വീട്ടിൽ നിന്നു പിണങ്ങി എറണാകുളത്തെത്തി; പൂനെ സ്വദേശിയായ 11-കാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടു

0 views
Skip to first unread message

I&PRD ERNAKULAM

unread,
Feb 19, 2026, 10:58:32 AMFeb 19
to PRD ERNAKULAM
വീട്ടിൽ നിന്നു പിണങ്ങി എറണാകുളത്തെത്തി; പൂനെ സ്വദേശിയായ 11-കാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടു

വീട്ടിലെ പിണക്കത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ നിന്നും ട്രെയിൻ കയറി എറണാകുളത്തെത്തിയ 11 വയസ്സുകാരനെ മാതാപിതാക്കൾക്ക് വിട്ടുനൽകി. പൂനെ ജില്ലയിലെ കൊണ്ട്വ സ്വദേശിയായ കുട്ടിയെയാണ്  എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്കിന്റെയും ഇടപെടലിലൂടെ  പിതാവിനൊപ്പം നാട്ടിലേക്ക് അയച്ചത്.

ഫെബ്രുവരി 15ന് പൂനെയിലെ വീട്ടിൽ നിന്നിറങ്ങിയ ബാലൻ പൂനെ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലാണ് കേരളത്തിലെത്തിയത്.
ഫെബ്രുവരി 16ന് രാത്രി പത്തോടെയാണ് എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തുന്നത്. പ്ലാറ്റ്‌ഫോമിൽ ഒറ്റപ്പെട്ട നിലയിൽ അലഞ്ഞുതിരിയുകയായിരുന്നു ബാലൻ. ഉടൻതന്നെ എറണാകുളം സി.ഡബ്ല്യു.സി ചെയർപേഴ്സനെ വിവരമറിയിക്കുകയും കുട്ടിയെ സുരക്ഷിതമായി പള്ളുരുത്തി ബോസ്കോ നിലയം ഓപ്പൺ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

പൂനെ സ്വദേശിയാണെന്ന് കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ  സി.ഡബ്ല്യു.സി പൂനെ കൊണ്ട്വ  പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കേസ് വിവരങ്ങൾ പൂനെയിലെ ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർ  സുകേഷിനിക്ക് കൈമാറി. സുകേഷിനിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയത്.
മാതാപിതാക്കളെ കണ്ടെത്തിയ ഉടൻതന്നെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലുള്ള കുട്ടിയും പിതാവും കൊണ്ടുവ പോലീസും തമ്മിൽ സി.ഡബ്ല്യു.സി വീഡിയോ കോൺഫറൻസ് വഴി സംഭാഷണം നടത്തി. ഇതോടെയാണ് കുട്ടിയെ ഔദ്യോഗികമായി തിരിച്ചറിഞ്ഞത്.

 വിവരമറിഞ്ഞ ഉടൻതന്നെ കുട്ടിയുടെ പിതാവ് പൂനെയിൽ നിന്നും എറണാകുളത്തെത്തി. ആവശ്യമായ കൗൺസലിംഗിനും
​ നിയമനടപടികളും പൂർത്തിയാക്കി വ്യാഴാഴ്ച (ഫെബ്രുവരി 19) കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.


എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി എം., സന്ധ്യ വി.കെ., ജിൻസി മോൾ കുര്യൻ എന്നിവർ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.

ടെൻഡർ ക്ഷണിച്ചു

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ 8 പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിലേക്ക് ശിശുസൗഹൃദ ഔട്ട്‌ഡോർ കളിയുപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23 ഉച്ചയ്ക്ക് ഒന്നു വരെ.
ഫോൺ:  0484 2456389, 9400895547.


ടെൻഡർ ക്ഷണിച്ചു

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കറുകുറ്റി ഗ്രാമപഞ്ചായത്തിൽ സെക്ഷൻ നമ്പർ 94-ലെ അങ്കണവാടി കം ക്രെഷ് ഹാൾ ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23 ഉച്ചയ്ക്ക് മൂന്നുവരെ. ഫോൺ: 0484 2456389, 9400895547.


ടെൻഡർ ക്ഷണിച്ചു

എറണാകുളം ജില്ലാ പഞ്ചായത്ത്  നടപ്പിലാക്കുന്ന മേളം പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് വാദ്യോപകരണങ്ങൾ വാങ്ങി  വിതരണം ചെയ്യുവാൻ ടെൻഡർ ക്ഷണിച്ചു.
ഫോൺ : 0484 2422256

സംരംഭകത്വവും നൈപുണ്യ വികസനവും : കുസാറ്റിൽ ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി

​ സംരംഭകത്വവും നൈപുണ്യ വികസനവും എന്ന വിഷയത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി. സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ ഡോ എൻ മിനി ശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
​നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിന്റെ (നബാർഡ്) സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന 'സെൻറർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നൊവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബ്സ്' ആണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ഭക്ഷ്യ മേഖലയിലും അനുബന്ധ മേഖലകളിലും സംരംഭകത്വം മുഖേന തൊഴിൽ സാധ്യതകൾ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സി-ഫിഷ് ഡയറക്ടർ ഡോ. ജിൻസൺ  സംസാരിച്ചു. ചടങ്ങിൽ നബാർഡ് ജില്ലാ വികസന മാനേജർ അജീഷ് ബാലു, ജന ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ആന്റണി കെ.ഡി., പ്രോഗ്രാം ഓഫീസർ സന്ധ്യ ആർ. പണിക്കർ എന്നിവർ ആശംസകൾ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി  വിവിധ സാങ്കേതിക സെഷനുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന പരിശീലന പരിപാടി  ഫെബ്രുവരി 21-ന് സമാപിക്കും.

ഐ.എസ്.എൽ : തയ്യാറെടുപ്പുകൾ വിലയിരുത്തി

ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ് എൽ) കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് വേദിയാകുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ജില്ലാ ഭരണകൂടത്തിൻ്റെ എല്ലാ സഹകരണങ്ങളും മത്സരങ്ങളുടെ നടത്തിപ്പിനായി ഉണ്ടായിരിക്കും. ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ കലൂർ സ്റ്റേഡിയത്തിൽ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. മത്സരം നടക്കുന്ന ദിവസങ്ങളിൽ കലൂർ സ്റ്റേഡിയത്തിൽ പോലീസ്, റവന്യൂ, ആരോഗ്യം, ഫയർ ആൻഡ് റെസ്ക്യൂ തുടങ്ങിയ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി വെന്യു ഓപ്പറേഷൻ സെൻ്റർ പ്രവർത്തിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മത്സര ദിവസങ്ങളിൽ സുഗമമായ ഗതാഗത നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ക്രമീകരിക്കാൻ യോഗം നിർദ്ദേശം നൽകി. ആ ദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തുന്നതിനും, ട്രെയിൻ സർവീസ് സമയം ദീർഘിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും കൊച്ചി മെട്രൊ ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.  ഫെബ്രുവരി 22 ന് മുംബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച്.

യോഗത്തിൽ ഡിഎം ഡെപ്യൂട്ടി കളക്ടർ കെ മനോജ് മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തീരദേശത്തെ കരുത്തായി സാഫ്: പ്രതിവർഷം നടക്കുന്നത് 150 കോടിയുടെ ബിസിനസ് - മന്ത്രി സജി ചെറിയാൻ


മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുള്ള സാഫ് സംരംഭകർ സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന്  സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മികച്ച പ്രവർത്തനങ്ങളിലൂടെ പ്രതിവർഷം 150 കോടി രൂപയുടെ ബിസിനസ് നേടാൻ സാഫ് സംരംഭകർക്ക് സാധിക്കുന്നുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.

എറണാകുളം കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സഫലം 2026 എന്ന പേരിൽ സംഘടിപ്പിച്ച സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) സംരംഭകരുടെ സംസ്ഥാനതല സംഗമവും 200 മത്സ്യത്തൊഴിലാളി വനിതാ സംരംഭങ്ങളുടെ പ്രവർത്തനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്രവികസനവും ശാക്തീകരണവും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ച സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) എന്ന ഏജൻസി കേരളത്തിലുടനീളം മൂവായിരത്തി അഞ്ഞൂറോളം ബദൽ ജീവനോപാധി സൂക്ഷ്‌മ സംരംഭങ്ങളാണ് മത്സ്യത്തൊഴിലാളി വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ചത്. പതിനായിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സാഫ് പദ്ധതികളുടെ ഗുണഫലം ലഭ്യമായിട്ടുണ്ട്.  2006ൽ സുനാമി പുനരധിവാസ പദ്ധതിയുടെ നിർവഹണ ഏജൻസിയായി സാഫ് പ്രവർത്തിച്ചു. സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവരെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിശീലനം നൽകി പ്രാപ്തമാക്കുന്ന സാഫിനെ ഫിഷറീസ് വകുപ്പിന്റെ കീഴിലെ ഏറ്റവും മികച്ച സ്ഥാപനം എന്ന നിലയിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു.

ഫിഷറീസ് മേഖലയിൽ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി 22000 വീടുകൾ നിർമ്മിച്ചു നൽകി ഭവന നിർമ്മാണ രംഗത്ത് മികച്ച മുന്നേറ്റം നടത്തി. തൊഴിൽ തീരം പദ്ധതിയും വിജയകരമായി നടപ്പാക്കി. മത്സ്യ തൊഴിലാളി മേഖലയിൽ ഏറ്റവും കൂടുതൽ പ്രവർത്തനം ഏകോപിപ്പിക്കുന്ന സ്ഥലം കൊച്ചിയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ വരും കാലങ്ങളിൽ ഏറ്റവും കൂടുതൽ മൂലധന നിക്ഷേപം നടക്കാൻ പോകുന്ന മേഖല ഫിഷറീസ് മേഖലയായിരിക്കും. കടലിലെ മത്സ്യ ഉത്പാദനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് . ഉൾനാടൻ മത്സ്യ മേഖലയിൽ നിലവിലുണ്ടായിരുന്ന ഉല്പാദനശേഷി ഇരട്ടിയായി വർദ്ധിപ്പിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ സാഫിന്റെ പുതിയ വസ്ത്ര ബ്രാൻഡായ 'സാഫ് കോറൽ ബ്ലൂംസ്' ബ്രാൻഡിന്റെ പ്രകാശനം ഹൈബി ഈഡൻ എം പി നിർവഹിച്ചു. ചടങ്ങിൽ മികച്ച സാഫ് സംരംഭകർക്കുള്ള അവാർഡുകളും പുതിയ സംരംഭങ്ങൾക്കുളള ധനസഹായത്തിന്റെ വിതരണവും നടത്തി. സാഫ് പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്ററി പ്രകാശനം, മികച്ച തീരമൈത്രി മാനേജ്‌മെൻ്റ് കൗൺസിൽ (ടി.എം.സി), മികച്ച ഫീൽഡ്‌തല ഉദ്യോഗസ്ഥർ, മികച്ച ജില്ലകൾ, 15 വർഷം തുടർച്ചയായി പ്രവർത്തിച്ചുവരുന്ന സാഫിൻ്റെ മികച്ച സംരംഭകരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ഗുണഭോക്തൃസംഗമത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും മുവായിരത്തോളം ഗുണഭോക്താക്കൾ പങ്കെടുത്തു.

ടി.ജെ. വിനോദ് എം എൽ എ അധ്യക്ഷനായി. മേയർ അഡ്വ. വി.കെ മിനിമോൾ മുഖ്യാതിഥിയായി, ഫിഷറീസ് വകുപ്പ് ഡയറക്ടർ വി. ചെൽസ സിനി, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ സ്മിത ആർ നായർ, സംസ്ഥാന ജൻഡർ കൗൺസിൽ കൺസൾട്ടന്റ് ടി.കെ. ആനന്ദി, മൈക്രോ ഫിനാൻസ് സ്പെഷ്യലിസ്റ്റ് ഫർസാന ബിജൂർ, സി എം എഫ് ആർ ഐ സോഷ്യോ എക്ണോമിക് ഡിവിഷൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ശ്യാം എസ് സലിം, കൊച്ചി കോർപ്പറേഷൻ കൗൺസിലർ എം. ജി. അരിസ്റ്റോട്ടിൽ, സി എം എഫ് ആർ ഐ ഡയറക്ടർ ഗ്രിൻസൺ ജോർജ്, അഡാക്ക്‌ മാനേജിംഗ് ഡയറക്ടർ ബി. ഇഗ്നേഷ്യസ് മൻഡ്രോ, ഫിഷറീസ് മദ്യമേഖലാ ജോയിന്റ് ഡയറക്ടർ ആശ അഗസ്റ്റിൻ, ഫിഷറീസ് നിഫാം ട്രെയിനിങ് ജോയിന്റ് ഡയറക്ടർ ഒ. രേണുക ദേവി, ഫിഷറീസ് എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ പി. മാജാജോസ്, സാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ് മഹേഷ്‌, സി ഐ ടി യു മത്സ്യത്തൊഴിലാളി യൂണിയൻ അംഗം യേശുദാസ് പറപ്പിള്ളി, ടി യു സി ഐ മത്സ്യത്തൊഴിലാളി യൂണിയൻ അംഗം ചാൾസ് ജോർജ്, ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി: എസ്.ആർ.വി സ്കൂ‌ളിൽ ഒരു കോടി രൂപയുടെ ഫുട്ബോൾ ടർഫ് നിർമ്മാണത്തിന് തുടക്കം

സംസ്ഥാന സർക്കാരിൻ്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി എസ്.ആർ.വി സർക്കാർ സ്കൂളിൽ നിർമ്മിക്കുന്ന അത്യാധുനിക ഫുട്ബോൾ ടർഫിന്റെ നിർമ്മാണോദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് ടർഫ് നിർമ്മിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ചുമതല സ്പോർട്സ് കേരള ഫൗണ്ടേഷനാണ്.

ദീർഘകാലമായി കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിട്ടിരുന്ന എസ്.ആർ.വി സ്കൂളിന് പദ്ധതി വലിയൊരു മുതൽക്കൂട്ടാകും. സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും മികച്ച ഗുണനിലവാരമുള്ള കായിക സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.

സൗകര്യങ്ങളുടെ അഭാവം മൂലം ഇതുവരെ മതിയായ പരിശീലന സൗകര്യങ്ങൾ ലഭിക്കാതിരുന്ന എസ്.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പദ്ധതി വലിയ ആത്മവിശ്വാസം നൽകുന്നതോടൊപ്പം സംസ്ഥാന-ദേശീയ തലങ്ങളിൽ മത്സരിക്കാവുന്ന കായിക താരങ്ങളെ വളർത്താനുള്ള വേദിയുമാകും.

ചടങ്ങിൽ ഡിവിഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണൻകുമാർ അധ്യക്ഷനായി.  പ്രിൻസിപ്പൽമാരായ എ.എൻ ബിജു, ജിൻസി ജോസഫ്, ഹെഡ്മ‌ിസ്ട്രെസുമാരായ പി പി സജിനി, ടി കെ സീമ, പി.ടി.എ പ്രസിഡന്റ് ജോർജ് ആൻ്റണി,
സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവർ  പങ്കെടുത്തു.
Reply all
Reply to author
Forward
0 new messages