ക്ലിന്റ് സ്മാരക സംസ്ഥാനതല ചിത്രരചനാ മത്സരം ഇന്ന്( ഫെബ്രുവരി1) ; നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും

0 views
Skip to first unread message

I&PRD ERNAKULAM

unread,
Jan 31, 2026, 9:34:22 AMJan 31
to PRD ERNAKULAM
ക്ലിന്റ് സ്മാരക സംസ്ഥാനതല ചിത്രരചനാ മത്സരം ഇന്ന്( ഫെബ്രുവരി1) ; നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും

​ഏഴ് വയസ്സിനുള്ളിൽ ഇരുപത്തിയാറായിരത്തിലധികം വിസ്മയ ചിത്രങ്ങൾ വരച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ ബാലപ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണാർത്ഥം സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാനതല ബാലചിത്രരചനാ മത്സരം ഇന്ന് (ഫെബ്രുവരി 1) നടക്കും. രാവിലെ 10 ന് എറണാകുളം പ്രിയദർശിനി ചിൽഡ്രൻസ് പാർക്കിൽ  ചലച്ചിത്ര താരം ഹരിശ്രീ അശോകൻ മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

​ജില്ലാതലങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നൂറ്റി എൺപതോളം പ്രതിഭകളാണ് സംസ്ഥാനതല മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ചിൽഡ്രൻസ് പാർക്കിലെ വിശാലമായ ക്യാൻവാസിൽ തത്സമയം ചിത്രങ്ങൾ വരച്ച് തങ്ങളുടെ പ്രിയപ്പെട്ട ക്ലിന്റിന് ആദരമർപ്പിക്കാൻ കുട്ടികൾ ഒത്തുചേരും.

​ചടങ്ങിൽ ക്ലിന്റിന്റെ മാതാവ് ചിന്നമ്മയെ സംസ്ഥാന ശിശുക്ഷേമ സമിതി ആദരിക്കും. 'എഡ്മണ്ട് ക്ലിന്റ് തോമസ്' എന്ന ചിത്രത്തിൽ ക്ലിന്റിന്റെ വേഷം അവതരിപ്പിച്ച മാസ്റ്റർ അലോക് ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക,ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി തുടങ്ങിയവർ  പരിപാടിയിൽ പങ്കെടുക്കും.

ഹരിതകേരളം മിഷൻ ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

* ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു

 ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പരിസ്‌ഥിതി പുനഃസ്ഥാപന മേഖലയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയ കർമ്മ പദ്ധതികൾക്കും, ആശയങ്ങൾക്കും രൂപം നൽകുന്നതിനുമായി ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ  നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.
ഹരിതകേരളം മിഷൻ ഹയർ സെക്കൻഡറി സ്കൂളുകളിലും കലാലയങ്ങളിലും വിതരണം ചെയ്യുന്ന മെൻസ്ട്രുവൽ കപ്പ്  വിതരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടർ ജി പ്രിയങ്ക നിർവഹിച്ചു.

 ജില്ലാതല പരിസ്ഥിതി സെമിനാറിനോടനുബന്ധിച്ച് യുപി - ഹൈസ്കൂൾ, ഹയർസെക്കൻഡറി , കോളേജ് തല വിദ്യാർത്ഥികൾക്കും ഹരിതകർമ്മ സേന അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും നൽകി.

 ജില്ലയുടെ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ പത്തുവർഷങ്ങൾ എന്ന വിഷയത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ്. രഞ്ജിനി , പരിസ്ഥിതി പുനഃസ്ഥാപനം ഭാവി പരിപ്രേഷ്യം എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ യു സുരേഷ് , മാലിന്യ ശേഖരണവും സംസ്കരണവും കാര്യക്ഷമം ആക്കാം എന്ന വിഷയത്തിൽ ഗ്രീൻ വോംസ് സി.ഇ.ഒ ജാബിർ കാരാട്ട് എന്നിവർ വിഷയാവതരണം നടത്തി.ഫെബ്രുവരി 23,24,25 തീയതികളിൽ തിരുവനന്തപുരത്ത് ദേശീയ പരിസ്ഥിതി സമ്മേളനം നടക്കും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൻഡ ജേക്കബ് അധ്യക്ഷയായി.  ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, കോർപറേഷൻ അധ്യക്ഷന്മാർ,  ഉപാധ്യക്ഷന്മാർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി  പി.എം ഷഫീക്, ഏലൂർ നഗരസഭ മുനിസിപ്പൽ സെക്രട്ടറി സുജിത് കരുൺ,  എം ജി എൻ ആർ ജി ഇ ജോയിന്റ് പ്രോഗ്രാം കോർ
ഓഡിനേറ്റർ പി. എച്ച് ഷൈൻ ,ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വ്യോമ ചരക്ക് നീക്കത്തിന്റെ പ്രാധാന്യം വിളിച്ചോതി വാണിജ്യ പ്രദർശനം

നെടുമ്പാശേരി: സിയാൽ രാജ്യാന്തര കാർഗോ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വാണിജ്യ പ്രദർശനം ശ്രദ്ധേയമായി. എയർലൈൻസ്, ഫ്രയ്റ്റ് ഫോർവേഡേഴ്‌സ്, കസ്റ്റംസ് ബ്രോക്കേഴ്‌സ്, കയറ്റുമതി, ഇറക്കുമതി സംരംഭകർ, കാർഗോ ഓട്ടോമേഷൻ സപ്ലയർമാർ, ലോജിസ്റ്റിക്സ് സ്‌കിൽ ഡെവലപ്മെന്റ് മേഖലയിൽ നിന്നുള്ള 54 സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. കർഷക സംരംഭങ്ങൾ, മെഡിക്കൽ ഉത്പന്ന കയറ്റുമതിക്കാർ, സ്‌പൈസസ് ബോർഡ്, റബ്ബർ ബോർഡ്, നാളികേര വികസന ബോർഡ്, അപേഡ, എംപിഇഡിഎ തുടങ്ങിയ പൊതുമേഖലാ സ്‌ഥാപനങ്ങളും തപാൽ വകുപ്പിന്റെ കയറ്റുമതി വിഭാഗം സ്റ്റാളും വാണിജ്യ പ്രദർശനത്തിലുണ്ട്.
കയറ്റുമതി മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും തുടക്കക്കാർക്കും പിന്തുണ നൽകുന്നതിനായി സിയാൽ ഇൻക്യൂബേഷൻ സെന്റർ പ്രദർശന സ്റ്റാളിൽ  പ്രവർത്തിക്കുന്നുണ്ട്. ആദ്യമായി ഈ മേഖലയിലേക്ക് കടക്കുന്നവർക്ക് ആവശ്യമായ  സഹായവും മാർഗനിർദ്ദേശവും നൽകുകയാണ് സിയാൽ എയർ കാർഗോയുടെ സംരംഭമായ ഇൻക്യൂബേഷൻ സെന്റർ ലക്ഷ്യമിടുന്നത്. കയറ്റുമതിയുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നടപടിക്രമങ്ങൾ, നിയമപരമായ മാനദണ്ഡങ്ങൾ എന്നിവയെ ആസ്പദമാക്കിയ വിശദമായ വിവരങ്ങൾ ഇൻക്യൂബേഷൻ സെന്ററിലൂടെ ലഭ്യമാകും. കൂടാതെ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും കാർഗോ–ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായും നേരിട്ടുള്ള ആശയവിനിമയത്തിനുള്ള അവസരവും ഇതിലൂടെ ഒരുങ്ങും. അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് ആദ്യ ചുവടുവെയ്ക്കുന്നവർക്ക് ആവശ്യമായ നെറ്റ്വർക്കിങ് സാധ്യതകളും സിയാൽ ഇൻക്യൂബേഷൻ സെന്റർ വഴി ലഭ്യമാകും.

വേലിയേറ്റം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു : മന്ത്രി പി. രാജീവ്‌

സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കനത്ത നാശനഷ്ടമുണ്ടാക്കുന്ന വേലിയേറ്റത്തെയും കടലാക്രമണത്തെയും  സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചെന്ന് വ്യവസായ വകുപ്പ്  മന്ത്രി പി.രാജീവ്‌. കളമശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ കൊച്ചി, ഇടക്കൊച്ചി, പറവൂർ, വൈപ്പിൻ തുടങ്ങിയ മേഖലകളിൽ വേലിയേറ്റം മൂലം ജനങ്ങൾ നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യം  പരിഗണിച്ചാണ് നടപടി.  ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം   ഒരു പ്രത്യേക യോഗം എറണാകുളത്ത് ചേർന്നിരുന്നു.

ജനപ്രതിനിധികളെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ചേർന്ന  യോഗത്തിന്റെ ഭാഗമായി  ശുപാർശകൾ സർക്കാരിലേക്ക്  സമർപ്പിക്കുകയും ചെയ്തു.  അതിന്റെ തുടർച്ചയാണ് ഈ  സുപ്രധാന തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവും ഇപ്പോൾ പുറത്തിറങ്ങി.

ഇതോടെ, വേലിയേറ്റം മൂലം വീടുകൾക്കും മറ്റുമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സവിശേഷ ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം നൽകാൻ സർക്കാരിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിലെ 3,716 കോടി രൂപയുടെ കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി മാർക്കറ്റ് കനാലിന്റെ ടെണ്ടർ അംഗീകരിച്ചെന്നും ഇടപ്പള്ളി തോട് വികസന നടപടികളും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നും മന്ത്രി അറിയിച്ചു.

സയൻസ് കോൺഗ്രസ്

ആർത്തവകാലത്തെ വെല്ലുവിളികൾക്ക് വാഴനാരിലൂടെ പരിഹാരം: ശാസ്ത്ര വിസ്മയവുമായി വിദ്യാർത്ഥിനികൾ

​കൊച്ചിയിൽ നടക്കുന്ന 38-ാമത് കേരള സയൻസ് കോൺഗ്രസ് എക്സിബിഷനിൽ വാഴനാര് നാപ്കിനുമായി വിദ്യാർത്ഥിനികൾ.
 കാസർഗോഡ് ജി.വി.എച്ച്.എസ്.എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിനികളായ അവ്വമ്മ റഫീന, ഫാത്തിമത്ത് ഇസ്സ, ഷിസ്സ എന്നിവരാണ്  തങ്ങളുടെ വേറിട്ട കണ്ടുപിടുത്തം അവതരിപ്പിച്ചത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അധ്യാപിക ഉന്നയിച്ച ഒരു ചോദ്യത്തിൽ നിന്നാണ് പെൺകുട്ടികൾ നേരിടുന്ന ആർത്തവകാല പ്രയാസങ്ങൾക്ക് പരിഹാരമായി 'വാഴനാരിൽ നിന്നുള്ള നാപ്കിൻ' എന്ന ആശയം രൂപപ്പെട്ടത്.

 ഏകദേശം ഒരു വർഷത്തോളം നീണ്ട ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് ഇവർ പരിസ്ഥിതി സൗഹൃദമായ നാപ്കിൻ വികസിപ്പിച്ചെടുത്തത്.
​വാഴനാരിന് ഈർപ്പം വേഗത്തിൽ വലിച്ചെടുക്കാനുള്ള സ്വാഭാവിക ശേഷിയുണ്ടെന്നും ഇതിലടങ്ങിയിരിക്കുന്ന ചാരം നാപ്കിനെ അണുവിമുക്തമാക്കാൻ സഹായിക്കുമെന്നും ഇവർ പറയുന്നു.

 രാസവസ്തുക്കൾ ഒന്നും ചേർക്കാതെ വാഴനാര്, കോട്ടൻ തുണി, ഓർഗാനിക് കോട്ടൻ എന്നിവ ഉപയോഗിച്ചാണ് ഈ ബയോഡിഗ്രേഡബിൾ നാപ്കിനുകൾ നിർമ്മിച്ചിരിക്കുന്നത്. വിപണിയിൽ ലഭ്യമായ പ്ലാസ്റ്റിക് നാപ്കിനുകളിൽ നിന്ന് വ്യത്യസ്തമായി ഇവ ദുർഗന്ധം ഇല്ലാതാക്കുമെന്നും  പുനരുപയോഗ സാധ്യത ഉണ്ടെന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ഈ കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്.

ഗതാഗത നിയന്ത്രണം

പറവൂർ നിയോജകമണ്ഡലത്തിലെ പറവൂർ മുനിസിപ്പാലിറ്റി ആയുർവേദ ഹോസ്പിറ്റൽ റോഡ്, വാണിയക്കാട് - കാർത്തികവിലാസം റോഡ് എന്നിവിടങ്ങളിൽ നബാർഡിന്റെ ധനസഹായത്തോടെയുള്ള ടാറിങ് പ്രവർത്തികൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്നതിനാൽ ഈ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

തീയതി നീട്ടി

കേരള സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ 2026 ജനുവരി സെഷനിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിതവും അല്ലാത്തതുമായ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചു.
കോഴ്സുകളുടെ വിശദാംശങ്ങൾ അറിയാൻ www.srccc.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.
17 വയസ്സിന് മുകളിൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. ഓൺലൈനായി https:/app.srccc.in/ register. എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 0471 2325101, 8281114464  

ദർഘാസ് ക്ഷണിച്ചു

ജില്ലാതല ഐ.സി.ഡി.എസ് സെല്ലിൻ്റെ പരിധിയിൽ വരുന്ന അങ്കണവാടികളിൽ പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന വർക്കർമാർക്ക് നൈപുണ്യ വികസന പരിശീലനം നൽകുന്നതിന് ക്ലാസ് മുറി, താമസം, ഭക്ഷണം, വെള്ളം, ഇലക്ട്രിസിറ്റി, ഇൻ്റർനെറ്റ് എന്നിവ നൽകാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി 10 ഉച്ചക്ക് ഒന്നിനകം ലഭിക്കണം. ഫോൺ: 0484 2423934

ഡി.ഡി.സിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണണം: പി വി ശ്രീനിജിൻ എം.എൽ.എ

*ജില്ലാ വികസന സമിതി യോഗം ചേർന്നു

ജില്ലാ വികസന സമിതിയിൽ  (ഡി.ഡി.സി) ഉന്നയിക്കുന്ന വിഷയങ്ങൾ ജനങ്ങളുടെ ആവശ്യങ്ങളാണെന്നും ജനപ്രതിനിധികൾ അതിന് മറുപടി നൽകാൻ ബാധ്യസ്ഥരാണെന്നും അതിനാൽ അവർ  ഉന്നയിക്കുന്ന കാര്യങ്ങളിൽ ഉദ്യോഗസ്ഥർ വേഗത്തിൽ നടപടികൾ എടുക്കണമെന്നും പി.വി ശ്രീനിജിൻ എം.എൽ.എ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.

കിഴക്കമ്പലം പഞ്ചായത്ത് ബസ് സ്റ്റാൻൻ്റിൻ്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം. ഒരു മാസത്തിനകം ഇതിൻ്റെ പുരോഗതി അറിയിക്കണം. വനം വകുപ്പിൻ്റെ കീഴിലുള്ള മുടിക്കൽ ഡിപ്പോയിലേക്ക് തടി എത്തിക്കുന്നതിനുള്ള  പാസ് നൽകുന്നതിന്  അടിയന്തര നടപടി സ്വീകരിക്കാൻ വാഴച്ചാൽ ഡി എഫ് ഒക്ക്  നിർദേശം നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷം ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും നൽകിയ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

ഇൻഫോപാർക്കിന് സമീപം ഇടച്ചിറയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി ജനങ്ങളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇവിടത്തെ  വായുമലിനീകരണതോത് പഠിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉമാ തോമസ് എം.എൽ.എ മലിനീകരണ നിയന്ത്രണ ബോർഡ്  ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

തെങ്ങോട് അങ്കണവാടിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികൾ വൈകുന്നത് ചോദ്യം ചെയ്ത എം.എൽ.എ  തടസ്സങ്ങൾ പരിഹരിച്ച് അങ്കണവാടിയുടെ  നിർമ്മാണം ആരംഭിക്കണമെന്നും ഇതിനായി  എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്നും പറഞ്ഞു.  

ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും : മന്ത്രി പി രാജീവ്

കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ
( സി.സി.ആർ.സി) ഫെബ്രുവരി 9  ഉച്ചക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌. ക്യാൻസർ റിസർച്ച് സെന്റർ സന്ദർശിച്ച ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടന ചടങ്ങിൽ  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്  അധ്യക്ഷയാവും.

12.12 ഏക്കറിൽ നാല് ബ്ലോക്കുകളിൽ, 6.32 ലക്ഷം ചതുരശ്രയടിയിൽ, ഒൻപത് നിലകളിയായി ഒരുക്കിയിരിക്കുന്ന ക്യാൻസർ റിസർച്ച് സെന്ററിൽ ഐ.സി.യു ഉൾപ്പെടെ 451 കിടക്കകളാണ് ഉള്ളത്. ആദ്യഘട്ടത്തിൽ 100 കിടക്കളാണ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. 16 ലിഫ്റ്റുകൾ, അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 550 കാറുകൾക്ക് പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നാടിൻ്റെ ഒരു പൊതുവായ ആഗ്രഹമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. കിഫ്ബിയിൽ നിന്നും 385 കോടിയാണ്  പദ്ധതിക്ക് വേണ്ടി അനുവദിച്ചത്. സ്കാനിങ്,  എക്സറേ, റേഡിയേഷൻ തുടങ്ങിയ  കാര്യങ്ങൾക്ക്  ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എ.ഐ സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ എഡ്ജ് സർട്ടിഫിക്കറ്റ് കിട്ടുന്ന ആദ്യത്തെ  ആശുപത്രി കെട്ടിടമാണ് ഇത്. ഇപ്പോൾ ആവശ്യമായിട്ടുള്ള വൈദ്യുതി പൂർണ്ണമായിട്ടും സോളാർ സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കെട്ടിടം 25 ശതമാനം  കാർബൺലെസ് ആണ്.  2050 ൽ കേരളം പൂർണ്ണമായും കാർബൺ ന്യൂട്രൽ ആവുക എന്നതാണ് സർക്കാരിൻ്റെ കാഴ്ചപ്പാട്. അതിനു കൂടി സഹായകമാകുന്ന ഒരു ഗ്രീൻ ബിൽഡിങ് ആണ് കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ. ഇൻകെൽ ആണ് നിർമ്മാണ ചുമതല വഹിച്ചത്.

നിലവിൽ പുതിയതായി 159 പോസ്റ്റുകൾ സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്.  31 പോസ്റ്റുകൾക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. റേഡിയോളജിയിൽ ഒരു പോസ്റ്റിനും അംഗീകാരമായിട്ടുണ്ട്. അങ്ങനെ ആകെ 191 പോസ്റ്റുകളാണ് ഉള്ളത്. ബാക്കി കുറച്ച് പോസ്റ്റുകൾ കൂടി അനുവദിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
അത് സർക്കാരിന്റെ പരിഗണനയിലാണ്.  ക്യാൻസർ ചികിത്സയ്ക്ക് പുറമേ ഗവേഷണത്തിനും  വിപുലമായ സംവിധാനങ്ങളാണ് ഇവിടെ  സജ്ജീകരിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

* ജില്ലാ മെഡിക്കൽ ഓഫീസ് പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കമായി

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസ് പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം   നിർവഹിക്കുകയായിരുന്നു മന്ത്രി.

 മെട്രോ നഗരമായ എറണാകുളം  ജില്ലയെ സംബന്ധിച്ചിടത്തോളം ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വളരെ സുശക്തമായി കൊണ്ടുപോകുന്നതിനും സൗകര്യമുള്ള ഓഫീസ് അനിവാര്യമാണ്. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ 2024-25 പ്ലാൻ ഫണ്ടിൽ നിന്നും 11.2 കോടി രൂപയാണ് പുതിയ ആസ്ഥാന മന്ദിരത്തിനായി അനുവദിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറടക്കം 2 നിലകളിലായാണ് ഓഫീസ് കെട്ടിടം നിർമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ഓങ്കോളജി ബ്ലോക്ക്, ഓപ്പറേഷൻ തിയേറ്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇന്ന് ജനറൽ ആശുപത്രിയിൽ ഉണ്ട്. നിരവധി സാധാരണക്കാരായ ആളുകൾ ജനറൽ ആശുപത്രിയിൽ എത്തി സംതൃപ്തരായി മടങ്ങുന്നു. രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ നടക്കുന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്.  ഇതിനായി ജനറൽ ആശുപത്രി ടീം  നടത്തിയ പരിശ്രമം ചരിത്രമാണെന്നും മന്ത്രി പറഞ്ഞു.

അടിമാലിയിലും ഇടുക്കിയിലും കാത്ത് ലാബ് യാഥാർഥ്യമായതോടെ എല്ലാ ജില്ലകളിലും സർക്കാർ സംവിധാനത്തിൽ കാത്ത് ലാബ് യാഥാർഥ്യമായി. സർക്കാർ ആശുപത്രികളിൽ ഹൃദയാഘാതവുമായി വരുന്നവരുടെ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.  ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സകൾ സർക്കാർ സംവിധാനങ്ങളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ ആളുകളുടെ ജീവിത നിലവാരം ഉയരുകയാണെന്നും മന്ത്രി പറഞ്ഞു.

 നാഷണൽ ഹെൽത്ത് മിഷൻ പ്രോജക്റ്റിന്റെ ഭാഗമായി ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന വിപുലീകരിച്ച വാക്സിൻ സ്റ്റോറിന്റെയും, വെർട്ടിഗോ ക്ലിനിക്കിന്റെയും  ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.  

സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹെൽത്തി കേരള ഫീൽഡ് കാമ്പയിനിന്റെ ഭാഗമായുള്ള ഐ ഇ സി വാനിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു.  ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ, സേവനങ്ങൾ, രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ, ആരോഗ്യശീലങ്ങൾ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ   സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ ഹൃദയം മാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജോർജ്ജ് വാളുരാൻ, ഡോ. ജിയോ പോൾ, ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ്ജ്, ഡോ. ഗോപകുമാർ എന്നിവരെ ആദരിച്ചു.

ടിജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എം പി, കെ ജെ മാക്സി എം.എൽ.എ, കൊച്ചി മേയർ വി കെ മിനിമോൾ, ഡിവിഷൻ കൗൺസിലർ കൃഷ്ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ കെ കെ ആശ, പബ്ലിക് ഹെൽത്ത് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത,  ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർ ഷാ,  അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വിദ്യ കെ ആർ , ഡി പി എം ഡോ. പ്രസ്ലിൻ ജോർജ്,   ഡെപൂട്ടി ഡി എം ഒ ഡോ ആരതി കൃഷ്ണൻ, ആർദ്രം നോഡൽ ഓഫീസർ ഡോ സജിത്ത് ജോൺ എന്നിവർ പങ്കെടുത്തു.
Reply all
Reply to author
Forward
0 new messages