മണിചെയിന്‍, നെറ്റ്വര്‍ക്ക് മാര്‍ക്കെറ്റിങ്, ഡയരക്ട് മാര്‍ക്കെറ്റിങ് എന്നിങ്ങനെ പല നാമങ്ങളില്‍ നമ്മുടെ നാട്ടില്‍ പ്രചരിച്ചുവ(രു)ന്ന തട്ടിപ്പുകമ്പനികള്‍ ഓരോന്നായി അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ 15-20 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം നിരവധി കള്ളക്കമ്പനികള്‍ മുളയ്ക്കുകയും വളരുകയും പലരെയും പോക്കറ്റടിക്കുകയും പിന്നീട് മുങ്ങുകയും ചെയ്തിട്ടുണ്ട്. ആട്, കോഴി, കാട, തേക്ക്, മാഞ്ചിയം, മഹാഗണി, ഔഷധച്ചെടികള്‍ ഇങ്ങനെ പല കൃഷിയും തുടങ്ങുമെന്നു പറഞ്ഞാണ് ചിലര്‍ രംഗത്ത് വന്നിരുന്നത്. ഷോപ്പ്, സൂപര്‍ മാര്‍ക്കെറ്റ്, ഡോര്‍ ഡെലിവറി, ഇടനിലക്കരെ ഒഴിവാക്കിയുള്ള വിതരണ രീതി എന്നിങ്ങനെ ബിസിനസുകള്‍ നടത്തുമെന്നു പറഞ്ഞ് വേറെ ചിലരും. എല്ലാവരും നല്‍കിയത് മോഹനദുന്ദര വാഗ്ദാനങ്ങളാണ്. അവര്‍ പറയുന്ന കാലാവധിയ്ക്കകമോ അതിന്റെ പത്തുമടങ്ങു സമയം കൊണ്ടോ നമ്മുടെ നിക്ഷേപത്തിനു അവര്‍ നല്കാമെന്നു പറയുന്ന ലാഭം ഒരു തരത്തിലും നേടിയെടുക്കാന്‍ നമുക്കു കഴിയുകയില്ല. അവര്‍ നടത്തുമെന്നു പറയുന്ന ഏര്‍പ്പാട് നാം നടത്തിയാല്‍, അവര്‍ വാഗ്ദാനം ചെയ്യുന്നതിന്റെ 5% ലാഭം പോലും ഉണ്ടാക്കാനും നമുക്കു സാധിക്കുകയില്ല.
എന്നിട്ടും ചിലര്‍ അവരുടെ വാഗ്ദാനം വിശ്വസിക്കുന്നു. നാട്ടുകാരെ മുഴുവന്‍ നൊടിയിടയില്‍ ധനികരാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ തങ്ങളുടെ നിക്ഷേപം ഏല്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നവരെ ഞാന്‍ വിഡ്ഢികള്‍ എന്നു വിളിക്കുന്നു.