ജില്ലാ പഞ്ചായത്ത് കേരളോത്സവം: രണ്ടാം ദിനം മികച്ച പോരാട്ടം

0 views
Skip to first unread message

I&PRD ERNAKULAM

unread,
Jan 21, 2026, 10:08:53 AMJan 21
to PRD ERNAKULAM
ജില്ലാ പഞ്ചായത്ത് കേരളോത്സവം: രണ്ടാം ദിനം മികച്ച പോരാട്ടം

ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിന്റെ രണ്ടാം ദിനത്തിൽ ഇഞ്ചോടിഞ്ച്  പോരാട്ടം നടന്നു.  95 പോയിന്റുകളുമായി ഇടപ്പള്ളി ബ്ലോക്ക് ആണ് ഒന്നാം സ്ഥാനത്ത്. 93 പോയിന്റുകൾ നേടി പാറക്കടവ് ബ്ലോക്ക് രണ്ടാം സ്ഥാനത്തും 92 പോയിന്റുകളുമായി വടവുകോട് ബ്ലോക്ക് മൂന്നാം സ്ഥാനത്തും തുടരുകയാണ്.  കായിക മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും.

ജനുവരി 22 (ഇന്ന്)

പ്രിയദർശിനി ഹാൾ
9.00 - മാപ്പിളപ്പാട്ട്
11.30 -വട്ടപ്പാട്ട്
12 -കോൽക്കളി
12.30-ദഫ്മുട്ട്
2.00- ഒപ്പന

ഇഎംഎസ് ഹാൾ ജില്ലാ പഞ്ചായത്ത്

9.00 -ക്വിസ്

പാലിയേറ്റീവ് കെയർ പദ്ധതിയിൽ കൂടുതൽ പേർ പങ്കാളികളാകണം  : ജില്ലാ കളക്ടർ

പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികൾക്ക് പിന്തുണ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പാലിയേറ്റീവ് കെയർ (കേരള കെയർ) പദ്ധതിയിൽ കൂടുതൽ പേർ പങ്കാളികളാകണമെന്ന്  ജില്ലാ കളക്ടർ ജി. പ്രിയങ്ക.

'പാലിയേറ്റീവ് കെയർ' പദ്ധതിയുമായി ബന്ധപ്പെട്ട വളണ്ടിയർ രജിസ്ട്രേഷൻ ക്യാമ്പയിനിന്റെ ഭാഗമായി  റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, എൻ.എസ്.എസ് വളണ്ടിയർമാർ - പ്രോഗ്രാം ഓഫീസർമാർ, എൻ.ജി.ഒ പ്രതിനിധികൾ, യുവജന ക്ലബ്ബ് ഭാരവാഹികൾ  എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേർന്ന  യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

നമുക്ക് ചുറ്റും പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള  നിരവധി പേരുണ്ട്. അവർക്കും കുടുംബത്തിനും ആവശ്യമായ പിന്തുണ നൽകി ആശ്വാസമേകാൻ നമുക്ക് കഴിയണം. ആരോഗ്യരംഗത്ത് കേരളം വലിയ മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അത് ആവർത്തിക്കണം. അതിനായി  കൂടുതൽ സന്നദ്ധ പ്രവർത്തകർ  മുന്നോട്ട് വരണമെന്നും കളക്ടർ പറഞ്ഞു.

താനും സന്നദ്ധ പ്രവർത്തകയായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഓരോ സന്നദ്ധ പ്രവർത്തകർക്കും കൃത്യമായ പരിശീലനം നൽകും. ഓരോ സന്നദ്ധപ്രവർത്തകരും ചെയ്യുന്ന സേവനം കൃത്യമായി ക്രഡിറ്റ് സിസ്റ്റത്തിൽ എന്നപോലെ രേഖപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ്  ഡയറക്ടർ എസ്.ശ്യാമലക്ഷ്മി, ആർദ്രം നോഡൽ ഓഫീസർ ഡോ. സജിത്ത് ജോൺ, ഐ.എം.എ കൊച്ചി പ്രസിഡന്റ്  ഡോ. അതുൽ ജോസഫ് മാന്യുവൽ,
എഡ്രാക്ക് ജനറൽ സെക്രട്ടറി പി.സി അജിത് കുമാർ,  മെഡിക്കൽ ഓഫീസർ ഡോ. അരുൺ ബി. കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

വോട്ടര്‍ പട്ടിക പരിഷ്‌കരണം: സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ ജില്ല സന്ദര്‍ശിച്ചു

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വറായ ജോയിന്റ് സെക്രട്ടറി ഐശ്വര്യ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.

വോട്ടര്‍ പട്ടിക പുതുക്കുമ്പോള്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും സജീവ സഹകരണം ആവശ്യമാണെന്ന് ഒബ്‌സര്‍വര്‍ യോഗത്തില്‍ അറിയിച്ചു.

വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന്  നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.

കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക,  സബ് കളക്ടര്‍ ഗ്രന്ഥേ സായി കൃഷ്ണ, ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.

കാർഷിക മേഖലയിലെ വിവരശേഖരണം: സർക്കാർ ഉദ്യോഗസ്ഥർക്ക് പരിശീലനം

കാർഷിക മേഖലയുമായി ബന്ധപ്പെട്ട സമഗ്രവിവരശേഖരണത്തിന് സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനകാർക്ക് പ്രത്യേക പരിശീലനം നൽകി. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. രാജ്യ പുരോഗതിക്ക് കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് കളക്ടർ പറഞ്ഞു.

ഇംപ്രൂവ്മെൻ്റ് ഓഫ് അഗ്രികൾച്ചർ സ്റ്റാറ്റിസ്റ്റിക്സ്  എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന  എസ്റ്റാബ്ലിഷ്മെൻ്റ് ഓഫ് ആൻ ഏജൻസി ഫോർ റിപ്പോർട്ടിങ് അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് ( EARAS) എന്ന വിവരശേഖരണ പരിപാടിയുടെ പരിശീലനമാണ് നടന്നത്.

 ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ആർ. സംഗീത  അധ്യക്ഷയായി. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ എ ആർ  യമുന മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓഫീസർ പി ഡി പ്രിയദർശിനി, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് അസിസ്റ്റന്റ് ഡയറക്ടർ അജീഷ് ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു,  എൻ എസ് ഒ കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ പി സന്തോഷ്  എന്നിവർ  സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2025 വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസ് നടപ്പിലാക്കുന്ന 'മേളം' പദ്ധതിയിലേക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ : 0484 2422256

സ്കൂൾ സമയത്ത് സർവീസ്:33 ടിപ്പർ വാഹനങ്ങൾ പിടിയിൽ

പെരുമ്പാവൂർ, കാലടി, മണ്ണൂർ, കുറുപ്പംപടി മേഖലയിൽ സമയക്രമം പാലിക്കാതെ സ്കൂൾ സമയത്ത്
സർവീസ് നടത്തിയ 33 വാഹനങ്ങൾ പിടിയിലായി. 3 ലക്ഷം രൂപ പിഴയായി ചുമത്തി.

 അമിത വേഗത്തിലും, പൊടി പറപ്പിച്ചും, മറ്റു റോഡുപയോക്താക്കൾക്ക് അപകടം വരത്തക്ക വിധത്തിലും, സ്കൂൾ കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലും സർവീസ് നടത്തിയതിനാലാണ് പെർമിറ്റിന്റെ ലംഘനം ഉൾപ്പെടെയുള്ള വകുപ്പ് പ്രകാരം നടപടി സ്വീകരിച്ചത്.

എറണാകുളം എൻഫോഴ്സ്‌മെൻ്റ് ആർ.ടി.ഒ - യുടെ പ്രത്യേകമായ ആറ് സ്ക്വാഡുകളാണ് സ്ഥിരമായി പരാതികൾ ഉള്ള മേഖലയിൽ നടപടി സ്വീകരിച്ചത്. അമിതവേഗത, ടാക്സ് അടക്കാതെയും മതിയായ രേഖകൾ ഇല്ലാതെ സർവീസ് നടത്തിയത് അടക്കം ഒട്ടനവധി നിയമലംഘനങ്ങൾക്ക് ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട് .  പരിശോധനകൾ തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്:  വിദ്യാഭ്യാസ ജില്ലാതല മത്സരം നാളെ (22)

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് സ്കൂൾ  വിഭാഗം  വിദ്യാഭ്യാസ ജില്ലാ തല മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കും. സെന്റ് ആൽബർട്ട്സ് എച് എസ്‌ എസ്‌ എറണാകുളം, എസ്‌. എൻ. ടി. പി. എച്.എസ്‌ ബി.എഡ് ട്രെയിനിങ് സെന്റർ എറണാകുളം, എസ്‌.ജി. എച്. എസ്‌. എസ്‌ കോതമംഗലം, ആലുവ മുനിസിപ്പൽ ടൗൺ ഹാൾ  എന്നിവിടങ്ങളിലാണ് ക്വിസ് മത്സരം നടക്കുന്നത്.

രാവിലെ 9 മുതൽ  ക്വിസ് കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 11 മുതൽ സംസ്ഥാന വ്യാപകമായി മത്സരം നടക്കും.
വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തിൽ വിജയിക്കുന്ന 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. തുടർന്ന് ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെ നടക്കും. സ്‌കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനമായി നൽകും.

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കഡറി സ്‌കൂളുകൾ ഉൾപ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.

വടുതല-ചിറ്റൂർ-മറൈൻ ഡ്രൈവ് ജലപാത ശുചീകരണം: 3 കോടി രൂപ അനുവദിച്ചു

 എറണാകുളം നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനും ജലഗതാഗതം സുഗമമാക്കുന്നതിനുമായി വടുതല–ചിറ്റൂർ–മറൈൻ ഡ്രൈവ് ജലപാതകളിൽ ഡ്രെഡ്ജിംഗിനായി 3 കോടി രൂപ അനുവദിച്ചു.

 2018-ലെ പ്രളയത്തിന് ശേഷം ഈ മേഖലകളിൽ മണ്ണടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടത് നഗരത്തിൽ വലിയ വെള്ളക്കെട്ടിന് കാരണമായിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ മറൈൻ ഡ്രൈവ്, മുളവുകാട്, തന്തോന്നിത്തുരുത്ത്, വടുതല, ചിറ്റൂർ ഭാഗങ്ങളിലെ ജലപാതകളുടെ ആഴം വർദ്ധിക്കുകയും കൊച്ചി മെട്രോ, കെ.എസ്.ഡബ്ല്യു.ടി.ഡി ബോട്ട് സർവീസുകൾ കൂടുതൽ സുഗമമാവുകയും ചെയ്യും. ഡ്രെഡ്ജിംഗിലൂടെ നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ടി.ജെ. വിനോദ് എം.എൽ.എ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Reply all
Reply to author
Forward
0 new messages