മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയിലേക്ക് അപേക്ഷിക്കാം
കേരളത്തിലെ യുവതീ -യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.eemployment.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. പ്രായം: 18-30 വരെ.
കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പ്ലസ്ടു/വി. എച്ച്. എസ്. സി/ഐ.ടി.ഐ/ഡിപ്ലോമ/ഡിഗ്രി വിജയത്തിന് ശേഷം വിവിധ ജോലികൾക്ക് വേണ്ടിയോ/മത്സര പരീക്ഷകൾക്ക് വേണ്ടിയോ തയ്യാറെടുക്കുന്നവർക്ക് അപേക്ഷിക്കാം. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലന സ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം, മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മത്സര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം എന്നിവ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെൻറ് എക്സ്‌ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484-2422458
കാലടി ശ്രീ ശങ്കര പാലം നവീകരണം; അവലോകന യോഗം ചേർന്നു
കാലടി ശ്രീ ശങ്കര പാലത്തിന്റെ നവീകരണം സംബന്ധിച്ച് ജില്ലാ കളക്ടർ ജി.പ്രിയങ്ക, എം.എൽ.എമാരായ റോജി എം. ജോൺ, എൽദോസ് പി. കുന്നപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
പാലത്തിന്റെ ഉപരിതലത്തിലെ പഴയ ടാറിങ് മുഴുവൻ നീക്കി ആധുനിക രീതിയിൽ പുതിയ ടാറിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ ജോലികൾ ചെയ്യുന്ന സമയത്ത്
പാലം പൂർണ്ണമായും അടച്ചിടേണ്ടി വരും. അത് വലിയ ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ഈ സാഹചര്യത്തിൽ നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ പാലം പരമാവധി വേഗത്തിൽ യാഥാർത്ഥ്യമാക്കി, ഗതാഗതത്തിന് തുറന്നു കൊടുത്തതിനുശേഷം പഴയ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
ഇതിന്റെ സാധ്യതകൾ വലിയിരുത്തുന്നതിനായി തിങ്കളാഴ്ച്ച ( ജനുവരി 12 ന്) എം.എൽ.എമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കാനും യോഗത്തിൽ തീരുമാനമായി.
ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അഭിമുഖം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ത്വക്ക് രോഗം, റേഡിയോ ഡയഗനോസിസ് എന്നീ വിഭാഗങ്ങളിൽ സീനിയർ റെസിഡൻ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, എം ഡി അല്ലെങ്കിൽ ഡി എൻ ബി ഇൻ വീഡിയോ ഡയഗനോസിസ്, ടി സി എം സി രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പും സഹിതം ജനുവരി 19 രാവിലെ 11 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിന് സമീപമുള്ള കൺട്രോൾ റൂമിൽ എത്തിച്ചേരണം. അന്നേദിവസം രാവിലെ 10.30 മുതൽ 11 വരെ ആയിരിക്കും രജിസ്ട്രേഷൻ. ഫോൺ: 0484 2754000
അഭിമുഖം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോ ഡയഗനോസിസ്, കാർഡിയോതൊറാസിക് & വാസ്കുലാർ സർജറി എന്നീ വിഭാഗങ്ങളിൽ ജൂനിയർ റസിഡൻ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, റേഡിയോളജി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, ടി സി എം സി രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർക്ക് റേഡിയോ വിഭാഗം ജൂനിയർ റസിഡൻ്റ് തസ്തികയിലേക്കും ,
എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് കാർഡിയോതൊറാസിക് & വാസ്കുലാർ സർജറി വിഭാഗം ജൂനിയർ റസിഡൻറ് തസ്തികയിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജനുവരി 19 രാവിലെ 11:30ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിന് സമീപമുള്ള കൺട്രോൾ റൂമിൽ എത്തിച്ചേരേണ്ടതാണ്. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 11 മുതൽ 11.30 വരെ ആയിരിക്കും.
ഫോൺ: 0484 2754000
സ്പോർട്സ് സ്കോളർഷിപ്പ്
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം അംഗീകരിച്ച ദേശീയ/ അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്ത കരസേനയിൽ നിന്നും വിരമിച്ച വിമുക്തഭടന്മാരുടെ ആശ്രിതർക്ക് സ്പോർട്സ് സ്കോളർഷിപ്പ് നൽകുന്നു. ഫോൺ: 0484- 2422239
വയോജനങ്ങളുടെ കഴിവും അനുഭവസമ്പത്തും ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം : വയോജന കമ്മീഷൻ
സംസ്ഥാന വയോജന കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കാൻ കമ്മീഷൻ ചെയർപേഴ്സൺ കെ സോമപ്രസാദിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
2031ൽ കേരള ജനസംഖ്യയുടെ 25 ശതമാനത്തോളം വയോജനങ്ങൾ ആകും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരല്ല. അവരുടെ കഴിവുകളും അനുഭവസമ്പത്തും സമൂഹത്തിന് പ്രയോജനകരമായ വിധത്തിൽ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കേണ്ടതാണെന്ന് കമ്മീഷൻ ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു.
അണുകുടുംബങ്ങളിലെ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കുടുംബാംഗങ്ങളോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കമ്മീഷൻ അംഗം കെ.എൻ.കെ നമ്പൂതിരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജെ ജോൺ ജോഷി, ഫിനാഷ്യൽ ഓഫീസർ പി.എസ് പ്രിൻസ്
സംഘടനാ ഭാരവാഹികൾ സന്നദ്ധപ്രവർത്തകൾ എന്നിവർ പങ്കെടുത്തു.
സുവർണ്ണ ജൂബിലിയി നിറവിൽ കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ്
കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെ എസ് ഐ എൻ സി) സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു. കേരള സർക്കാർ ഉടമസ്ഥതയിൽ 1975-ൽ രൂപീകൃതമായ പൊതുമേഖലാ സ്ഥാപനമായ കിൻകോ (KINCO) പ്രവർത്തന രീതിയിൽ മാറ്റം വരുത്തിയാണ് ഇന്നത്തെ കെ എസ് ഐ എൻ സി രൂപീകൃതമായത്. സുവർണ ജൂബിലിയിൽ എത്തിനിൽക്കുന്ന കമ്പനി ലാഭകരമായി പ്രവർത്തിക്കുന്നുണ്ടെന്നും, അത് നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
കമ്പനിയുടെ രൂപീകരണം മുതൽ തന്നെ പ്രാന്തപ്രദേശങ്ങളിൽ യാത്രാ സംവിധാനവും കുടിവെള്ള വിതരണവും ലഭ്യമാക്കുന്നുണ്ട്. ഇതുകൂടാതെ ഉൾനാടൻ ജലഗതാഗതം പ്രയോജനപ്പെടുത്തി ഫാക്ട് (FACT) അമ്പലമുകളിലേക്കും ഉദ്യോഗമണ്ഡലിലേക്കും വില്ലിംഗ്‌ടൺ ഐലൻ്റിൽ നിന്നും ചരക്ക് നീക്കം സാധ്യമാക്കുകയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കപ്പലുകൾക്ക് ഇന്ധനം നിറക്കുന്ന ജോലികളും കമ്പനിയുടെ സ്വന്തം ബാർജുകൾ ഉപയോഗപ്പെടുത്തി കെ.എസ്.ഐ.എൻ.സി. നടത്തി വരുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളായി കൊച്ചിയുടെ കടൽ/കായൽ ടൂറിസത്തിൻ്റെ പ്രധാന ഭാഗമായി കമ്പനി മാറി. കൊച്ചിയിലെ തന്നെ ഏറ്റവുമധികം പ്രചാരം നേടിയ കപ്പലുകളിൽ ഒന്നായി നെഫർറ്റിറ്റി എന്ന കപ്പലും, സാഗരറാണി, സൂര്യംശു, മിഷേൽ, ക്ലിയോപാട്ര എന്നീ ബോട്ടുകളും മാറി എന്നതും തീർത്തും അഭിമാനകരമാണ്. കൂടാതെ ആറ് ബോട്ടുകൾ ഒരേ സമയം അറ്റകുറ്റപ്പണികളും നിർമ്മാണവും നടത്താൻ കഴിയുന്ന കമ്പനിയുടെ തോപ്പുംപടിയിലുള്ള യാർഡും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇതോടൊപ്പം FRP ബോട്ട് നിർമ്മാണത്തിനായിട്ടുള്ള യാർഡും ഉടൻ പ്രവർത്തന സജ്ജമാകും. ഇത് കൂടാതെ കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള വൈപ്പിൻ - ഫോർട്ട്കൊച്ചി റോ-റോ സർവ്വീസും ഐ ഡബ്ല്യു എ ഐ(IWAI) യുടെ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നർ റോ-റോ സർവ്വീസും കമ്പനി നടത്തി വരുന്നു.