PRD EKM PRESS RELEASE NOV 4, 2025

0 views
Skip to first unread message

I&PRD ERNAKULAM

unread,
Nov 4, 2025, 9:26:31 AM11/4/25
to PRD ERNAKULAM
ഇൻസ്ട്രക്ടർ നിയമനം

കളമശേരി ഗവ.എ.വി.ടി.എസിൽ  അഡ്വാൻസ്‌ഡ് വെൽഡിംഗ് ട്രേഡിൽ ഓപ്പൺ കാറ്റഗറിയിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെൽഡർ ട്രേഡിൽ എ൯സിവിടി/എ൯എസി സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും  അഞ്ച് വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും  രണ്ട് വർഷത്തെ പ്രവർത്തന പരിചയവുമാണ് യോഗ്യത.

യോഗ്യതയുളള ഉദ്യോഗാർത്ഥികൾ നവംബർ 11 രാവിലെ 11-ന്  എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ -8089789828,0484-2557275.

അപേക്ഷ ക്ഷണിച്ചു                              

കായിക യുവജന കാര്യാലയത്തില്‍ നിന്നും  കായിക ക്ലബ്ബുകള്‍ക്കും, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സ്‌പോര്‍ട്‌സ്,  ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങുതിന് സാമ്പത്തിക സഹായം അനുവദിക്കുതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറത്തിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള  മാനദണ്ഡം എന്നിവ https://dsya.kerala.gov.in എന്ന വെബ്‌സെറ്റില്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗസിലില്‍ നേരിട്ടോ,  സെക്രട്ടറി, എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍, പി.റ്റി ഉഷാ റോഡ്, മഹാരാജാസ് കോളേജ് പി.ഒ, എറണാകുളം എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നവംബർ ഏഴിന്  വൈകീട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം.
ഫോൺ -9447505598,9746273012.

കാഞ്ഞൂരിൽ 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞൂർ പ്രദേശത്തെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമാക്കി 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.  അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം നിർവഹിച്ചു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പാറപ്പുറം ഡിവിഷൻ ഫണ്ടിൽ നിന്നും 17.70 ലക്ഷം രൂപ ചെലവഴിച്ചാണ്  ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ആധുനിക ടോയ്ലറ്റ് കോംപ്ലക്സും,  കോഫി ഷോപ്പും നിർമ്മിക്കുന്നത്. പുതിയേടം തെക്കേ അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ടിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതോടെ വ്യാപാര കേന്ദ്രമായ ഈ പ്രദേശത്തെ പൊതുടോയ്ലറ്റുകളുടെ അഭാവത്തിന്  പരിഹാരമാകും.

കോഫി ഷോപ്പിന്റെ നടത്തിപ്പും ടോയ്ലറ്റ് കെട്ടിടത്തിന്റെ പരിപാലനവും കുടുംബശ്രീയുടെ നേതൃത്വത്തിലായിരിക്കും. ഇതിലൂടെ കുടുംബശ്രീ വനിതകൾക്ക് വരുമാനം ഉറപ്പാക്കാനും ടോയ്ലറ്റ് അനുബന്ധ കെട്ടിടത്തിന്റെ പരിപാലനവും ശുചിത്വ ഉറപ്പാക്കാനും സാധിക്കും.

ചടങ്ങിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കെ.വി. അഭിജിത്ത്, വാർഡ് മെമ്പർമാരായ സിമി ടിജോ, ചന്ദ്രവതി രാജൻ, കെ.എൻ. കൃഷ്ണകുമാർ, ജയശ്രീ, ഡോക്ടർമാരായ  എൻ.എ രാജേന്ദ്രൻ , എ സജിന , എസ് ഷൈലേഷ് കുമാർ , റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിന്റെ ഭാഗമായി.

കുട്ടനാട് സഫാരി ലോകടൂറിസത്തില്‍ പാതിരാമണലിനെ  അടയാളപ്പെടുത്തും : മന്ത്രി കെ ബി ഗണേഷ് കുമാര്‍

ലോകടൂറിസത്തില്‍ പാതിരാമണലിനെയും ആലപ്പുഴയെയും കുട്ടനാടന്‍ സഫാരി അടയാളപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാന ജലഗതാഗത വകുപ്പ് നടപ്പിലാക്കുന്ന കുട്ടനാട് സഫാരി പദ്ധതിയുടെ ആദ്യഘട്ടമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ആംഫി തീയറ്ററിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണോദ്ഘാടനം ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു  മന്ത്രി.

ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടുവരുന്ന സഫാരി യാത്രയുടെ മോഡലിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഇതൊരുമാറ്റത്തിന്റെ തുടക്കമാണ്. ടൂറിസത്തില്‍ ഏറ്റവും വലിയ ആകര്‍ഷണമായി കുട്ടനാടന്‍ സഫാരി മാറും.  പദ്ധതിയിലൂടെ  തൊഴില്‍ സാധ്യതയേറും.  പദ്ധതിയോട് അനുബന്ധിച്ച് ടൂറിസം ബോട്ട് സര്‍വീസ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

 അനന്തമായ ടൂറിസം സാധ്യതയ്ക്ക് വഴിയൊരുങ്ങുന്ന പദ്ധതി ആലപ്പുഴക്ക് ലഭിച്ച വലിയ സമ്മാനമാണെന്ന് ചടങ്ങിൽ ഓണ്‍ലൈനായി ആധ്യക്ഷം വഹിച്ച്  കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.  ദുബായിലെ ഡെസേര്‍ട്ട് സഫാരിയുടെ മാതൃകയില്‍ കുട്ടനാട് മേഖലയില്‍ ടൂറിസം, ഗതാഗതം, പ്രാദേശിക വികസനം എന്നീ ഘടകങ്ങള്‍ ഏകോപിപ്പിച്ചാണ് സഫാരി പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഈ ആംഫി തീയറ്റര്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.  പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ വിനോദ-സാംസ്‌കാരിക പരിപാടികളും പ്രാദേശിക കലാരൂപങ്ങളും അവതരിപ്പിക്കാനും സൗകര്യമൊരുക്കും.

 കൊച്ചിൻ സ്മാർട്ട്‌ മിഷൻ ലിമിറ്റഡ്  ഓഫീസില്‍ നടന്ന ചടങ്ങില്‍ . മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ വാര്‍ഡ് മെമ്പര്‍ ലൈലാ ഷാജി, മുഹമ്മ പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആനന്ദ് സമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.


ഭരണഭാഷാ വാരാഘോഷം

മത്സരാർത്ഥികൾ ചോദ്യകർത്താക്കളായി....
ആവേശം നിറച്ച് പ്രശ്നോത്തരി മത്സരം

ഈ റൗണ്ടിൽ എന്നോട് ചോദ്യം ചോദിക്കാം... എനിക്ക് ഉത്തരം  അറിയില്ലെങ്കിൽ നിങ്ങൾക്ക് പോയിന്റ്...  ക്വിസ്സ്  മാസ്റ്റർ ശ്രീകുമാർ മുഖത്തലയുടെ (ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്) ഈ വിവരണം വന്നതോടെ കളക്ടറേറ്റ്  സ്പാർക്ക് ഹാളിൽ ആകെ ഒരു ഞെട്ടൽ.

ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും   സംയുക്തമായി സർക്കാർ ജീവനക്കാർക്കായി  സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരമായിരുന്നു വേദി.

മത്സരം ആരംഭിക്കുമ്പോൾ തന്നെ  ഒരു അപ്രതീക്ഷിത റൗണ്ട്  പ്രതീക്ഷിക്കാം എന്ന് സൂചനയുണ്ടായിരുന്നു. പക്ഷേ ഇത്തരമൊരു ' റിവേഴ്‌സ് റൗണ്ട്' ആകും അത് എന്ന് ആരും കരുതിയില്ല. ചോദ്യകർത്താവിനെ പരീക്ഷിക്കാൻ കിട്ടിയ അവസരം എല്ലാവരും നന്നായി വിനിയോഗിച്ചു. അങ്ങനെ വ്യത്യസ്തതയും അറിവും ഭാഷയുടെ പെരുമയുമെല്ലാം കോർത്തിണക്കിയ പരിപാടിയായി മത്സരം മാറി.

കേരള ചരിത്രം, സംസ്കാരം, സാഹിത്യം, കല, ഭാഷ, രാഷ്ട്രീയം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയ മത്സരത്തെ ആവേശത്തോടെയാണ്  ഉദ്യോഗസ്ഥർ   ഏറ്റെടുത്തത്. തുടക്കം മുതലേ  ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ പൊതുമരാമത്ത് വകുപ്പിലെ  പി.എസ് സജയഘോഷ്, കെ.എം കിരൺ എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. റവന്യൂ വകുപ്പിലെ  എം. ജോസഫ് ജൂഡും എം. ഗീതുവും ഉൾക്കൊള്ളുന്ന ടീം  രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ  കെ.എസ്.ഇ.ബിയിലെ  ടിറ്റോ വി. വില്യം, ദിനേശ് ശങ്കരനാരായണൻ  എന്നിവരുടെ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു,  ഭരണഭാഷ വാരാഘോഷം പരിപാടി ഏകോപകൻ മജു മനോജ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

സെന്‍സസ് ഡാറ്റ സാമൂഹ്യ വികസനത്തിന്റെ കണ്ണാടി: ജില്ലാ കളക്ടർ ജി പ്രിയങ്ക

ഒരു സമൂഹം എത്രമാത്രം പുരോഗതി കൈവരിച്ചു എന്നതിൻ്റെ നേർചിത്രമാണ് സെൻസസ് ഡാറ്റയെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക. സെൻസസ് ഡാറ്റാ ഒരു ആധികാരിക രേഖയാണെന്നും, അതിനെ മുൻനിർത്തിയാണ് മുന്നോട്ടുള്ള പല പദ്ധതികളും ആവിഷ്കരിക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസ്- സെന്‍സസ് 2027- ന് മുന്നോടിയായി കൊച്ചി കോർപ്പറേഷൻ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽ  നവംബർ 10  മുതൽ 30  വരെ നടക്കുന്ന പ്രീ ടെസ്റ്റിനു വേണ്ടി നിയമിക്കപ്പെട്ട എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള  പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

പ്രീ ടെസ്റ്റിനായി തിരഞ്ഞെടുക്കപ്പെട്ട  
വാർഡുകളിലെ വോട്ടർമാർക്ക് നവംബർ എഴ് വരെ സെൽഫ് എന്യൂമറേഷൻ പോർട്ടൽ വഴി സെൻസസ് വിവരങ്ങൾ സ്വന്തമായി സമർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. കൊച്ചി കോർപ്പറേഷനിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ടർമാർ സെൻസസ് പ്രീ ടെസ്റ്റ് നടപടികളുമായി സഹകരിക്കണമെന്ന്  
എറണാകുളം ജില്ലാ  പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയാണ് ചാർജ് ഓഫീസർ.

'സെൻസസ്  2027' ന്റെ ആദ്യഘട്ടമായി വീടുകളുടെ വിവരണ ശേഖരണമാണ് നടക്കുക.

 ഫോർട്ട്കൊച്ചി മഹാകവി പള്ളത്തുരാമൻ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നവംബർ ആറിന് അവസാനിക്കും.
Reply all
Reply to author
Forward
0 new messages