1980-കളില്‍ ആരംഭിച്ചതാണ് വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ സംഘടനയായ കെസിസിഎന്‍എ. തുടക്കംമുതലേ ഈ സംഘടനയുടെ മുഖ്യകാര്യപരിപാടി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മൂന്നു-നാല് ദിവസങ്ങള്‍ നീളുന്ന കണ്‍വെന്‍ഷന്‍ നടത്തുകയെന്നതാണ്. ഇത്രയുംകാലം മേല്പറഞ്ഞ കണ്‍വെന്‍ഷന്‍ മുടക്കമില്ലാതെ നടന്നിട്ടുണ്ട്. അത് ഒരു നിസാരകാര്യമല്ല. വളരെ പ്രൊഫഷണല്‍ രീതിയിലാണ് അത് സംഘടിപ്പിക്കപ്പെടുന്നത്. “കേരളത്തിന് വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളികൂട്ടായ്മ” എന്നും ഇതിനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. ഓരോ വര്ഷം കഴിയുംതോറും ഇതില്‍ പങ്കെടുക്കാനുള്ള സമുദായംഗങ്ങളുടെ ആവേശം കൂടുന്നതല്ലാതെ കുറയുന്നില്ല. ക്നാനായ സമുദായാംഗങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധവും ഇഴയടുപ്പവും, സംഘാടകരുടെ കാര്യക്ഷമത എന്നപോലെതന്നെ ഇതിനെ വിജയിപ്പിക്കുന്ന ഘടകങ്ങളാണ്.
2010 വരെ ഒരു അലിഖിത നിയമം ഉണ്ടായിരുന്നു – ഇത്തരത്തിലുള്ള ക്നാനായ കണ്‍വെന്‍ഷന്‍ നടക്കണമെങ്കില്‍ കോട്ടയം പിതാക്കന്മാരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. അവരില്‍ ആരെങ്കിലും ഇല്ലാതെ ഒരു കണ്‍വെന്‍ഷന്‍ നടക്കുകയെന്നത് അചിന്തനീയമായിരുന്നു.
എന്നാല്‍ 2012-ല്‍ ചരിത്രം തിരുത്തിക്കുറിച്ചു. കത്തോലിക്കാസഭയിലെ അരപ്പട്ടകെട്ടിയ ഒറ്റയാള്‍ പോലും ഇല്ലാതെ ആ കണ്‍വെന്‍ഷന്‍ ഭംഗിയായി, വിജയകരമായി നടന്നു.
എല്ലാ നേതാക്കന്മാരുടെയും വിജയരഹസ്യമാണ് പൊതുജനത്തിന്റെ ഓര്‍മ്മ ഹൃസ്വമാണെന്നത്. എന്നിരുന്നാലും രണ്ടു വര്ഷം മുമ്പ് നടന്ന കാര്യങ്ങള്‍ പലരും മറന്നിട്ടുണ്ടാവില്ല.
പ്രസ്തുത കണ്‍വെന്‍ഷനില്‍ പിതാക്കന്മാര്‍ പങ്കെടുക്കാത്തതിന്റെ പിന്നിലെ ചേതോവികാരം അന്നും ഇന്നും രഹസ്യമാണ്. പക്ഷെ അതിന്റെ പേരില്‍ അവര്‍ കളിച്ച കളികള്‍ പുറത്തായി.........