103 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം ;
ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതിയോഗത്തിൽ 103 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ( 2025-26) ഭേദഗതിക്ക് അംഗീകാരം. 67 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാൻ്റ് , മാലിന്യ പരിപാലനം (കെ.എസ്.ഡബ്ല്യൂ.എം.പി) എന്നീ പദ്ധതികൾക്കും അംഗീകാരം നൽകി.
തദ്ദേശസ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി വിനിയോഗവും ഫെബ്രുവരി 7ന് നടക്കുന്ന ജില്ലാ വികസന സെമിനാറുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ജി.ഉല്ലാസ്, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മേയർ അഡ്വ. വി.കെ. മിനിമോൾ*
കേരളം ആവിഷ്കരിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കു മാതൃകയാണെന്ന് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ പറഞ്ഞു.
എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ നടന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാ തല മത്സരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ. യുവതലമുറയുടെ ശ്രദ്ധ ലഹരി പോലുള്ള തെറ്റായ കാര്യങ്ങളിലേക്ക് മാറിപ്പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു വിജ്ഞാനപ്രദമായ പരിപാടി സംഘടിപ്പിക്കുന്നത് വളരെ സ്വാഗതാർഹമാണ് . വിദ്യാർത്ഥികളെ അറിവിന്റെ ലോകത്തേക്ക് തിരിച്ചുപിടിക്കാൻ ഇത്തരം മത്സരങ്ങൾ വലിയ പങ്ക് വഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ലാതല മത്സരം സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നോർത്ത് പറവൂർ എസ് എൻ എച്ച് എസ് എസിൽ നിന്നുള്ള കെ എസ് ആദിത്യൻ, റിഷബ് ആന്റണി പടമാടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സെൻ്റ് കോട്ടപ്പടി മാർ ഏലിയാസ് എച്ച്എസ്എസ് വിദ്യാർത്ഥികളായ ഹയാ ആമിന, എം എസ് ബാലഭാസ്കർ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നോർത്ത് പറവൂർ എസ് എൻ വി സാൻസ്ക്രിറ്റ് എച്ച്എസ്എസ് വിദ്യാർത്ഥികളായ എം എ ആദിൽ കൃഷ്ണൻ, അക്ഷയ് കുമാർ എന്നിവർക്കും കോളേജ് വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ യു.സി. കോളേജിലെ നിതിയാ പൗലോസ്, വി.എച്ച്. അനുരാഗ് രണ്ടാം സ്ഥാനം നേടിയ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എസ്. അബിനാ ശങ്കർ, ബിച്ചു സി. അബ്രഹാം മുന്നാം സ്ഥാനം നേടിയ നുവാൽസിലെ എച്ച്. അവനീത്, ഓസ്റ്റിൻ ലാസർ എന്നിവർക്കും അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ സമ്മാനം വിതരണം ചെയ്തു
ചടങ്ങിൽ സെൻ്റ് തെരേസാസ് കോളേജ് പ്രിൻസിപ്പാൾ അനു ജോസഫ് അധ്യക്ഷയായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രിയ പി മേനോൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ് അസിസ്റ്റൻറ് എഡിറ്റർ എ റ്റി രമ്യ, തിരുവല്ല മാർത്തോമ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ സൂപ്പർവൈസറുമായ കെ എം വിഷ്ണു നമ്പൂതിരി, ഇൻഫർമേഷൻ ആന്റ് പബ്ലിക്കേഷൻസ് വകുപ്പ് പ്രസ്സ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റർ അമിത് മധുപാൽ എന്നിവർ പങ്കെടുത്തു.
ചരിത്രവും ഭാവിയും കോർത്തിണക്കിയ വിജ്ഞാനപ്പോരാട്ടമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരം
കോളേജ് വിഭാഗത്തിൽ വിജയികളായി നിതിയയും അനുരാഗും
ചരിത്രവും ശാസ്ത്രവും വർത്തമാനകാല സംഭവങ്ങളും തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടന്നു. ജില്ലാതല കോളേജ് വിഭാഗം മത്സരത്തിൽ ആലുവ യു.സി. കോളേജിലെ നിതിയാ പൗലോസ്, വി.എച്ച്. അനുരാഗ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 145 പോയിൻ്റാണ് ടീം കരസ്ഥമാക്കിയത്.
130 പോയിന്റോടെ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എസ്. അബിനാ ശങ്കർ, ബിച്ചു സി. അബ്രഹാം എന്നിവർ രണ്ടാം സ്ഥാനവും, 85 പോയിന്റ് നേടി കളമശ്ശേരി നുവാൽസിലെ എച്ച്. അവനീത്, ഓസ്റ്റിൻ ലാസർ എന്നിവർ മൂന്നാം സ്ഥാനവും നേടി.
ആകെ 190 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ 6 ടീമുകളാണ് ഫൈനൽ റൗണ്ടിലെത്തിയത്. ആറ് റൗണ്ടുകളിലായി 36 ചോദ്യങ്ങളാണ് ഫൈനലിൽ ഉണ്ടായിരുന്നത്.
വെറുമൊരു ചോദ്യോത്തര വേള എന്നതിലുപരി, വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു ഈ മത്സരം. 22 പ്രവർത്തനക്ഷമമായ പ്ലാറ്റ്ഫോമുകൾ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ , ചൂടുവെള്ളം തണുത്ത വെള്ളത്തേക്കാൾ വേഗത്തിൽ ഐസ് ആകുന്ന പ്രതിഭാസം, കേരളം ഒന്നാമതെത്തിയ സുസ്ഥിരവികസന സൂചിക, കുമാരനാശാൻ ബോട്ട് അപകടം, റോബോട്ടിക് പാർക്ക്, കെ-സ്മാർട്ട് പദ്ധതി തുടങ്ങിയ ചോദ്യങ്ങൾ മത്സരാർത്ഥികളുടെ അറിവ് പരിശോധിക്കുന്നവയായിരുന്നു.
ദൃശ്യവിസ്മയങ്ങൾക്കും ക്വിസിൽ പ്രാധാന്യം നൽകിയിരുന്നു. ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ദൃശ്യങ്ങൾ, ചരിത്ര സംഭവങ്ങൾ, ലോഗോകൾ, സിനിമ വിഷ്വലുകൾ കാണിച്ച് വ്യക്തികളെയും ബന്ധങ്ങളെയും തിരിച്ചറിയാനുള്ള ചോദ്യങ്ങൾ എന്നിവ സദസ്സിനും പുതുമ നൽകി.
മത്സരത്തിൽ കാണികൾക്കും ഉത്തരം പറയാൻ അവസരമുണ്ടായിരുന്നു. ശരിയുത്തരം നൽകിയ കാണികൾക്ക് ഉടനടി സമ്മാനങ്ങളും വിതരണം ചെയ്തു.
തിരുവല്ല മാർത്തോമ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ സൂപ്പർവൈസറുമായ കെ എം വിഷ്ണു നമ്പൂതിരി. ഇൻഫർമേഷൻ ആന്റ് പബ്ലിക്കേഷൻസ് വകുപ്പ് പ്രസ്സ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റർ അമിത് മധുപാൽ എന്നിവർ ക്വിസിന് നേതൃത്വം നൽകി.
സ്‌ക്വിഡ് ഗെയിം മുതൽ ആധുനിക കേരളം വരെ; അറിവിന്റെ ഗ്രാഫ് ഉയർത്തി ചീഫ് മിനിസ്റ്റർ മെഗാ ക്വിസ് ജില്ലാതല മത്സരം
*സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി എസ് എൻ എച് എസ് എസ് നോർത്ത് പറവൂർ
ക്വിസ് എന്നാൽ വെറും കാണാപ്പാഠം പഠിച്ച വിവരങ്ങളല്ല, മറിച്ച് ലോകത്തെയും അതിലെ മാറ്റങ്ങളെയും അടുത്തറിയാനുള്ള കൗതുകമാണെന്ന് തെളിയിച്ച് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്. പുത്തൻ കാലത്തിന്റെ ട്രെൻഡുകളായ അനിമീ ലോകവും സ്‌ക്വിഡ് ഗെയിമും മുതൽ കേരളത്തിന്റെ പോരാട്ടവീര്യമുള്ള ചരിത്രവും, സമകാലിക ലോകത്തെ സുപ്രധാന മാറ്റങ്ങളും ചോദ്യങ്ങളായി എത്തിയപ്പോൾ, എറണാകുളം ജില്ലാതല മത്സരം ആവേശക്കടലായി മാറി. മത്സരത്തിലുടനീളം പുലർത്തിയ വൈവിധ്യം മത്സരാർത്ഥികളെയും കാണികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന സ്കൂൾ വിഭാഗം മത്സരങ്ങൾ രണ്ട് ഘട്ടങ്ങളിലായാണ് സംഘടിപ്പിച്ചത്. തിരുവല്ല മാർത്തോമ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ സൂപ്പർ വൈസറുമായ കെ എം വിഷ്ണു നമ്പൂതിരി.ഇൻഫർമേഷൻ ആന്റ് പബ്ലിക്കേഷൻസ് വകുപ്പ് പ്രസ്സ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റർ അമിത് എന്നിവർ ക്വിസ് മത്സത്തിന് നേതൃത്വം നൽകി.
ആദ്യ ഘട്ടത്തിൽ വിജയിച്ച മിടുക്കരായ വിദ്യാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മാറ്റുരച്ചത്. ആറ് റൗണ്ടുകളിലായി നടന്ന ഫൈനൽ പോരാട്ടത്തിൽ, ഓരോ റൗണ്ടിലും ആറ് ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തി വാശിയേറിയ മത്സരമാണ് അരങ്ങേറിയത്.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ അറിവിന്റെ കരുത്ത് തെളിയിച്ച വേദിയിൽ നോർത്ത് പറവൂർ എസ് എൻ എച്ച് എസ് എസിൽ നിന്നുള്ള കെ എസ് ആദിത്യൻ, റിഷബ് ആന്റണി പടമാടൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടപ്പടി
മാർ ഏലിയാസ് എച്ച്എസ്എസ് വിദ്യാർത്ഥികളായ ഹയാ ആമിന,
എം എസ് ബാലഭാസ്കർ അടങ്ങുന്ന ടീം രണ്ടാം സ്ഥാനവും, നോർത്ത് പറവൂർ എസ് എൻ വി സാൻസ്ക്രിറ്റ് എച്ച്എസ്എസ് വിദ്യാർത്ഥികളായ എം എ ആദിൽ കൃഷ്ണൻ, അക്ഷയ് കുമാർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അപൂർവ്വമായ ചിത്രങ്ങളും ശബ്ദരേഖകളും ഉൾപ്പെടുത്തിയുള്ള ചോദ്യങ്ങൾ മത്സരത്തിന് മിഴിവേകി . എറണാകുളം റെയിൽവേ സ്റ്റേഷന്റെ പഴയ ഉദ്ഘാടന ചിത്രം, മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം കേരളത്തിലേക്ക് കൊണ്ടുവന്ന ചരിത്ര നിമിഷം, സാഹിത്യ നായകൻ എം.ടി. വാസുദേവൻ നായർ തകഴി ശിവശങ്കരപ്പിള്ളയെ അഭിമുഖം ചെയ്യുന്ന ശബ്ദശകലം എന്നിവ ചോദ്യങ്ങളായി വന്നപ്പോൾ കാണികളിൽ അത് വലിയ കൗതുകമുണർത്തി. ചരിത്രം, സിനിമ, സ്പോർട്സ്, പരിസ്ഥിതി, സർക്കാർ ജനക്ഷേമ പദ്ധതികൾ എന്നിങ്ങനെ എല്ലാ മേഖലകളെയും സ്പർശിച്ചുകൊണ്ടായിരുന്നു ക്വിസ് മുന്നേറിയത്.
മത്സരാർത്ഥികൾക്ക് പുറമെ കാണികൾക്കും അറിവ് പങ്കുവെക്കാൻ അവസരമൊരുക്കിയിരുന്നു. സദസ്സിലുള്ളവർക്കായി ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയവർക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. മത്സരാർത്ഥികൾക്കൊപ്പം കാണികളും സജീവമായതോടെ അറിവിന്റെയും ആവേശത്തിന്റെയും വലിയൊരു കൂട്ടായ്മയായി ക്വിസ് മത്സരം മാറി. എല്ലാവരിലും പുതിയ അറിവുകൾ നിറച്ചുകൊണ്ടാണ് എറണാകുളം ജില്ലാതല മത്സരം സമാപിച്ചത്.
പടവുകൾ പദ്ധതിയിലേക്ക് അപേക്ഷിക്കാം
വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവകളുടെ മക്കൾക്ക്
ധനസഹായം നൽകുന്ന പടവുകൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്. മെസ് ഫീസ് എന്നിവക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പടവുകൾ പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ 2024-25, 2025-26 വർഷങ്ങളിലേക്കുള്ള അപേക്ഷകൾ
ഓൺലൈൻ വഴി സമർപ്പിക്കാം. അപേക്ഷകൾ
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13.
കൂടുതൽ വിവരങ്ങൾക്ക്
dwc...@gmail.com. എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
ഹെൽപ്പർ നിയമനം
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്‌ട് ഓഫീസ് പരിധിയിലുള്ള കൊച്ചി കോർപ്പറേഷൻ 7-ാം ഡിവിഷനിലെ 95-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്‌തികയിലേയ്ക്ക് നിയമനം നടത്തും. കൊച്ചി കോർപ്പറേഷനിലെ 7-ാം ഡിവിഷനിലെ സ്ഥിരതാമസക്കാരായ, മതിയായ ശാരീരിക ക്ഷമതയുള്ള, 18 നും 35 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
എസ്.എസ്.എൽ.സിയാണ് ആണ് യോഗ്യത. അപേക്ഷകൾ ഫെബ്രുവരി 20 വൈകിട്ട് 5 വരെ മങ്ങാട്ടുമുക്കിലുളള കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0484 2227284
കരാർ നിയമനം
മഹാരാജാസ് ഓട്ടോണമസ് കോളേജിൽ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികളിലേക്ക് നിയമനം നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോം ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കാം. ഗൂഗിൾ ഫോം ലിങ്കിനും മറ്റു വിശദ വിവരങ്ങൾക്കും
www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11 ഉം അഭിമുഖം ഫെബ്രുവരി 17 നു മാണ്.
ഫയർ ആൻഡ് സേഫ്റ്റി കോഴ്സ്
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം കലൂർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിൽ നടത്തുന്ന കോഴ്സിലേക്കാണ് പ്രവേശനം.
ഫോൺ:
9526047815,
9388338357, 0484-2971400
ലേലം
കണയന്നൂർ താലൂക്കിലെ ഇടപ്പള്ളി സൗത്ത് വില്ലേജിൽ സർവ്വേ നമ്പർ 125/3-2 ൽ പെട്ട 00. 76 ആർ പുരയിടം, സർവ്വേ നമ്പർ 125/4-4 ൽ പെട്ട 00. 63 ആർ പുരയിടം, സർവ്വേ നമ്പർ 125/6A ൽ പ്പെട്ട 00. 51 ആർ സ്ഥലം എന്നിവയുടെ ലേലം 2026 മാർച്ച് 5 ന് ഇടപ്പള്ളി സൗത്ത് വില്ലേജിൽ രാവിലെ 11 ന് നടക്കും. കൂടുതൽ വിവരങ്ങൾക്കായി റവന്യൂ റിക്കവറി സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയം കണയന്നൂർ, പാർക്ക് അവന്യൂ റോഡ്,സുഭാഷ് പാർക്കിന് എതിർവശം, എറണാകുളം എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ലേലം
കണയന്നൂർ താലൂക്കിലെ മരട് വില്ലേജിൽ ബ്ലോക്ക് 14, റീസർവ്വേ നമ്പർ 7/18-2 പെട്ട 04.96 ആർ സ്ഥലത്തിൻ്റെ ലേലം 2026 മാർച്ച് 6 ന് മരട് വില്ലേജിൽ രാവിലെ ലെ 11 ന് നടക്കും. കൂടുതൽ വിവരങ്ങൾക്കായി റവന്യൂ റിക്കവറി സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയം കണയന്നൂർ, പാർക്ക് അവന്യൂ റോഡ്,സുഭാഷ് പാർക്കിന് എതിർവശം, എറണാകുളം എന്ന വിലാസത്തിൽ ബന്ധപ്പെടുക.
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ കരിയർ ഓറിയന്റേഷൻ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്‌സണാലിറ്റി ഡെവലപ്മെൻ്റ് (2 മാസം, യോഗ്യത: പ്ലസ്സ് ടു), ഐ.ടി എനേബിൾഡ് ട്രെയിനിങ് (ഒരാഴ്ച്ച, യോഗ്യത: എട്ടാം ക്ലാസ്സ്) എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് എ.ഐ വർക്ക് ഷോപ്പ്, അഡ്വാൻസ്‌ഡ് എ.ഐ വർക്ക് ഷോപ്പ്, എ.ഐ ടൂൾസ് ഫോർ സ്കൂൾ സ്റ്റുഡൻ്റസ്, ഫ്രീ ആന്റ് ഓപൺ സോഴ്‌സ് സോഫ്റ്റ് വെയർ, അഡ്വാൻസ്‌ഡ് എം.എസ് എക്‌സൽ എന്നീ വിഷയങ്ങളിൽ ഏകദിന ശില്പശാലകളും ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക
8547005087, 0471-2550612,
9496395544.