ക്യാൻസർ ചികിത്സയിൽ കേരളത്തിന്റെ കുതിപ്പ്;കൊച്ചിൻ ക്യാൻസർ സെന്റർ ഉടൻ നാടിന് സമർപ്പിക്കുംലോകമെമ്പാടുമുള്ള ജനങ്ങൾ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒന്നാണ് 'കേരള മോഡൽ' പൊതുജനാരോഗ്യം. ആ പാരമ്പര്യത്തിന് മാറ്റുകൂട്ടിക്കൊണ്ട്, മധ്യകേരളത്തിന്റെ ചികിത്സാ ഭൂപടം മാറ്റിമറിക്കാൻ സജ്ജമായിരിക്കുകയാണ് കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ സെന്റർ.ക്യാൻസർ എന്ന മഹാവ്യാധിയോട് പൊരുതുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസത്തിന്റെ തണലാകാൻ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതി, വെറുമൊരു ആശുപത്രി എന്നതിലുപരി ലോകോത്തര പഠന-ഗവേഷണ കേന്ദ്രം കൂടിയായി മാറുകയാണ്.
ലോകോത്തര സൗകര്യങ്ങൾ ഒരു കുടക്കീഴിൽ
ഏകദേശം 384.34 കോടി രൂപ മുടക്കി നിർമ്മിച്ച കൊച്ചിൻ ക്യാൻസർ സെന്റർ, സൗകര്യങ്ങളുടെ കാര്യത്തിൽ സ്വകാര്യ മേഖലയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്നതാണ്.
100 കിടക്കകൾ: ഒരേസമയം നൂറ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള വിപുലമായ സജ്ജീകരണം.
5 അത്യാധുനിക തിയേറ്ററുകൾ: സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി സജ്ജീകരിച്ച 5 ഓപ്പറേഷൻ തിയേറ്ററുകൾ. ഇതിൽ ഒന്ന് ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം
മാറ്റിവെച്ചിട്ടുണ്ട്.
ചികിത്സയ്ക്കൊപ്പം ഗവേഷണത്തിനും ഊന്നൽ
മറ്റു ക്യാൻസർ സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്.
ഗവേഷണ കേന്ദ്രം: ഗവേഷണ ആവശ്യങ്ങൾക്കായി മാത്രം 10,000 ചതുരശ്ര അടി സ്ഥലം.
സ്റ്റാർട്ടപ്പ് ഹബ്ബ്:ക്യാൻസർ ഗവേഷണവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഇടം.
ആശ്വാസമായി കൂടുതൽ തസ്തികകൾ
സെന്റർ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതിന്റെ ഭാഗമായി 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളുമാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ക്യാൻസർ ചികിത്സാ രംഗത്തെ വിദഗ്ധരായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ വലിയൊരു നിര തന്നെ സെന്ററിൽ ലഭ്യമാകും. ഇത് രോഗികൾക്ക് മികച്ച പരിചരണവും വേഗത്തിലുള്ള ചികിത്സയും ഉറപ്പാക്കാൻ സഹായിക്കും.
ക്യാൻസർ എന്ന വാക്ക് കേൾക്കുമ്പോൾ പകച്ചുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കോ അന്യസംസ്ഥാനങ്ങളിലേക്കോ ഉള്ള ദൂരയാത്രകളും വൻകിട ആശുപത്രികളിലെ ഭീമമായ ചികിത്സാ ചിലവുകളും പല കുടുംബങ്ങളെയും തളർത്തിയിരുന്നു. മധ്യകേരളത്തിലെ രോഗികൾക്ക് ഇനി വിദഗ്ധ ചികിത്സയ്ക്കായി കിലോമീറ്ററുകൾ താണ്ടേണ്ടി വരില്ല. രോഗനിർണ്ണയം മുതൽ ഗവേഷണം വരെ ഒരു കുടക്കീഴിൽ അണിനിരക്കുമ്പോൾ, ക്യാൻസറിനെതിരായ പോരാട്ടത്തിൽ കേരളം ലോകത്തിന് തന്നെ വഴികാട്ടിയാവുകയാണ്.
അത്യാധുനിക യന്ത്രസാമഗ്രികൾക്കൊപ്പം പുതുതായി നിയോഗിക്കപ്പെടുന്ന 159 ഓളം ആരോഗ്യപ്രവർത്തകരുടെ കരുതൽ കൂടി ചേരുന്നതോടെ കൊച്ചിൻ ക്യാൻസർ സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. സാമ്പത്തിക പ്രയാസങ്ങൾ ചികിത്സയ്ക്ക് തടസ്സമാകരുത് എന്ന സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ പൂവണിയുന്നത്.
ക്യാൻസറിനെ തോൽപ്പിച്ച്, ജീവിതത്തെ തിരിച്ചുപിടിക്കാൻ ഇനി മലയാളിക്കൊപ്പം ഈ കരുത്തുറ്റ ചികിത്സാ സംവിധാനമുണ്ടാകും.വരും തലമുറയ്ക്ക് രോഗരഹിതമായ ഒരു നാളെയെ വാഗ്ദാനം ചെയ്തുകൊണ്ട് സി.സി.ആർ.സി ഉടൻ വാതിൽ തുറക്കുമ്പോൾ, അത് കേരളത്തിന്റെ ആരോഗ്യചരിത്രത്തിലെ സുവർണ്ണ അധ്യായമാകും.
നേരത്തെയുള്ള രോഗ നിർണ്ണയം കുഷ്ഠരോഗ ചികിത്സയിൽ പ്രധാനം : ജില്ലാ കളക്ടർ
കുഷ്ഠ രോഗം ആർക്കും വരാവുന്ന രോഗമാണെന്നും
കുഷ്ഠരോഗം മൂലമുള്ള അംഗവൈകല്യം ഉണ്ടാകുന്നത് തടയുന്നതിനും രോഗപകർച്ച ഒഴിവാക്കുന്നതിനും നേരത്തെയുള്ള രോഗനിർണയം പ്രധാനമാണെന്നും ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു.
അശ്വമേധം 7.0 കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു ജില്ലാ കളക്ടർ.
പോസ്റ്റർ രചനാ മത്സരത്തിൽ ശുചീന്ദ്ര സ്കൂൾ ഓഫ് നഴ്സിങ്, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് പള്ളുരുത്തി , ഗവ. സ്കൂൾ ഓഫ് നഴ്സിങ് എറണാകുളം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ആശാ പ്രവർത്തകരും നഴ്സിങ്ങ് വിദ്യാർത്ഥികളും ബോധവത്കരണ സ്കിറ്റ് , ഫ്ളാഷ് മോബ് , എക്സിബിഷൻ എന്നിവ അവതരിപ്പിച്ചു.
കുഷ്ഠരോഗം നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 7 മുതൽ ജനുവരി 20 വരെ ആരോഗ്യ വകുപ്പ് അശ്വമേധം 7.0 എന്ന ക്യാമ്പയിൻ നടപ്പിലാക്കുന്നത്. പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൻ പരിശീലനം ലഭിച്ച ഒരു ആശ പ്രവർത്തകയും, പുരുഷ വോളണ്ടിയറും അടങ്ങുന്ന ടീം വീടുകളിലെത്തി പ്രാഥമിക ത്വക്ക് പരിശോധന നടത്തും. 2415 ടീമുകളെ ഇതിനായി ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. എൽ. ഷീജ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡി എം ഒ & ജില്ലാ ലെപ്രസി ഓഫീസർ ഡോ കെ. ആർ. വിദ്യ, അഡീഷണൽ ഡി എം ഒ
ഡോ കെ. കെ. ആശ , ആർ സി എച്ച് ഓഫീസർ ഡോ രശ്മി എം എസ്,
ജനറൽ ആശുപത്രി സൂപ്രണ്ട്
ഡോ ഷാഹിർഷാ എന്നിവർ പങ്കെടുത്തു.
ജില്ലാതല കേരളോത്സവം ജനുവരി 20 മുതൽ 25 വരെ
സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ജനുവരി 20 മുതൽ 25 വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കും.
ജില്ലയിലെ നഗരസഭകളിൽ നിന്നും കൊച്ചി കോർപ്പറേഷനിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമായി അയ്യായിരത്തോളം കലാകായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും.
കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. എം. ഷെഫീഖ് ഷെഡ്യൂൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിൻ്റാ ജേക്കബ്, അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ പ്രജുഷ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, നഗരസഭ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കായിക അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചെയർമാനും സെക്രട്ടറി ജനറൽ കൺവീനറുമായി 101 അംഗ സംഘാടക സമിതിയേയും യോഗം തിരഞ്ഞെടുത്തു.
ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജനുവരിയിൽ ആരംഭിക്കുന്ന വിവിധ ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.രണ്ട് വർഷം, ഒരു വർഷം, ആറ് മാസം എന്നിങ്ങനെ ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്കാണ് അവസരം.ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ.
ഫോൺ : 7994449314
അപേക്ഷ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്‌ട് ഓഫീസ് പരിധിയിലെ 95-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്‌തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൊച്ചി കോർപ്പറേഷനിലെ 7-ാം ഡിവിഷനിൽ സ്ഥിരതാമസക്കാരും എസ്.എസ്.എൽ.സി പാസ്സായവരുമായിരിക്കണം അപേക്ഷകർ.സേവന തൽപ്പരതയും മതിയായ ശാരീരിക ക്ഷമതയുമുള്ള 18-നും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.താൽപര്യമുള്ളവർ ജനുവരി 17-ന് വൈകീട്ട് 5 ന് മുമ്പായി മങ്ങാട്ടുമുക്കിലുള്ള കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484 - 2227284
ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പുതുതായി നിർമ്മിച്ച ആൺകുട്ടികൾക്കായുള്ള പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ കെട്ടിടം ശുചീകരിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.ജനുവരി 12 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം.
ഫോൺ : 0484 2422256
മഹാരാജാസ് കോളേജ് കെമിസ്ട്രി വിഭാഗം പൂർവ്വവിദ്യാർത്ഥി സംഗമം ‘ റീബോണ്ട് 2026 ‘ ജനുവരി 10 ന്
മഹാരാജാസ് കോളേജ് 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രസതന്ത്ര വിഭാഗം സംഘടിപ്പിക്കുന്ന മെഗാ അലൂമിനി മീറ്റ് ‘ റീ ബോണ്ട് 2026 ‘ ജനുവരി 10 ന് രാവിലെ 10-ന് കെമിസ്ട്രി ഗാലറിയിൽ നടക്കും.വി എസ് എസ് സി മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എൻ. നൈനാൻ,പ്രമുഖ അർബുദരോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ, ശാന്തി സ്വരൂപ് ഭട്‌നഗർ പുരസ്‌കാര ജേതാവ് പ്രൊഫ. സുബി ജേക്കബ് ജോർജ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും.
എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഐ.ഐ.ഐ.സി.യിൽ ഡ്യൂവൽ സർട്ടിഫിക്കേഷനും ജോലിയും
സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ബി.ടെക് അവസാന വർഷ വിദ്യാർത്ഥികൾക്കായി 'ഡ്യൂവൽ സർട്ടിഫിക്കേഷൻ' പദ്ധതി പ്രഖ്യാപിച്ചു. ആറാം സെമസ്റ്റർ വരെ ബാക്ക്‌ലോഗ് ഇല്ലാത്ത എട്ടാം സെമസ്റ്റർ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിദ്യാർത്ഥികൾക്കാണ് അവസരം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ സർട്ടിഫിക്കറ്റും മുൻനിര കമ്പനികളിൽ നേരിട്ടുള്ള തൊഴിൽ നിയമനവും ലഭിക്കും. ആറുമാസം ദൈർഘ്യമുള്ള പരിശീലനത്തിൽ നാലുമാസം ഇൻസ്റ്റിറ്റ്യൂട്ടിലും രണ്ടുമാസം പ്രമുഖ കമ്പനികളിലുമാണ് പ്രായോഗിക പരിശീലനം നൽകുന്നത്. സിവിൽ വിഭാഗത്തിന് ബിം, ക്വാണ്ടിറ്റി സർവേയിംഗ് തുടങ്ങിയ മേഖലകളിലും, മെക്കാനിക്കൽ/ഇലക്ട്രിക്കൽ വിഭാഗത്തിന് എം.ഇ.പി. സിസ്റ്റം ആൻഡ് ഫെസിലിറ്റി മാനേജ്‌മെന്റിലുമാണ് പരിശീലനം.കൂടുതൽ വിവരങ്ങൾക്ക്
www.iiic.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ :
8078980000കണക്ട് ടു വർക്ക്: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ ഭാഗമായി നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് അർഹരായവർക്ക്
eemployment.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.