തിരഞ്ഞെടുപ്പ് ബോധവൽക്കരണം : വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് ജില്ലാ കളക്ടർ
തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ ജി പ്രിയങ്കയും സ്വീപ് നോഡൽ ഓഫീസർ കൂടിയായ അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാറും കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് വോട്ടർമാരുമായി സംവദിച്ചു.
മാർച്ച് 28ന് വൈകിട്ട് 5 ന് ഹൈക്കോർട്ട് വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്നും ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിലേക്കായിരുന്നു യാത്ര.
ഏപ്രിൽ ഒമ്പതിന് ജില്ലയിലെ പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കുക എന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. അതിനായി സമ്മതിദായകരെ നേരിട്ട് കണ്ട് വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയാണ് മെട്രോ യാത്രയിലൂടെ ഉദ്ദേശിക്കുന്നത്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പറഞ്ഞു.
തുടർന്ന് ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, ക്യാപ്റ്റൻസ് എൻ.ജി.ഒ ഡ്യൂറാവിറ്റ് എന്നിവർ സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി ഫോർട്ട് കൊച്ചിയിൽ സംഘടിപ്പിച്ച ട്രാഷ് ഹണ്ടിൻ്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ കളക്ടർ വിതരണം ചെയ്തു.
കോളേജ് വിദ്യാർത്ഥികൾക്ക് ഇലക്ഷൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനുശേഷം വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അരങ്ങേറി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജെൻ സി വോട്ടു പാട്ടിനാണ് വിദ്യാർഥികൾ ചുവടുവെച്ചത്.
പാചകവാതക വിതരണം:ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു
പാചകവാതക വിതരണ രംഗത്ത് നിലവിൽ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിന് ജില്ലയിൽ ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ കളക്ടർ ജി പ്രിയങ്ക അധ്യക്ഷയായ കമ്മിറ്റിയിൽ ജില്ലാ സപ്ലൈ ഓഫീസർ എസ് ആർ സ്മിത കൺവീനറാണ്.
ഗാർഹിക ആവശ‍്യത്തിനുളള സിലിണ്ടറുകളുടെ വിതരണം സുഗമമായി നടക്കുന്നു. വ‍്യാവസായിക ആവശ‍്യത്തിനുളള സിലിണ്ടറുകളുടെ വിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട് എന്ന് പാചകവാതക രംഗത്തെ പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റി യോഗം അറിയിച്ചു.
www.lpgtrackerkerala.in എന്ന ആപ്ലിക്കേഷൻ വഴിയല്ലാതെ സിലിണ്ടർ ബുക്കിംഗ് അനുവദിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കുന്നവർ കൺസ‍്യൂമർ നമ്പർ, ഏജൻസിയുടെ പേര്, സ്ഥാപനത്തിൻ്റെ പേര്, സ്ഥാപനത്തിൻെറ ചെറിയ വിവരണം എന്നിവ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കും. ജില്ലയിലെ കൺട്രോൾ റൂമിൽ സിലിണ്ടറുകൾ ലഭിക്കുന്നതിനായി 3296 അപേക്ഷകൾ ലഭിച്ചതിൽ കൺസ‍്യൂമർ നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത 1884 അപേക്ഷകൾ ഒഴികെ ബാക്കി അപേക്ഷകൾ പരിഹരിച്ചു.
ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, കമ്മ‍്യൂണിറ്റി കിച്ചണുകൾ, വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, പൊതു ശ്മശാനം എന്നിവയ്ക്കാണ് വാണിജ‍്യ സിലിണ്ടർ വിതരണത്തിൽ മുൻഗണന നൽകുന്നത്.
പാചകവാതക സിലിണ്ടറുകളുടെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിന് ഒമ്പത് പരിശോധന സ്ക‍്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ എൽ.പി.ജി യ്ക്ക് പകരം പി.എൻ.ജി സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു എന്നും യോഗം അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ്: ബി.എൽ.ഓമാരുമായി ജില്ലാ കളക്ടർ സംവദിച്ചു
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാരെ ബൂത്തുകളിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം നേടുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക ബൂത്ത് ലെവൽ ഓഫീസർമാരുമായി (ബി. എൽ. ഒ) സംവദിച്ചു.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വോട്ടർമാരുമായി ഏറ്റവുമധികം അടുത്തിടപഴകാൻ സാധിച്ചവരാണ് ബി.എൽ.ഒ മാർ. പരമാവധി വോട്ടർമാരെ ബൂത്തുകളിലേക്ക് കൊണ്ടുവരുന്നതിനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. അതിന് ബി. എൽ.ഒമാരുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലെ ഏകദേശം 762 ഓളം ബി.എൽ.ഒമാരുമായാണ് ജില്ലാ കളക്ടർ ആശയവിനിമയം നടത്തിയത്. തിരഞ്ഞെടുപ്പ് ജോലിയുടെ പ്രാധാന്യത്തെ കുറിച്ചും,ഹോം വോട്ടിങിനെ കുറിച്ചുമെല്ലാം ജില്ലാ കളക്ടർ വിശദീകരിച്ചു.
എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ നടന്ന യോഗത്തിൽ അതത് നിയോജകമണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാരും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.