VOICEOFKNAS
UNITY OUR STRENGTH!
TRADITIONS OUR PRIDE!
ENDOGAMY OUR ESSENCE
ഐക്യം നമ്മുടെ ശക്തി!
പാരമ്പര്യം നമ്മുടെ മഹിമ!
സ്വവംശ വിവാഹം നമ്മുടെ അസ്ഥിത്വം!
“I would rather close down the mission and call my priests back than to compromise on the fundamental principles of the community – Endogamy" H E Mar Kuriakkose Kunnachery
242104
ചിക്കാഗോ ക്നായ്ക്ക് അയച്ചുകിട്ടിയ ഒരു കത്താണ് ചുവടെ
കൊടുത്തിരിക്കുന്നത്. ഇത്രയും പ്രായമായ ഒരു
മനുക്ഷ്യന്റെ ഹൃദയവികാരങ്ങള്‍ ക്നാനായ ലോകം അറിയേണ്ടത് തീര്‍ത്തും ആവശ്യമാണ്.
കഴിഞ്ഞ ശനിയാഴ്ച ചിക്കാഗോ കെ .സി .എസ്സ് കമ്മ്യൂണിറ്റി സെന്റെറില്‍ വച്ച് നടന്ന
വിശേഷാല്‍ പൊതുയോഗ നടപടികളാണ് ഈ കത്തിന് ആധാരം. ഞങ്ങള്‍ക്ക് കിട്ടിയ വിവരം
അനുസ്സരിച്ച് സമീപകാല ചരിത്രത്തില്‍ നടന്ന ഏറ്റവും നല്ല പോതുയോഗമായിരിന്നു അത്.
ആദ്യത്തെ അജണ്ട ചിക്കാഗോയില്‍ കണ്‍വെന്‍ഷന്‍ വേണമോ വേണ്ടയോ എന്നതും വേണമെങ്കില്‍
അതിന് ആവശ്യമായ ചില തീരുമാനങ്ങള്‍ എടുക്കുകയുമായിരുന്നു. KCCNA യുടെ ഭരണഘടന പൂര്‍ണ്ണമായും അനുസ്സരിച്ച് കൊണ്ട് ഉള്ള
നടപടിക്രമത്തിലൂടെ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ വേണമെന്ന് നൂറ്റിയന്‍പതില്‍ പരം പേര്‍ കൊടും മഞ്ഞത്ത് പങ്കെടുത്ത പൊതുയോഗത്തില്‍
പന്ത്രണ്ട് പേരുടെ എതിര്‍പ്പോടെ പാസ്സാക്കി. ഒരു പക്ഷേ ആശയവിനിമയത്തിലെ
പാളിച്ചയായിരിക്കാം പന്ത്രണ്ട്
പേരുടെ എതിര്‍പ്പിന് ഇടവരുത്തിയത്. യോഗം ഉച്ചക്ക് കഴിഞ്ഞിട്ട് പാതിരാത്രിവരെ ഏകോദര
സഹോദരങ്ങളെപ്പോലെ ഹെന്നസ്സിയും അടിച്ചിരുന്നത് ഇവിടെ നന്മ കൈവരുന്നതിന്‍റെ തെളിവ്
തന്നെയാണ്.
രണ്ടാമത്തെ
അജണ്ടയായ ആനുകാലിക സാമുദായിക പ്രശ്നങ്ങള്‍ എടുത്തിട്ടപ്പോള്‍ 2013 ലെ അത്ഭുതമാണ് കണ്ടത്. ചിക്കാഗോയുടെ ചരിത്രത്തില്‍ ഒരിക്കലും
പിണങ്ങാതെ കഴിഞ്ഞ ഒരു കുടുംബം മാതിരി എല്ലാവരും ഒറ്റക്കെട്ട്. ആനുകാലിക സംഭവങ്ങള്‍
വിശകലനം ചെയിതപ്പോള്‍ ശക്തമായി പ്രതികരിച്ച ജനം, പ്രാരംഭ നടപടിയെന്ന നിലയില്‍ മൂലക്കാട്ട് തിരുമേനിയോട്
ഉള്ള പ്രതിക്ഷേധ സൂചകമായി അദ്ധേഹത്തിന്റെ ഫോട്ടോ കമ്മ്യൂണിറ്റി സെന്റെറില്‍
നിന്ന് എടുത്ത് മാറ്റി തല്ലിപൊട്ടിച്ച് കളയാന്‍ ഒറ്റസ്വരത്തില്‍ ആവശ്യപ്പെട്ടു.
രണ്ടാമതായി ക്നാനായ സമൂഹത്തെ നയിക്കാനുള്ള ക്രെടിബിലിറ്റി നഷ്ടപ്പെട്ട സമുദായ വഞ്ചകന്‍ മുത്തോലത്ത് അച്ഛനെ കെ.സി.എസ്സ് ആല്മീയ
നേതൃത്വത്തില്‍ നിന്ന് മാറ്റാനും മേലില്‍ ഒരു പരിപാടിക്കും
വിളിക്കാതിരിക്കണമെന്നും പൊതുയോഗം ഒന്നടങ്കം ആവശ്യപ്പെട്ടു. കൂടാതെ ഒറ്റുകാരനായ
മുതോലത്തെ കൂട്ടി എന്തടിസ്ഥാനത്തിലാണ് പന്ത്രണ്ടംഗ കമ്മറ്റിയുമായി അങ്ങാടിയത്ത് പിതാവിന്‍റെ അടുത്തേക്ക് പോകുന്നത് എന്നും
അതിനുള്ള യാതൊരു അവകാശവും ആ മനുക്ഷ്യന് ഇല്ലായെന്ന് യോഗം ഒന്നടങ്കം
വിലയിരുത്തി. ഈ ആമുഖത്തോടെ കുഞ്ഞിപ്പാപ്പന്റെ കത്ത് വായിക്കുക.
പ്രിയപ്പെട്ട ക്നാനായ സഹോദരീ സഹോദരരെ.
എന്നെക്കുറിച്ച് ചെറുതായി.
അമേരിക്കയില്‍ വിശ്രമജീവിതം നയിക്കുന്നു. ക്നാനായ കത്തോലിക്കാ സമുദായാംഗം, പക്ഷെ ഒരിക്കലും നേതൃനിരയിലെയ്ക്ക് വന്നിട്ടില്ല, ആഗ്രഹം ഇല്ലാത്തതുകൊണ്ട് ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എങ്കിലും തുടക്കം മുതലേ സാമുദായിക കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഒരു ക്നാനയക്കാരന് ജീവിക്കുവാന്‍ ഏറ്റവും സുഖപ്രദമായ രാജ്യമാണ് അമേരിക്കയെന്ന് തോന്നിയിട്ടുണ്ട്. അല്ലലില്ലാത്ത ജീവിതം, തണുപ്പ് കൂടുതലാണെങ്കിലും നാട്ടിലെ ചൂടിനെക്കാള്‍ നല്ല കാലാവസ്ഥയായി തോന്നി. ക്നാനായ കൂട്ടായ്മ വളരെ ശക്തം, ബന്ധുക്കളും ചെറുപ്പത്തിലെ കൂട്ടുകാരും ഇഷ്ടംപോലെ, ഇടയ്ക്കിടയ്ക്ക് നാട്ടില്‍ പോകുന്നത് സന്തോഷമാണെങ്കിലും ജീവിക്കാന്‍ ഇവിടം തന്നയാണ് നല്ലതായി തോന്നിയിട്ടുള്ളത്. മരണശേഷം എന്റെ ശവസംസ്‌കാരം ഇവിടെ തന്നെ നടത്തണമെന്ന് എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്.
എന്റെ പേര് ഇതിന്റെ താഴെ കൊടുക്കുന്നുണ്ട്, പക്ഷെ അത് പ്രസധീകരിക്കരുതെന്നു അപേക്ഷിക്കുന്നു. കാരണം എന്റെ പേര് പുറത്തു വന്നാല്‍ പല ബന്ധുക്കള്‍ക്കും പല ബുദ്ധിമുട്ടും ഉണ്ടാകുമെന്നറിയാം. പേര് വച്ചെഴുതുന്നതാണ് നല്ലതെന്നു അറിയാഞ്ഞിട്ടല്ല, പക്ഷെ..... എല്ലാം നോക്കണമല്ലോ. തല്‍ക്കാലം നിങ്ങള്ക്കെന്നെ കുഞ്ഞിപാപ്പന്‍ എന്ന് വിളിക്കാം.
അച്ചന്മാരെക്കുറിച്ചും പിതാക്കന്മാരെക്കുറിച്ചും നല്ലത് മാത്രം പറഞ്ഞാണ് ശീലിച്ചിട്ടുള്ളത്. ജീവിതത്തിന്റെ സായാഹ്നവേളയില്‍ ആ ശീലം മാറ്റേണ്ടി വരുന്നതില്‍ ഒത്തിരി സങ്കടം ഉണ്ട്. ചൂളപറമ്പില്‍ പിതാവിനെ നല്ല ഓര്‍മ്മയുണ്ട്. പിതാവിനെ ഞങ്ങളുടെ അടുത്തുള്ള ഒരു ഇടവകയില്‍ കുറേപേര്‍ ചേര്‍ന്ന് പള്ളിമുറിയില്‍ പൂട്ടി ഇട്ടതും (വളരെ പണ്ടാണ്, ഞാന്‍ ജനിക്കുന്നതിനു കുറെ വര്ഷം മുമ്പ്), ചിലര്‍ ചേര്‍ന്ന് രായ്ക്കുരാമാനം അവിടെ നിന്നും രക്ഷിച്ചതും ഒക്കെ ചെറുപ്പത്തില്‍ എന്റെ അപ്പന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതിലെ വില്ലന്മാരെക്കുറിച്ചു എന്ത് മോശം അഭിപ്രായം ആയിരുന്നൂ! ഇത് അധികം പ്രചരിക്കാത്ത കഥയാണ്, അത് കൊണ്ട് അതിലേയ്ക്ക് കൂടുതല്‍ കടക്കുന്നില്ല. പലരും വിശ്വസിക്കാന്‍ പോലും തയ്യാറാകില്ലെന്നറിയാം. ഇത്രമാത്രം പറയാന്‍ ആഗ്രഹിക്കുന്നു. സഭാപിതാക്കന്മാരോട് മോശമായി പെരുമാറുന്നവര്‍ എക്കാലത്തും ഉണ്ടായിരുന്നു. പിടിച്ചുപറിയും കൊലപാതകവും ലോകാരംഭം മുതല്‍ ഉണ്ടായിരുന്നത് പോലെ. എന്നാല്‍, അന്നൊക്കെ അച്ചന്മാര്‍ക്കും പിതാക്കന്മാര്‍ക്കും ദൈവത്തിന്റെ പ്രതിച്ഛായ ആയിരുന്നു. തറയില്‍ തിരുമേനിയെ ഒക്കെ കാണുമ്പോള്‍ നടുവ് അറിയാതെ വളഞ്ഞു പോകുമായിരുന്നു! ആരും എഴുന്നേറ്റു പോകുന്ന വ്യക്തിത്വം. അന്നത്തെ അധ്യാപകരും അങ്ങിനെത്തന്നെ ആയിരുന്നു.
ഇന്നതെല്ലാം മാറിയില്ലേ! ഇന്ന് അച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കും കുഞ്ഞാടുകളോട് സ്നേഹവും തീരെയില്ല. നല്ല ഇടയന്‍ എന്നാല്‍ തന്റെ ആടുകള്‍ക്ക് വേണ്ടി ജീവന്‍ കളയുന്നവനാണ്. ജീവനൊന്നും കളയേണ്ട, അല്പം കൂടി ജനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്. ഇന്ന് എല്ലാവര്ക്കും കാശ് വേണം. എത്ര കിട്ടിയാലും മതിയാകുന്നില്ല. അങ്ങിനെയാണ്, കാലം മാറുമ്പോള്‍ കാര്യങ്ങള്‍ മാറും. നെഹ്‌റു, പനമ്പള്ളി, എ.കെ.ജി., പട്ടേല്‍, ഗാന്ധി.... അവരെവിടെ, പിണറായിയും കരുണാകരനും എവിടെ? എവിടെയും മൂല്യച്യുതി മാത്രം.
ഇപ്പോള്‍ ഇതൊക്കെ എഴുതാന്‍ ഒരു കാര്യമുണ്ട്. കഴിഞ്ഞ ശനിയാഴ്ച നിങ്ങളുടെ ചിക്കാഗോയില്‍ കൂടിയ മീറ്റിംഗില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചിരിക്കുന്ന പിതാക്കന്മാരുടെ പടങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു എന്ന് കേട്ടു.
വളരെ സങ്കടം തോന്നി. ഒന്ന് ചിന്തിച്ചാല്‍ ഒരു പടം മാറ്റുന്നതുകൊണ്ട് എന്ത് സംഭവിക്കാനാണ്? ആര്‍ക്കും ഒരു നഷ്ടവും ഇല്ല. പക്ഷെ അതിനു ചില സിമ്പോളിക് തലങ്ങള്‍ ഉണ്ട്. അത് അവഹേളനമാണ്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ശരിയാണ്, അമേരിക്കയിലെ ക്നാനായമക്കളെ കോട്ടയം പിതാക്കന്മാര്‍ കൈവിട്ടതായി എനിക്കും തോന്നിയിട്ടുണ്ട്. പക്ഷെ അതിനു പ്രതികാര നടപടിയിലെയ്ക്ക് നീങ്ങുന്നത് ക്രിസ്തീയമല്ല. അവരുടെ പ്രവര്‍ത്തികളുടെ പിന്നില്‍ അവര്‍ക്ക് നമ്മോട് പറയാന്‍ വയ്യാത്ത എന്തെങ്കിലും കാരണങ്ങള്‍ കണ്ടേക്കാം. അതുകൊണ്ട് ഇങ്ങനെ പെരുമാറാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതാവാം. കുറെക്കഴിയുമ്പോള്‍ എല്ലാം നേരെയാകും എന്ന് നമുക്ക് പ്രത്യാശിക്കാം. അതുവരെ അവരെ നിങ്ങള്‍ ക്ഷണിച്ചുവരുത്തി ആദരിക്കേണ്ട, പക്ഷെ നിന്ദിക്കാതിരിക്കുക.
പിതാക്കന്മാരും മഹാപുരോഹിതരും ഇല്ലെങ്കിലും നിങ്ങളുടെ കണ്‍വെന്‍ഷന്‍ പോലും മനോഹരമായി നടക്കുമെന്ന് നിങ്ങള്‍ തെളിയിച്ചില്ലേ? അതില്‍ക്കൂടുതല്‍ ഒരു അപമാനം നിങ്ങളായി അവര്‍ക്ക് കൊടുക്കരുത്.
തിന്മയെ തിന്മ കൊണ്ടല്ല, മറിച്ച് നന്മ കൊണ്ടാണ് കീഴ്പ്പെടുത്തേണ്ടത്. തിന്മയെ തിന്മ കൊണ്ട് ആക്രമിച്ചാല്‍ വൈരാഗ്യമാണ് ഫലം. എന്നാല്‍ നന്മകൊണ്ട് പ്രതികരിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ മനംമാറ്റം ഉണ്ടാകുന്നത്.
നിങ്ങളില്‍ നന്മ വിളയാന്‍ പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തട്ടെ.
(ഇത് ടൈപ്പ് ചെയ്യാന്‍ എന്നെ സഹായിച്ച എന്റെ യംഗ് ഫ്രണ്ടിനു നന്ദി).
കുഞ്ഞിപാപ്പന്‍
Posted by ക്നാനായ മനസ് at 8:26 PM
VOICEOFKNAS
UNITY OUR STRENGTH!
TRADITIONS OUR PRIDE!
ENDOGAMY OUR ESSENCE
ഐക്യം നമ്മുടെ ശക്തി!
പാരമ്പര്യം നമ്മുടെ മഹിമ!
സ്വവംശ വിവാഹം നമ്മുടെ അസ്ഥിത്വം!
The Truth - Whether You Like It or Not
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം
അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ
അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം
ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ
അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
2011 മെയ് ലക്കം സ്നേഹസന്ദേശത്തില്‍ പ്രസധീകരിച്ചതാണ് ഈ ലേഖനം. അന്ന് പലരും ഇതിനെ സമുദായ വിരുദ്ധന്റെ ജല്പനങ്ങളായാണ് കണ്ടത്. മാറിയ സാഹചര്യത്തില്‍ ഇത് ഒരു പുനര്‍വായന അര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
1943-ലെ മലബാര്‍ കുടിയേറ്റം പോലെ സംഘടിതമായിരുന്നില്ല ക്നാനായക്കാരുടെ ഹൈറേഞ്ച് മേഖലയിലേക്കുള്ള കുടിയേറ്റം. പ്രകൃതി ക്ഷോഭത്തെയും വന്യമൃഗങ്ങളെയും മലമ്പനിയെയും ഒക്കെ നേരിടേണ്ടി വന്ന ആദ്യ കാലങ്ങളില്‍ അവര്‍ക്ക് തുണയോ സഹായമോ ഇല്ലായിരുന്നു. അടുത്തെങ്ങും പള്ളിയോ പട്ടക്കാരാനോ ഇല്ല. ഞായറാഴ്ചകളിലും കടമുള്ള ദിനങ്ങളിലും വിശുദ്ധ കുര്‍ബ്ബാന കാണാനൊക്കാതെ വരുമ്പോള്‍ വല്ലാത്ത കുറ്റബോധം.
യാത്രാ സൌകര്യം തീരെ ഇല്ലാതിരുന്നിട്ടുകൂടി അവരില്‍ ചിലര്‍ കോട്ടയം വരെ എത്തി, പിതാവിനെ കണ്ടു സങ്കടമുണര്‍ത്തിച്ചു.
“ഞങ്ങള്‍ക്ക് പള്ളിയും അച്ചനും വേണം”
ക്ഷിപ്രകോപിയായ പിതാവ് ക്ഷുഭിതനായി. “മലമ്പനിയുടെ വായിലോട്ട് എറിഞ്ഞുകൊടുക്കാന്‍ എനിക്ക് അച്ചന്മാരില്ല.”
* * * * * * * * * * * *
പെരിക്കല്ലൂര്‍.
1952-ലാണ് അവിടേക്ക് ആദ്യമായി കുടിയെറ്റമുണ്ടായത്. പെരിക്കല്ലൃരിലെത്തിയ ക്നാനയക്കാര്‍ക്ക് ഏറ്റവും അടുത്ത സുറിയാനി കത്തോലിക്കാ ദേവാലയം 25 കിലോമീറ്റര്‍ അകലെയുള്ള നടവയലിലായിരുന്നു. പയ്യാവൂര്‍ പള്ളി വികാരിയായിരുന്ന ഫാ. തോമസ് കാഞ്ഞിരത്തുങ്കല്‍ പെരിക്കല്ലൂര് നിന്നും 22 മെയില്‍ അകലെയുള്ള തേറ്റമലയില്‍ പള്ളി പണിയാന്‍ ശ്രമിക്കുന്നതായി അറിഞ്ഞ പെരിക്കല്ലൂരിലെ ക്നാനയക്കാര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം പള്ളിയ്ക്കുവേണ്ടി ഒരേക്കര്‍ സ്ഥലം സമ്പാദിക്കുവാനും ഷെഡ് നിര്‍മ്മിക്കുവാനും സാമ്പത്തിക ഞെരുക്കത്തില്‍ കഴിഞ്ഞിരുന്ന അവര്‍ ശ്രമമാരംഭിച്ചു.
* * * * * * * * * * * *
അന്നൊക്കെ പള്ളി വേണ്ടിയിരുന്നത് വിശ്വാസികള്‍ക്കായിരുന്നു. പള്ളിപണിയാന്‍ അരമനയില്‍ നിന്നും അനുവാദം ലഭിക്കാനായിരുന്നു ബുദ്ധിമുട്ട്. കാലം മാറി. ഇന്ന് പള്ളി വേണ്ടത് വിശ്വാസികള്‍ക്കല്ല. അച്ചന്മാര്‍ക്കും വികാരി ജനറാള്‍മാര്‍ക്കും, മെത്രാന്മാര്‍ക്കുമാണ്. അതിനായുള്ള വ്യഗ്രത കാണുമ്പോള്‍ ആര്‍ക്ക് വേണ്ടിയാണീ ദേവാലയങ്ങള്‍ എന്ന് ആരും സംശയിച്ചു പോകും.
ജനമനസ്സു കാണാന്‍ കഴിയാത്ത (അല്ലെങ്കില്‍ അത് കാണില്ല എന്ന് ശഠിക്കുന്ന) ചില വൈദികര്‍, അവരെ ആരോ “പ്രോഗ്രാം” ചെയ്തു വിട്ടിരിക്കുന്ന രീതിയില്‍ പള്ളികള്‍ വാങ്ങിക്കൂട്ടാനായി സേച്ഛാധിപതികളെപ്പോലെ ചതുരുപായങ്ങളും പ്രയോഗിക്കുന്നതാണ് ഇപ്പോള്‍ അമേരിക്കയിലെ ക്നാനായ സമൂഹത്തില്‍ കാണുന്നത്. വര്‍ഷങ്ങളായി സന്തോഷത്തിലും സമാധാനത്തിലും സഹവര്ത്തിത്വത്തിലും കഴിഞ്ഞുപോന്ന സമൂഹത്തെ ഭിന്നിപ്പിക്കുന്നു. സമൂഹത്തെ മാത്രമല്ല; കുടുംബങ്ങളില്‍പ്പോലും ഛിദ്രമുണ്ടാക്കുന്നു. എന്തിനുവേണ്ടി?
സാന്‍ അന്റോണിയോ, ഡിട്രോയിറ്റ്, താമ്പ, ഇങ്ങനെ പലയിടങ്ങളും പള്ളിവാങ്ങലിന്റെ പേരില്‍ കലാപകലുഷിതം. അനുഭവത്തില്‍ നിന്ന് പോലും പാഠങ്ങള്‍ പടിക്കുകയില്ല എന്ന ശാട്യവുമായി നമ്മുടെ വൈദികര്‍ മുന്നോട്ടു – അവരുടെ അജണ്ടയ്ക്ക് യാതൊരു മാറ്റവും ഇല്ല.
ന്യൂയോര്‍ക്കില്‍ പള്ളി കൂടിയേ തീരൂ. എതിര്‍പ്പുണ്ടായപ്പോള്‍ അടവുകള്‍ പതിനെട്ടും പയറ്റുകയാണ്. പള്ളി വാങ്ങാന്‍ നിയോഗിക്കപ്പെട്ട വൈദികന്‍ (ആത്മീയശുശ്രൂഷ ഏതു കപ്യാര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. പത്തു പന്ത്രണ്ടു വര്‍ഷക്കാലം സെമിനാരിയിലെ ട്രെയിനിംഗിലൂടെ വാര്‍ത്തെടുത്ത വൈദികനെ അമേരിക്കയിലെയ്ക്കയക്കുന്നത് അത്തരം നിസ്സരകാര്യങ്ങള്‍ക്കല്ല. അവര്‍ക്ക് പള്ളി വാങ്ങുക, ഫണ്ട് പിരിക്കുക, തുടങ്ങിയ പല ഭാരിച്ച കടമകളും ഉണ്ട്!) പുരോഹിതവര്‍ഗ്ഗം പണ്ട് മുതലേ ശീലിച്ചിട്ടുള്ള “ഡിവൈഡ് ആന്‍ഡ് റൂള്‍” ശൈലി അവലംബിച്ചപ്പോള്‍ സമൂഹത്തിലെ ചിലര്‍ (മിക്കവാറും മുന്‍ സംഘടനാഭാരവാഹികള്‍) ഇമെയില്‍ വഴി പ്രചരണമാരംഭിച്ചു. തുടക്കത്തില്‍ ഇംഗ്ലീഷില്‍, പിന്നാലെ മലയാളത്തില്‍ (മലയാളത്തിലിറങ്ങിയ സര്‍ക്കുലര്‍ വായിക്കുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക) കാര്യങ്ങള്‍ ഇവിടം വരെ എത്തിയപ്പോള്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും വിശദീകരണം തരുവാനുണ്ടോ എന്നാരാഞ്ഞുകൊണ്ട് സ്നേഹ സന്ദേശം ന്യൂയോര്‍ക്കിലെ ബഹുമാനപ്പെട്ട വൈദികന് ഇമെയില്‍ അയച്ചു. മറുപടി ഉണ്ടായില്ല.
വൈദികധാര്‍ഷ്ട്യം? നിങ്ങള്ക്ക് തെറ്റി. വൈദികന്‍ ഭയന്നു.
ഫിഷ് ടാങ്കില്‍ നിന്നും മീന്‍ പിടിച്ചു ശീലിച്ചവനോട് കായലില്‍ നിന്ന് മീന്‍ പിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അവന്റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കും. ഒറ്റയ്ക്ക് കിട്ടുമ്പോള്‍ പേടിപ്പിക്കുവാനും ആരും മറുത്തൊരക്ഷരം പറയുകയില്ല എന്ന തന്റെടത്തില്‍ അള്‍ത്താരയില്‍ നിന്ന് എന്ത് അസംബന്ധവും വിളിച്ചു പറയുവാനും, വൈദികശാപത്തിന്റെ ഭവിഷ്യത്തുകളെ ഓര്‍മ്മിപ്പിക്കുവാനുമല്ലാതെ, പൊതുവേദിയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു മറ്റുള്ളവര്‍ പറയുന്നതിന് ഉത്തരം പറയുവാനോ വാദമുഖങ്ങളെ ഖണ്ഡിക്കുവാനോ എന്തെങ്കിലും പറഞ്ഞു സ്ഥാപിക്കുവാനോ നമ്മുടെ വൈദികരില്‍ പലരും പ്രാപ്തരല്ല. സഭാവക്താക്കളില്‍ ചിലരുടെ ദയനീയമായ “പ്രകടനം” ഇടയ്ക്ക് നമ്മള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കാണാറുള്ളതാണല്ലോ.
മാധ്യമങ്ങള്‍ പ്രതിഫലിപ്പിക്കുന്നതും പ്രതിനിധാനം ചെയ്യുന്നതും ജനവികാരമാണ്. മാധ്യമത്തെ അവഗണിക്കുകയെന്നാല്‍ ജനത്തെ അവഗണിക്കുകയാണ്. ഇതാണ് നമ്മുടെ ന്യൂയോര്‍ക്കിലെ വൈദികന്‍ ചെയ്തത്.
ജനാധിപത്യ രീതികളും മര്യാദകളും കത്തോലിക്കാസഭയുടെ അന്തസ്സിനും ശൈലിയ്ക്കും ചേര്‍ന്നതല്ല എന്നാണു നമ്മുടെ വൈദികരില്‍ മിക്കവരുടെയും വിശ്വാസം. മറിച്ചു ചിന്തിക്കുന്ന ചുരുക്കം ചിലരെങ്കിലും കത്തോലിക്കാസഭയിലുണ്ടെന്നുള്ളത് ആശ്വാസകരമാണ്. ഉദാഹരണത്തിന് റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യുനിവേര്സിറ്റിയിലെ കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസിന്റെ പ്രോഫസറായ ഫാ. ജേക്കബ് സ്രാമ്പിക്കല്‍ എസ്.ജെ. അദ്ദേഹം തന്റെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നുണ്ട്.
“പറന്നു പോകുന്ന ഒരു പക്ഷിയെപ്പോലെ ഒരു വൈദികന്‍ ഇടവകയില്‍ ഹൃസ്വകാലമേ ഉണ്ടാവുകയുള്ളൂ എന്നതുകൊണ്ട് അദ്ദേഹത്തിന് തോന്നിയതുപോലെ കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകുവാന്‍ കഴിയുകയില്ല, നടത്തുകയുമരുത്.”
ന്യൂയോര്‍ക്കിലെ സമുദായ സ്നേഹികള്‍ തയ്യാറാക്കിയ ലഘുലേഖയില്‍ ഇങ്ങനെ കാണാം.
“ക്നാനായ മിഷനുകള്‍ അങ്ങാടിയത് പിതാവിന്റെയും ചിക്കാഗോ സീറോമലബാര്‍ രൂപതയുടെയും അധീനതയിലാണ്. മിഷന്റെ അക്കൗണ്ടുകളും ആസ്തികളും അങ്ങാടിയത് പിതാവിന്റെ നിയന്ത്രണത്തിലായിരിക്കും. ആയതിനാല്‍ ഐ.കെ.സി.സി.യുടെ കീഴില്‍ കെട്ടിടം വാങ്ങുന്നതാണ് സുരക്ഷിതം. പില്‍ക്കാലത്ത് ക്നാനായ മിഷനിലെ അംഗം ആരെന്നു നിര്‍വചിച്ച്, കോട്ടയം രൂപതയുടെ അധികാരപരിധി അമേരിക്കയിലേക്ക് വ്യാപിച്ചു കിട്ടുകയും ചെയ്യുമ്പോള്‍ കെട്ടിടം മിഷന്റെ പേരിലേക്ക് മാറ്റാവുന്നതാണ്.
ഈ അഭിപ്രായം ഫാ. തറയ്ക്കലും കമ്മറ്റി അംഗങ്ങളും തള്ളിക്കളയുകയും മിഷന്റെ പേരില്‍ തന്നെ കെട്ടിടം വാങ്ങണമെന്നു നിര്‍ബന്ധം പിടിക്കുകയും ചെയ്തു. അവര്‍ പറയുന്നത് കോട്ടയം രൂപത ഉണ്ടായ കാലത്ത് നമുക്ക് ഉണ്ടായിരുന്ന പള്ളികളെല്ലാം നമുക്ക് തന്നെ ലഭിച്ചു എന്നാണു.”
ഇത്തരക്കാരെ ഉദ്ദേശിച്ചാണ് ജോര്‍ജ് സന്തായന ഇങ്ങനെ പറഞ്ഞത്.
“One who does not remember history is bound to live through it again.”
കോട്ടയം രൂപത ഉണ്ടായ കാലത്ത് ശരിക്കും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാം.
“പേപ്പല്‍ ബൂളായില്‍ നിര്‍ദ്ദേശിച്ചിരുന്ന പ്രകാരം എറണാകുളം വികാരിയാത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പെട്ടിരുന്ന പള്ളികളുടെ പുനഃക്രമീകരണത്തിനാണ് കോട്ടയം വികാരി അപ്പസ്തോലിക്കാ ആദ്യം നടപടി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അപേക്ഷയനുസരിച്ച് ചുങ്കം, കരിങ്കുന്നം, ബ്രഹ്മമംഗലം, വാരപ്പെട്ടി എന്നീ പള്ളികള്‍ എറണാകുളം വികാരിയാത്തില്‍ നിന്ന് കോട്ടയത്തേയ്ക്ക് ചേര്‍ത്ത് കൊള്ളുവാന്‍ എറണാകുളം വികാരി അപ്പസ്തോലിക്കാ അനുവദിച്ചു.”
“ഉദയംപേരൂര്‍ പള്ളിയും വിട്ടുകിട്ടണമെന്ന് മാക്കീല്‍ പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ 1894-ലെ വികാരിയാത് വിഭജനക്കാലത്ത് അതിര്‍ത്തി നിര്‍ണ്ണയം നടത്തിയ വാരാപ്പുഴ പുത്തന്‍പള്ളി സെമിനാരി ഡയരക്ടര്‍, ബ. ബോനിഫാസ് മിഷനറി ഉദയംപേരൂര്‍ പള്ളി തെക്കുംഭാഗര്‍ക്ക് അവകാശപ്പെട്ട പള്ളികളുടെ പട്ടികയില്‍ ചേര്‍ക്കാതിരുന്നതുകൊണ്ട് അത് എറണാകുളം വികാരിയാത്തില്‍ തന്നെ തുടരേണ്ടാതാണെന്നു തീരുമാനിക്കപ്പെട്ടു.”
(“യുഗപ്രഭാവനായ മാര്‍ മത്തായി മാക്കീല്‍” പേജ് 220).
മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നതുപോലെ ചരിത്രം പഠിക്കുന്നതും വൈദികരുടെ അന്തസ്സിനു ചേര്ന്നതല്ലായിരിക്കും!
മുകളില്‍ പരാമര്‍ശിച്ച പ്രൊഫസര്‍ ജേക്കബ് സ്രാമ്പിക്കല്‍
പള്ളികള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനം അമേരിക്കയിലെ ക്നാനായ സമുദായംഗങ്ങളുടേതായിരിക്കണം. സ്വാര്‍ത്ഥമതികളായ ചില വൈദികരെ പ്രീണിപ്പിക്കാനായി നിങ്ങളുടെ പിന്‍ തലമുറയ്ക്ക് ഭാരമാകുന്ന അബദ്ധങ്ങള്‍ ഒന്നും കാണിക്കാതിരിക്കുക.
ദൈവം നിങ്ങള്ക്ക് നല്ല വഴി കാട്ടിത്തരട്ടെ.
അലക്സ് കണിയാംപറമ്പില്‍
Posted by ക്നാനായ വിശേഷങ്ങള് at 9:19 PM