എല്ലാ ജനവിഭാഗങ്ങൾക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും : ജില്ലാ കളക്ടർ
വോട്ട് ചെയ്യാൻ താല്പര്യമുള്ള എല്ലാവർക്കും അതിനുള്ള അവസരം ഒരുക്കുക എന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം നടത്തുന്ന ഒരുക്കങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു സംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും വിപുലമായ സൗകര്യങ്ങളാണ് പോളിങ് ബൂത്തുകളിൽ ഒരുക്കുക. മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും സഹായിക്കുനതിനായി എല്ലാ ബൂത്തുകളിലും അങ്കണവാടി വർക്കർമാരെയും, ഹെൽപ്പർമാരെയും, ആശാ വർക്കർമാരെയും നിയോഗിക്കും. റാമ്പുകൾ, മിനി ക്രഷ്, മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക മുറികൾ, ഗർഭിണികൾക്കും, വയോജനങ്ങൾക്കും വിശ്രമിക്കാനുള്ള ഇടങ്ങൾ എന്നിവ ക്രമീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജിബിൻ ലോലിതാ സെൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി തുടങ്ങിയവർ പങ്കെടുത്തു.
വോട്ട് ചെയ്യാൻ ഊബറിൽ പോകാം, സൗജന്യമായി
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സമ്മതിദായകർക്ക് പോളിങ് ബൂത്തുകളിലെത്താൻ സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ. ഊബർ ആപ്പിലെ കാർ, ഓട്ടോ, ബൈക്ക് എന്നീ വിഭാഗങ്ങളിൽ ഈ സൗജന്യ സേവനം ലഭ്യമാകും. വോട്ടർമാരെ പിക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകൾ പൂർണ്ണമായും സൗജന്യമായിരിക്കും. രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രക്ക് ഊബർ നിശ്ചയിച്ചിട്ടുള്ള തുക നൽകണം.
എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഉൾപ്പെടെ എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം വോട്ടിങ് ശതമാനം കുറയാതിരിക്കാനും എല്ലാവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. ഇതിനു പുറമെ ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.