ഈയാഴ്ചയില്‍ രണ്ടുപ്രാവശ്യം തപാല്‍ വഴി എനിക്ക് ടൈപ്പ് ചെയ്ത രണ്ട് കടലാസുകള്‍ ലഭിച്ചു. അതിന്റെ തുടക്കം ഇങ്ങനെ...
“പരിശുദ്ധ കന്യാമറിയത്തില്‍ നിന്ന് ഒരു സന്ദേശം
1994 ഫെബ്രുവരി 25ന് ബോസ്നിയ ഹെര്സിഗോവിനയിലെ ഒരു ഗ്രാമത്തിലേക്ക് മാതാവിന്റെ സന്ദേശം.
എന്റെ മക്കളെ,
ഇന്ന് ഞാന്‍ നിങ്ങളുടെ പ്രാര്ഥനയ്ക്ക് നന്ദി പറയുന്നു. നിങ്ങള്‍ എന്നെ പ്രാര്ത്ഥ്നവഴി സഹായിച്ചതിനാലാണ് ഈ യുദ്ധം നിന്നത്. ഞാന്‍ എന്നും നിങ്ങളുടെ കൂടെയുണ്ട്. നിങ്ങള്ക്കുവേണ്ടി പ്രാര്ഥിക്കുന്നുണ്ട്. ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത് തുടര്ന്നും പ്രാര്ഥിക്കാനാണ്.
ഈ പ്രാര്ഥനയില്ക്കൂടി മാത്രമേ സാത്താന്റെ ഈ യുദ്ധത്തെ ഇല്ലാതാക്കാനും ഈ യുദ്ധം വഴി നശിക്കുന്നവരെ സംരക്ഷിക്കാനും നിങ്ങള്ക്ക് സാധിക്കുകയുള്ളൂ.
ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുപോലെ സംരക്ഷിക്കുകയും സ്നേഹിക്കുകയും സര്‍വ ശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.”
ഇതിന്റെ പിന്നില്‍ പ്രവര്ത്തിക്കുന്നവരുടെ കാഴ്ചപ്പാട് എത്ര വികലമാണ്, എത്ര സഭാവിരുദ്ധമാണ്!
പരിശുദ്ധ മാതാവിന് “സഹരക്ഷക” എന്ന സ്ഥാനം കൊടുക്കുവാന്‍ കത്തോലിക്കാസഭാധികൃതര്‍ ആലോചിച്ചുവരികയാണ്. അത്തരം ഒരു ഘട്ടത്തിലാണ് കാശുണ്ടാക്കാനുള്ള നാണംകെട്ട ആക്രാന്തത്തില്‍ പാവം വിശ്വാസികളുടെ ചെലവില്‍ ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത്.
“നിങ്ങള്‍ എന്നെ പ്രാര്ത്ഥന വഴി” സഹായിച്ചില്ലായിരുന്നുവെങ്കില്‍ നിത്യസഹായമാതാവ് “നിസ്സഹായമാതാവാകും” എന്ന് ചുരുക്കം.....
മറ്റൊരു വലിയ ഫലിതവും ഇതില്‍ ഉണ്ടായിരുന്നു...
“ആന്റോണിയോ പുണ്യവാനുവേണ്ടി പ്രാര്ഥിക്കുക”
പുണ്യവാളനെന്നും വിശുദ്ധര്‍ എന്നും അറിയപ്പെടുന്നവര്‍ സ്വര്ഗത്തിലിരുന്നു നമുക്കുവേണ്ടി രക്ഷകനോട് മധ്യസ്ഥം അഭ്യര്ഥിക്കുന്നവര്‍ എന്നാണു ഈയുള്ളവന്‍ ഇതുവരെ മനസിലാക്കിയിരുന്നത്. ഈ കടലാസുകളില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്? സ്വര്ഗത്തില്‍ കിടന്നു കഷ്ടപ്പെടുന്ന ആ പുണ്യവാനെ നമ്മള്‍ കഷ്ടപ്പെട്ട് പ്രാര്ഥിച്ചു രക്ഷപ്പെടുത്തണംപോലും!
സ്വര്ഗിത്തില്‍ ചെന്നിട്ടും രക്ഷപെടാത്ത പുണ്യവാളനോ, അതെന്തൊരു പുണ്യവാളനാണ്, ദൈവമേ?
കര്‍ത്താവേ, ഈ മഹാപാപികളില്‍ നിന്നും സഭയെയും വിശ്വാസികളെയും രക്ഷിക്കണമേ!
ഈ കത്തയച്ച പാവങ്ങള്‍ അറിഞ്ഞുകാണില്ല, ഹെര്സിഗോവിനയിലെ വന്‍ വ്യവസായമായ (അവരുടെ വെബ്സൈറ്റ് കണ്ടാല്‍ അതിന്റെ വിപണനതന്ത്രം സാമാന്യബുധിയുള്ളവര്ക്ക് മനസിലാകും. http://www.medjugorje.org.uk താല്പര്യമുള്ളവര്‍ കണ്ടുനോക്കുക) ഈ വിശ്വാസാഭാസത്തെ വത്തിക്കാന്‍ ഈയിടെ തള്ളിപ്പറഞ്ഞ കാര്യം.
http://www.catholicculture.org/news/headlines/index.cfm?storyid=19595
വെറുതെയല്ല ഇവര്‍ വിധവയുടെ കുടുംബം വിഴുങ്ങും എന്ന് യേശുക്രിസ്തു അന്നേ പ്രവചിച്ചത്.
വാല്ക്കക്ഷണം:
എന്നെ മാനസാന്തരപ്പെടുത്താന്‍ അയച്ച രണ്ടു കത്തുകളുടെ തപാല്‍ ചാര്ജ് നാട്ടിലെ ഒരു സാധുകുടുംബത്തിന്റെ ഒരു ദിവസത്തെയെങ്കിലും ഭക്ഷണത്തിന് തികയുമായിരുന്നു. പക്ഷെ നേര്ച്ചയിടണം എന്നല്ലാതെ നന്മ ചെയ്യണമെന്നു ഈ കാട്ടാളന്മാര്‍ ആരെയും ഉപദേശിക്കാറില്ലല്ലോ.
അലക്സ് കണിയാംപറമ്പില്‍
CLICK HERE to post your comments