വിജ്ഞാനകേരളം മെഗാ തൊഴിൽ മേള നാളെ

1 view
Skip to first unread message

I&PRD ERNAKULAM

unread,
Jan 29, 2026, 8:59:43 AMJan 29
to PRD ERNAKULAM
വിജ്ഞാനകേരളം മെഗാ തൊഴിൽ മേള നാളെ

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ വിജ്ഞാനകേരളത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള  ശനിയാഴ്ച (ജനുവരി 31) കോതമംഗലം കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ നടക്കും.

രണ്ടായിരത്തിലധികം ഒഴിവുകളുമായി പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ അവസരങ്ങളുണ്ടാകും. ഐ.ടി, മാനേജ്‌മെന്റ്, ഫൈനാൻസ്, ഹെൽത്ത് കെയർ, സെയിൽസ്, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ തുടങ്ങിയ വിവിധ മേഖലകളിലേക്കാണ് നിയമനം.

തൊഴിൽ മേളയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ്, കളമശ്ശേരി കുസാറ്റ്  എന്നിവിടങ്ങളിലെ എസ്.ഡി.പി.കെ കേന്ദ്രങ്ങളിൽ വെർച്വൽ ആയി ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. ജില്ലയുടെ ഏത് ഭാഗത്തുള്ളവർക്കും ഈ കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താം.

താല്പര്യമുള്ളവർക്ക് സർക്കാർ പോർട്ടലായ ഡി ഡബ്ല്യു എം എസ് (DWMS) വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടാതെ മേള നടക്കുന്ന ദിവസം രാവിലെ 9 മണി മുതൽ മാർ ഏലിയാസ് കോളേജിൽ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷനുകളുമായി ബന്ധപ്പെടുക.

മിനിമം വേതന തെളിവെടുപ്പ് യോഗം

സംസ്ഥാനത്തെ ഫർണിച്ചർ വ്യവസായ മേഖലയിലും, ഗാർഹിക തൊഴിൽ മേഖലയിലും തൊഴിൽ എടുക്കുന്ന ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി എറണാകുളം ജില്ലയിലെ തെളിവെടുപ്പ് യോഗം  ഫെബ്രുവരി 2 രാവിലെ 11 മുതൽ കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽലുള്ള കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രിസ് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ ജില്ലയിലെ ഈ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന ട്രേഡ് യൂണിയൻ/ തൊഴിലുടമ  പ്രതിനിധികളും, തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസറുടെ ചുമതല വഹിക്കുന്ന പി എൻ ബിജു മോൻ അറിയിച്ചു

യുവജനങ്ങളുടെ ജീവിത ശൈലീമാറ്റം: ശാസ്ത്രീയ പഠനം തുടങ്ങി യുവജന കമ്മീഷൻ

*ജില്ലാതല അദാലത്തിൽ 16 പരാതികൾക്ക് പരിഹാരം

യുവജനങ്ങളിലെ ജീവിത ശൈലീ മാറ്റങ്ങളെയും
മാനസിക ക്ഷേമത്തെയും സംബന്ധിച്ച്  ശാസ്ത്രീയ പഠനത്തിന് തുടക്കം കുറിച്ചതായി യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു. പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.

യുവജനങ്ങളുടെ സ്വഭാവത്തിലെ മാറ്റം, വിവാഹ ജീവിതത്തിലും വ്യക്തി ജീവിതത്തിലും വളരുന്ന സംഘർഷം, അവ പരിഹരിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥ, വർധിക്കുന്ന ലഹരി ഉപയോഗം, മദ്യപാനം, ആഹാര ക്രമങ്ങൾ, ഡിജിറ്റൽ വിനിമയങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് പഠന വിധേയമാക്കുന്നത്.  സംസ്ഥാനത്തെ വിവിധ കോളേജുകളിലെ എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി വിദ്യാർത്ഥികളുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സഹായത്തോടെയാണ് പഠനം നടത്തുക. ഇതിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികളും ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് നിരവധി ക്യാമ്പയിനുകളും നടപ്പിലാക്കുന്നുണ്ട്.  സൗജന്യ നിയമ സഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ യുവജനകമ്മീഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.

അദാലത്തിൽ 30 പരാതികൾ പരിഗണിച്ചു. 16 എണ്ണം തീർപ്പാക്കി. 14 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി 6 പരാതികൾ ലഭിച്ചു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള കുടിശ്ശിക, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, സ്വകാര്യ സ്ഥാപനത്തിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട്, സൈബർ തട്ടിപ്പ്, പി.എസ്.സി നിയമനം
തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചു.  

അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. അബേഷ് അലോഷ്യസ്, പി സി വിജിത, പി പി രൺദീപ്, സെക്രട്ടറി ദീപാ സുരേന്ദ്രൻ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.
Reply all
Reply to author
Forward
0 new messages