സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ഫെയറുകളിൽ തിരക്കേറുന്നു. 1.65 ലക്ഷത്തോളം പേരാണ് ഇന്നലെ ഫെയറുകൾ ഉൾപ്പെടെയുള്ള സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. 9.72 കോടി രൂപയുടെ വിറ്റു വരവാണ് പെട്രോൾ, റീട്ടെയിൽ ഉൾപ്പെടെയുള്ള സപ്ലൈകോ വിൽപ്പന ശാലകളിൽ നിന്നും ഡിസംബർ 22ന്. ലഭിച്ചത്. 1.82 കോടി രൂപയുടെ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വിൽപ്പനയും 2.54 കോടി രൂപയുടെ മറ്റു സബ്സിഡി ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ക്രിസ്മസ് പുതുവത്സര ഫെയർ ആരംഭിച്ച ഡിസംബർ 22ന് നടന്നു.
ആറ് ജില്ലകളിലെ പ്രത്യേക ജില്ലാ ഫെയറുകളിൽ നിന്നും മാത്രമായി 15.946 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 8.76ലക്ഷം രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലാണ്. തിരുവനന്തപുരം ജില്ലാ ഫെയറിലാണ് ഏറ്റവും കൂടുതൽ വില്പന .6.27 ലക്ഷം രൂപയുടെ വിറ്റു വരവാണ് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലെ ജില്ലാ ഫെയറിൽ ഉണ്ടായത്. ഇതിൽ 3. 5 2ലക്ഷം രൂപ സബ്സിഡി ഇനങ്ങളാണ്. എറണാകുളം മറൈൻഡ്രൈവ്, കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് മറ്റു ജില്ലാ ഫെയറുകൾ. എല്ലാ താലൂക്കുകളിലും ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി പ്രവർത്തിക്കുന്നുണ്ട്.
വിമുക്തഭടന്മാർക്ക് ജോബ് ഫെയർ
ഡയറക്റ്ററേറ്റ് ഓഫ് റീസെറ്റിൽമെൻ്റ് പൂനെ (സൗത്ത്) സോൺ വിമുക്തഭടന്മാർക്കായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ജനുവരി 20 ഐ എൻ എസ് വെണ്ടുരുത്തി, കൊച്ചിയിലാണ് ജോബ് ഫെയർ നടത്തുന്നത്. തൽപ്പരരായ വിമുക്തഭടന്മാർ DGR website www.dgrindia.gov.in-job fair button-ൽ ലഭ്യമായ ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതും കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് സന്ദർശിക്കേണ്ടതുമാണ്.
കാർഷിക യന്ത്രവത്ക്കരണ പദ്ധതി: ഡിസംബർ 31 മുതൽ അപേക്ഷിക്കാം
കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയായ ‘സബ് മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ’ (കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി - SMAM) പദ്ധതിയിൻ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്കരണ, മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നൽകുന്നു. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 50% വരെയും കർഷകരുടെ കൂട്ടായ്മകൾ, ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ , വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് ‘കാർഷി യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ’ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ‘ഫാം മെഷിനറി ബാങ്കുകൾ’ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 30 ലക്ഷം രൂപ വരെയുള്ള പദ്ധിതിക്ക് പരമാവധി 80% എന്ന നിരക്കിൽ 24 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം നൽകും.
കൂടാതെ എഫ് ആർ എ പട്ടയമുള്ള ഗുണഭോക്താക്കൾക്ക് എല്ലാ കാറ്റഗറികളിലും 90% വരെ ആനുകൂല്യങ്ങൾ ലഭ്യമാകും
2025-26 സാമ്പത്തിക വർഷത്തെ അപേക്ഷകൾ ഓൺലൈനായി ഡിസംബർ 31 മുതൽ
http://agrimachinery.nic.in/index എന്ന വെബ് സൈറ്റ് മുഖേന നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ എറണാകുളം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഓഫീസ്, കൃഷിഭവനുകൾ എന്നിവടങ്ങളിൽ നിന്നും അറിയാം. (ഇ-മെയിൽ:
aeeag...@gmail.com) (ഫോൺ- 0484-2422974,
9496246073,
9847529216, 9947528121)
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററും കോതമംഗലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ അവസരമൊരുക്കുന്നതിനായി ' സംഘടിപ്പിക്കുന്നു.
ഡിസംബർ 30 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ വൈകുന്നേരം 3.00 വരെ കോതമംഗലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് രജിസ്ട്രേഷൻ നടക്കുന്നത്.എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീ അടച്ച് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെൻ്ററിൽ വെച്ച് നടത്തപ്പെടുന്ന ജോബ് ഡ്രൈവിലും സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
ഫോൺ: 9446025780, 0484-2422452, 9446926836
സൗജന്യ പി.എസ്.സി പരിശീലനം
ആലുവ ബാങ്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി 15 മുതൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.താൽപ്പര്യമുള്ളവർ ജനുവരി 9-ന് മുൻപായി അപേക്ഷ സമർപ്പിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആലുവയിലുള്ള പരിശീലന കേന്ദ്രത്തിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഫോൺ:
9497380292, 9539509131,
8129632217.
കായൽ യാത്രയും കയാക്കിംഗും ഒപ്പം നാടൻ രുചിയും; അവധിക്കാലം ആഘോഷിക്കാൻ പള്ളിയാക്കൽ ഫെസ്റ്റ്
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'മത്സ്യകാഴ്‌ച - പാഡി 2025' ടൂറിസം ഫെസ്റ്റിന് ചാത്തനാട് ഫിഷ്‌ലാൻഡിംഗ് സെന്ററിൽ വർണ്ണാഭമായ തുടക്കം. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഏഴിക്കരയുടെ തനത് രുചിഭേദങ്ങളും കായൽ യാത്രകളും കാർഷിക വിപണിയും ഒരുമിക്കുന്നു. എറണാകുളം ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
40 ഓളം കർഷക കൂട്ടായ്മകളിൽ നിന്നും സമാഹരിച്ച മത്സ്യങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. മീൻകൊയ്ത്ത് നടത്തി പിടിക്കുന്ന ജീവനുള്ള മത്സ്യങ്ങൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാനും, അവ അവിടെത്തന്നെ വൃത്തിയാക്കി കഷ്ണങ്ങളാക്കി ലഭിക്കുന്നതിനുമുള്ള സൗകര്യം ചാത്തനാട് ഫിഷ്‌ലാൻഡിംഗ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ബാങ്കിന്റെ 'കൈതകം' ബ്രാൻഡിലുള്ള പൊക്കാളി അരി ഉൽപ്പന്നങ്ങൾ, സ്വാശ്രയ സംഘങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ, പാൽ, മുട്ട, പഴങ്ങൾ, പച്ചക്കറികൾ, ഗ്രീൻ ഹൗസ് കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശന വിപണിയും മേളയിലുണ്ട്.
ഭക്ഷണപ്രേമികൾക്കായി 'രുചിയിടം' എന്ന പേരിൽ വിപുലമായ ഫുഡ് കോർട്ടും സജ്ജമാണ്. ഏഴിക്കരയുടെ തനത് പാചകവൈവിധ്യം വിളിച്ചോതുന്ന വിഷരഹിതമായ നാടൻ വിഭവങ്ങളും മത്സ്യ വിഭവങ്ങളും ഇവിടെ ലഭിക്കും. കായൽക്കാറ്റേറ്റ് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേക പവലിയനുകളും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും റിട്ടയർമെന്റ് പാർട്ടികൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്താനും സൗകര്യമുണ്ട്.
ചടങ്ങിൽ പള്ളിയാക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് എ.സി. ഷാൻ അധ്യക്ഷനായി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.പി. വിജയൻ, ബാങ്ക് സെക്രട്ടറി സനിൽ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സുമേഷ് ഭട്ട്, വാർഡ് മെമ്പർ കെ.ഡി. വിൻസെന്റ്, രശ്മി ആസാദ്, കൃഷി അസിസ്റ്റന്റ് ശ്യാം, അമൃത വിദ്യാപീഠം അദ്ധ്യാപിക ഇന്ദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി പൊക്കാളി പാടശേഖരങ്ങളെയും സമീപത്തെ പുഴകളെയും കോർത്തിണക്കിയുള്ള കായൽ യാത്രകളും കയാക്കിംഗും ക്രമീകരിച്ചിട്ടുണ്ട്. 100 രൂപ മുതൽ 1000 രൂപ വരെയുള്ള വിവിധ ബോട്ട് യാത്രാ പാക്കേജുകൾ ലഭ്യമാണ്. സായാഹ്നങ്ങളിൽ സന്ദർശകർക്കായി നാടൻപാട്ടും വിവിധ കലാപരിപാടികളും അരങ്ങേറും. പൊതുജനങ്ങൾക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്:
9497289000.
ബാലാവകാശ കമ്മിഷൻ സിറ്റിങ്ങ്: 36 പരാതികളിൽ പരിഹാരം
ബാലാവകാശ കമ്മിഷൻ സിറ്റിങ്ങിൽ 36 പരാതികളിൽ പരിഹാരം. കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിങ്ങിൽ 54 പരാതികളാണ് പരിഗണിച്ചത്.
കമ്മീഷൻ അംഗങ്ങളായ കെ.കെ. ഷാജു, ബി. മോഹൻ കുമാർ എന്നിവർ നേതൃത്വം നൽകി.
അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് എല്ലാവിധ നടപടികൾ സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതിനായി ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഒരു രൂപരേഖ തയ്യാറാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
എസ്. ഐ. ആർ: ജില്ലാതല കരട് പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകി
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്. ഐ. ആർ) ശേഷമുള്ള എറണാകുളം ജില്ലയിലെ കരട് വോട്ടർ പട്ടിക ജില്ലാ കളക്ടർ ജി പ്രിയങ്ക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറി.
കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ
ആകെ 2330643 പേരാണുള്ളത്. ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്ന് 3,22,422 പേരെ എസ്.ഐ.ആറിനു ശേഷം പുറത്തുവന്ന കരട് പട്ടികയിൽനിന്ന് വിവിധ കാരണങ്ങളാൽ ഒഴിവാക്കി.
കരടുപട്ടികയിലില്ലാത്ത അർഹതയുള്ളവർക്ക് വോട്ടവകാശം നഷ്ടമാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒഴിവാക്കപ്പെട്ടവർക്ക് ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും നൽകാൻ അവസരമുണ്ടെന്നും അവർക്ക് ഫോം 6 നൽകി അന്തിമ വോട്ടർ പട്ടികയിലേക്ക് പേര് ചേർക്കാവുന്നതാണെന്നും കളക്ടർ പറഞ്ഞു. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.
വോട്ട് ജനങ്ങളുടെ അടിസ്ഥാന അവകാശമാണ്. അർഹതപ്പെട്ട എല്ലാവരേയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. കരട് പട്ടികയിൽ ഉൾപ്പെട്ട 206,061 പേരെ 2002 എസ്.ഐ.ആർ പട്ടികയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇവർക്കുവേണ്ടി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇ.ആർ. ഒ) പ്രത്യേക ഹിയറിങ്ങുകൾ നടത്തുമെന്നും കളക്ടർ പറഞ്ഞു.
എസ്.ഐ.ആർ വിജയകരമായി പൂർത്തിയാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ബൂത്ത് ലെവൽ ഓഫീസർമാരെയും (ബി.എൽ.ഒ), ബി.എൽ. ഒ സൂപ്പർവൈസർമാരെയും മറ്റ് ഉദ്യോഗസ്ഥരേയും കളക്ടർ അഭിനന്ദിച്ചു.
സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ
2025 ഒക്ടോബർ 27 വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നവർ : 2653,065
മരിച്ചവർ: 82073
കണ്ടെത്താനാകാത്തവർ : 96506
സ്ഥിരമായി താമസം മാറിയവർ: 89067
ഒന്നിൽ കൂടുതൽ പട്ടികയിൽ ഉള്ളവർ : 12953
മറ്റുള്ളവർ ( എന്യൂമറേഷൻ ഫോം തിരിച്ചു നൽകാൻ വിസമ്മതിച്ചവർ ഉൾപ്പെടെ) : 41823