തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ചട്ടങ്ങളിലും സാങ്കേതിക കാര്യങ്ങളിലും ബോധവാന്മാരായിരിക്കണം : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

1 view
Skip to first unread message

I&PRD ERNAKULAM

unread,
Dec 19, 2025, 8:04:45 AM12/19/25
to PRD ERNAKULAM
തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ചട്ടങ്ങളിലും  സാങ്കേതിക കാര്യങ്ങളിലും ബോധവാന്മാരായിരിക്കണം   : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ചട്ടങ്ങളിലും സാങ്കേതിക കാര്യങ്ങളിലും പൂർണ്ണ അവബോധമുള്ളവരായിരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ.  നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തല ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഇ.വി.എം ഫസ്റ്റ് ലെവൽ ചെക്കിങ്  (എഫ്.എൽ.സി)  ഏകദിന ശില്പശാല കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചട്ടങ്ങൾക്കൊപ്പം വോട്ടിംഗ് യന്ത്രങ്ങൾ (ഇ.വി.എം), വിവിപാറ്റ് എന്നിവ കൈകാര്യം ചെയ്യുന്നതിലും ഉദ്യോഗസ്ഥർക്ക് പൂർണ്ണമായ അറിവുണ്ടായിരിക്കണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയുടെ തുടക്കമാണ് ഈ ശില്പശാലയെന്നും എല്ലാ ഉദ്യോഗസ്ഥരും  ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും  അദ്ദേഹം പറഞ്ഞു.

 കൊച്ചി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ  ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ സെക്രട്ടറി മധുസൂദൻ ഗുപ്ത, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എൽ) ഡി.ജി.എം മോഹിത് കൊഡേസിയ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ,  ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാർ, ഇ.വി.എം - എഫ്.എൽ.സി സൂപ്പർവൈസർമാർ തുടങ്ങിയവർ  പങ്കെടുത്തു.

സീനിയർ റസിഡന്റ് ഒഴിവ്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ത്വക്ക് രോഗ വിഭാഗം(ഡെർമറ്റോളജി)റേഡിയോ ഡയഗ്നോസിസ് എന്നീ വിഭാഗങ്ങളിലായി രണ്ട് വീതം ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ എം.ഡി/ഡി.എൻ.ബി ബിരുദവും,ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.

 താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഡിസംബർ 30ന് മെഡിക്കൽ കോളേജ് സി.സി.എം ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .

നാളികേര വികസന ബോർഡ്: അവാർഡിന് അപേക്ഷ ക്ഷണിച്ചു

തെങ്ങു കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികച്ച സംഭാവനകൾ നൽകുന്നവർക്കായി നാളികേര വികസന ബോർഡ് ഏർപ്പെടുത്തിയ ദേശീയ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

 മികച്ച നാളികേര കർഷകർ (പരമ്പരാഗത, ഇതര സംസ്ഥാനങ്ങൾ), മികച്ച സംസ്കരണ സംരംഭകൻ, വിജ്ഞാന വ്യാപന ഉദ്യോഗസ്ഥൻ, മികച്ച തെങ്ങ് കയറ്റക്കാരൻ, സ്ത്രീകൾ നടത്തുന്ന സംസ്കരണ യൂണിറ്റുകൾ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്.
താൽപ്പര്യമുള്ളവർ ജനുവരി 15 നുള്ളിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484 27540000

സെക്യൂരിറ്റി സർജന്റ് ഒഴിവ്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ സെക്യൂരിറ്റി സർജന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സുരക്ഷാ മേൽനോട്ട ചുമതലകളിൽ പരിചയം, അഗ്നിശമന-ദുരന്ത നിവാരണ സംവിധാനങ്ങളിലെ പ്രവൃത്തിപരിചയം, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി സർജന്റായി ജോലി ചെയ്തവർ, എറണാകുളം ജില്ലയിൽ സ്ഥിരതാമസമുള്ളവർ എന്നിവർക്ക് മുൻഗണന.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം
ഡിസംബർ 30 ന് മെഡിക്കൽ കോളേജ് സി.സി.എം ഹാളിൽ നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുകേണ്ടതാണ്.
ഫോൺ : 0484 2754000

റെയിൽവേ ഗേറ്റ്‌മാൻ ഒഴിവ്

റെയിൽവേ പാലക്കാട് ഡിവിഷനിലെ എൻജിനീയറിങ്/ട്രാഫിക് വകുപ്പുകളിൽ ഇൻ്റർലോക്ക്ഡ് ലെവൽ ക്രോസിംഗ് ഗേറ്റുകളിൽ കരാർ അടിസ്ഥാനത്തിൽ ഗെറ്റ്മാനായി ജോലി ചെയ്യാൻ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 15 വർഷം മിലിട്ടറി സർവീസുള്ളവർക്കും എസ്.എസ്.എൽ.സി അല്ലെങ്കിൽ ആർമി തത്തുല്യ യോഗ്യതയുള്ളവർക്കുമാണ് അവസരം.അപേക്ഷകർക്ക്  ഡിസംബർ 23-ന് 50 വയസ്സ് തികയാൻ പാടുള്ളതല്ല.

 താല്പര്യമുള്ള എറണാകുളം ജില്ലയിലെ വിമുക്തഭടന്മാർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നുള്ള മാതൃക അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡ്, ആധാർ, ഡിസ്‌ചാർജ് സർട്ടിഫിക്കറ്റ്, പി.പി.ഒ, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 29-നകം അപേക്ഷ നൽകണം. അപേക്ഷകൾ ഹാർഡ് കോപ്പിയായും സോഫ്റ്റ് കോപ്പിയായും നേരിട്ട് സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484-2422239

ഖാദി ക്രിസ്‌മസ് - പുതുവത്സര മേളയ്ക്ക് തുടക്കമായി; 30% വരെ റിബേറ്റ്

 ജില്ലാതല ഖാദി ക്രിസ്‌മസ് - പുതുവത്സര മേള കലൂർ ഖാദി ടവറിൽ ആരംഭിച്ചു. ഖാദി ബോർഡ് മെമ്പർ കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു .  ജനുവരി 2 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വസ്ത്രങ്ങൾക്ക് 20% മുതൽ 30% വരെ സർക്കാർ റിബേറ്റ് ലഭ്യമാണ്. നവീന ഫാഷനിലുള്ള റെഡിമെയ്‌ഡ് ഷർട്ടുകൾ, സാരികൾ, ചുരിദാറുകൾ, ടോപ്പുകൾ, ജുബ്ബകൾ, മുണ്ടുകൾ എന്നിവയ്‌ക്കൊപ്പം തനത് ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്.

ജില്ലയിലെ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പായിപ്ര, മലയിടംതുരുത്ത്, പഴന്തോട്ടം, മുക്കന്നൂർ, ശ്രീമൂലനഗരം എന്നിവിടങ്ങളിലെ ഖാദി ബോർഡ് അംഗീകൃത വിൽപനശാലകളിൽ
നിന്നും ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.

ഇ.എസ്.ഐ. ആശുപത്രികളിൽ മെഡിക്കൽ ഓഫീസർ ഒഴിവ്

ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള ഇ.എസ്.ഐ. സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.എം ബി ബി എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും അടങ്ങിയ ബയോഡാറ്റ ims...@kerala.gov.in എന്ന വിലാസത്തിലേക്ക് ഡിസംബർ 24-ന് വൈകുന്നേരം 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484 2391018

Reply all
Reply to author
Forward
0 new messages