PRD EKM NOV 26

0 views
Skip to first unread message

I&PRD ERNAKULAM

unread,
Nov 26, 2025, 11:28:12 AM11/26/25
to PRD ERNAKULAM
അനധികൃത പ്രചാരണ സാമഗ്രികൾ ഉടൻ
നീക്കിയില്ലെങ്കിൽ കർശന നടപടി


തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊതുസ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകളിലും സർക്കാർ സംവിധാനങ്ങളുടെ മതിലുകളിലും മറ്റും പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന പ്രചാരണ ബോർഡുകളും പോസ്റ്ററുകളും ഉടൻ നീക്കിയില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഹൈക്കോടതി ഉത്തരവും പെരുമാറ്റ ചട്ടവും മറികടന്നുകൊണ്ട് ജില്ലയിൽ പല ഭാഗങ്ങളിലും ഇത്തരത്തിലുള പ്രചാരണ ഉപാധികൾ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് വകവയ്ക്കാതെ നിയമ ലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാവും.  സ്വകാര്യ വ്യക്തികളുടെ വസ്തുവകകളിലും മറ്റും ഉടമയുടെ അനുമതിയില്ലാതെ പ്രചാരണ ഉപാധികൾ സ്ഥാപിക്കാൻ പാടില്ല. ഇത്തരത്തിൽ നിയമ ലംഘനമുണ്ടായാൽ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിനെ വിവരം അറിയിക്കാം.
  രണ്ടു ദിവസം കൂടുമ്പോൾ സ്ക്വാഡ് സമിതി യോഗം ചേർന്ന്  ജില്ലയിലെ  തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തുന്നുണ്ട്.

എസ്. ഐ. ആർ നടപടികൾ പൂർത്തിയാക്കിയ ബി.എൽ.ഒമാരെ ആദരിച്ചു

തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ് ഐ.ആർ) നടപടികൾ 100 ശതമാനം പൂർത്തിയാക്കിയ ജില്ലയിലെ ബുത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ. ഒ ) ജില്ലാ ഭരണകൂടത്തിന്റെ ആദരം.

എസ് ഐ ആർ പ്രക്രിയയുടെ കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബി.എൽ.ഒമാരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും ജില്ലാ കളക്ടർ ജി പ്രിയങ്ക അഭിനന്ദിച്ചു.
വളരെയധികം വെല്ലുവിളികൾ നിറഞ്ഞ  പ്രവർത്തനങ്ങൾ  പിഴവുകളില്ലാതെ പൂർത്തിയാക്കിയതിലൂടെ, ജനാധിപത്യ പ്രക്രിയക്ക് ബി.എൽ.ഒമാർ നൽകിയ സേവനം മാതൃകാപരമാണെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.

വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി എന്യൂമറേഷൻ ഫോമുകളുടെ വിതരണം, അവയുടെ ശേഖരണം, വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യൽ എന്നീ പ്രവർത്തികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കിയ 41  ബി.എൽ.ഒ മാരെയാണ് ആദരിച്ചത്.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന
ചടങ്ങിൽ ബി. എൽ. ഓമാർക്ക് ഉപഹാരങ്ങൾ നൽകി. ബി.എൽ.ഓമാർ അവരുടെ അനുഭവങ്ങൾ വിവരിച്ചു.
 ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു,
ഇലക്ഷൻ റിട്ടർണിംഗ് ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പ് : രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു*


 
 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിന് പെരുമാറ്റച്ചട്ടവും ഹരിത പ്രോട്ടോക്കോളും കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഹരിത പ്രോട്ടോക്കോൾ പാലിച്ചിരിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ഫ്ലെക്സ് എന്നിവ ഒഴിവാക്കി, പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്നും, പാരിസ്ഥിതിക നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യൂ വിശദീകരിച്ചു. പൊതുയോഗങ്ങൾക്കും റാലികൾക്കും പോലീസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. വ്യക്തിഹത്യയോ മതപരവും ജാതീയവുമായ വികാരങ്ങൾ ഇളക്കിവിടുന്ന പ്രസ്താവനകളോ ഒഴിവാക്കി മാതൃകാപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പാർട്ടികൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സീറ്റൊഴിവ്

എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ, 2025-26 അധ്യയന വർഷത്തിൽ ബി. കോം പഞ്ചവത്സര എൽ. എൽ. ബി. കോഴ്സിൽ ജനറൽ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ  ഒക്ടോബർ 10 ന്  കേരളത്തിലെ എൻട്രൻസ് കമ്മീഷണർ പ്രസിദ്ധീകരിച്ച എലിജിബിൾ ലിസ്റ്റ് രണ്ടിൽ ഉൾപ്പെടുന്നവരും  കേരളത്തിലെ മറ്റേതെങ്കിലും കോളേജുകളിൽ പ്രവേശനം നേടാത്തവരും ആയിരിക്കണം.  നവംബർ 28 ന് രാവിലെ 10 മുതൽ 12 വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും.  അപേക്ഷകർ രക്ഷിതാവിനോടൊപ്പം അസൽ രേഖകളും പകർപ്പും സഹിതം കോളേജിൽ ഹാജരാകണം.

തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കളമശ്ശേരി നഗരസഭയിലെ 24 മുതൽ 46 വരെയുള്ള വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ഇന്ന് (നവംബർ 27) നടക്കും.കളമശ്ശേരി മുനിസിപ്പൽ കൗൺസിൽ ഹാളിൽ രാവിലെ 10:30 നാണ് യോഗം  എന്ന് കളമശ്ശേരി മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
Reply all
Reply to author
Forward
0 new messages