ലിറ്റിൽകൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കംകേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ്‌സ് ഐ.ടി. ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ഉപജില്ലാതല ദ്വിദിന ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി.
ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നതെങ്ങനെയെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നേരിട്ട് മനസ്സിലാക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഇതിനായി കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കുന്ന പ്രോട്ടോടൈപ്പുകൾ പ്രോഗ്രാമിങ്ങിലൂടെ ഓരോ കുട്ടിയും ക്യാമ്പിൽ തയ്യാറാക്കുന്നുണ്ട്. ജില്ലയിലെ 211 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി ആകെ 6,624 അംഗങ്ങളാണുള്ളത്.
സ്കൂൾതല ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,387 കുട്ടികളാണ് ജില്ലയിലെ 14 ഉപജില്ലകളിലായി നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കുന്നത്.
ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകളുള്ള മുഴുവൻ ഹൈസ്കൂളുകൾക്കും നിലവിലുള്ള റോബോട്ടിക്സ് കിറ്റുകൾക്ക് പുറമെ അഡ്വാൻസ്ഡ് റോബോട്ടിക്സ് കിറ്റുകൾ ജനുവരി മാസത്തിൽ തന്നെ ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്
പറഞ്ഞു.
കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ കൂടാതെ അനിമേഷൻ മേഖലയിലും കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഓപ്പൺ ട്യൂൺസ്, ബ്ലെൻഡർ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഷോർട്ട് വീഡിയോകൾ തയ്യാറാക്കാനും ക്യാമ്പിൽ അവസരമുണ്ടാകും. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾ ജനുവരി മൂന്നിന് സമാപിക്കും.
ഹോർട്ടികൾച്ചർ മിഷൻ ധനസഹായം: അപേക്ഷകൾ ക്ഷണിച്ചുസംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കും കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്നു. ഫാം ഗേറ്റ് പാക്ക് ഹൗസ്, പ്രൈമറി/മിനിമൽ പ്രോസസ്സിംഗ് യൂണിറ്റുകൾ, റീഫർ വാനുകൾ, കോൾഡ് ചേമ്പറുകൾ, കോൾഡ് റൂമുകൾ, സോളാർ ഡ്രയർ, ചെറുകിട-ഹൈടെക് നഴ്സറികൾ തുടങ്ങിയവക്കാണ് പ്രോജക്ട് അടിസ്ഥാനത്തിൽ സഹായം ലഭിക്കുക. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച 'ക്രെഡിറ്റ് ലിങ്ക്ഡ് ബാക്ക് എൻഡഡ്' സബ്‌സിഡി രീതിയിലാണ് ധനസഹായം അനുവദിക്കുന്നത്.കൂടാതെ, ഉന്തുവണ്ടികൾ, ആന്റി ബേർഡ്-ആന്റി ഹയിൽ നെറ്റുകൾക്കായുള്ള സ്ഥിരം സംവിധാനങ്ങൾ, സംരക്ഷിത കൃഷി രീതികളായ പോളി ഹൗസ്, മഴമറ, തണൽവല മറകൾ എന്നിവക്കും സഹായമുണ്ട്.
ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫാൻ ആൻഡ് പാഡ് സിസ്റ്റം, ഹൈഡ്രോപോണിക്സ്, എറോപോണിക്സ്, സെൻസർ ബേസ്ഡ് ഓട്ടോമേഷൻ സിസ്റ്റംസ്, സർക്കുലേഷൻ ഫാനുകൾ, ജലസംഭരണികൾ എന്നിവക്കും ഹോർട്ടികൾച്ചർ മിഷൻ സാമ്പത്തിക സഹായം നൽകും. അപേക്ഷകൾ അതത് കൃഷിഭവനുകളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കുമായി
www.nhm.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.