പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ അദാലത്ത് : എയ്ഡഡ് മേഖലയിലെ 382 പരാതികൾക്ക് തീർപ്പ്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്കൂൾ സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് നടത്തിയ അദാലത്തിൽ 382 പരാതികൾക്ക് പരിഹാരം.
ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളുമായി ബന്ധപ്പെട്ട്
എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ഫയൽ അദാലത്തിൽ ആകെ 944 അപേക്ഷകളാണ് ലഭിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി,പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ്
എന്നിവർ അദാലത്തിന് നേതൃത്വം നൽകി
99 അപേക്ഷകളിൽ ഉടൻ തീർപ്പുകൽപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾ ആവശ്യമായ 424 അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകൾക്ക് കൈമാറി. മറ്റുള്ള 39 അപേക്ഷകളിലും പ്രത്യേക പരിശോധനകൾ നടന്നു വരികയാണ്.
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആർ.എസ് ഷിബു,അഡീഷണൽ ഡയറക്ടർ (അക്കാദമിക്) സി.എ സന്തോഷ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡി.മിനിമോൾ ,ഹയർ സെക്കൻഡറി വിഭാഗം ജോയിന്റ് ഡയറക്ടർ (അക്കാദമിക്) ഡോ.എസ് ഷാജിത,വി.എച്ച്.എസ്.ഐ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലിസി ജോസഫ് എന്നിവരും അദാലത്തിന് നേതൃത്വം നൽകി.
വടക്കൻ ജില്ലകളായ കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവയ്ക്കായുള്ള അദാലത്ത് ജനുവരി 29 ന് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9 ന് നടക്കും.
കേരളം പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ സംസ്ഥാനം: ജില്ലാ കളക്ടർ
കേരളം ടൂറിസത്തിന് പ്രസിദ്ധി നേടാനുള്ള പ്രധാന കാരണം സംസ്ഥാനത്തിന്റെ അനുഗ്രഹീതമായ പ്രകൃതി സൗന്ദര്യമാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും( ഡി ടി പി സി), ഇന്ത്യ ടൂറിസം കൊച്ചിയും , ഫ്യൂച്ചർ വിങ്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ടൂറിസം സ്റ്റുഡന്റ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടർ.
കടൽത്തീരങ്ങൾ, മലനിരകൾ, നദികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയാണ് നമുക്കുള്ളത്. കേരളത്തിന്റെ ടൂറിസം മേഖല നിരവധി ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലും പ്രകൃതി സൗന്ദര്യമുള്ള സ്ഥലങ്ങൾ ഉണ്ടെങ്കിലും വിനോദസഞ്ചാരികൾ കേരളം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം കേരളത്തിന്റെ ശുചിത്വവും, ശാന്തതയും, പൗരബോധവും, സ്ത്രീ സുരക്ഷയുമാണെന്ന് കളക്ടർ പറഞ്ഞു.
250 ഓളം കുട്ടികൾ പങ്കെടുത്ത സെമിനാറിൽ അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ചു നടത്തിയ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
24 മുറി കോളനി നിവാസികൾക്കു പട്ടയം അനുവദിച്ചു
എറണാകുളം നിയോജകമണ്ഡലത്തിലെ എറണാകുളം വില്ലേജിലെ സർവേ നമ്പർ 75/6, 75/7 എന്നിവയിൽ ഉൾപ്പെട്ട 27.43 ആർ ഭൂമിയിൽ താമസിച്ചു വരുന്ന പാരഡൈസ് നഗർ (24 മുറിനഗർ) നിവാസികളായ 44 കൈവശക്കാർക്ക് പട്ടയം അനുവദിച്ചതായി ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.
1995-ലെ മുനിസിപ്പൽ കോർപ്പറേഷൻ ഏരിയകളിലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 21 (ii) പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ പ്രത്യേക അധികാരം വിനിയോഗിച്ചാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. മുൻപ് വരുമാന പരിധി കൂടുതലാണ് എന്ന ലാൻഡ് & റവന്യു കമ്മീഷണർ റിപ്പോർട്ടിനെ തുടർന്ന് താമസക്കാർക്ക് പട്ടയം ലഭികാത്തിരുന്ന സാഹചര്യത്തിൽ താമസക്കാരുടെ യഥാർത്ഥ ശോ ച്യാവസ്ഥ എം.എൽ.എ
വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൾപ്പെടുത്തിയിരുന്നു.
തുടർന്ന് വരുമാനപരിധി ഇളവ് അനുവദിച്ചു ഭൂമി പതിവ് നൽകുന്നതിനായി എറണാകുളം ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ്ഗ പോഷകത്തോട്ടം: കാമ്പയിനുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക കാമ്പയിനുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ. 14 ജില്ലകളിലുമായി 4500 പഴവർഗ്ഗ പോഷകത്തോട്ട യൂണിറ്റുകൾ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഒരു കാർഷിക പദ്ധതി എന്നതിലുപരി, കാമ്പസുകളിൽ വ്യാപകമാകുന്ന ലഹരി ഉപയോഗം പോലെയുള്ള അനാരോഗ്യ ശീലങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തരാക്കി, പ്രകൃതിയോടും കൃഷിയോടും സംസ്കാരത്തോടും അവരെ ചേർത്തു നിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം ഇത് . ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകൾ വീതം നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഹയർ സെക്കന്ററി സെക്കന്ററി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
സംസ്ഥാന കൃഷിവകുപ്പിൻ്റെ "പോഷക സമൃദ്ധി മിഷൻ്റെ ഭാഗമായി, ഹോർട്ടിക്കൾച്ചർ മിഷൻ നടപ്പിലാക്കി വരുന്ന "രാഷ്ട്രീയ കൃഷിവികാസ് യോജന പഴവർഗ പോഷകതോട്ട പദ്ധതി"യിൽ ഉൾപ്പെടുത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഗ്രീൻ കേഡറ്റ് കോർപ്സ് തുടങ്ങിയ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുറഞ്ഞത് 10 സെൻ്റ് കൃഷിഭൂമിയെങ്കിലും ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിനു പരമാവധി 5 യൂണിറ്റുകൾ വരെ (50 സെൻ്റ്) അനുവദിക്കും. മാവ്, പ്ലാവ്, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവർഗ ഇനങ്ങൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും. ഇതിനാവശ്യമായി വരുന്ന പഴവർഗ തൈകൾ സൗജന്യമായി വിതരണം ചെയ്യും. സംസ്‌ഥാന ഹോർട്ടിക്കൾച്ചർ മിഷൻ്റെയും കൃഷിവകുപ്പിൻ്റെയും അനുയോജ്യമായ മറ്റു പദ്ധതികളെക്കൂടി സംയോജിപ്പിച്ചായിരിക്കും നടപ്പിലാക്കുന്നത്.
വിദ്യാർത്ഥികൾക്കൊപ്പം പദ്ധതിക്ക് നേതൃത്വം നൽകുവാൻ കർമനിരതനായ അധ്യാപകരുടെയോ മാനേജ്മെന്റ് പ്രതിനിധികളുടെയോ സേവനവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കും. 2026 ഫെബ്രുവരി ആദ്യം കാമ്പയിൻ ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ഹോർട്ടിക്കൾച്ചർ മിഷനുമായോ കൃഷിഭവനുകളുമായോ ബന്ധപ്പെടാവുന്നതാണ്
കേന്ദ്ര സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം*
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,മോണ്ടിസ്സോറി & പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഒരു വർഷം, ആറു മാസം കോഴ്‌സുകളിലേക്ക് എസ് എസ് എൽ സി / പ്ലസ്ടു/ ഡിഗ്രീ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
ഫോൺ: 7994449314
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം
മഹാരാജാസ് കോളേജിൽ 2012-13 അധ്യയന വർഷം മുതൽ 2022 -23 അധ്യയന വർഷം വരെയുള്ള കാലയളവിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ 2026 മാർച്ച് മാസം 23 ന് മുൻപായി കോളേജുമായി ബന്ധപ്പെട്ട് കോഷൻ ഡെപ്പോസിറ്റിനുള്ള അപേക്ഷ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം നൽകേണ്ടതാണ്. നിശ്ചിത തിയതിക്കുള്ളിൽ അപേക്ഷ നൽകാത്തവരുടെ കോഷൻ ഡെപ്പോസിറ്റ് സർക്കാരിലേക്ക് അടയ്ക്കുന്നതാണ്.
റാങ്ക് പട്ടിക റദ്ദായി*
ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ - കാറ്റഗറി 551/2021) റാങ്ക് പട്ടിക റദ്ദായി. 2024 സെപ്റ്റംബർ 11-ന് നിലവിൽ വന്ന പട്ടികയിലെ മുഖ്യപട്ടികയിലുള്ള അവസാന ഉദ്യോഗാർത്ഥിയെയും 2026 ജനുവരി 1-ന് നിയമന ശിപാർശ ചെയ്തതോടെയാണ് പട്ടിക നിലവിലില്ലാതായത്. അവസാന നിയമനത്തിന് ആധാരമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത 2025 ഡിസംബർ 18 പ്രാബല്യത്തിലാണ് റാങ്ക് പട്ടിക റദ്ദാക്കപ്പെട്ടത്.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെൻഡ്രൽ ഉടൻ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ കരിയർ ഓറിയന്ററേഷൻ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്സണാലിറ്റി ഡവലപ്മെന്റ് (2 മാസം, യോഗ്യത പ്ലസ്സ് 2), ഐറ്റി എനേബിൾഡ് ട്രെയിനിംഗ് (ഒരാഴ്ച, യോഗ്യത 8 ക്ലാസ്സ്) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാം.
കൂടാതെ ഏകദിന ശില്പശാലകളായ ബേസിക് എഐ വർക്ക് ഷോപ്പ്, അഡ്വാൻസ്‌ഡ് എ ഐ വർക്ക് ഷോപ്പ്, എ ഐ റ്റൂൾസ് ഫോർ സ്കൂൾ സ്റ്റുഡൻറ്സ്, ഫ്രീ ആൻറ് ഓപൺ സോഴ്സ് സോഫ്റ്റ്വെയർ, അഡ്വാൻസ്‌ഡ് എം എസ് എക്സൽ എന്നിവയും ലഭ്യമാണ്.
ഫോൺ:
8547005087, 04712050612
9496395544.
സർട്ടിഫിക്കറ്റ് ഇൻ യോഗ (CYA) പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം.