അപകട മരണാനന്തര ധനസഹായം കൈമാറി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ജില്ലാ ഓഫീസിൽ അംഗമായിരുന്ന പരേതനായ സജി ജോണിന്റെ കുടുംബത്തിന് ബോർഡ് അനുവദിച്ച ആനുകൂല്യങ്ങൾ കൈമാറി. സജി ജോണിന്റെ കോതമംഗലത്തുള്ള വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ സി.കെ. ഹരികൃഷ്ണൻ, എഫ്.ഐ. ടി. ചെയർമാൻ ആർ അനിൽകുമാർ എന്നിവർ ചേർന്ന് ധനസഹായം കൈമാറി.
സജി ജോണിന്റെ ഭാര്യ മിജിക്കാണ് തുക കൈമാറിയത്. അപകട മരണാനന്തര ധനസഹായമായ രണ്ട് ലക്ഷം രൂപ, ശവസംസ്കാര ചെലവുകൾക്കായി 10,000 രൂപ, റീഫണ്ട് തുകയായ 28,497 രൂപ എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് നൽകിയത്.
ചടങ്ങിൽ ഉപദേശക സമിതി അംഗങ്ങളായ പി.ആർ പ്രസാദ്, മനോജ് ഗോപി, ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ.എ. ജോയി, പി.പി. മൈതീൻഷാ, കെ.എ. നൗഷാദ്, അലിയാർ എം.എസ്, ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എം.ഡി ആശാലത, അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ബിന്ദു കെ. തങ്കപ്പൻ, ക്ലർക്ക് ലിഷ തുടങ്ങിയവർ പങ്കെടുത്തു.
ബയോസ്റ്റാറ്റിസ്റ്റീഷ്യൻ ഒഴിവ്
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പി.ജി. കോഴ്സുകൾക്ക് വേണ്ടി ബയോസ്റ്റാറ്റിസ്റ്റീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബയോസ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 7-ന് രാവിലെ 11 ന് ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകേണ്ടതാണ്.
ഫോൺ : 7907156450
കൊച്ചിൻ കാർണിവൽ : സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കണം - മേയർ വി.കെ മിനിമോൾ
പുതുവത്സരം ആഘോഷിക്കാൻ കൊച്ചി കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ പറഞ്ഞു. കൊച്ചി കാർണിവലിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിക്കാൻ എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മേയർ.
സുരക്ഷയാണ് ഏറ്റവും പ്രധാനം. കൊച്ചുകുട്ടികളെ കാർണിവലിന് കൊണ്ടുവരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം പോലീസ് വകുപ്പിൻ്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും മേയർ പറഞ്ഞു.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് കൊച്ചിൻ കാർണിവലിൻ്റെ പ്രധാന വേദി ആകുമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു. കൂടാതെ വെളി ഗ്രൗണ്ട് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പുതുവത്സരാഘോഷങ്ങൾ നടക്കും. കൊച്ചി കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച ഏകോപനമാണ് നടത്തിയിരിക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കൊച്ചി കോർപ്പറേഷൻ, അഗ്നി രക്ഷാ സേന, ആരോഗ്യവകുപ്പ്, കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് ഉടമകൾ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ആർ.ടി.ഒ, വാട്ടർ മെട്രോ തുടങ്ങി നിരവധി വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം പുതുവത്സരാഘോഷങ്ങൾക്ക് പിന്നിൽ ഉണ്ടെന്ന് കളക്ടർ കൂട്ടിച്ചേർത്തു.
പോലീസ് വകുപ്പ് വിട്ടുവീഴ്ചകൾ ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
ഇതിനായി 28 ഇൻസ്പെക്ടർമാരും 13 ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിംഗ് നിരോധിക്കും. ബുധനാഴ്ച ( ഡിസംബർ 31) ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിംഗ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
വൈപ്പിൻ ഭാഗത്തു നിന്നും റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നവർക്ക് മാത്രമേ റോറോ ജങ്കാർ സൗകര്യം ഉപയോഗിക്കാൻ കഴിയുകയുള്ളു. വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസുകൾ പുലർച്ചെ മൂന്നു വരെ സർവീസ് നടത്തും. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിക്കും. കൂടാതെ കൊച്ചി ഫീഡർ ബസുകളുടെ സേവനവും ലഭ്യമായിരിക്കുമെന്നും പോലീസ് കമ്മീഷണർ അറിയിച്ചു.
ഇതു കൂടാതെ ബയോ ടോയ്‌ലറ്റ് സംവിധാനങ്ങളും മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ പങ്കെടുത്തു.
വല്ലം തൊടാപറമ്പ് റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
വല്ലം തൊടാപറമ്പ്-കാവുംപറമ്പ്-
വഞ്ചിപറമ്പ് റോഡിൽ പിഷാരിക്കൽ അമ്പലം മുതൽ തൊടാപറമ്പ് വരെയുള്ള ഭാഗത്ത് ടാറിങ് ജോലികൾ ആരംഭിച്ചതിനാൽ ഇന്ന് (ഡിസംബർ 31) മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. യാത്രക്കാർ
നിയന്ത്രണവുമായി സഹകരിക്കണമെന്നും പകരം ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.
പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
മരട് മാങ്കായിൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പഴയ ഇരുനില കെട്ടിടം പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മൂന്ന് ലാബുകളും മൂന്ന് ക്ലാസ് മുറികളും ഉള്ള രണ്ടു നില കെട്ടിടമാണ് പൊളിച്ചു നീക്കേണ്ടത്. ക്വട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ .
9846217535ജോബ് ഫെയർ
ഡയറക്റ്ററേറ്റ് ഓഫ് റീസെറ്റിൽമെൻ്റ് സോൺ (സൗത്ത്) പൂനെ വിമുക്തഭടന്മാർക്ക് വേണ്ടി ജോബ് ഫെയർ നടത്തുന്നു. ജനുവരി 20 ന് ഐ.എൻ. എസ്. വെണ്ടുരുത്തിയിലാണ് ജോബ് ഫെയർ നടക്കുക. തൽപ്പരരായ വിമുക്തഭടന്മാർ ഡി ജി ആർ വെബ്സൈറ്റായ
www.dgrindia.gov.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ജോബ് ഫെയർ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0484-2422239
സ്‌പോട്ട് അഡ്മിഷൻ
കേരള സർക്കാർ സ്ഥാപനമായ എറണാകുളം കെൽട്രോൺ നോളജ് സെന്ററിൽ വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സർക്കാർ അംഗീകൃത കോഴ്സുകളായ പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ , എഐ ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.ജനുവരി 10 വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ : 0484 - 2971400, 8590605259
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം, ആറ് മാസം എന്നിങ്ങനെയാണ് കോഴ്സുകളുടെ ദൈർഘ്യം.എസ്. എസ്.എൽ.സി ,പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 7994449314