ചുവരെഴുത്ത് അംഗീകരിക്കുവാന്‍ കൂട്ടാക്കാത്തവര്‍ - സ്റ്റീഫന്‍ തോട്ടനാനി

1 view
Skip to first unread message

Sneha Sandesham

unread,
Jan 1, 2014, 12:34:51 PM1/1/14
to worl...@googlegroups.com

2013-ലെ ഡല്‍ഹി അസ്സംബ്ലി തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചപ്പോള്‍ അതു ഉള്‍ക്കൊള്ളുവാനും വിശ്വസിക്കുവാനും പലര്‍ക്കും സാധിച്ചില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പനത്ത് തെളിയിക്കാത്ത, കേവലം ഒരു വര്‍ഷം മാത്രം പ്രായമുള്ള AAP പാര്‍ട്ടിയുടെ തകര്‍പ്പന്‍ പ്രകടനം രാഷ്ട്രീയ നിരീക്ഷകര്‍ പോലും തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. ചുവരെഴുത്തുകള്‍ മനസ്സിലാക്കിയിട്ടും അത് അംഗീകരിച്ചു പ്രവര്‍ത്തിക്കുവാന്‍ വിസമ്മതിച്ചവര്‍ക്ക് ലഭിച്ച തിരിച്ചടിയായിരുന്നു ഡല്‍ഹി തിരഞ്ഞെടുപ്പുഫലം.

തൂണും ചാരി നിന്നവന്‍ പെണ്ണിനേയും കൊണ്ടുപോയി എന്ന് പറഞ്ഞതുപോലെ ഒന്നുമല്ലാതിരുന്ന AAP ഡല്‍ഹിയില്‍ ഭരണം ഏറ്റെടുത്തിരിക്കുന്നു. കേജ്റിവാള്‍ മുഖ്യമന്ത്രിയായി! കൂട്ടുമന്ത്രിസഭയില്‍ കയറിക്കൂടി തങ്ങളുടെ സപ്പോര്‍ട്ടിന്റെ വിലകാണിച്ചു ഭീക്ഷണിപ്പെടുത്തി മുതലെടുക്കുന്ന ഈര്‍ക്കിലി പാര്‍ട്ടികളെപ്പോലെ കോണ്ഗ്രുസ് പ്രവര്‍ത്തിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടി വീണ്ടും ലഭിക്കുമെന്ന വിവേകം നേതാക്കള്‍ക്ക് ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഇലക്ക്ഷനു മുന്‍പു് AAPയുടെ വിജയസാധ്യതയെപറ്റി പലരും ചോദിച്ചപ്പോള്‍ കേജ്റിവാള്‍ നല്‍കിയ മറുപടി 'ഞാന്‍ സേവനം ചെയ്യുവാന്‍ തയ്യാറായി വന്നിരിക്കുന്നു, സമൂഹത്തില്‍ മാറ്റം വരുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്' എന്നാണ്. ആരു ഭരിച്ചാലും സാധാരണക്കാരന്റെ ബുദ്ധിമുട്ട് കൂടുന്നതല്ലാതെ കുറയുന്നില്ല എന്നിരിക്കെ അവര്‍ക്ക് മേലുകീഴ് നോക്കാന്‍ എന്തിരിക്കുന്നു? അഴിമതി മടുത്ത ജനങ്ങള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.

വേനലില്‍ ദാഹിച്ചു വലഞ്ഞ വേഴാമ്പല്‍ മഴക്കാറ് കണ്ടതുപോലെ ആയിരുന്നു അഴിമതി മൂലം വലഞ്ഞ ജനങ്ങള്‍ക്ക് AAPയുടെ വരവ്. നീതിക്കുവേണ്ടിയുള്ള സാധാരണക്കാരന്റെ ദാഹത്തിന്റെ ആഴത്തെയാണ് തിരഞ്ഞെടുപ്പുഫലത്തിലൂടെ നാം കാണുന്നത്. തങ്ങളുടെ ശക്തിയെ കണ്ടെത്തുവാന്‍ കേജ്റിവാള്‍ ജനങ്ങളെ സഹായിച്ചപ്പോള്‍ വിധവയുടെ ചില്ലിക്കാശുപോലെ, ജനങ്ങള്‍ അവരുടെ ചില്ലികാശും വിശ്വാസവും AAPക്ക്  നല്‍കി.

പ്രതീക്ഷകള്‍ അറ്റുനിന്നിരുന്ന, അന്നന്നത്തെ അപ്പത്തിനുവേണ്ടി കഷ്ട്ടപെടുന്ന സാധാരണക്കാരിലും പ്രതീക്ഷയുടെ നാമ്പുകള്‍ വീണ്ടും തളിരിട്ടു. ഭാവിയെപറ്റി ആകുലരായിരുന്ന യുവജനങ്ങളിലും, അഭ്യസ്ഥവിദ്യരിലും പുതിയ ഉണര്‍വുണ്ടായി. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അനീതികളുമായി കൈകോര്‍ത്തു പോകുവാന്‍ മടിച്ചുനിന്നവര്‍ ആവേശഭരിതരായി. അഴിമതി നിറഞ്ഞ ഭരണത്തില്‍നിന്നു ഒരിക്കലും മോചനമില്ല എന്ന് കരുതിയിരുന്നവര്‍ ഉത്സാഹഭരിതരായി. ജനങ്ങള്‍ പ്രബുദ്ധരായപ്പോള്‍ അവര്ക്ക് മുന്‍പില്‍ അനീതിയെ അംഗീകരിക്കുന്ന ഒരു കാലഘട്ടം നിഷ്പ്രഭമാവുകയായിരുന്നു.

എഴുപതുകളില്‍ കോണ്ഗ്രുസിനെതിരെ ഉയര്‍ന്ന ജനതാപാര്‍ട്ടി തരംഗം ക്രമേണ കെട്ടടങ്ങി അഴിമതികുണ്ടില്‍ പതിച്ചപോലെ AAPക്കും സംഭവിക്കും എന്ന് പലരും ഭയപ്പെടുന്നു. കേജ്റിവാള്‍ പറഞ്ഞതുപോലെ അഴിമതികുണ്ടില്‍ പതിക്കണമോ വേണ്ടയോ എന്ന് ജനങ്ങളാണ്, അഥവാ നമ്മള്‍ ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടത്! പാപമാര്‍ഗങ്ങള്‍ ഉപേക്ഷിക്കാതെ അതിന് കൂട്ടുനിന്നാല്‍ സമൂഹത്തെ അധഃപതിപ്പിച്ചതിനു നാമും കാരണക്കാരായി തീരുന്നു. അഴിമതി നിര്‍മാര്‍ജനതിന്റെ ഭാഗമായി  കൈക്കൂലി ചോദിക്കരുതെന്നും വാങ്ങിക്കരുതെന്നും കൊടുക്കരുതെന്നുമാണ് കേജ്റിവാള്‍ ആഹുവാനം ചെയ്തത്.

ഡല്‍ഹിയില്‍ സംഭവിച്ചതിന്റെ മറ്റൊരു പതിപ്പാണ് നമ്മുടെയിടയില്‍ ഇന്ന് അമേരിക്കയില്‍  ആവര്‍ത്തിക്കപ്പെടുന്നത്. രാഷ്ട്രീയപാര്‍ടികളുടെ സ്ഥാനത്ത് മതങ്ങളാണെന്ന വ്യത്യാസം മാത്രം! മതങ്ങളെ ബഹുമാനിച്ചും ആദരിച്ചും വളര്‍ന്നുവന്ന നമ്മള്‍ ഓരോരുത്തരും തന്നെയാണ് നമ്മുടെ നാടന്‍ മതങ്ങളേയും മതാധിപരെയും ഇവിടെ കൊണ്ടുവന്നത്. നമ്മുടെ അടുത്ത തലമുറയ്ക്ക് മാതാപിതാക്കളുടെ സംസ്‌ക്കാരം പകര്‍ന്നു നല്‍കാനുള്ള അവസരമായി നമ്മള്‍ കരുതി! എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ സഭാധികാരികളുടെ സ്വാര്‍ഥതയും അഹങ്കാരവും തലപൊക്കി. തങ്ങള്‍ ഇല്ലെങ്കില്‍ ആര്‍ക്കും സ്വര്‍ഗ്ഗരാജ്യം ലഭിക്കില്ല എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളായി. സ്വര്‍ഗരാജ്യം കത്തോലിക്കര്‍ക്ക് മാത്രമുള്ളതല്ലെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്.

ജനങ്ങളുടെ ആവശ്യങ്ങള്‍ എന്തെന്ന് അറിയുവാന്‍ സഭാധികാരികള്‍    ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല, ജനങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ ശ്രമിച്ചതിന് ചെവികൊടുക്കാതെ പുച്ചിച്ച് തള്ളുകയാണ് ചെയ്തത്. നീതിക്കുവേണ്ടി നിലകൊണ്ടവരെ പള്ളിവിരോധികളാക്കി മുദ്രകുത്തി അവഗണിച്ചു. സാധാരണക്കാരുടേയും അവരുടെ മക്കളുടെയും കഷ്ട്ടപ്പാടിനെ മനസ്സിലാക്കിയിട്ടും അതിനെ നിഷ്‌ക്കരുണം അവഗണിച്ച്, രാഷ്ട്രീയക്കാരെപോലെ കഷ്ട്ടപ്പെടുന്ന ജനങ്ങളുടെ ചിലവില്‍ തങ്ങളുടെ നിലനില്‍പ്പ് സുദൃഢമാക്കി! കഷ്ട്ടപെടുന്ന വിശ്വാസികളുടെ രോദനം വനരോദനമായിതന്നെ നിലകൊണ്ടു. സമ്പത്ത് രൂപീകരിക്കുന്ന വ്യഗ്രതയില്‍ പാവങ്ങള്‍ കഷ്ട്ടപെട്ടുണ്ടാക്കിയ പണം നിഷ്‌കരുണം ദുരുപയോഗിച്ചു നഷ്ട്ടപ്പെടുത്തി. പൊന്മുട്ടയ്ക്കു പകരം പൊന്മുട്ടയിടുന്ന താറാവിനെതന്നെ വേണമെന്ന് ശഠിച്ചു.

ഡല്‍ഹി രാഷ്ട്രീയത്തിലെപോലെ ജനങ്ങളുടെ ഹിതം സഭയുടെ തലപ്പത്തിരിക്കുന്നവരെ അറിയിക്കുവാന്‍ സഭയില്‍ തിരഞ്ഞെടുപ്പ് ഇല്ല. അസോസിയേഷനിലൂടെ ലഭിച്ച ജനവികാരങ്ങളെ പുച്ചിച്ചു തള്ളികളഞ്ഞു. കയ്യൂക്കു കൊണ്ടും, ജനങ്ങളുടെ ദൈവവിശ്വാസത്തെ ചൂഷണം ചെയതും പള്ളികള്‍ വാങ്ങിച്ചിട്ട് വീണ്ടും വീണ്ടും സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പള്ളികള്‍ വഴിയാധാരമായി പോകുമ്പോള്‍ നിങ്ങളുടെ പണമാണ് പോകുന്നതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു.

ക്ഷമയുടെ നെല്ലിപ്പടി കണ്ട ജനങ്ങള്‍ പ്രതികരിച്ചു. പാളിച്ചകള്‍ മനസ്സിലായിട്ടും അത് അംഗീകരിക്കാനുള്ള എളിമ കാണിക്കാതെ സത്യത്തെ വീണ്ടും വളച്ചൊടിക്കുന്നു. ആജ്ഞ നിറവേറ്റിയിരുന്ന  വിജിയെ മാറ്റി മറ്റൊരു വിജിയെ പ്രതിഷ്ട്ടിച്ചാല്‍ തീരുന്ന പ്രശനമല്ല ഇത് എന്നത് സമ്മതിക്കാതെ എത്രനാള്‍ മുന്‍പോട്ടു പോകുവാന്‍ സാധിക്കുംരോഗലക്ഷണത്തിനെ ചികല്‍സിച്ചിട്ടു കാര്യമില്ല, രോഗത്തിനാണ് ചികല്‍സ വേണ്ടത്.

വത്തിക്കാന്റെ കീഴിലുള്ള റോമന്‍ കാത്തോലിക് പള്ളികള്‍ ധാരാളമുള്ള അമേരിക്കയില്‍ നമ്മുടെ സിറോമലബാര്‍ പള്ളികള്‍ വാങ്ങിച്ച് കൂട്ടുന്നതുകൊണ്ടുള്ള ഗുണഭോക്താക്കള്‍ അച്ചന്മാരും സഭാധികാരികളുമാണ്. ഇവിടെ ജനിച്ചുവളരുന്ന അടുത്ത തലമുറ മലയാളം പള്ളികളില്‍ ഉണ്ടാവില്ല എന്നതും എല്ലാവര്‍ക്കും അറിയാം. കുട്ടികള്‍ക്ക് മനസ്സിലാവില്ലാത്ത സിറോമലബാര്‍ മലയാളം കുര്‍ബാനക്കും, അവര്ക്ക് മനസ്സിലാകുന്ന അമേരിക്കന്‍ ലാറ്റിന്‍ ഇംഗ്ലീഷ് കുര്‍ബാനയ്ക്കും സ്വര്‍ഗത്തില്‍ ഒരേ വിലയാണ്. ഡല്‍ഹി രാഷ്ട്രീയത്തില്‍ സംഭവിച്ചത്‌പോലെ ജനങ്ങള്‍, അല്ലെങ്കില്‍ വിശ്വാസികള്‍, യാഥാര്‍ത്ഥ്യം മനസ്സിലാക്കി, ഇനിയും വിഡ്ഢിവേഷം കെട്ടാന്‍ വിസമ്മതിച്ച് ഒന്നൊന്നായി പിന്മാറുമ്പോള്‍ എന്തും സംഭവിക്കാം.

സമൂഹത്തില്‍ മാറ്റം വരുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്ന് കേജറിവാള്‍ പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തില്‍ മാറ്റം വരുത്തി സമാധാനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അവിടെ സത്യത്തിനെ സ്ഥാനമുള്ളു, ഒളിച്ചു കളികള്‍ക്ക് സ്ഥാനമില്ല. നാം വിതച്ചതിന്റെ ഫലമേ പ്രതീക്ഷിക്കാവൂ.  രാഷ്ട്രീയത്തിലായാലും സഭയിലായാലും അനീതിയെ വളമിട്ടു പരിപോഷിപ്പിച്ചാല്‍ അനീതി മാത്രമേ ലഭിക്കുകയുള്ളൂ.

ചുവരെഴുത്ത് എന്തെന്ന് മനസ്സിലാക്കിയിട്ടും അത് അംഗീകരിക്കുവാന്‍ സഭാധികാരികള്‍ ഇനിയും വിസമ്മതിക്കുമ്പൊള്‍ പതനത്തിന്റെ പാതയിലൂടെ ഉള്ള അവരുടെ പ്രയാണം തുടരുകയാണ് ചെയ്യുന്നത്. അതുവഴി തങ്ങളോടൊപ്പം ജനങ്ങളേയും നമ്മുടെ അടുത്ത തലമുറയേയും സമൂഹത്തെയും അധഃപതനത്തിലേയ്ക്ക് തന്നെയാണ് നയിക്കുന്നത്!

ഫ്രാന്‍സിസ് മര്‍പാപ്പായ്ക്കും, കെജ്റിവാളിനുമൊപ്പം ചേര്‍ന്നുകൊണ്ട്  അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ, ഈ വേലിയേറ്റത്തിന്റെഭാഗമായിതീര്‍ന്ന്ന്നുകൊണ്ട് ഈ പുതുവര്‍ഷത്തില്‍ നമ്മുടെ സമൂഹത്തില്‍ ശാന്തിയും സമാധാനവും നന്മയും പകരുവാന്‍ നമുക്കും സാധിക്കുമെന്ന് പ്രത്യാശിക്കാം!

സ്റ്റീഫന്‍ തോട്ടനാനി


CLICK HERE TO POST YOUR COMMENTS


Reply all
Reply to author
Forward
0 new messages