വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും ആദ്യഘട്ട പരിശോധന (എഫ് എൽ സി) ആരംഭിച്ചു.
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം, വോട്ടിംഗ് യന്ത്രങ്ങളുടെ നിർമ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ അംഗീകൃത എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ മേൽനോട്ടത്തിൽ കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിനകത്തെ വെയർഹൗസിലാണ് ആദ്യഘട്ട പരിശോധന നടത്തുന്നത്.
നടപടിക്രമങ്ങൾ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും, മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും നേരിട്ട് നിരീക്ഷിക്കുന്നതാണ്. കൂടാതെ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് ഈ നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പോലീസ് സുരക്ഷയിലാണ് ആദ്യഘട്ട പരിശോധന നടക്കുന്നത്.
കാപ്പ: ഏകദിന ശിൽപശാല സംഘടിപ്പിച്ചു
പൊതുജനത്തിന്റെ സ്വൈരജീവിതത്തിനു ഭീഷണിയായി മാറുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കാപ്പ (കേരള ആൻ്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് ) നിയമ പ്രകാരം നടപടി എടുക്കാവൂ എന്ന് മുൻ ഹൈക്കോടതി ജഡ്ജിയും കാപ്പ അഡ്വൈസറി ബോർഡ് ചെയർമാനുമായ പി. ഉബൈദ് പറഞ്ഞു. കാക്കനാട് കളക്ടറേറ്റ് ട്രെയിനിങ് ഹാളിൽ കാപ്പ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ, കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യത ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കാപ്പ ചുമത്താവൂ. കേസുകളിൽ വരുന്ന അനാവശ്യമായ കാലതാമസം അവ തള്ളി പോകാൻ കാരണമായേക്കാം, കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ കൂട്ടിച്ചേർത്തു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക, കാപ്പ അഡ്വൈസറി ബോർഡ് അംഗം പി എൻ സുകുമാരൻ, ജില്ലാ ലോ ഓഫീസർ മനു സോളമൻ എന്നിവർ പങ്കെടുത്തു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം*ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവിധ വകുപ്പുകളിലായി നിലവിലുള്ള 35 ഒഴിവുകളിലേക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഭാഗങ്ങളിലായി ഓപ്പൺ വിഭാഗത്തിൽ 22-ഉം പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ 13-ഉം സീറ്റുകളാണുള്ളത്.
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പ്രവേശന പരീക്ഷകൾ ജനുവരി 12-നും അഭിമുഖം ജനുവരി 22-നും നടക്കും.താല്പര്യമുള്ളവർ ജനുവരി 6 നകം
www.ssus.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
അസാപ് കേരളയുടെ ജി.ഡി.എ അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) ഒറ്റപ്പാലം ലക്കിടിയിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡിസംബർ 4 വരെ അപേക്ഷകൾ സമർപ്പിക്കാം.താത്പര്യമുള്ളവർ
forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ഫോൺ :
9495999667,
9895967998ടെണ്ടർ ക്ഷണിച്ചു
കാഡ്കോയുടെ 2026 വർഷത്തെ ഡയറി പ്രിന്റ് ചെയ്യുന്നതിനായി ടെണ്ടർ ക്ഷണിച്ചു.കാഡ്കോയുടെ എംപാനൽഡ് ആർട്ടിസാൻ യൂണിറ്റുകൾക്കും ടെണ്ടറിൽ പങ്കെടുക്കാവുന്നതാണ്. ക്വട്ടേഷനുകൾ ജനുവരി 15 ഉച്ചയ്ക്ക് 3.00 വരെ റീജിയണൽ ഓഫീസർ, കാഡ്കോ, മദ്ധ്യമേഖലാ ഓഫീസ്, ഒന്നാം നില, നളന്ദാ കൃഷ്ണാ ആർക്കോഡ്, ചാത്തങ്ങാട് റോഡ്, പാലാരിവട്ടം.
എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484 2539956, 2539946
മുട്ടടയിൽ 'പാത്ത് 2026' തൊഴിൽമേള സംഘടിപ്പിച്ചു
ഐ.എച്ച്.ആർ.ഡി. റീജിയണൽ സെന്ററും മുട്ടട ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി 'പാത്ത് 2026' തൊഴിൽമേള സംഘടിപ്പിച്ചു.അഡ്വ. വി.കെ. പ്രശാന്ത് എം എൽ എ മേള ഉദ്ഘാടനം ചെയ്തു.ഇച്ഛാശക്തിയോടെ അവസരങ്ങൾ പ്രയോജനപ്പെടുത്തി തൊഴിൽ നേടാൻ ഉദ്യോഗാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി.എ. അരുൺകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ ലൈഫ്, ഇൻവോ മീഡിയ, ട്രയോനെറ്റ് ഇൻഫോ സൊല്യൂഷ്യൻസ് തുടങ്ങി പ്രമുഖരായ പത്തോളം തൊഴിൽദാതാക്കളാണ് മേളയിൽ പങ്കെടുത്തത്.289 പേർ തൊഴിൽമേളയിൽ പങ്കെടുത്തു.
വാർഡ് കൗൺസിലർമാരായ ബി. സുഭാഷ്, വൈഷ്ണ സുരേഷ്, അനിത അലക്സ്, പ്രിൻസിപ്പാൾ ഡോ.വി ഐഷ,മുട്ടട ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.കെ ആനന്ദകുട്ടൻ,ഐ.എച്ച്.ആർ.ഡി. ഉദ്യോഗസ്ഥരായ ഡോ. പി ലത
,ഡോ. മനോജ് റേ,കെ സിന്ധു,പ്ലേസ്മെന്റ് ഓഫീസർ എം ഗോകുൽ എച്ച്.ഒ.ഡി സുർജിത്ത് രാജ് എന്നിവർ പങ്കെടുത്തു.
പദ്ധതി നടപടികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണം: ജില്ലാ വികസന സമിതി
സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം മാത്രമുള്ള സാഹചര്യത്തിൽ പദ്ധതികൾ സംബന്ധിച്ച നടപടികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ രണ്ട് മാസം മാത്രമാണ് പദ്ധതി നിർവഹണത്തിനായി ലഭിക്കുക. മാർച്ച് മാസത്തിനു മുമ്പായി തങ്ങൾക്ക് കീഴിൽ വരുന്ന പദ്ധതികൾ പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളും പ്രത്യേക ശ്രദ്ധ നൽകണം. ഭരണാനുമതിയും സാങ്കേതിക അനുമതിയും വേണ്ട പദ്ധതികളിൽ എത്രയും വേഗം അത് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും ആരംഭിക്കാനുള്ളതുമായ പദ്ധതികൾ സംബന്ധിച്ച പുരോഗതിയും തുടർനടപടികളും പി.വി ശ്രീനിജിൻ എം.എൽ.എ യോഗത്തിൽ ആരാഞ്ഞു. ചില പദ്ധതികൾ അനന്തമായി നീളുന്ന സാഹചര്യം ഉണ്ട്. ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തരുത്. മുടിക്കൽ സ്കൂൾ കെട്ടിടം സംബന്ധിച്ച സാങ്കേതിക അനുമതി പരമാവധി വേഗത്തിൽ ലഭ്യമാക്കണം. ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ ടാർ മിക്സിംഗ് പ്ലാന്റിന് ലൈസൻസ് കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരം ആണോ ലഭിച്ചത് എന്ന് പരിശോധിക്കണമെന്നും എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
തമ്മനം - പുല്ലേപ്പടി റോഡിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിനായുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ടി.ജെ വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ഇതിന് സർവേയറെ നിയമിക്കണം.1985 ൽ നോർത്ത് ഇടപ്പള്ളി , സൗത്ത് ഇടപ്പള്ളി വില്ലേജുകളിൽ റെയിൽവേ ഏറ്റെടുത്ത സ്ഥലങ്ങളിൽ ഉപയോഗപ്പെടാത്തവ ചിലത് ലേലം ചെയ്തു നൽകിയതിലെ പിഴവുകൾ പരിഹരിക്കുന്നത് അനന്തമായി നീളുന്നു ഇതിന് പരിഹാരം വേണമെന്നും എം.എൽ.എ പറഞ്ഞു.
ഈ പ്രശ്നത്തിൽ കൃത്യമായ മേൽനോട്ടം ആവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച പ്രത്യേക യോഗം വിളിക്കുമെന്നും ജില്ലാ കളക്ടർ ജി.പ്രിയങ്ക പറഞ്ഞു.
ഓപ്പറേഷൻ ബ്രേക്ക് ത്രൂവുമായി ബന്ധപ്പെട്ട് മുല്ലശ്ശേരി കനാലിന്റെ ചിറ്റൂർ റോഡ് മുതൽ എം.ജി റോഡ് വരെയുള്ള ഭാഗത്തെ പ്രവർത്തി നടത്തുന്നതിന് അടിയന്തരമായി ടെണ്ടർ നടപടികൾ പൂർത്തീകരിക്കണം. എം.ജി റോഡിലെ ഡ്രെയിനേജ് നവീകരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിലവാരം ഉറപ്പാക്കി സമയബന്ധിതമായി തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എല്ലാവരും ആരോഗ്യ സംരക്ഷണത്തെ പുതുവർഷ പ്രതിജ്ഞയായി കണക്കാക്കണം: ജില്ലാ കളക്ടർ
പുതു വർഷത്തിൽ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകണമെന്നും ആരോഗ്യ സംരക്ഷണത്തെ പുതുവർഷ പ്രതിജ്ഞയായി കണക്കാക്കണമെന്നും ജില്ലാ കളക്ടർ ജി പ്രിയങ്ക. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
നല്ലത് കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, ആരോഗ്യത്തിൽ ശ്രദ്ധിക്കുക എന്നിവയിൽ എല്ലാവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും യോഗത്തിൻ്റെ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ പറഞ്ഞു.
ദേശീയ വിരവിമുക്ത ദിനം, കുഷ്ഠരോഗ നിർമാർജന യജ്ഞത്തിൻ്റെ ഭാഗമായി നടത്തുന്ന അശ്വമേധം 7.0, മികച്ച ജീവിതശൈലി ശീലമാക്കുന്നതിനുള്ള 'ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ്സ്', പരിപാടി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
ജനുവരി ആറിന് വിരവിമുക്ത ദിനത്തോടനുബന്ധിച്ച് സ്കൂളുകൾ, അങ്കണവാടികൾ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ ഗുളികകൾ നൽകും. ഒന്ന് മുതൽ 19 വയസ് വരെയുള്ളവരാണ് ഗുളിക കഴിക്കേണ്ടത്. സ്വകാര്യ , എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ സൗജന്യമായി മരുന്ന് വിതരണം ചെയ്യും. സ്കൂളിൽ പോകാത്തവർക്ക് അങ്കണവാടികളിൽ നിന്ന് വാങ്ങാം. അന്ന് ഗുളിക കിട്ടാത്തവർക്ക് ജനുവരി 12 ന് ലഭിക്കും.
കുഷ്ഠരോഗ നിർമാർജനുമായി ബന്ധപ്പെട്ട് നടത്തുന്ന അശ്വമേധം 7.0 ക്യാമ്പയിൻ വിപുലമായി നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ജനുവരി ഏഴ് മുതൽ 20 വരെ നടത്തുന്ന ഭവന സന്ദർശന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഒരു സ്ത്രീയും പുരുഷനും അടങ്ങിയ സംഘം വീടുകൾ സന്ദർശിക്കും. ഇതിനായി 4830 സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം നൽകിയിട്ടുള്ളത്.
ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന ആരോഗ്യം ആനന്ദം, വൈബ് ഫോർ വെൽനസ് എന്ന കർമ്മപദ്ധതി കൂടുതൽ വിപുലമാക്കാനും യോഗത്തിൽ തീരുമാനിച്ചു.
ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ മേധാവികൾ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എൽ ഷീജ, അഡീ. ഡി.എം.ഒ ഡോ. കെ.ആർ വിദ്യ, ആർ സി എച്ച് ഓഫീസർ ഡോ. എം.എസ് രശ്മി, ഡെപ്യൂട്ടി ഡി.എം.ഒ ആരതി കൃഷ്ണൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ പ്രസ്ലിൻ ജോർജ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജി. രജനി തുടങ്ങിയവർ സംസാരിച്ചു.