PRD EKM PRESS RELEASE Jan 5, 2026

0 views
Skip to first unread message

I&PRD ERNAKULAM

unread,
Jan 5, 2026, 8:28:07 AMJan 5
to PRD ERNAKULAM
വിവരാവകാശ  അപേക്ഷകൾക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തരുത് : വിവരാവകാശ കമ്മീഷണർ

വിവരാവകാശ അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ നഗരസഭകൾ വിമുഖത പ്രകടിപ്പിക്കുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ, കളമശേരി, അങ്കമാലി, മൂവാറ്റുപുഴ നഗരസഭകൾ എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസർമാരിൽ നിന്നും പിഴ ഈടാക്കുമെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല വിവരാവകാശ അദാലത്തിൽ അദ്ദേഹം വ്യക്തമാക്കി.

മറുപടി നൽകാൻ കാലതാമസം വരുത്തി, തെറ്റായ വിവരങ്ങൾ നൽകി എന്നിങ്ങനെയുള്ള പരാതികളിലാണ് നടപടി.

ഓഫീസിലുള്ള രേഖകൾ പട്ടിക തിരിച്ച് സൂചിക തയ്യാറാക്കി സൂക്ഷിക്കേണ്ട ബാധ്യത ഓഫീസർമാർക്കുണ്ട്. ഇക്കാര്യത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടികളെടുക്കുമെന്ന് കമ്മീഷണർ പറഞ്ഞു.

അദാലത്തിൽ 36 പരാതികളായിരുന്നു പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ, ദേവസ്വം, തുറമുഖ വകുപ്പ്, പോലീസ്, ജി.എസ്.ടി,  ലോട്ടറി എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികൾ. ഇതിൽ 34 എണ്ണം തീർപ്പാക്കിയപ്പോൾ രണ്ടു പരാതികൾ മാറ്റി വെച്ചു. എട്ട് പരാതികളിൽ നടപടി  സ്വീകരിക്കും.

കടമക്കുടിക്ക് വികസനക്കുതിപ്പ്; ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 7.79 കോടിയുടെ ഭരണാനുമതി

ദ്വീപിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകിക്കൊണ്ട് കടമക്കുടി ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. 7.79 കോടി (ഏഴ് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറായിരം) രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.

ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പദ്ധതിക്ക് രൂപം നൽകുമെന്നത് തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് പാലിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് എം.എൽ.എ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പദ്ധതി വൈകാതെ തന്നെ യാഥാർത്ഥ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കായൽ സൗന്ദര്യവും ദേശാടനക്കിളികളുടെ സാന്നിധ്യവും കൊണ്ട് സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഇഷ്ടകേന്ദ്രമാണ് കടമക്കുടി.
തനതായ ജീവിതരീതികളും ഉപജീവനമാർഗങ്ങളും പിന്തുടരുന്നവരാണ് കടമക്കുടിയിലെ ജനങ്ങൾ. ഗ്രാമീണ കായൽ ടൂറിസം പദ്ധതി വരുന്നതോടെ കടമക്കുടിയുടെ മുഖച്ഛായ തന്നെ മാറും. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും പദ്ധതി വലിയ മുതൽക്കൂട്ടാകും.

അതിഥി അധ്യാപക ഒഴിവ്

 മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തിൽ 2025-26 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
 യോഗ്യത : ജിയോളജി ബിരുദാനന്തര ബിരുദം, പി എച് ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന, പ്രവൃർത്തി പരിചയം  അഭിലഷണീയം.

 നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്‌ചർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി
 (ഒരു സെറ്റ് കോപ്പി സഹിതം) ജനുവരി 12 രാവിലെ 10 30 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ് . വിശദവിവരങ്ങൾക്ക് www.maharajas.ac.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഇ-ടെൻഡർ

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള  പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും ഇ-ടെൻഡർ ക്ഷണിച്ചു .
കൂടുതൽ വിവരങ്ങൾ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യലയത്തിൽ നിന്നും ലഭ്യമാണ്

ഇ-ടെൻഡർ

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിനായി എ.സി കാർ വാടകയ് ക്ക് എടുക്കുന്നതിനായി  വാഹന ഉടമകളിൽ നിന്നും ഇ-ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്

സൗജന്യ പരീക്ഷ പരിശീലനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിച്ചു വരുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ സൗജന്യ പരിശീലന ക്ലാസുകൾക്കായി അപേക്ഷ ക്ഷണിച്ചു. എറണാകുളം, കോട്ടയം ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ്ഗ /മറ്റർഹ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക്  അപേക്ഷിക്കാം. എസ് എസ് എൽ സി, പ്ലസ് ടു എന്നിവ അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകൾക്കാണ് പരിശീലനം നൽകുന്നത്.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി / ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതമുള്ള  സ്റ്റൈപ്പൻ്റ് ലഭിക്കുന്നതാണ്. അപേക്ഷകർ ജാതി, വരുമാനം, എസ്‌ എസ്‌ എൽ സി, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 20 വൈകീട്ട് 5ന്  മുൻപായി അപേക്ഷ സമർപ്പിക്കണം .

 അപേക്ഷ ഫോറത്തിൻ്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും, ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററുകളിൽ നിന്നും ലഭിക്കും. ഫോൺ- 0484-2623304, 9188581148, 6282858374

ഗതാഗത നിയന്ത്രണം

വല്ലം തൊടാപറമ്പ്കാവ്  വഞ്ചിപ്പറമ്പ് റോഡിൽ,  മാവേലിപ്പടി മുതൽ പാപ്പൻപടി വരെയുള്ള ഭാഗത്ത്  അടിയന്തിരമായി ടാറിങ് പ്രവർത്തികൾ ചെയ്യേണ്ടതിനാൽ പ്രസ്തു‌ത ഭാഗത്ത് ജനുവരി ആറു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുo

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ പരിധിയിൽ അങ്കണവാടി വർക്കർമാരുടെ 35 പേരടങ്ങുന്ന ടീമിന്
32 ദിവസം  ജോബ് ട്രെയിനിങ് (ബാച്ച്-1) നൽകുന്നതിന് ക്ലാസ് മുറി, താമസം, ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു .ജനുവരി 12 ന് ഉച്ചയ്ക്ക് 1 വരെ ടെൻഡർ സമർപ്പിക്കാം.
ഫോൺ : 0484-2423934

മണിനാദം 2026 – കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം

യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രശസ്ത നാടൻപാട്ട് കലാകാരനായ കലാഭവൻ മണിയുടെ സ്മരണാർത്ഥം  സംഘടിപ്പിക്കുന്ന  “മണിനാദം” കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം – 2026 ലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.  ജനുവരി 25 വൈകീട്ട് 5 വരെ അപേക്ഷിക്കാം.  അപേക്ഷകൾ   dycerna...@gmail.com എന്ന വിലാസത്തിൽ അയക്കാം. ത്യശ്ശൂർ ജില്ലയിലെ ചാലക്കുടിയിലാണ് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നത്.
ഫോൺ :  0484 2428071

*നോൺ-മാപ്പിംഗ് വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെടുന്നു –
മന്ത്രി പി. രാജീവ്*

വോട്ടവകാശം ഒരു പൗരനും   നഷ്ടപ്പെടരുതെന്ന ജനപക്ഷ നിലപാടോടെയാണ് കേരള സർക്കാർ എസ് ഐ ആർ ഇടപെടുന്നതെന്ന് ജില്ലയുടെ ചുമതലയുള്ള  മന്ത്രി പി രാജീവ് വ്യക്തമാക്കി.

 എസ് ഐ ആറുമായി ബന്ധപ്പെട്ട് നോൺ-മാപ്പിംഗ് ഉൾപ്പെടെയുള്ള വോട്ടർ പട്ടിക സംബന്ധമായ വിഷയങ്ങളിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

വോട്ടർ പട്ടികയുടെ എസ്‌.ഐ.ആർ   നടപടികളിൽ ഉയർന്ന ആശങ്കകൾ പരിഗണിച്ചാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും, ഇതുമായി ബന്ധപ്പെട്ട് കേസ് നൽകിയ ഏക സംസ്ഥാന സർക്കാർ കേരളമാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ആഴ്ച സമയം ലഭിച്ചു.  

സംസ്ഥാനത്താകെ ഏകദേശം 19,32,000 പേർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, സാങ്കേതിക കാരണങ്ങളാൽ നോൺ-മാപ്പിംഗ് വിഭാഗത്തിലാണ്. പേരുകൾ പട്ടികയിൽ ഉണ്ടെങ്കിലും, 2002-ലെ വോട്ടർ പട്ടിക, മാതാപിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവയുമായി മാച്ച് ചെയ്യാൻ കഴിയാത്തതാണ് പ്രശ്നമെന്ന് മന്ത്രി വിശദീകരിച്ചു.
ആവശ്യമായ രേഖകൾ സമർപ്പിച്ച് ഹിയറിങ്ങിൽ ഹാജരായാൽ മാത്രമേ ഇവരുടെ പേര് അന്തിമ വോട്ടർ പട്ടികയിൽ നിലനിൽക്കൂ. ഹിയറിംഗ് ജനുവരി 6 മുതൽ 28 വരെ നടക്കും.

എറണാകുളം ജില്ലയിൽ മാത്രം 2,06,061 പേർ നോൺ-മാപ്പിംഗ് വിഭാഗത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മണ്ഡലങ്ങളിലെ കണക്ക് പ്രകാരം, തൃപ്പൂണിത്തുറയിൽ 33,264, എറണാകുളം 26,544, ഉദയംപേരൂർ  24,650, കൊച്ചി  14,778,
ആലുവ  13,959, കളമശ്ശേരി 13,027, അങ്കമാലി  12,710, പറവൂർ  12,993, പിറവം 11,821, മൂവാറ്റുപുഴ  10,810, കുന്നത്തുനാട് 8,499, വൈപ്പിൻ  9,482, പെരുമ്പാവൂർ 8,642,
എന്നിങ്ങനെയാണ് നോൺ-മാപ്പിംഗ് വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം .

ഇതിൽ 52,216 പേരുടെ രേഖകൾ ഇതിനകം ബി.എൽ.ഒമാർ പരിശോധിച്ച് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ നിർദ്ദേശപ്രകാരം അവരും ഹിയറിങ്ങിൽ ഹാജരാകേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു.

ജനങ്ങൾക്ക് സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും  ഹെൽപ് ഡെസ്കുകൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി  അറിയിച്ചു. ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഓരോ വില്ലേജ് ഓഫീസിലും കുറഞ്ഞത് രണ്ട് ജീവനക്കാരെ ഹെൽപ് ഡെസ്കിൽ നിയോഗിക്കാനും, ആവശ്യമെങ്കിൽ മറ്റ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.  

എസ്.സി., എസ്.ടി., പിന്നാക്ക വിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമായ വിഭാഗങ്ങളിൽ വോട്ടവകാശം ഉറപ്പാക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി അധ്യാപകർ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നോൺ-മാപ്പിംഗ് ഒരു പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യമിട്ടതല്ലെന്നും, സാങ്കേതിക പിഴവുകൾ മൂലം ആരുടെയും വോട്ടവകാശം നഷ്ടപ്പെടരുതെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.  വിവിധ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ യുടെ ശ്രദ്ധയിൽ ഈ കാര്യം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഏത് രാഷ്ട്രീയ നിലപാടുള്ളവരായാലും, ജനാധിപത്യത്തിൽ ഓരോരുത്തരുടെയും വോട്ടവകാശം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് മന്ത്രി പി. രാജീവ് ഓർമ്മിപ്പിച്ചു.
Reply all
Reply to author
Forward
0 new messages