Fw: [MSS_JED] Fw: {} മരിച്ചുതീരാത്ത ജീവിതം

5 views
Skip to first unread message

Abdulhameed Babusan

unread,
Sep 4, 2013, 8:12:07 AM9/4/13
to VCA



മരിച്ചുതീരാത്ത ജീവിതം
ശംസുദ്ദീന്‍ പാലക്കോട്‌

“ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിവസമാണെന്ന്‌ കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാകും.”

ലോകപ്രശസ്‌ത പ്രതിഭാശാലിയായ സ്റ്റീവ്‌ ജോബ്‌സിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു ആദര്‍ശ വാക്യമാണിത്‌. ആപ്പിള്‍ കമ്പനിയിലൂടെ കമ്പ്യൂട്ടര്‍ രംഗത്ത്‌ നൂതനമായ കണ്ടുപിടുത്തങ്ങള്‍ നടത്തി വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ സ്റ്റീവ്‌ ജോബ്‌സിനെ അറിയാത്തവരും കേള്‍ക്കാത്തവരും പുതുതലമുറയില്‍ വിരളമായിരിക്കും. തന്റെ പതിനേഴാം വയസ്സില്‍ അദ്ദേഹം വായിച്ച ഒരു പുസ്‌തകത്തിലെ ഈ ഉദ്ധരണിയാണ്‌ പിന്നീടുള്ള ഒരു വര്‍ഷക്കാലം അദ്ദേഹത്തിന്റെ ജീവിതത്തിന്‌ ഊര്‍ജവും ഉത്തേജനവും പകര്‍ന്നുനല്‌കിയത്‌. സ്റ്റീവ്‌ജോബ്‌സ്‌ കാന്‍സര്‍ ബാധിച്ച്‌ മരിച്ചു. അദ്ദേഹം മരിക്കുന്നതുവരെയും പുലര്‍ത്തിയ ഒരു ദിനചര്യയുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ കണ്ണാടിക്കുമുമ്പില്‍ നിന്ന്‌ തന്റെ പ്രതിബിംബത്തെ നോക്കി അദ്ദേഹം പറയുമായിരുന്നു: “ഇന്ന്‌ എന്റെ അന്ത്യമാണെങ്കില്‍ ഇന്ന്‌ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?” കുറേ ദിവസം തുടര്‍ച്ചയായി അല്ല എന്ന ഉത്തരം ലഭിച്ചപ്പോള്‍ തന്റെ ജീവിതത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക്‌ മുന്‍ഗണനാക്രമം നിര്‍ണയിച്ച്‌ കര്‍മനിരതമായ ജീവിതം നയിക്കുക എന്നതായിരുന്നു ആ മാറ്റം. കമ്പ്യൂട്ടര്‍ രംഗത്തും കണ്ടുപിടുത്തങ്ങളുടെ രംഗത്തും അത്ഭുതകരമായ സംഭാവനകള്‍ നല്‌കിക്കൊണ്ടാണ്‌ അദ്ദേഹം മരണപ്പെട്ടത്‌. അതുകൊണ്ട്‌ തന്നെയാണ്‌ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതും.
സ്റ്റീവ്‌ ജോബ്‌സും അദ്ദേഹത്തെപ്പോലുള്ളവരും പക്ഷെ ചിന്തിച്ചതും ജീവിച്ചതും മരിച്ചുതീരുന്ന ഹ്രസ്വമായ, നിസ്സഹായമായ, അര്‍ഥരഹിതമായ ഒരു ജീവിതത്തെക്കുറിച്ചാണ്‌. മരിച്ചുതീരുന്ന ജീവിതത്തില്‍ ലഭ്യമായ പരിമിതമായ സമയം കൊണ്ട്‌ പരമാവധി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം? എന്തൊക്കെ വെട്ടിപ്പിടിക്കാം എന്ന്‌ മാത്രമാണ്‌ ചിന്തിച്ചത്‌. എന്നാല്‍ പ്രവാചകകനും അനുചരന്മാരും ലോകത്തിന്‌ നല്‌കിയ സന്ദേശം മരിച്ചുതീരാത്ത ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമായ ഇഹലോക ജീവിതം എങ്ങനെ ഗുണകരമായി ക്രമീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാം എന്നായിരുന്നു.

വിശുദ്ധ ഖുര്‍ആനില്‍ മരണത്തെ സംബന്ധിച്ച്‌ സൂചിപ്പിക്കുകയും വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്ന ധാരാളം സൂക്തങ്ങള്‍ കാണാം. മരിച്ചുതീരാത്ത ജീവിതത്തിന്റെ വ്യത്യസ്‌ത രൂപത്തിലുള്ള അനുസ്യൂതാവസ്ഥയെ സൂചിപ്പിക്കാനും അറിയിക്കാനുമാണ്‌ ഖുര്‍ആന്‍ മരണത്തെപ്പറ്റി പറയുന്നത്‌ എന്നതാണ്‌ ശ്രദ്ധേയമായ വസ്‌തുത. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കാം:
“ഏതൊരാളും മരണത്തിന്റെ രുചിയറിയും. പിന്നീട്‌ നമ്മുടെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.” (ഖുര്‍ആന്‍ 29:57)
“നിങ്ങള്‍ എവിടെയാണെങ്കിലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും.” (ഖുര്‍ആന്‍ 4:78)
“നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്‌മജ്ഞനുമാകുന്നു.”(ഖുര്‍ആന്‍ 31:34)
“അല്ലാഹുവിന്റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി നിശ്ചിയിക്കപ്പെട്ട ഒരു വിധിയാണത്‌. ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമാണുദ്ദേശിക്കുന്നതെങ്കില്‍ അവന്‌ ഇവിടെ നിന്ന്‌ നല്‌കും. ആരെങ്കിലും പരലോകത്തിലെ പ്രതിഫലമാണുദ്ദേശിക്കുന്നതെങ്കില്‍ അവന്‌ അവിടെ നിന്ന്‌ നാം നല്‌കും. നന്ദി കാണിക്കുന്നവര്‍ക്ക്‌ നാം ഉചിതമായ പ്രതിഫലം നല്‌കുന്നതാണ്‌.” (ഖുര്‍ആന്‍ 3:145)
“നിങ്ങള്‍ മരണപ്പെടുകയാണെങ്കിലും കൊല്ലപ്പെടുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹുവിങ്കേലക്ക്‌ തന്നെയാണ്‌ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നത്‌.” (ഖുര്‍ആന്‍ 3:158)
“എല്ലാവരും മരണത്തിന്റെ രുചിയറിയുന്നതാണ്‌. തീര്‍ച്ചയായും നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണമായി നല്‌കപ്പെടുകയുള്ളൂ.” (ഖുര്‍ആന്‍ 3:185)
ഇനിയും ഉദ്ധരിക്കാന്‍ ഖുര്‍ആനില്‍ `മരണ സൂക്തങ്ങള്‍’ ധാരാളമുണ്ട്‌. ഈ ദിവ്യസൂക്തങ്ങളില്‍ നിന്നും മരണസ്‌മരണ നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന നബിവചനങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്ന ലളിത സത്യം ഇങ്ങനെ സംഗ്രഹിക്കാം:
1. മരണം സ്റ്റീവ്‌ ജോബ്‌സിനെ പ്പോലുള്ള ചില `വലിയ മനുഷ്യര്‍’ തെറ്റിദ്ധരിച്ചപോലെ ജീവിതത്തിന്റെ അവസാനമല്ല. മരണം പുതിയൊരു ജീവിതത്തിന്റെ തുടക്കവും നിലവിലുള്ള ജീവിതത്തിന്റെ തുടര്‍ച്ചയുമാണ്‌.
2. മരണം സംഭവിക്കുക രണ്ടാലൊരു രൂപത്തിലായിരിക്കും. ഒന്നുകില്‍ സ്വാഭാവിക മരണം എന്ന്‌ നാം പറയാറുള്ള സാധാരണ മരണം അല്ലെങ്കില്‍ കൊലപാതകം, അപകടം എന്നീ രൂപത്തില്‍ കടന്നുവരുന്ന ദുരന്ത മരണം.
3. താന്‍ എവിടെവെച്ച്‌ എപ്പോള്‍ എങ്ങനെ മരണപ്പെടും എന്ന്‌ ഒരാള്‍ക്കും മുന്‍കൂട്ടി അറിയാനോ പ്രവചിക്കാനോ കഴിയില്ല. മരണം ഭൗതികമായ ഒരു പ്രതിഭാസമാണെങ്കിലും മരിക്കുന്ന അവസ്ഥ അഭൗതികവും മനുഷ്യജ്ഞാനത്തിന്‌ അതീതവുമാണ്‌.
4. സമയമെത്തിയാല്‍ മരണം സംഭവിക്കും. മരണത്തില്‍ നിന്ന്‌ കുതറിയോടാനോ ഒളിച്ചിരുന്ന്‌ രക്ഷപ്പെടാനോ മരുന്നുകളുടെയോ ചികിത്സകളുടെയോ സംരക്ഷണക്കോട്ട തീര്‍ത്ത്‌ പ്രതിരോധിക്കാനോ കഴിയുകയില്ല.
5. സമയമാവാതെ `മരണം’ വരിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. കൈ ഞരമ്പ്‌ മുറിച്ചും തീവണ്ടിക്കു മുമ്പില്‍ ചാടിയും തൂങ്ങിച്ചാവാനൊരുങ്ങിയും ക്രമാതീതമായി ഉറക്കുഗുളികകള്‍ കഴിച്ചും സ്വയം മരണം വരിക്കാന്‍ ഒരുങ്ങിയ ചിലരെങ്കിലും `ചാവല്‍’ പ്രക്രിയയില്‍ പരാജയപ്പെടുന്നത്‌ ഇതിന്റെ ദൃഷ്‌ടാന്തമല്ലാതെ മറ്റെന്താണ്‌?

മരണത്തെ സംബന്ധിച്ച്‌ മുകളിലെഴുതിയ അഞ്ച്‌ കാര്യങ്ങളും അനിഷേധ്യമായ സത്യങ്ങളാണ്‌. ഇവ മതവാദിക്കും മതനിഷേധിക്കും അനുഭവവേദ്യവുമാണ്‌. എന്നാല്‍ മരണത്തിന്റെ ആറാമത്തെ ഒരു തലം മരണമെന്ന അനുഭവമാണ്‌. അത്‌ രണ്ടു തരത്തിലുണ്ടെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌.
“നല്ല മനുഷ്യരെ മലക്കുകള്‍ മരിപ്പിക്കുന്ന സമയം മലക്കുകള്‍ പറയും: നിങ്ങള്‍ക്ക്‌ സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.” (വി.ഖു 16:32)
“(ചീത്ത മനുഷ്യരെ) മലക്കുകള്‍ മുഖത്തും പിന്‍ഭാഗത്തും അടിച്ചുകൊണ്ട്‌ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ അവസ്‌ഥ? അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്‌ വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവന്‍ പിന്തുടരുകയും അവന്റെ പ്രീതി അവര്‍ ഇഷ്‌ടപ്പെടാതിരിക്കുകയുമാണ്‌ ചെയ്‌തത്‌. അതിനാല്‍ അവരുടെ കര്‍മങ്ങളെ അവര്‍ നിഷ്‌ഫലമാക്കിക്കളഞ്ഞു.”(ഖുര്‍ആന്‍ 47:27,28)
അഥവാ മരണാനന്തരം അനുഭവിക്കാനിരിക്കുന്ന സ്വര്‍ഗീയാനന്ദം കണ്ട്‌, മലക്കുകളുടെ അഭിവാദ്യം സ്വീകരിച്ചുകൊണ്ട്‌ മരണപ്പെടുന്ന നല്ല മനുഷ്യരുടെ നല്ല മരണവും നരകീയാനുഭവങ്ങള്‍ കണ്ട്‌, മലക്കുകളുടെ പ്രഹരമേറ്റ്‌ ദുരിതപൂര്‍ണമായി സംഭവിക്കുന്ന ചീത്ത മനുഷ്യരുടെ മരണവും രണ്ടും വ്യത്യസ്‌തമാണെന്നര്‍ഥം. രണ്ടായാലും തികച്ചും ആത്മീയവും അഭൗതികവുമായ ഈ അനുഭവ തലം കടന്ന്‌ മനുഷ്യന്‍ പോകുന്നത്‌ മരിച്ചുതീരാത്ത ജീവിതത്തിലേക്കാണ്‌. മരണത്തെ സംബന്ധിച്ച്‌ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ള മറ്റെല്ലാ കാര്യങ്ങളും അനുഭവസത്യങ്ങളും ശാസ്‌ത്രീയ യാഥാര്‍ഥ്യവുമാണെങ്കില്‍ ഈയൊരു കാര്യം മാത്രം വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും എന്തിന്‌ അമാന്തിക്കണം?
--
--
"Indeed in this there is a remembrance for those who have a living heart, listen attentively and are awake to taking heed." [Holy Qur'an : Qaaf: 37]
Umaar bin al-Khataab (RA) said: "We were the most disgraced of people, and Allah granted us honor with Islam. No matter how much we seek honor in other than that which Allah honored us with, Allah shall disgrace us (once again)."
 
__,_._,___


Reply all
Reply to author
Forward
0 new messages