മരട് നഗരസഭക്ക് 33.5 കോടി നീക്കിയിരിപ്പ്
മരട് നഗരസഭയ്ക്ക് 33.5 കോടി രൂപയുടെ സാമ്പത്തിക നീക്കിയിരിപ്പുണ്ടെന്ന് സ്ഥാനമൊഴിയുന്ന നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള പദ്ധതികൾ, റോഡ് നവീകരണം, ശുചിത്വ പ്രവർത്തനങ്ങൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നീ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. സർക്കാർ സഹായങ്ങളും വിവിധ ഏജൻസികളിൽ നിന്നുള്ള ഫണ്ടുകളും കാര്യക്ഷമമായി വിനിയോഗിച്ചതിലൂടെയാണ് നഗരസഭയ്ക്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനായത്. ഈ നീക്കിയിരിപ്പ് വരും ഭരണസമിതിക്ക് വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായകരമാകും.
നഗരത്തിന്റെ പുരോഗതിക്കായി കക്ഷിരാഷ്ട്രീയ ഭേദമന്യേ ഐക്യത്തോടെ പ്രവർത്തിക്കാൻ സാധിച്ചതാണ് വിജയമെന്നും, ഇതിനായി പിന്തുണ നൽകിയ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ എന്നിവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പുതിയ ഭരണസമിതി നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന പ്രതീക്ഷയും ചെയർമാൻ പങ്കുവെച്ചു.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ശക്തമായ സാംസ്‌കാരിക പ്രതിരോധം ഉയരണം : മുഖ്യമന്ത്രി പിണറായി വിജയന്‍
*ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് 2025 ഉദ്ഘാടനം ചെയ്തു
രാജ്യത്തിന്റെ മതേതര ഘടനയെ തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ശക്തമായ സാംസ്‌കാരിക പ്രതിരോധം ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് 2025 കൊച്ചി രാജേന്ദ്ര മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കള്‍ച്ചറല്‍ കോണ്‍ഗ്രസ് പുതിയൊരു അനുഭവമാണ്. ശാസ്ത്ര കോണ്‍ഗ്രസുകളും ചരിത്ര കോണ്‍ഗ്രസുകളും നമുക്ക് പരിചിതമാണെങ്കിലും സാംസ്‌കാരിക മേഖലയില്‍ ഇത്തരമൊരു സംഗമം മുമ്പുണ്ടായിട്ടില്ല. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ഇങ്ങനെയൊരു കോണ്‍ഗ്രസ് വിളിച്ചുകൂട്ടാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. മതേതര പാരമ്പര്യവും വര്‍ഗീയതക്കെതിരായ നീണ്ട പോരാട്ട ചരിത്രവുമുള്ള കേരളം ഇത്തരമൊരു പരിപാടിക്ക് വേദിയാകുന്നത് ഏറെ പ്രസക്തമാണ്.
വ്യത്യസ്ത ജീവിതരീതികള്‍ പിന്തുടരുന്ന ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കിയിരുന്ന നമ്മുടെ സംസ്‌കാരത്തിന്റെ മതേതര ഘടനയെ തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുന്ന ശക്തികള്‍ രാജ്യത്ത് കരുത്ത് പ്രാപിക്കുന്നു. പൗരത്വ ഭേദഗതി നിയമം, 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' തുടങ്ങിയ നീക്കങ്ങള്‍ ഫെഡറലിസത്തെ ഇല്ലാതാക്കാനും അധികാരം കേന്ദ്രീകരിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാനം, സംസ്‌കാരം, ചരിത്രം, കല, പൈതൃകം എന്നിവ സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് അനുസൃതമായി നിലകൊള്ളുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണം തന്നെ ബഹുസ്വരതയെ തകര്‍ക്കാനും വിയോജിപ്പുകളെ നിശബ്ദമാക്കാനും വെറുപ്പിനെ സ്വാഭാവികമാക്കാനും ഉപയോഗിക്കപ്പെടുമ്പോള്‍, പ്രതിരോധം എന്നത് ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് കടമയായി മാറുന്നു. സാഹിത്യ അക്കാദമി പോലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് പോലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടേണ്ടി വരുന്ന സാഹചര്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്.
ശക്തമായി നിലപാടെടുത്ത് മുന്നോട്ട് വരുന്ന എഴുത്തുകാരെയും കലാ രംഗത്തുള്ളവരേയും ഇല്ലായ്മ ചെയ്യാന്‍ വരെ മടിയിലില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ കൊല്ലപ്പെട്ടത് ഇതിന്റെ ഉദാഹരണങ്ങളാണ്. സ്വതന്ത്ര ചിന്ത തന്നെ ഒരു കുറ്റകൃത്യമായി കാണുന്ന സാഹചര്യമാണുള്ളത് - മുഖ്യമന്ത്രി പറഞ്ഞു.
മതേതരത്വത്തിനായുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ ചരിത്രം വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും നയിച്ച നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതി ശ്രേണികളെ വെല്ലുവിളിച്ചു. പണ്ഡിറ്റ് കറുപ്പന്റെ 'ജാതിക്കുമ്മി' മുതല്‍ കെ.പി.എ.സിയുടെ നാടകങ്ങൾ വരെയുള്ള കലാരൂപങ്ങള്‍ സാമൂഹിക മാറ്റത്തിനായി നിലകൊണ്ടു. ഈ പാരമ്പര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട്, വായിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കലയും സാഹിത്യവും വെറും അലങ്കാരങ്ങളല്ല, മറിച്ച് സമൂഹത്തിന്റെ മനസ്സാക്ഷിയാണ്. ഇന്ത്യ എന്ന ആശയത്തെയും മതേതരത്വത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ കലാ-സാംസ്‌കാരിക-സാഹിത്യരംഗത്തെ പ്രമുഖരെ മുഖ്യമന്ത്രി വേദിയില്‍ ആദരിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.
രാജ്യത്ത് നടക്കുന്ന ആപല്‍ക്കരമായ വര്‍ഗ്ഗീയതയും, അസഹിഷ്ണുതയുമൊക്കെ മറികടക്കാനുള്ള ഊര്‍ജ്ജവും ശ്വാസമാവുകയാണ് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ഉദ്ദേശ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷനായ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു വലിയ പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം അഭിമാനമാണുള്ളത്. ഈ ആശയം മുന്നോട്ടുവച്ചത്, മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിയാണ്. സംസ്‌കാരവും കലയും എന്നും നിലകൊണ്ടത് മനുഷ്യ നന്മയുടെ പക്ഷത്താണ്. സംസ്‌കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം എന്നീ സന്ദേശങ്ങള്‍ മുന്നോട്ട് വെച്ച്, എട്ട് വേദികളില്‍ ഇന്ന് ( ഡിസംബർ 20) മുതല്‍ മൂന്ന് ദിവസമായാണ് സാംസ്‌കാരികതയുടെ ഈ ഉത്സവം കൊച്ചിയില്‍ അരങ്ങേറുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരത പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ഉത്സവമായി ഇന്ത്യന്‍ കൾച്ചറൽ കോണ്‍ഗ്രസ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ കോണ്‍ഗ്രസ് നിര്‍ണായക ചുവടുവയ്പ്പാണെന്നും പരിപാടി വന്‍ വിജയമായി തീരട്ടെ എന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.
എം.എല്‍.എമാരായ കെ.എന്‍ ഉണ്ണികൃഷ്ണന്‍, കെ.ജെ മാക്‌സി, പി.വി ശ്രീനിജിന്‍, സംഘാടകസമിതി വര്‍ക്കിങ്ങ് ചെയര്‍മാന്‍ അഡ്വ. എം. അനില്‍ കുമാര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, മുന്‍ മന്ത്രി എം.എ ബേബി, കലാ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖരായ ടി. പത്മനാഭന്‍, ഉമയാള്‍പുരം ശിവരാമന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, അടൂര്‍ ഗോപാലകൃഷ്ണന്‍, നിലമ്പൂര്‍ ആയിഷ, സി.എല്‍ ജോസ്, സി.ജെ കുട്ടപ്പന്‍, അബ്ദെറഹ്‌മാന്‍ സിസാക്കോ, സുഡ്ഡല അശോക് തേജ, ഗണേഷ് നാരായണദാസ് ദേവ്, അഭിനേത്രികളായ രോഹിണി, സുരഭി ലക്ഷ്മി, സുനില്‍.പി. ഇളയിടം, പ്രൊഫ. മാലിനി ഭട്ടാചാര്യ, ബോസ് കൃഷ്ണമാചാരി, പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മത്സ്യക്കാഴ്ച്ച 2025- പള്ളിയാക്കൽ പാഡി ടൂറിസം ഫെസ്റ്റ് നാളെ മുതൽ (ഡിസംബർ 22)
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക്, എറണാകുളം ഡിടിപിസി എന്നിവരുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന മത്സ്യകാഴ്ച 2025 പള്ളിയാക്കൽ പാഡി ടൂറിസം ഫെസ്റ്റ് നാളെ (ഡിസംബർ 22) രാവിലെ 11 ന് ബാങ്ക് പ്രസിഡന്റ് ജിസിഡിഎ ചെയർമാൻ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.
ചാത്തനാട് ഫിഷ് ലാൻ്റിംഗ് സെൻ്ററിലുള്ള കായലോരത്ത് ഡിസംബർ 31 വരെ മത്സ്യ കാഴ്ച, പ്രദർശന-വിപണന , ഭക്ഷ്യമേള, ഉല്ലാസ ബോട്ട് യാത്രകൾ എന്നിവ നടക്കും.
മത്സ്യ പ്രദർശന വിപണനത്തിനു പുറമെ കർഷകരുടെ ഉത്പന്നങ്ങളായ പാൽ, തൈര്, കോഴിമുട്ട, താറാവ് മുട്ട, പഴങ്ങൾ, പച്ചക്കറികൾ, കൂടാതെ പൊക്കാളി ഉത്പനങ്ങളായ പൊക്കാളി അരി ,പൊക്കാളി പച്ചരി, പൊക്കാളി പുട്ടുപൊടി ,പൊക്കാളി അവൽ ,പൊക്കാളി അപ്പം പൊടി , ഹരിത നഴ്സറി എന്നിവയും മൽസ്യ കാഴ്ച ടൂറിസം ഫെസ്റ്റിവലിൻ്റെ ഭാഗമായിട്ടുണ്ടാകും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :
9497289000
ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് മുഖ്യമന്ത്രി പിണറായി വിജയൻ
അന്തിമോപചാരം അർപ്പിച്ചു. എറണാകുളം ടൗൺ ഹാളിലായിരുന്നു പൊതുദർശനം.
മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, മേയർ അനിൽകുമാർ, കെ ജെ മാക്സി എം എൽ എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ക്രിസ്തുമസ് പുതുവത്സര ആഘോഷം; ഹാൻവീവിൽ കൈത്തറി വസ്ത്രങ്ങൾക്ക് റിബേറ്റ്
സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ക്രിസ്തുമസ് പുതുവത്സര ആഘോഷവേളയിൽ ഹാൻവീവ് ഷോറൂം മുഖേന ഡിസം ബർ 24 വരെ 20 ശതമാനം സർക്കാർ റിബേറ്റ് നൽകികൊണ്ട് കേരളീയ കൈത്തറി വസ്ത്രങ്ങളുടെ വില്‌പന സംഘടിപ്പിച്ചിരിക്കുന്നു. 20 ശതമാനം സർക്കാർ റിബേറ്റിന് പുറമേ തെരഞ്ഞെടുത്ത തുണിത്തരങ്ങൾക്ക് 40 ശതമാനം വരെ വിലക്കിഴിവിൽ ലഭിക്കും. കൂടാതെ യുപിഐ/ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് പേയ്മെന്റുകൾക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും. കോട്ടൺ, ലിനൻ, സിൽക്ക് എന്നിവയിലെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് പുറമെ റെഡിമെയ്‌ഡ് കോട്ടൺ ഷർട്ടുകളും വില്‌പനയ്ക്ക് എത്തിയിട്ടുണ്ട്.
സർക്കാർ, അർധ സർക്കാർ സ്‌കൂൾ, ബാങ്കുകൾ, കമ്പനി സ്ഥാപനങ്ങളിലെ സ്ഥിര ജീവനക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി 20,000 രൂപ വരെ പലിശ രഹിത തവണ വ്യവസ്ഥയിൽ തുണിത്തരങ്ങൾ വാങ്ങാം. ഇതിനായുള്ള ക്രെഡിറ്റ് ഫോറം ഷോറൂമുകളിൽ ലഭ്യമാണ്. എറണാകുളത്ത് കെ.പി.സി.സി. ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹാൻവീവ് ഷോറൂമിൽ ഈ ആനുകൂല്യങ്ങൾ നൽകികൊണ്ടുള്ള വില്‌പന ആരംഭിച്ചിരിക്കുന്നു. ഫോൺ: 9446716109.
പ്രൊജക്റ്റ് അടിസ്ഥിത പദ്ധതികൾക്ക് ധനസഹായം
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖാന്തിരം പ്രൊജക്റ്റ് അടിസ്ഥിത പദ്ധതികൾക്ക് ധനസഹായം നൽകുന്നു. ഫാം ഗേറ്റ്, പാക്ക് ഹൗസ്, പ്രൈമറി/ മിനിമൽ പ്രോസസിംഗ് യൂണിറ്റുകൾ, റീഫർ വാനുകൾ, കോൾഡ് ചേമ്പറുകൾ, കോൾഡ് റൂമുകൾ,സോളാർ ഡ്രയർ, ചെറുകിട നഴ്സറികൾ, ഹൈടെക് നഴ്സറികൾ മുതലായവക്കാണ് ധനസഹായം നൽകുന്നത്.
,നോൺ പ്രൊജക്റ്റ് സ്കീം ആയ ഉന്തു വണ്ടികൾ, പെർമെന്റ് സ്ട്രക്‌ചർ ഫോർ ആന്റി ബർഡ് ആന്റി ഹയിൽ നെറ്റ്, സംരക്ഷിത കൃഷി- പോളി ഹൗസ്, മഴമറ, തണൽവല മറകൾ, ഫാൻ ആൻഡ് പാട് സിസ്റ്റം, ഹൈഡ്രോ പോണിക് സ്-എറോപോണിക്സ്, സെൻസർ ബേസ്‌ഡ് ഓട്ടോമേഷൻ സിസ്റ്റംസ്, സർക്കുലേഷൻ ഫാനുകൾ, ജലസംഭരണികൾ എന്നിവക്കെല്ലാം ധനനസഹായം നൽകും.
അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ അടിയന്തിരമായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി
www.nhm.nic.in എന്ന സൈറ്റ് പരിശോധിക്കാം.
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2024 അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ തൊഴിലിൽ മേഖലകളിലെ തൊഴിലാളികളുടെ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 26 മുതൽ 2026 ജനുവരി 08 വരെ ഓൺ ലൈൻ ആയി അപേക്ഷിക്കാം.
സെക്യൂരിറ്റി ഗാർഡ്, ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി ,കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, സെയിൽസ് മാൻ / സെയിൽസ് വുമൺ ,നേഴ്സ് ,ഗാർഹിക തൊഴിലാളി,ടെക്സ്റ്റൈൽ മിൽ തൊഴിലാളി,കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികൾ ( ഇരുമ്പ് പണി.മരപ്പണി ,കൽപണി, വെങ്കലപ്പണി, കളിമൺപാത്ര നിർമ്മാണം.കൈത്തറി വസ്ത്ര നിർമ്മാണം. ആഭരണ നിർമ്മാണം , ഈറ്റ -കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി ), മാനുഫാക്ച്ചറിങ് പ്രോസസിംഗ് മേഖലയിലെ തൊഴിലാളികൾ ( മരുന്ന് നിർമ്മാണ തൊഴിലാളി,ഓയിൽ മിൽ തൊഴിലാളി,ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മൽസ്യ ബന്ധന വില്പന തൊഴിലാളികൾ ഐ റ്റി ,ബാർബർ ബ്യുട്ടീഷ്യൻ, പാചക തൊഴിലാളി എന്നീ മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം.
https://lc.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ 'തൊഴിലാളി ശ്രേഷ്ഠ' എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്; വിലാസം: ലേബർ കമീഷണറുടെ കാര്യാലയം വികാസ് ഭവൻ, തിരുവനന്തപുരം. 695033 .ഫോൺ : 0471 2783900
ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിൽ , യുഐഡിഎഐയുടെ ആദ്യ അത്യാധുനിക ആധാർ സേവാ കേന്ദ്രം കൊച്ചിയിൽ
ജില്ലയിലെ ആധാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യവുമാക്കാൻ യുഐഡിഎഐ (UIDAI) നേരിട്ട് നടത്തുന്ന പുതിയ ആധാർ സേവാ കേന്ദ്രം (ASK) എറണാകുളത്ത് പ്രവർത്തനസജ്ജമായി. പുതിയ മാതൃകയിൽ യുഐഡിഎഐ സംസ്ഥാനത്ത് ആരംഭിക്കുന്ന ആദ്യ കേന്ദ്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. കച്ചേരിപ്പടിയിൽ ആരംഭിച്ച കേന്ദ്രം ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
ആധാര്‍ സേവനങ്ങള്‍ ഉപഭോക്തൃ കേന്ദ്രീകൃതമാകണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ആധാര്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാൻ കേന്ദ്രത്തിന് കഴിയും. ആധാർ എൻറോൾമെന്റ്, അപ്‌ഡേറ്റ്, പരാതി പരിഹാരം എന്നിവയാണ് പ്രധാന സേവനങ്ങൾ.നഗരവൽക്കരണവും ജനസംഖ്യാ വർധനവും കണക്കിലെടുത്ത് ആധാർ എൻറോൾമെന്റിനും അപ്‌ഡേഷനുമായി വർധിച്ചുവരുന്ന ജനത്തിരക്ക് കുറയ്ക്കാൻ കേന്ദ്രം സഹായിക്കും.
നിലവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലെ തിരക്ക് ലഘൂകരിക്കുന്നതിനൊപ്പം, മികച്ച പരാതി പരിഹാര സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ചിരിക്കുന്ന എറണാകുളത്ത് യുഐഡിഎഐയുടെ മേൽനോട്ടത്തിൽ തന്നെ ഫലപ്രദമായ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പുതിയ ആധാർ സേവന കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
സേവന കേന്ദ്രം ആരംഭിക്കുന്നതിന് മുന്‍കൈയെടുത്ത യുഐഡിഎഐയെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. സേവനങ്ങള്‍ ആവശ്യപ്പെട്ട് എത്തുന്നവരോട് ജീവനക്കാര്‍ ക്ഷമാപൂര്‍വ്വം പെരുമാറണമെന്നും ജില്ലാ കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.
അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി തൃശൂരിലും ആധാര്‍ സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുമെന്നും അതിനുപിന്നാലെ എല്ലാ ജില്ലകളിലും ഇതിന് സമാനമായ കേന്ദ്രങ്ങള്‍ വരുമെന്നും യുഐഡിഎഐ ബെംഗളൂരു റീജിയണല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി ആനി ജോയ്സി പറഞ്ഞു.
സേവന കേന്ദ്രത്തിലെ ആദ്യ ആധാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യുഐഡിഎഐ തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസ് ഡയറക്ടര്‍ വിനോദ് ജേക്കബ് ജോൺ തുടക്കം കുറിച്ചു.
ആദ്യ ടോക്കണ്‍ എറണാകുളം സ്വദേശി മാര്‍ക്ക് വില്‍സണ്‍ ഏറ്റുവാങ്ങി.
പുതിയ ആധാര്‍ എൻറോള്‍മെന്റ്, ഡാറ്റാ അപ്‌ഡേറ്റ്, പിവിസി കാര്‍ഡ് ഓര്‍ഡര്‍, പരാതി പരിഹാരം, അപ്പോയിന്റ്‌മെന്റുകള്‍, ടോക്കണ്‍ വിതരണം, മറ്റ് സേവനങ്ങള്‍ എന്നിവയും ഇവിടെ ലഭ്യമാകും. കച്ചേരിപ്പടി ആദായനികുതി ഓഫീസിന് സമീപം പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കൊച്ചേരി ചേംബേഴ്‌സിലാണ് ആധാര്‍ സേവാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ആധാര്‍ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രൊട്ടീന്‍ എന്ന സ്ഥാപനത്തിന്റെ സീനിയര്‍ മാനേജര്‍ റോയ് സാമുവേല്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഗോപിക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.