ആൽമീയ ഉണർവിന്റെ കാഹളവുമായി മറ്റൊരു നോയമ്പ് കാലംകൂടി വന്നു പോകാറായി. പതിവുപോലെ പ്രാർഥനയും, പ്രബോധനങ്ങളും, ആഹ്വാനങ്ങളുമായി ഇടയലേഖനങ്ങളും ജനങ്ങൾക്ക് ലഭിച്ചു. നോയമ്പ് കാലത്ത് നാട്ടിലെ നമ്മുടെ പള്ളികളിൽ വായിച്ച നമ്മുടെ സഭാധ്യഷന്റെ ലേഖനം കേൾക്കുവാനിടയായി. അതിലെ കാതൽ നമ്മൾ 'ആയിരിക്കുന്നിടത്തു നിന്നും ആയിരിക്കേണ്ടിടത്ത്' എത്തിച്ചേരുവാൻ ശ്രമിക്കണമെന്ന ആഹ്വാനമായിരുന്നു. അതായത് നാം ഇപ്പോൾ ആയിരിക്കുന്നിടത്തു നിന്നും, അല്ലെങ്കിൽ നാം ഇപ്പോൾ ചരിക്കുന്ന രീതിയും കാഴ്ച്ചപ്പാടും നമ്മളെ നാം യഥാർഥത്തിൽ ആയിരിക്കേണ്ട സ്ഥലമായ സ്വർഗരാജ്യത്ത് എത്തിച്ചേരുവാൻ ഉപകരിക്കുമോ എന്ന് അവലോകനം ചെയ്ത് നമ്മുടെ പ്രവർത്തനങ്ങളിലും രീതികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ഉൽബോധിപ്പിക്കുന്നു.
മനുഷ്യൻ നന്നായി ജീവിക്കേണ്ടതിനെ പറ്റിയുള്ള ആശയങ്ങൾക്കും ആഹ്വാനങ്ങൾക്കും ഈ ലോകത്തിൽ യാതൊരു പഞ്ഞവും ഉണ്ടെന്നു തോന്നുന്നില്ല. പ്രാവർത്തികമാക്കുക അത്ര എളുപ്പമല്ല എന്നുമാത്രം. യേശുവിന്റെ ശിഷ്യന്മാർ തങ്ങളുടെ പരിധിയിലുണ്ടായിരുന്ന (ഇടവക, ഫോറാന) ജനങ്ങൾക്ക് 'തങ്ങൾ ആയിരിക്കേണ്ടിടത്ത്' എത്തിച്ചേരുവാനുള്ള ആഹ്വാനങ്ങളുമായി എഴുതിയ 'ഇടയലേഖനങ്ങൾ' ബൈബിളിൽ നാം വായിക്കാറുണ്ട്. ശിഷ്യന്മാർ തങ്ങൾ ആഹ്വാനം ചെയ്യുന്ന കാര്യങ്ങൾ തങ്ങളുടെ ജീവിതത്തിൽ പ്രാവര്ത്തികമാക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇന്നത്തെ ഇടയന്മാരുടെ രീതി എന്താണ്? ഞങ്ങൾ പറയുന്നത് അതുപോലെ അങ്ങ് കേട്ടാൽ മതി, ഞങ്ങളുടെ പ്രവർത്തികളെ ചോദ്യം ചെയ്യുവാൻ മറ്റാർക്കും അധികാരമോ യോഗ്യതയോ ഇല്ല എന്ന മട്ടാണ്!
ഏറ്റവും അടുത്തകാലത്ത് മതഭ്രാന്തന്മാർ കൈ വെട്ടിയ ന്യൂമാന്‍സ് കോളേജ് പ്രൊഫസ്സറോട് നമ്മുടെ കത്തോലിക്കാ സഭാധികാരികൾ കാണിച്ച ക്രൂരത എത്ര കഠിനമായിരുന്നു! അതും നോയമ്പ് കാലത്ത് തന്നെ! ഒരു ദൈവത്തിന്റെ അനുയായികൾ കുടുംബനാഥന്റെ കൈ വെട്ടിയപ്പോൾ കത്തോലിക്കാ ദൈവത്തിന്റെ അനുയായികൾ അല്ല, മറിച്ച് കത്തോലിക്കാ ദൈവത്തിൻറെ അധികാരികൾ തന്നെ അദ്ദേഹത്തിന്റെ അന്നം കൂടി നഷ്ട്ടപ്പെടുത്താൻ തീരുമാനിച്ചു. കണ്ണിൽ ചോര ഇല്ലാത്ത, ഭൌതിക സമ്പത്തിനോടുള്ള അത്യാർത്തി നിമിത്തം അന്ധരായിതീർന്ന നമ്മുടെ കത്തോലിക്കാ സഭാധികാരികൾ പ്രൊഫസറുടെ ഭാര്യയെ ആൽമഹത്യയിലേക്ക് തള്ളിയിട്ടു! ഇത്തരക്കാരുടെ ഇടയലേഖനങ്ങൾക്ക് എന്ത് പ്രസ്ക്തിയാണ് ഉള്ളത്? കത്തോലിക്കാ വിശ്വാസികളെ പറ്റിയും അവരുടെ അധികാരികളെ പറ്റിയും കോടികണക്കിന് ജനഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്ന ചിത്രം എന്തായിരിക്കും? സഭാധികാരികളുടെ തെറ്റുകൾ മൂലം എല്ലാ കത്തോലിക്കാ വൈദികരെയും തെറ്റുകാരായ് പലരും കാണുകയില്ലേ?
.