PRD-EKM Press Release . 29 December 2025

0 views
Skip to first unread message

I&PRD ERNAKULAM

unread,
Dec 29, 2025, 6:38:07 AM12/29/25
to PRD ERNAKULAM
ആരോഗ്യം ആനന്ദം - വൈബ്  4 വെൽനെസ് ക്യാമ്പയിൻ: പ്രീ ലോഞ്ച്  നടന്നു

പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ്' ക്യാമ്പയിൻ്റെ  പ്രീ ലോഞ്ച്  കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ ( എംബിറ്റ്സ്) നടന്നു.

ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ  നാടാണ് നമ്മുടേത്. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിലും നമുക്ക് മാതൃകാപരമായ മുന്നേറ്റം  സാധ്യമാക്കേണ്ടതുണ്ട്. അതിനുള്ള  വലിയ ശ്രമമാണ് ഈ ക്യാമ്പയിൻ എന്നും പരമാവധി പേരിലേക്ക് ബോധവൽക്കരണ സന്ദേശം എത്തിക്കാൻ കഴിയണമെന്നും എം.എൽ.എ  പറഞ്ഞു.

പരിപാടിയുടെ ഭാഗമായി പ്രത്യേകം  ബ്രാൻഡ് ചെയ്ത കെ.എസ്.ആർ.ടി.സി ബസും സൈക്കിൾ റൈഡർമാരും അണിനിരന്ന വിളംബര റാലി നടന്നു. റാലി കോതമംഗലം നഗരസഭാ ചെയർപേഴ്സൺ  ഭാനുമതി രാജു  ഫ്ലാഗ് ഓഫ് ചെയ്തു.

 ഉദ്ഘാടന ചടങ്ങിൽ  കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ് അധ്യക്ഷയായി. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് മുഖ്യാതിഥിയായിരുന്നു.

ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. അതിനു മുന്നോടിയായാണ് ജില്ലകളിൽ പ്രീ ലോഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രീ ലോഞ്ച് ആണ് കോതമംഗലത്ത് നടന്നത്.

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ  (ആരോഗ്യം)  ഡോ. എ.എൽ ഷീജ വിഷയം അവതരിപ്പിച്ചു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ  (ആരോഗ്യം)  ഡോ. കെ.എൻ  സതീഷ് മുഖ്യ പ്രഭാഷണം  നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ  ( ഐ.എസ്.എം) ഡോ. ഷീബ ബാലകൃഷ്ണൻ,  ആർ.സി.എച്ച് ഓഫീസർ   ഡോ. എം.എസ് രശ്മി, ഡെപ്യൂട്ടി ഡി.എം.ഒമാരായ  ഡോ. ആരതി കൃഷ്ണൻ (എറണാകുളം),  ഡോ. എസ്. സുരേഷ് വർഗീസ് (ഇടുക്കി), ആരോഗ്യ കേരളം  ജില്ലാ പ്രോഗ്രാം മാനേജർമാരായ  ഡോ. ഇ.കെ ഖായസ് (ഇടുക്കി), ഡോ. പ്രസിലിൻ ജോർജ് (എറണാകുളം),  ആർദ്രം നോഡൽ ഓഫീസർ  ഡോ. സജിത്ത് ജോൺ,  എംബിറ്റ്സ് കോളേജ് പ്രിൻസിപ്പൾ ഡോ. തോമസ് ജോർജ്, സെക്രട്ടറി ബിനോയ് മണ്ണാഞ്ചേരി, ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ്, കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട്  ഡോ. സാം പോൾ, ഡി.എം.എച്ച്.പി നോഡൽ ഓഫീസർ  ഡോ. ദയാ പാസ്കൽ,   എച്ച്.ഡബ്ല്യൂ.സി  കൺസൾട്ടന്റ്  ഡോ. ഗോപിക പ്രേം, ആയുർവേദ സി.എം.ഒ  ഡോ. മിനി, നാഷണൽ ആയുഷ്  മിഷൻ പ്രോജക്ട് കോ ഓഡിനേറ്റർ ഡോ. അപർണ, ജില്ലാ എഡ്യൂക്കേഷൻ ആന്റ്  മീഡിയ ഓഫീസമാരായ ജി. രജനി, (എറണാകുളം) ഷൈല (ഇടുക്കി),  ടെക്നിക്കൽ അസിസ്റ്റന്റുമാരായ എം.ആർ ബാബു, കെ.ടി സന്തോഷ്, ഹെൽത്ത് സൂപ്പർവൈസർ ബിജോഷ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ജില്ലാതല പാചക മത്സരം ഇന്ന്

എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച പാചക പ്രതിഭകളെ കണ്ടെത്താനുള്ള ജില്ലാതല പാചക മത്സരം ഇന്ന് (ഡിസംബർ 30) കാക്കനാട് എം.എ.എം.ജി.എൽ.പി സ്കൂളിൽ നടക്കും. ചടങ്ങ് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി അധ്യക്ഷനാവും. ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നുള്ള വിജയികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.


ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ താത്കാലിക നിയമനം


തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. സംസ്കൃതം ഐച്ഛിക
വിഷയമായോ, ഉപവിഷയമായോ ഉള്ള ബിരുദം, ബി.വിദ്വാൻ, ശാസ്ത്രഭൂഷണം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.

മലയാളം, ഇംഗ്ലീഷ് എന്നിവക്ക് പുറമെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും പനയോല കൈയെഴുത്തുപ്രതികൾ പകർത്തിയെഴുതാനുള്ള പരിജ്ഞാനവും മികച്ച കൈയ്യക്ഷരവും ഉണ്ടായിരിക്കണം.

താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 5-ന് രാവിലെ 10:30-ന്  പ്രിൻസിപ്പൽ മുൻപാകെ ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.


അർബുദ രോഗ നിർണയം കുറഞ്ഞ നിരക്കിൽ

അർബുദ രോഗ നിർണയവും അനുബന്ധ പരിശോധനയായ ഇമ്മ്യൂണോ ഹിസ്‌റ്റോ കെമിസ്ട്രിയും വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി പാതോളജി വിഭാഗം. വിവിധ അർബുദങ്ങളിൽ ചികിത്സാ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി ഇമ്മ്യൂണോ ഹിസ്‌റ്റോ കെമിസ്ട്രി അത്യാവശ്യമാണ്. പ്രതിവർഷം 1300 ഓളം രോഗികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഈ പരിശോധനക്ക് മൂന്ന് ആഴ്ചത്തെ കാലതാമസം ആണ് വരുന്നത്. അതുപോലെ തന്നെ മറ്റു ആശുപത്രികളിലും സ്വകാര്യ ലാബുകളിലും നിന്ന് ലഭിക്കുന്ന അർബുദ പരിശോധന ഫലങ്ങളിൽ വിദഗ്ധ അഭിപ്രായവും ഇവിടെ നിന്ന് ലഭിക്കും. സ്ത്രീ രോഗ വിഭാഗത്തിൽ പെടുന്ന പരിശോധനകളായ പാപ്പ്സ്‌മിയർ  ടെസ്റ്റ്, എഫ് എൻ എ സി, സി റ്റി ഗയ്ഡഡ് എഫ് എൻ എ സി എന്നിവയും ഈ വിഭാഗത്തിൽ ചെയ്തു വരുന്നു. എല്ലാവർക്കും താരതമ്യേന കുറഞ്ഞ നിരക്കിലും ബി. പി.എൽ. റേഷൻ കാർഡുള്ളവർക്ക് സൗജന്യമായും ഈ പരിശോധനകൾ ലഭ്യമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.


എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് 25-ാം വാർഷികം ആഘോഷിച്ചു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് 25 ാം വാർഷികം  ആഘോഷിച്ചു.   ജീവനക്കാരുടേയും, വിദ്യാർത്ഥി യൂണിയന്റേയും നേതൃത്വത്തിലാണ്  ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിക്ക്  സി.എസ്.ആർ ഫണ്ട് നൽകിയ കൊച്ചിൻ ഷിപ്പ് യാർഡ്,   റോട്ടറി ക്ലബ്, എൽ.ജി. ഇലക്ട്രോണിക്സ്, പവർഗ്രിഡ്, ബി. പി. സി. എൽ, മിസ്തൂബിഷി ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ചടങ്ങിൽ  ആദരിച്ചു. തുടർന്ന്  ജീവനക്കാരുടേയും, വിദ്യാർത്ഥികളുടേയും  കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ സബ് കളക്ടർ  ഗ്രന്ഥേ സായ് കൃഷ്ണ, സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാൻ വിജു ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.
Reply all
Reply to author
Forward
0 new messages