ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാമ്പസിനുള്ളിലെ വാട്ടർ ടാങ്കുകൾ വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 12 ഉച്ചയ്ക്ക് രണ്ടിനുള്ളിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിൻ്റെ പേരിൽ തപാലിലോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484- 2754000
തൊഴിൽ മേള
ഐഎച്ച്ആർഡിയുടെ തിരുവനന്തപുരം റീജണൽ സെന്ററിന്റെയും ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ജനുവരി മൂന്ന് രാവിലെ 10 ന് തൊഴിൽമേള നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471- 2550612,
8547005087, 9400519491
വാക്ക് ഇൻ ഇൻ്റർവ്യൂ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എതിക്സ് ആൻഡ് പ്രോട്ടോകോൾസിൽ (ഐസിആർഇപി) ബിരുദം, ബിരുദാനന്തര ബിരുദം പ്രോഗ്രാമുകളിൽ അധ്യാപനത്തിനായി നിയമവിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യു ജി സി) നിർദേശിച്ച യോഗ്യതകൾ ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോമും സഹിതം ജനുവരി 9 രാവിലെ 10 ന് കുസാറ്റ് ഐ സി ആർ ഇ പി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. അപേക്ഷയും മറ്റ് വിവരങ്ങൾക്കും
www.icrep.cusat.ac.in/news എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ:
8078019688തീയതി നീട്ടി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെമെൻ്റിൻ്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിവിധ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ , 2 സെമസ്റ്റർ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്, 2 സെമസ്റ്റർ), ഡാറ്റ എൻട്രി ടെക്നിക്സ് ആൻ്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി. ഒ എ ,2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ,1 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
( സി.സി.എൽ.ഐ. എസ്,1 സെമസ്റ്റർ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്
www.ihrdadmissions.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ:
8547005000
പിഴയല്ല, പ്രചോദനം - ഹെൽമറ്റ് നിയമം പാലിച്ച കുടുംബത്തെ അഭിനന്ദിച്ച് ജില്ലാകളക്ടറും ആർടിഒയും
റോഡ് സുരക്ഷാ നിയമങ്ങൾ അവഗണിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഹെൽമറ്റ് നിയമം കൃത്യമായി പാലിച്ച് മാതൃകയായ കുടുംബത്തെ അഭിനന്ദിച്ച് ജില്ലാ കളക്ടറും മോട്ടോർ വാഹന വകുപ്പും.
ഓഫിസിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്കൂട്ടറിൽ കുട്ടികളടക്കം ഹെൽമറ്റ് ധരിച്ച് സഞ്ചരിച്ചിരുന്ന കുടുംബത്തെ എറണാകുളം എൻഫോസ്മെൻ്റ് ആർ ടി ഓ ബിജു ഐസക്ക് ശ്രദ്ധിക്കുന്നത്. പലരും ഹെൽമറ്റ് നിയമം ഒഴിവാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, കുട്ടികളടക്കം മൂവരും സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് യാത്ര നടത്തിയിരുന്നത്. ഈ ഉത്തരവാദിത്തപരമായ സമീപനം അഭിനന്ദനാർഹമാണെന്ന് വിലയിരുത്തിയ ആർടിഒ, കുടുംബത്തെ ഓഫീസിലേക്ക് ക്ഷണിച്ചു.
തുടർന്ന് നിയമങ്ങൾ പാലിച്ചതിന് കുട്ടികൾക്ക് മിഠായികൾ നൽകി പ്രോത്സാഹിപ്പിക്കുകയും, റോഡ് സുരക്ഷയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
ഈ സമയം കളക്ടറേറ്റിലേക്ക് പതിവുപോലെ എത്തിയ ജില്ലാകളക്ടർ ജി പ്രിയങ്കയെ ഇക്കാര്യം അറിയിച്ചു.
ജില്ലാകളക്ടർ കുടുംബത്തെ അഭിനന്ദിക്കുകയും ഇത്തരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന നല്ല മാതൃകകൾ സമൂഹത്തിൽ കൂടുതൽ പ്രചരിക്കേണ്ടതുണ്ടെന്നും, ഇപ്രകാരം മാതൃകാപരമായി പ്രവർത്തിക്കുന്ന കുട്ടികളിലാവണം നാളെയുടെ ഭാവി എന്നും പറഞ്ഞു.
നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾ കുട്ടികളിലും, മുതിർന്നവരിലും റോഡ് സുരക്ഷാ അവബോധം വർദ്ധിപ്പിക്കുമെന്നും, സമൂഹത്തിന് നല്ല സന്ദേശം നൽകുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
റോഷ്നി പദ്ധതി: പ്രത്യേക അവലോകനയോഗം ചേർന്നു
ജില്ലയിലെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച റോഷ്നി പദ്ധതിയുടെ പുരോഗതി വിശകലനം ചെയ്യാൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.
അഥിതി തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി അവരെ സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ പ്രാപ്തരാക്കുക എന്നത് സംസ്ഥാന സർക്കാരിൻ്റെ നയമാണെന്നും അവരെ കേരളത്തിൻ്റെ സംസ്കാരം, ഭാഷ, ജീവിതരീതി എന്നിവ പരിചയപ്പെടുത്തി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പദ്ധതി വളണ്ടിയർമാർ അതത് സ്കൂളുകളുടെ സമീപപ്രദേശത്തെ അതിഥി തൊഴിലാളി ഭവനങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തണം. എല്ലാ കുട്ടികളും സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പാക്കണം. അവർക്കായി സ്കൂളുകളിൽ പ്രത്യേക പ്രവേശനോത്സവം നടത്തണം. വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ വളണ്ടിയർമാരുടെ നേതൃത്വത്തിൽ സായാഹ്ന ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിയ്ക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
റോഷ്നി പദ്ധതിയുടെ വിപുലികരണത്തിനായുള്ള പുതിയ ആശയങ്ങൾ ക്രോഡീകരിക്കാൻ പ്രത്യേക ഐഡിയത്തോൺ ജനുവരിയിൽ സംഘടിപ്പിക്കാൻ റോഷിനി കോഓഡിനേറ്റർക്ക് യോഗത്തിൽ നിർദ്ദേശം നൽകി.
ജില്ലയിലെ 40 സ്കൂളുകളിലാണ് റോഷ്നി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കീഴിൽ 40 വളണ്ടിയർമാരും 2200 ഓളം കുട്ടികളുമാണുള്ളത്.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ബി.പി.സി.എൽ. ചീഫ് മാനേജർ വിനീത് എം വർഗീസ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, റോഷ്നി പദ്ധതി ജനറൽ കോഓഡിനേറ്റർ സി. കെ. പ്രകാശ് എന്നിവർ പങ്കെടുത്തു.
കൊച്ചി നഗരത്തിലെ തീപിടുത്തങ്ങൾ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു
കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന്റെയും ജില്ലാ കളക്ടർ ജി പ്രിയങ്കയുടെയും നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു.
സബ് കളക്ടറുടെ നേതൃത്വത്തിൽ കോർപ്പറേഷൻ സെക്രട്ടറി, കെ.എസ്.ഇ.ബി, ഫയർഫോഴ്സ്, ഹസാർഡ് അനലിസ്റ്റ് ബന്ധപ്പെട്ട മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് സമിതി രൂപികരിക്കാനും നഗരപ്രദേശങ്ങളിലെ മാർക്കറ്റുകളും തീപിടുത്തത്തിന് സാധ്യതയുള്ള മറ്റു പ്രദേശങ്ങളും അടിയന്തരമായി സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം നിർദ്ദേശം നൽകി.
വേനൽക്കാലത്തിന് മുമ്പായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക മോണിറ്ററിംഗ് സമിതികൾ രൂപീകരിച്ച് പ്രദേശത്തെ സ്കൂളുകൾ, ആശുപത്രികൾ, മാർക്കറ്റ്, പാഴ് വസ്തു ശേഖരണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ജനുവരി 15 നകം ഫയർ ഓഡിറ്റ് നടത്തണം. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ലഭ്യമായിട്ടുള്ള ഹിറ്റാച്ചി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. ആവശ്യഘട്ടത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി അവയുടെ ലഭ്യത ഉറപ്പാക്കുവാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഫയർ ഹൈഡ്രെന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും ആദ്യ ഘട്ടമെന്ന നിലയിൽ ബ്രോഡ് വേയിലും ആലുവയിലും ഫയർ ഹൈഡ്രുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
തമ്മനത്ത് പുതിയ വാട്ടർ ടാങ്ക് നിർമിക്കുന്നതിനായി 12 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായതായും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
കടലാക്രമണം, തീരദേശ മേഖലയിലെ മണ്ണൊലിപ്പ് എന്നിവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് ചർച്ച ചെയ്യുന്നതിനായി ജനുവരിയിൽ പ്രത്യേക അവലോകനയോഗം ചേരാനും യോഗത്തിൽ തീരുമാനിച്ചു.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.