വി എസ്സിന്റെ വീറ് കുറയ്ക്കാന്‍ അച്ച് നിരത്തി വിയര്‍ക്കണ്ട

1 view
Skip to first unread message

Jawahar dreams

unread,
Apr 10, 2011, 8:18:12 AM4/10/11
to sar...@googlegroups.com


ഉണര്‍ന്ന് കണ്ണുതുറന്ന് 'മലയാളത്തിന്റെ സുപ്രഭാതം' കണ്ടപ്പോള്‍ അന്തംവിട്ടുപോയി. 'ലതിക: റിപ്പോര്‍ട്ട് കേന്ദ്ര ഇലക്ഷന്‍ കമ്മിഷന് ' രണ്ട് നിറത്തില്‍ ഉള്ളതിലും വലിയ ചുവന്ന അക്ഷരത്തില്‍ അഞ്ച് കോളത്തില്‍ തലക്കെട്ട് കണ്ടാണ് അന്ധാളിച്ച് പോയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി വി എസ്സിനെതിരെ യു ഡി എഫ് നേതാക്കളും അതിന് കൂട്ട് നിന്ന മനോരമയും നടത്തുന്ന ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് ഇത്രയും ഭ്രമജനകമായ ഒരു വാര്‍ത്ത മുഖ്യവിഷയമായി ഒന്നാം പേജില്‍ അവതരിപ്പിച്ചത്. ബി ജെ പിയുടെ പ്രമുഖതാരങ്ങളായ സുഷമാസ്വരാജിന്റെയും സ്മൃതി ഇറാനിയുടെയും അഭിപ്രായങ്ങളും റിപ്പോര്‍ട്ടിന് പ്രാധാന്യം നല്‍കാനായി വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഒരു ചെറിയ കാര്യം ദുര്‍വ്യാഖ്യാനം ചെയ്ത് പര്‍വതീകരിക്കാനുള്ള അസാമാന്യമായ ഈ വൈഭവത്തെ ആര്‍ക്കാണ് പ്രകീര്‍ത്തിക്കാതിരിക്കാന്‍ കഴിയുക. തിരഞ്ഞെടുപ്പ് കഴിഞ്ഞ അസമിലെ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ എത്രയോ വലിയ കാര്യങ്ങള്‍ ഇലക്ഷന്‍ കമ്മിഷന് പരിഗണിക്കേണ്ടതുണ്ട്. അതിലൊക്കെ പ്രധാനമാണ് ലതികാ പ്രശ്‌നമെന്ന് കാണുന്നവരെ പറ്റി എന്ത് പറയാനാ. ഇലക്ഷന്‍ കമ്മിഷന്‍ ഇതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് തന്നെ മാറ്റി വയ്ക്കുമോ എന്ന് സംശയിച്ച് പോന്ന തരത്തിലാണ് ലതികാ വാര്‍ത്തയുമായി മനോരമ നീങ്ങുന്നത്. അതിന് വേണ്ടി ഇതിന്റെ ലേഖകന്മാര്‍ ധാരാളം വിയര്‍പ്പൊഴുക്കുന്നുണ്ട്.

എന്താണ് സംഭവം? ഏപ്രില്‍ 6-ാം തീയതിയിലെ മനോരമ സംഭവം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു. തലേദിവസം പാലക്കാട് പ്രസ്‌ക്ലബില്‍ നടന്ന ഒരു മുഖാമുഖത്തില്‍ വനിതയായ ലതികാസുഭാഷ് എതിരാളിയായതുകൊണ്ടാേണാ വി എസ് കൂടുതല്‍ ദിനം മണ്ഡലത്തില്‍ പ്രചാരണം നടത്തിയത് എന്നായിരുന്നു ഒരു ലേഖകന്റെ ചോദ്യം. അവര്‍ ഒരു തരത്തില്‍ പ്രശസ്തയാണ് അത് ഏത് തരത്തിലാണെന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു വി എസിന്റെ മറുപടി. ഇത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ മലമ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ലതികാസുഭാഷിനെ വ്യക്തിഹത്യ നടത്തിയെന്ന രീതിയിലാണ് മനോരമ വാര്‍ത്ത പുറത്തുവിട്ടത്. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ പി സി സി സെക്രട്ടറി എന്നീ നിലകളില്‍ അവര്‍ പ്രസിദ്ധയാണെന്നാണ് താന്‍ പറഞ്ഞെതന്നും അതില്‍ കവിഞ്ഞൊന്നും പറഞ്ഞിട്ടില്ലെന്നും വി എസ് തന്നെ  വെളിപ്പെടുത്തുകയുണ്ടായി. പിന്നീട് അതില്‍ പിടിച്ചുള്ള കോലാഹലമായിരുന്നു. എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനാണോ എന്ന്  തോന്നുമോ, എന്തിന് പ്രതികരിക്കണം? ചില അഖിലേന്ത്യാ വനിതാ നേതാക്കളിലേക്കും യു ഡി എഫ് ഉന്നത നേതാക്കളിലേക്കും ഈ പ്രശ്‌നം വളര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ ഇപ്പോള്‍ നടക്കുന്ന കേരളത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം ഇതാണോ എന്ന് മൂക്കില്‍ വിരല്‍ വച്ച് ആരും ചോദിച്ചുപോകും? തുടര്‍ന്ന് കേസായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയായി. ഇതാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്ന് കണ്ട് യു ഡി എഫ് നേതാക്കളും ചില വനിതാ നേതാക്കളും പ്രതികരിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി.

സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കും അവരെ ആക്രമിക്കുന്നവര്‍ക്കും എതിരായി നിയമസഭയിലും പുറത്തും നിരന്തരമായി പോരാട്ടം നടത്തുന്ന വി എസ്സിനെ ആക്രമിക്കാന്‍ വേണ്ടി ഈ സംഭവം വളര്‍ത്തിയെടുത്ത് പ്രയോജനമുണ്ടാക്കാമെന്ന് കരുതിയവര്‍ മൂഢസ്വര്‍ഗത്തിലാണ്. ഇതിനെപ്പറ്റി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പ്രതികരിച്ചത് 'ഇന്‍സ്‌ററന്റ്' പ്രതികരണക്കാര്‍ കേള്‍ക്കേണ്ടതാണ്. ലതികാസുഭാഷിനെപ്പറ്റി പറഞ്ഞതില്‍ നേരുണ്ടെന്നും അവരുമായി ബന്ധപ്പെട്ട് മുമ്പും വിവാദമുണ്ടായിട്ടുണ്ടെന്നുമാണ് ആലപ്പുഴയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.  എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ വി എസ് പറഞ്ഞതുകൊണ്ടാണ് അത് വിവാദമായതെന്നും വി എസിന്റെ പ്രസംഗശൈലി ഏവര്‍ക്കും ഇഷ്ടമായതിനാലാണ് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ സോണിയയുടെ പ്രസംഗസ്ഥലത്തേക്കാളും ആളുകൂടുന്നതെന്നും ആളുകളെ അടിച്ചു കൊണ്ടുവരേണ്ട അവസ്ഥയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി എസ്സിനെ കുരിശിലേറ്റാന്‍ നടക്കുന്ന സന്മാര്‍ഗനിരതന്മാര്‍ക്കുള്ള മറുപടികൂടിയാണ് ഇത്.

പ്രശസ്ത വ്യക്തികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകുന്നത് അതിന് തയ്യാറാകുന്ന വ്യക്തികളുടെ പ്രശസ്തിക്ക് നിദാനമായ ഘടകമാണ്. വി എസ്സിനെ എതിര്‍ക്കാന്‍ പറ്റുന്ന ആളായി കോണ്‍ഗ്രസ് കണ്ടത് ലതികാസുഭാഷിനെയാണ്. കോട്ടയത്തോ ഏററുമാനൂരോ അവര്‍ക്ക് ഒരു സീറ്റ് നല്‍കുന്നതിന് പകരം മലമ്പുഴയിലേക്ക് അയച്ചത് പ്രശസ്തയായതുകൊണ്ടുമാണ്. അവരുടെ സ്ഥാനാര്‍ഥിത്വം തന്നെ വൈകിയാണ് പ്രഖ്യാപിച്ചത്. അപ്പോള്‍ നിയോജക മണ്ഡലത്തില്‍ അടങ്ങി നിന്ന് പത്ത് വോട്ട് പിടിക്കുന്നതിന് പകരം വക്കീലന്മാരെ കാണാനും കോടതിയില്‍ പോകാനുമൊക്കെ സമയം കളയുന്നത് ഗൗരവപൂര്‍വമായ ഒരു മത്സരത്തിനല്ല ലതികാസുഭാഷ് മലമ്പുഴയില്‍ എത്തിയതെന്ന് വ്യക്തമാകുന്നു. കൂടുതല്‍ പ്രശസ്തി ഉണ്ടാക്കാന്‍ വി എസ് പറഞ്ഞതിന്റെ പേരില്‍ ഉള്ള തത്രപ്പാടാണ് ഇപ്പോള്‍ നടക്കുന്നത്. 

വി എസ്സിന്റെ ജനസ്വാധീനം കുറച്ച് കാണിക്കാന്‍, ജനങ്ങള്‍ക്ക് എതിരാക്കാന്‍ ഒരു കച്ചിത്തുരുമ്പുമായിട്ടാണ് ഇതിനെ കോണ്‍ഗ്രസ് കണ്ടത്. യു ഡി എഫും അതിന്റെ നേതാക്കളും ഈ കച്ചിത്തുരുമ്പില്‍ പിടിച്ച് വി എസ്സിനെ ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ പിടിവിട്ട് താഴെപ്പോകാനെ ഇത് ഉപകരിക്കൂ. ഈ വിഷയത്തില്‍ യു ഡി എഫ് നേതാക്കള്‍ ബഹളം കൂട്ടിയപ്പോള്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ഇതിന് ചൂട്ട് പിടിക്കുകയും ചെയ്തിട്ടും വി എസ്സിന്റെ പ്രതിച്ഛായയ്ക്കും സ്വീകാര്യതയ്ക്കും ഒരു കുറവും വന്നിട്ടില്ലെന്നാണ് ഇതിന് ശേഷമുള്ള മണ്ഡലങ്ങളില്‍ നിന്നും മണ്ഡലങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ തേരോട്ടം തെളിയിക്കുന്നത്. വി എസിനെതിരായ അനാവശ്യ പ്രചാരണത്തിന്റെ ഫലമായി മലമ്പുഴയില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ജനങ്ങള്‍ പോലും ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ വോട്ട് ചെയ്യുമെന്ന് വ്യക്തമാണ്. ഈ കോലാഹലം മൂലം കിട്ടാനിരുന്ന വോട്ടിന്റെ എണ്ണം കുറയുമെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ തന്നെ വിജയിപ്പിക്കാനല്ലല്ലോ അവരെ മലമ്പുഴയിലേക്കയച്ചത്.


വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വോട്ടുതേടാനുള്ള ശ്രമമാണ് ലതികാസുഭാഷിനെ ഉപയോഗിച്ച് യു ഡി എഫ് നേതാക്കള്‍ നടത്തുന്നത്. കാമാന്ധന്മാരുടെ ആക്രമത്തെ തുടര്‍ന്ന് മൃതിയടഞ്ഞ ശാരിയുടെ വീട്ടില്‍ നിന്നും ലതികാസുഭാഷിന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയെന്നുള്ള വാര്‍ത്ത ശാരിയുടെ അച്ഛന്‍ തന്നെ നിഷേധിച്ചത് ഇതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ്. സംഭാവനയായി നൂറ് രൂപ മാത്രമാണ് ലതികയ്ക്ക് നല്‍കിയതെന്നും പിന്നീടാണ് ഇതിന്റെ പിന്നിലെ രാഷ്ട്രീയഗൂഢാലോചന ബോധ്യപ്പെട്ടതെന്നും വി എസ് ജയിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നുകൂടി കഴിഞ്ഞ ദിവസം ഇന്ത്യാവിഷനിലൂടെ ശാരിയുടെ അച്ഛന്‍ തന്നെ ജനങ്ങളോട് പറഞ്ഞപ്പോള്‍ ആ വഴിക്കും വോട്ടുതേടാനുള്ള യു ഡി എഫ് ശ്രമവും പരാജയം കണ്ടു.  കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ ലതികയുടെ പേരില്‍ അഴിച്ചുവിട്ട ഈ ദുഷ് പ്രചാരണങ്ങളെ അവജ്ഞയോടെ മാത്രമേ കാണുകയുള്ളുവെന്നും അച്യുതാന്ദന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ മലമ്പുഴയില്‍ ജയിക്കുമെന്നും തീര്‍ച്ചയാണ്. വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ യു ഡി എഫിന് ഇത് ബോധ്യമാകും.

കേരളത്തില്‍ രണ്ട് തരം പത്രങ്ങളാണ് ഉള്ളത്. ഒന്ന് സ്വതന്ത്രമെന്ന് അവകാശപ്പെടുന്ന പത്രങ്ങള്‍. അവരുടെ ഉടമസ്ഥത ഒരു പക്ഷേ കുടുംബത്തിനോ അവര്‍ ഉണ്ടാക്കുന്ന കമ്പനിക്കോ ആണ്. മറ്റൊന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തമായ നിലപാടുണ്ട്. എല്ലാവാര്‍ത്തകളും നല്‍കുന്നതിനോടൊപ്പം പാര്‍ട്ടി താല്‍പ്പര്യത്തിനും തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടികളുടെ വിജയത്തിനും പരമാവധി ശ്രമിക്കും അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സി പി ഐയുടെ ജനയുഗം, സി പി എമ്മിന്റെ ദേശാഭിമാനി, കോണ്‍ഗ്രസിന്റെ വീക്ഷണം, ബി ജെ പിയുടെ ജന്മഭൂമി, ലീഗിന്റെ ചന്ദ്രിക എന്നിവയൊക്കെ പാര്‍ട്ടി പത്രങ്ങളാണ്. മൂലധന ശക്തികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമെന്ന് അവകാശപ്പെടുന്ന പത്രങ്ങള്‍ എല്ലാ തത്വദീക്ഷയും മറന്ന് തിരഞ്ഞെടുപ്പില്‍ ഒരു പക്ഷത്തിന് വേണ്ടി വഴിവിട്ട് പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ അവര്‍ അവകാശപ്പെടുന്ന നിഷ്പക്ഷതയെപ്പറ്റി വായനക്കാര്‍ വിധിയെഴുതേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു.

ലതികാസംഭവം മനോരമ വളര്‍ത്തിക്കൊണ്ടുവന്നത് ഇതിന് ചെറിയൊരു ഉദാഹരണം മാത്രം. അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതീകമായ സിന്ധുജോയി എല്‍ ഡി എഫ് വിട്ടുവന്നപ്പോള്‍ അതിന്റെ പേരില്‍ എത്രസ്‌റ്റോറികളാണ് മനോരമയില്‍ പ്രത്യക്ഷപ്പെട്ടത്.  തിരഞ്ഞെടുപ്പ് വേദിയില്‍ മുഴങ്ങുന്ന മുദ്രാവാക്യം എന്തായാലും ഭാവിവികസനത്തിനാണ് ജനം വോട്ട് നല്‍കുന്നതെന്ന് മനോരമയുടെ അഭിപ്രായ സര്‍വേയില്‍ പോലും പറയുന്നു. 49.9 ശതമാനം ജനങ്ങളും ഇത് ശരിവയ്ക്കുന്നതായും അവര്‍ തന്നെ പറയുന്നു. അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്റെ ഭാവിവികസനത്തിന് വേണ്ടിയാണ് ജനങ്ങളുടെ വോട്ടെങ്കില്‍ ഭരണത്തുടര്‍ച്ചയല്ലാതെ കേരളത്തിലെ ഇപ്പോഴത്തെ വികസനം സാധ്യമാണോ? വെറും ആരോപണങ്ങളുടെ പേരില്‍ അഭിപ്രായം മാറുന്നവരോ സ്വാധീനവലയത്തില്‍ പെടുന്നവരോ അല്ല കേരളീയ ജനമെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഈ 'നിഷ്പക്ഷര്‍ക്ക്' ബോധ്യപ്പെടും.

തെങ്ങമം ബാലകൃഷ്ണന്‍/ ജനയുഗം, 09. 04.2011


---------------
JAWAHAR K MANJERI

Al Jubail - SAUDI ARABIA
---------------------------------
Please Visit:
http://sardram.blogspot.com
http://yuvadhara.wordpress.com

Reply all
Reply to author
Forward
0 new messages