കേരളത്തിൻ്റ അഭിമാന പ്രതീകമായി റിപ്പബ്ലിക് ദിന പരേഡിൽ കൊച്ചി വാട്ടർ മെട്രോ
എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിന പരേഡിൽ ആവേശ തിരമാലകൾ തീർക്കാൻ കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ. ജനുവരി 26 ന് കർത്തവ്യപഥിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സൈനിക ശക്തിയും സാങ്കേതിക പുരോഗതിയും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കപ്പെടുമ്പോൾ കേരളത്തിൻ്റെ അഭിമാന പ്രതീകമായി വാട്ടർ മെട്രോയും ഇടം നേടും.
കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിലെ ട്രെയ്ലര്‍ യൂണിറ്റിലാണ് ടെര്‍മിനലോടുകൂടിയ പൂര്‍ണ്ണ വലുപ്പത്തിലുള്ള വാട്ടര്‍ മെട്രോ ബോട്ട് പുന: സൃഷ്ടിച്ചിരിക്കുന്നത്.
കായലിനോട് ചേർന്നുകിടക്കുന്ന പത്ത് ദ്വീപുകളിലെ ജനങ്ങൾക്ക് സുഗമമായ യാത്രയൊരുക്കുന്ന ഈ പദ്ധതി, പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ മാതൃകയായാണ് അവതരിപ്പിച്ചിട്ടുള്ളത്.
വാട്ടർ മെട്രോയ്ക്ക് പുറമെ, സമൂഹത്തിന്റെ നാനാതുറകളിലുള്ള യാത്രക്കാരെയും, കേരളത്തിന്റെ ശുചിത്വ പരിപാലനത്തിൽ കരുത്തായി നിലകൊള്ളുന്ന 'ഹരിതകർമ്മ സേനയെയും' ഈ യൂണിറ്റിൽ ആവിഷ്കരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിൻ്റെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും നിശ്ചലദൃശ്യത്തിന്റെ ഭാഗമാണ്.
ട്രാക്ടര്‍ യൂണിറ്റില്‍ ഡിജിറ്റല്‍ സാക്ഷരതയുടെ ബ്രാന്‍ഡ് അംബാസഡറായ സരസുവിനെയാണ് ചിത്രികരിച്ചിരിക്കുന്നത്.
കേരളത്തിന്റെ സവിശേഷമായ സുഗന്ധവ്യഞ്ജനങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഗ്രാമീണ സൗന്ദര്യവും ഇതൊടൊപ്പം അവതരിപ്പിക്കുന്നു.
ഡിജിറ്റല്‍ സാക്ഷരതയിലൂടെ നേടുന്ന ജീവിതസമൃദ്ധിയെയാണ് പ്രതിപാദിക്കുന്നത്.
1996 മുതല്‍ പതിനാലാം തവണയാണ് റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഇടം നേടുന്നത്.
വിവിധ സംസ്ഥാനങ്ങൾ ഒരുക്കുന്ന 17 നിശ്ചലദൃശ്യങ്ങൾക്കൊപ്പം മന്ത്രാലയങ്ങളുടെ 13 ഫ്ലോട്ടുകളും ചേർന്ന് മൊത്തം മുപ്പത് ഫ്ലോട്ടുകൾ ഇന്ന് കർത്തവ്യപഥിൽ അണിനിരക്കും.
77-ാമത് റിപ്പബ്ലിക് ദിനം : വിപുലമായ ആഘോഷ പരിപാടികൾക്ക് ജില്ല ഒരുങ്ങി
രാജ്യം 77-ാമത് റിപ്പബ്ലിക് ദിനത്തെ വരവേൽക്കാനായി ഒരുങ്ങുമ്പോൾ വിപുലമായ ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ജില്ലയും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. മുന്നൊരുക്കങ്ങളുടെ ഭാഗമായി പരേഡിന്റെ രണ്ടാംഘട്ട പരിശീലനം നടന്നു.
കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്സലിൽ പോലീസ്,
സി കേഡറ്റ് കോപ്‌സ്, എക്സൈസ്, എൻസിസി, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, കസ്റ്റംസ് കേഡറ്റ് കോപ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുടെതുൾപ്പെടെ എട്ട് ആംമ്ഡ് പ്ലറ്റൂണുകളും 16 അൺ ആംമ്ഡ് പ്ലറ്റൂണുകളും പങ്കെടുത്തു.
കൂടാതെ സി കേഡറ്റ് കോപ്സ്,
കാരണക്കോടം സെൻ്റ് ജൂഡ്സ് ഇഎംഎച്ച് എസ്, പള്ളുരുത്തി ഒഎൽസിജി എച്ച്എസ് സ്റ്റുഡൻസ് പോലിസ് കേഡറ്റ്, മൂക്കന്നൂർ എസ്എച്ച് ഒഎച്ച്എസ്, തൃക്കാക്കര സെൻ്റ് ജോസഫ് ഇഎംഎച്ച്എസ് എന്നിവയിലെ ബാന്റുകളും
പരിശീലനത്തിന്റെ ഭാഗമായി.
ആഘോഷങ്ങളുടെ മുന്നോടിയായി അവസാനഘട്ട പരേഡ് പരിശീലനം ജനുവരി 24 (ശനിയാഴ്ച) രാവിലെ ഏഴിന് നടക്കും.
ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ 29 പ്ലറ്റൂണുകളിലായി ആയിരത്തോളം പേർ അണിനിരക്കും. രാവിലെ 8.35 ന് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല ആഘോഷ പരിപാടികൾ ആരംഭിക്കും.
ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേഷൻ
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് , സർട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്സിലേക്ക് ഇൻറ്റേൺഷിപ്പോടുകൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് +2 കഴിഞ്ഞവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫോൺ - 7994926081
കൊച്ചിയിൽ ഓട്ടോറിക്ഷകളിൽ മിന്നൽ പരിശോധന; 174 പേർക്കെതിരെ നടപടി, അന്യജില്ലാ വാഹനങ്ങളും പിടിയിൽ
നഗരത്തിൽ രാത്രികാലങ്ങളിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 174 പേർക്കെതിരെ നടപടി. ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ യാത്രക്കാരുടെ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക യുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
എറണാകുളം ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. എം.ജി റോഡ്, വൈറ്റില, സൗത്ത്-നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, ഹൈക്കോടതി ജംഗ്ഷൻ, കലൂർ-കതൃക്കടവ്, സ്റ്റേഡിയം ലിങ്ക് റോഡ് തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 365 ഓട്ടോറിക്ഷകൾ തടഞ്ഞുനിർത്തി പരിശോധിച്ചു. ഇതിൽ നിയമലംഘനം കണ്ടെത്തിയ 174 പേർക്കെതിരെ ഇ-ചല്ലാൻ തയ്യാറാക്കി പിഴ ചുമത്തി.
72 ഓട്ടോറിക്ഷകളും ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തിയിരുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നും പെർമിറ്റില്ലാതെ കൊച്ചിയിലെത്തി അനധികൃതമായി സർവീസ് നടത്തിയ 20 ഓട്ടോറിക്ഷകൾ പിടികൂടി. ഫിറ്റ്നസ് ഇല്ലാത്ത 15 ഓട്ടോകളും, ടാക്സ് അടക്കാത്ത 10 എണ്ണവും, ഇൻഷുറൻസ് ഇല്ലാത്ത ഒന്നും കണ്ടെത്തി. പെർമിറ്റ് കാലാവധി കഴിഞ്ഞ 12 ഓട്ടോകളും സർവീസ് നടത്തിയിരുന്നു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 7 പേർക്കെതിരെ കർശന നടപടി സ്വീകരിച്ചു. നമ്പർ പ്ലേറ്റ് ഇല്ലാത്ത 15 ഓട്ടോകളും, അമിത പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ച 10 ഓട്ടോകളും പിടിയിലായി.
കൊച്ചിയിൽ സ്ത്രീ സൗഹൃദ ഓട്ടോറിക്ഷാ സംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഉദ്യോഗസ്ഥർ ഡ്രൈവർമാരെ ബോധ്യപ്പെടുത്തി. ഡ്രൈവർമാർ നിയമം അനുശാസിക്കും വിധം സുരക്ഷിതമായും സ്ത്രീ സൗഹാർദ്ദപരമായും സർവീസ് നടത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കൂടിയാണ് പരിശോധന സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും രാത്രികാല പരിശോധനകൾ കർശനമായി തുടരുമെന്ന് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആലുവ പോസ്റ്റ് മെട്രിക് ബോയ്‌സ് ഹോസ്റ്റലിലേക്ക് പട്ടിക ജാതി /പട്ടികവർഗം/ മറ്റർഹ / ജനറൽ വിഭാഗം ഒഴിവുകളിൽ പോസ്റ്റ് മെട്രിക് വകുപ്പിൻ്റെ ഇ ഗ്രാൻഡ് ആനുകൂല്യം ലഭിക്കുന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ( പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പാൾ ഓപ്പോടു കൂടി ) ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പഠിക്കുന്ന സ്ഥാപനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണെങ്കിൽ ട ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രവും സഹിതം ജനുവരി 31 വൈകിട്ട് 5 ന് മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ആലുവ പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ് .
അഭിമുഖം
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈ സ്കൂൾ ടീച്ചർ ഹിന്ദി (ഡയറക്റ്റ് റിക്രൂട്ട്മെന്റ്) (കാറ്റഗറി No.604/2024) തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം ജനുവരി 28, 29, 30 തിയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിൽ നടത്തുന്നതാണ്. രാവിലെ 09.30 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 07.30 നും, ഉച്ചയ്ക്ക് 12.00ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷൻ അതത് ദിവസം രാവിലെ 09.30 നും നടക്കും. അസ്സൽ പ്രമാണങ്ങൾ, ഒ ടി വി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് ബന്ധപ്പെട്ട ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.