ജര്‍മ്മനിയിലെ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ തന്റെ ഭ്രാന്തമായ വംശീയപകമൂലം 60 ലക്ഷം യഹൂദരെയാണ് കൊന്നൊടുക്കിയത്. ഒടുവില്‍ അനിവാര്യമായ അന്ത്യം തന്നെ ഹിറ്റ്‌ലര്‍ക്ക് സംഭവിച്ചു. പിടിച്ചു നില്‍ക്കാനാകാതെ അയാള്‍ ആത്മഹത്യ ചെയ്തു.
ഹിറ്റ്‌ലറെ പേടിച്ച് കപ്പലില്‍ രക്ഷപെട്ടു റോമില്‍ എത്തിച്ചേര്‍ന്ന ഒരു സംഘം അഭയാര്‍ത്ഥികളോട് അന്നത്തെ മാര്‍പാപ്പയായിരുന്ന പീയൂസ് പന്ത്രണ്ടാമന്‍ പറഞ്ഞതിപ്രകാരമാണ്: “ധൈര്യമായിരിക്കുക, ഒരു യഹൂദനായിരിക്കുന്നതില്‍ അഭിമാനിക്കുക.” 1944 ഏപ്രില്‍ 28 ന് 'യൂദ്ധകാലത്തെ ഒരു പേപ്പല്‍ കൂടിക്കാഴ്ച' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു രേഖയാണിത്.
ക്‌നാനായക്കാര്‍ ഒരു വംശസമൂഹമാണ്. ഈ യഹൂദ-ക്രൈസ്തവ വംശത്തിന്റെ 16 നൂറ്റാണ്ടുകളായുള്ള ക്രൈസ്തവ സാക്ഷ്യത്തിന്റെയും സഭാസേവനത്തിന്റെയും അംഗീകാരമായാണ് വി. പത്താം പീയൂസ് മാര്‍പാപ്പ ക്‌നാനായ കത്തോലിക്കര്‍ക്കായി 1911-ല്‍ കോട്ടയം വികാരിയത്ത് അനുവദിച്ചത്. വികാരിയത്ത് രൂപതയായി, രൂപത ഇന്ന് അതിരൂപതയായി ഉയര്‍ത്തിയിരിക്കുന്നു. ക്‌നാനായ കത്തോലിക്കരുടെ ഈ സഭാഘടനകളൊന്നും മാര്‍പാപ്പമാര്‍ അറിയാതെയാണ് സംഭവിച്ചതെന്നാണ് സീറോമലബാര്‍ സഭയിലെ ചില മെത്രാന്മാരുടെ കണ്ടെത്തല്‍.
വംശീയതയെ സഭ അംഗീകരിക്കുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. സഭ എന്നാല്‍ സീറോമലബാറിലെ ഒരു വിഭാഗം എന്നാണ് നിര്‍വ്വചനമെങ്കില്‍ അത് നാം അഗീകരിക്കേണ്ടിവരും. എന്നാല്‍ സഭയുടെ പരമാധികാരിയായ മാര്‍പാപ്പമാര്‍ വംശീയതയെയും അതിന്റെ സംരക്ഷണത്തെയും കുറിച്ച് എത്രമാത്രം ഉത്തരവാദിത്വത്തോടെയാണ് സംസാരിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതെന്ന് നോക്കുക. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വംശീയതയെപ്പറ്റി നടത്തിയ ഒരു പരാമര്‍ശനം ഇങ്ങനെയായിരുന്നു: “മനുഷ്യവംശനശീകരണം അനീതിയും അക്രൈസ്തവവുമാണ്. പല വംശീയസമൂഹങ്ങളും പല കാലഘട്ടങ്ങളിലായി രൂപീകരിക്കപ്പെട്ട വിവിധ സംസ്‌ക്കാരങ്ങളും മനുഷ്യവംശത്തിന്റെ പൊതുസമ്പത്താണ്. അതുകൊണ്ട് നമ്മില്‍ നിന്ന് വ്യത്യസ്തങ്ങളായ സംസ്‌ക്കാരങ്ങളെ ശത്രുതയോടും അവജ്ഞയോടും കൂടി കാണുന്നത് തെറ്റാണ്.” (1996 സെപ്റ്റംബറില്‍ വത്തിക്കാനിലെത്തിയ ഹങ്കേറിയന്‍ പഠനസംഘത്തോട് മാര്‍പാപ്പ നടത്തിയ പ്രസംഗത്തില്‍ നിന്ന്) മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടുമല്ലാതെ മറ്റൊരു സംസ്‌ക്കാരത്തെയും വെച്ചു പൊറുപ്പിക്കില്ലാ എന്നു നിശ്ചയമെടുത്തിരിക്കുന്നവര്‍ക്കുള്ള ഒരു മറുപടികൂടിയാണിത്.
വിവിധങ്ങളായ സംസ്‌ക്കാരങ്ങളില്‍ നിന്നും വംശവഴികളില്‍ നിന്നുമാണ് സഭാസമൂഹങ്ങള്‍ രൂപം കൊള്ളുന്നത്. അതിനാലാണ് കത്തോലിക്കാസഭ 23 വ്യത്യസ്തങ്ങളായ സംസ്‌ക്കാരങ്ങളെ ഉള്‍ക്കൊള്ളുന്ന സഭകളുടെ ഒരു കൂട്ടായ്മയായി നിലകൊള്ളുന്നത്.
യഹൂദ കൂട്ടക്കൊലയില്‍ നിന്നും രക്ഷപെട്ട എന്‍സാ കാമേരിനേ എന്ന യഹൂദന്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ചാപ്പലില്‍ 2013 ഒക്‌ടോബര്‍ 16 നുള്ള കുര്‍ബ്ബാനയില്‍ സംബന്ധിച്ചിരുന്നു. യഹൂദസമൂഹം നാടുകടത്തപ്പെട്ടതിന്റെ 70-ാം വാര്‍ഷീകദിനമായിരുന്നു അന്ന്. പരി. പിതാവ് പ്രസ്തുത സംഭവത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ നിന്ന്: “എല്ലാ മനുഷ്യരുടെയും ഹൃദയത്തില്‍ നിന്നും വംശീയമായ എതിര്‍പ്പ് നിഷ്‌ക്കാസനം ചെയ്യണം. സ്വന്തം വംശത്തെ സ്‌നേഹിക്കുന്നവന് മാത്രമേ മറ്റ് സമൂഹങ്ങളെ സ്‌നേഹിക്കാനാകൂ.” തന്ത്രങ്ങളും ഗൂഢാലോചനകളും കൊണ്ട് വംശീയ വിദ്വേഷം സൃഷ്ടിച്ച് ആരെയും ഇല്ലായ്മ ചെയ്യരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര യഹൂദസംഘടനയായ സൈമണ്‍ വിസെന്താള്‍ സെന്ററിന്റെ പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സീസ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞു: “എവിടെയൊക്കെ ന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അവരുടെ മതപരമായ ബോധ്യത്തിന്റെ പേരിലോ വംശീയ വ്യക്തിത്വത്തിന്റെ പേരിലോ നിരന്തരം പീഢിപ്പിക്കപ്പെടുമ്പോള്‍ സമൂഹത്തിന്റെ മുഴുവന്‍ സുസ്ഥിതിയും അപകടത്തില്‍ ആകുന്നു എന്നും നമ്മെ ഓരോരുത്തരെയും അത് ബാധിക്കുന്നതായി അനുഭവപ്പെടുകയും വേണം.” (ഒസ്സെര്‍വത്തോരെ റൊമാനോ 2013 നവംബര്‍ 8).
ഡല്‍ഹിയിലെ ഫരീദാബാദ് രൂപതയ്ക്ക് കീഴിലുള്ള ക്‌നാനായ കത്തോലിക്കര്‍ തങ്ങളുടെ വംശീയ വ്യക്തിത്വത്തിന്റെ പേരില്‍ സീറോമലബാര്‍ നേതൃത്വത്തില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുകൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ മുകളില്‍ പറഞ്ഞിരിക്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ എന്നത് യാദൃശ്ചികമെന്ന് പറയുക വയ്യ.
കത്തോലിക്കാ-യഹൂദ ലൈസോണ്‍ കമ്മറ്റിയുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു: “ലോകത്ത് എവിടെയെങ്കിലും ക്രൈസ്തവന്യൂനപക്ഷങ്ങള്‍ പീഢിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ യഹൂദരും ക്രൈസ്തവരും യോജിച്ചു പ്രവര്‍ത്തിക്കണം.” (ഒസ്സെര്‍: റൊമാനോ, 2013 നവംബര്‍ 1) നിര്‍ഭാഗ്യമെന്നു പറയട്ടെ, ക്‌നാനായ കത്തോലിക്കര്‍ പീഢിപ്പിക്കപ്പെടുന്നത് സീറോമലബാര്‍ സഭയില്‍ നിന്നുമാണ്. അതിന്റെ പ്രഭവകേന്ദ്രം കാക്കനാടാണ്. മാര്‍പാപ്പയെ അനുസരിക്കാന്‍ ബാധ്യതയുള്ള ബിഷപ്പുമാരില്‍ നിന്നുതന്നെ ഇപ്രകാരമുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നത് വളരെ നിര്‍ഭാഗ്യകരമാണ്.
കത്തോലിക്കാസഭയില്‍ ചേര്‍ന്ന യഹൂദക്രൈസ്തവരുടെ കൂട്ടായ്മയാണ് ഹെബ്രായ കത്തോലിക്കാ അസോസിയേഷന്‍. അവര്‍ സഭാകൂട്ടായ്മ ആചരിക്കുന്നത് ഈ അസോസിയേഷന്‍ വഴിയാണ്. പ്രസ്തുത സംഘടനയുടെ 1997 കാലഘട്ടങ്ങളിലെ പ്രസിഡന്റായിരുന്ന ഡേവിഡ് മോസസ് ഒരു പത്രസമ്മേളനം നടത്തി തങ്ങളുടെ സഭാപരമായ ബുദ്ധിമുട്ടുകള്‍ സഭാതലത്തിലും സമൂഹമദ്ധ്യത്തിലും അവര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും: “കത്തോലിക്കാസഭയില്‍ ചേരുന്ന മഹാഭൂരിപക്ഷം യഹൂദരും ഏതാണ്ട് അപ്രത്യക്ഷമാകുകയാണ്. അങ്ങനെ അവരുടെ യഹൂദപൈതൃകം നഷ്ടമാകുന്നു. അവര്‍ യഹൂദരായി തുടരും. പക്ഷേ, മക്കള്‍ക്ക് അത് കൈമാറാനാകുന്നില്ല. ഇല്ലായ്മ ചെയ്യപ്പെടുന്നു എന്ന ഭയം ഞങ്ങള്‍ക്കുണ്ട്. ഒന്ന് അക്രമത്തിലൂടെ, അതാണ് നാസികൂട്ടക്കൊല. മറ്റൊന്ന് ആഗീരണത്തിലൂടെ, ഈ രണ്ടാമത്തേത് സഭയിലൂടെ നടക്കുന്നു.”
ഹെബ്രായ കത്തോലിക്കാ അസോസിയേഷന്‍ അവരുടെ ഉത്കണ്ഠകള്‍ പ്രാദേശിക സഭാ കൗണ്‍സില്‍ വഴി വത്തിക്കാനിലെത്തിച്ചതിന്റെ ഫലമായി ഇവരുടെ സഭാപരമായ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനായി 2003-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യഹൂദ മാതാപിതാക്കന്മാര്‍ക്ക് ജനിച്ച ഷാന്‍-മാരിഗോറി എന്ന വൈദികനെ അവരുടെ ബിഷപ്പായി നിയമിച്ചു. ലത്തീന്‍ പാത്രിയര്‍ക്കീസായിരുന്ന മൈക്കിള്‍ സബ്ബായായിരുന്നു ഇതിനായി പരിശ്രമിച്ചിരുന്നത്. ഇന്നവര്‍ ഹെബ്രായ റീത്തിനായി പരിശ്രമിക്കുന്നതായി അറിയുന്നു. കത്തോലിക്കാ ലോകത്തു വംശീയത കാത്തുസൂക്ഷിക്കുന്ന കത്തോലിക്കാ വിഭാഗങ്ങള്‍ക്കായുള്ള അംഗീകാരങ്ങളെ സീറോമലബാര്‍ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നത് സങ്കടകരവും അതിലേറെ ഞങ്ങളുടെ ഗതികേടുമാണ്.
ഡല്‍ഹിയിലെ ഫരീദാബാദ് രൂപതയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് തനതായ ഇടവകകള്‍ അനുവദിക്കുന്നതിനോ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ആദ്യകുര്‍ബ്ബാന നല്‍കുന്നതിനോ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പിതാവിന് എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല എന്നാണ് ഞങ്ങള്‍ കരുതുന്നത്. വത്തിക്കാന്റെ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പിതാവിന് അനേക രാജ്യങ്ങളിലെ വ്യത്യസ്ത സംസ്‌ക്കാരങ്ങളുമായി സംവദിക്കുന്നതിന് അവസരമുണ്ടായിട്ടുണ്ട്. ക്‌നാനായക്കാരോട് അദ്ദേഹത്തിന് വിരോധമുണ്ടാകേണ്ട ഒരു കാര്യവുമില്ല. മനസ്സുകൊണ്ട് ക്‌നാനായക്കാരെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു ബിഷപ്പാണദ്ദേഹം. പക്ഷേ, ഞങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. രൂപതയുടെ അധികാരി ബിഷപ്പാണ്. സ്വഭാവികമായി രോഷമെല്ലാം അവിടേക്ക് ഒഴുകും. ഈ രോഷത്തില്‍ സന്തോഷിക്കുന്നത് മറ്റു ചിലരാണ്. പിതാവിന്റെ തന്നെ കൂരിയായിലുള്ളവര്‍. അവര്‍ കാശ്മീരും ലഡാക്കും സൃഷ്ടിച്ചുകൊണ്ടിരിക്കും സ്വസ്ഥത നശിപ്പിക്കാനായി.
ഡല്‍ഹി മെത്രാന്‍ പദവി ലക്ഷ്യമാക്കി ആത്മാര്‍ത്ഥമായി തന്നെ പണിയെടുത്ത ഒരാള്‍ ഫരീദാബാദ് രൂപതാ കൂരിയായില്‍ ഉന്നതനായുണ്ട്. ഭരണികുളങ്ങര പിതാവ് ഈസിയായി രൂപതാഭരണം നടത്തുവാന്‍ മനസുവളര്‍ന്നിട്ടില്ലാത്ത അദ്ദേഹം സമ്മതിക്കില്ല. അദ്ദേഹവും സിനഡിലെ ക്‌നാനായ വിരോധികളായ പിതാക്കന്മാരുടെ കണ്‍സോഷ്യവുമാണ് എല്ലാ അസ്വസ്ഥതകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഭാരതത്തിന്റെ സിരാകേന്ദ്രത്തില്‍ ഒരു കത്തോലിക്കാ മെത്രാനാകുവാന്‍ എന്തുകൊണ്ടും മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര യോഗ്യനാണ്. രൂപതയുടെ ഭാവിസംബന്ധിച്ച ദൈവികപദ്ധതി മുന്‍കൂട്ടി മനസ്സിലാക്കാന്‍ കൂരിയായിലുള്ളവര്‍ക്ക് കഴിയുന്നില്ല.
ക്‌നാനായക്കാര്‍ ഒരിടത്തും പ്രശ്‌നകാരികള്‍ അല്ല. അത് അമേരിക്കയില്‍ അങ്ങാടിയത്ത് പിതാവിനറിയാം. സഭാപരമായി അര്‍ഹതപ്പെട്ടത് നല്‍കിയാല്‍ അവര്‍ തൃപ്തരാകും. അല്ലെങ്കില്‍ അസംതൃപ്തി പ്രകടിപ്പിക്കും. അത് മനസ്സിലാക്കുവാന്‍ അങ്ങാടിയത്ത് പിതാവിന് ഏറെ സമയം വേണ്ടിവന്നു എന്നു മാത്രം. അമേരിക്കയിലെ കോപ്പല്‍ ഇടവകയില്‍ പരമപിതാവിനെ ആരാധിക്കുന്നത് എങ്ങനെയായിരിക്കണമെന്ന തര്‍ക്കത്തില്‍ അങ്ങാടിയത്ത് പിതാവിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ ക്‌നാനായക്കാരില്ല എന്നത് അങ്ങാടിയത്ത് പിതാവിനും ഭരണികുളങ്ങരപിതാവിനും അറിവുള്ള കാര്യവുമാണ്.
ഓരോ വിഭാഗത്തെയും അവരവര്‍ ആയിരിക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിന് അധികാരപ്പെട്ടവര്‍ തടസ്സം നില്‍ക്കുമ്പോള്‍, ഒരു സമൂഹത്തിന്റെ വളര്‍ച്ചയാണ് തടയുന്നതെന്ന് നാം തിരിച്ചറിയണം. ക്‌നാനായ സമുദായത്തെ ആഗീരണം നടത്തിയും മറ്റ് വിഭാഗങ്ങളില്‍ ലയിപ്പിച്ചും ഇല്ലായ്മ ചെയ്യാം എന്ന ചിന്ത ക്രൈസ്തവമല്ല. പൊതു സമൂഹത്തിന് മുന്‍പില്‍ സീറോമലബാര്‍ സഭ എന്നും മാതൃകാപരമായി നിലനില്‍ക്കുന്നത് കാണുവാനാണ് ഞങ്ങള്‍ക്കാഗ്രഹം. സംയമനം കീഴടങ്ങലായി ആര്‍ക്കും തോന്നുകയില്ലായെങ്കില്‍ അതിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ സഭാനേതൃത്വം തയ്യാറാകണം.
റ്റോമി ജോസഫ്, കല്ലുപുരയ്ക്കല്‍,
ചിങ്ങവനം - 686531
Mob: 944 692 4328,
E-mail : thomasjoseph88@yahoo.in
CLICK HERE TO POST YOUR COMMENTS