ടായിരുന്ന കരുതലിന്റെയും ഉദാഹരണമാണ് മുകളില്‍ കുറിച്ചത്.
വംശനാശം വന്നുപോയ ആ മനുഷ്യത്വത്തിന്റെ കഥകളാണ് കുറുമുള്ളൂര്‍കാരന്‍ തോമസ് ഇലയ്ക്കാട്ട് എഴുതിയ “ഇലക്കാടുകളിലെ കുറുമുള്ളുകള്‍” എന്ന പുസ്തകംനിറയെ.
ഈ സംഭവം നടക്കുന്ന കാലത്ത് തിരുവതാംകൂറില്‍നിന്നും നിരവധി “ചേട്ടന്‍”മാരും അവരുടെ കുടുംബങ്ങളും മലബാര്‍, വയനാട്, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് കുടിയേറി. ജീവിക്കാനായി മലമ്പനിയോടും, കാടിനോടും, വന്യമൃഗങ്ങളോടും മല്ലടിച്ച അവരുടെ ചരിത്രമെഴുതാന്‍ പക്ഷെ ആരും മിനക്കെട്ടില്ല. ഈ ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും ഉള്‍ക്കാഴ്ച ലഭിക്കണമെങ്കില്‍ ആശ്രയം എസ്.കെ. പൊറ്റക്കാടിന്റെ “വിഷകന്യക” എന്ന നോവലാണ്.
പഴയകാലത്തെ കഷ്ടപ്പാടുകള്‍ വിവരിച്ചാല്‍ പുതിയ തലമുറയ്ക്ക് അതൊക്കെ തമാശയാണ്; നിറംപിടിപ്പിച്ച നുണകള്‍. അവരില്‍ ചിലര്‍ക്കെങ്കിലും ആ കാലത്തിന്റെ ചരിത്രമറിയാന്‍ ഇന്നല്ലെങ്കില്‍ നാളെ കൌതുകമുണ്ടായെന്നിരിക്കും. Alex Haily തന്റെ ജനതയുടെ കഥകള്‍ ആഫ്രിക്കയില്‍ പോയി അന്വേക്ഷിച്ച് Roots എന്ന പ്രശസ്തഗ്രന്ഥം രചിച്ചതുപോലെ നമ്മുടെ പിന്‍ഗാമികളില്‍ ആരെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയില്‍ നിന്ന് തിരുവതാംകൂറിലെത്തി അന്വേക്ഷണം നടത്തുമ്പോള്‍ ഏതെങ്കിലും ഗ്രന്ഥശാലയില്‍ നിന്നും ഈ പുസ്തകം ലഭിച്ചാല്‍ അന്വേഷകന് അതൊരു അമൂല്യ നിധി ആയിരിക്കും.
കാരണം, ഇത് കുറുമുള്ളൂരിന്റെ മാത്രം കഥയല്ല; ഒരു വലിയ പ്രദേശത്തിന്റെ, ഒരു കാലഘട്ടത്തിന്റെ, ഇല്ലവല്ലായ്മ്കളുടെ കഥകളുടെ വന്ശേഖരമാണ്.
ഗ്രന്ഥകാരന്റെ അനുവാദത്തോടെ, താല്പര്യമുള്ളവര്‍ക്ക് വായിക്കുവാനായി “ഇലക്കാടുകളിലെ കുറുമുള്ളുകള്‍” PDF രൂപത്തില്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
അലക്സ് കണിയാംപറമ്പില്‍