വനിതാ കമ്മീഷൻ അദാലത്ത്: 34 പരാതികളിൽ പരിഹാരം
വനിതാ കമ്മീഷന്‍ അദാലത്തിൽ 34 പരാതികൾക്ക് പരിഹാരം. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന ജില്ലാ തല അദാലത്തിൽ 100 പരാതികളാണ് പരിഗണിച്ചത്. 66 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. ഏഴ് പരാതികളില്‍ റിപ്പോര്‍ട്ട് തേടി.
കമ്മീഷൻ മെമ്പർമാരായ അഡ്വ. ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. കുഞ്ഞായിഷ, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വ. സ്മിത ഗോപി, അഡ്വ. കെ ബി രാജേഷ്, അഡ്വ വി എ അമ്പിളി, കൗൺസിലർ ബി പ്രമോദ് എന്നിവർ പരാതികൾ കേട്ടു.
പ്രൊബേഷൻ അസിസ്റ്റന്റ് നിയമനം
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റൻ്റ് തസ്തികയിൽ നിയമനം നടത്തുന്നു.അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.ഡബ്ലിയു, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ,ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം നവംബർ 22-ന് രാവിലെ 10.30 ന് കാക്കനാട്, സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-
ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
ഫോൺ : 0484-2425249
മാമലക്കണ്ടത്തെ ഉന്നതിയും സ്‌കൂളും സന്ദർശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013-ന്റെ പരിധിയിൽ വരുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് പരിധിയിലെ മാമലക്കണ്ടം പ്രദേശത്തെ ഗോത്രവർഗ്ഗ ഉന്നതികളിൽ സന്ദർശനം നടത്തി. കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ, ജില്ലയുടെ ചുമതലയുള്ള കമ്മീഷൻ അംഗം അഡ്വ. കെ. എൻ. സുഗതൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
കമ്മീഷൻ ഉന്നതികളിലെ ഗുണഭോക്താക്കളെ നേരിൽ കാണുകയും, ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. മാമലക്കണ്ടം പ്രദേശത്തെ ഗോത്രവർഗ്ഗ ഉന്നതികളിൽ പൊതുവിതരണം, വനിതാ ശിശു വികസനം എന്നീ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ കമ്മീഷൻ വിലയിരുത്തി. മേട്നാംപാറയിലെ അങ്കണവാടിയും സന്ദർശിച്ച് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
തുടർന്ന് മാമലക്കണ്ടം ഗവ. ഹൈസ്കൂളിലെത്തിയ കമ്മീഷൻ ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി. സ്കൂളിലെ പ്രധാനാധ്യാപിക സരിത ജോസഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉച്ചഭക്ഷണ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
ജില്ലാ സപ്ലൈ ഓഫീസർ എസ്. ഒ ബിന്ദു, കോതമംഗലം താലൂക്ക് സപ്ലെ ഓഫീസർ പി. എസ്.മിനിമോൾ, റേഷനിങ് ഇൻസ്‌പെക്ടർ മാരായ ഷൈജു വർഗീസ്, വി.പി. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ.ജി മനോജ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.സുധ, കോതമംഗലം സി.ഡി.പി.ഒ പിങ്കി കെ. അഗസ്റ്റിൻ, സൂപ്പർ വൈസർ വി.ബിന്ദ്യ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്നമ്മ ജോർജ്, നൂൺമീൽ ഓഫീസർ ഷിജോ ജോർജ്, കോതമംഗലം ഡി.ഇ.ഒ ബോബി ജോർജ്, ഫുഡ് സേഫ്റ്റി ഓഫീസർ ജാനു, നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കമ്മീഷനെ അനുഗമിച്ചു.
പ്രസ്സ് റിലീസ്*
CC/233/2025
'കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര റദ്ദാക്കി, അഡ്വാൻസ് തുക തിരികെ നൽകാത്ത ടൂർ ഓപ്പറേറ്റർ നഷ്ടപരിഹാരം നൽകണം'
കൊച്ചി: ബാംഗ്ലൂർ-ഗോവ സ്റ്റഡി ടൂർ റദ്ദായതിനെ തുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റിയ അഡ്വാൻസ് തുക തിരികെ നൽകാതിരുന്ന ടൂർ ഓപ്പറേറ്റർ 1.25 ലക്ഷം രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
തേവര, സെക്രഡ് ഹാർട്ട് കോളേജ് വിദ്യാർത്ഥിയായ ഹെലോയിസ് മാനുവൽ എറണാകുളം കലൂരിൽ പ്രവർത്തിക്കുന്ന ബി.എം ടൂർസ് & ട്രാവൽസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
ബി.എസ്.സി. (ഫിസിക്സ്) വിദ്യാർത്ഥിയായ പരാതിക്കാരനും, 37 സഹപാഠികൾക്കും മൂന്ന് അധ്യാപകർക്കുമൊപ്പം 2023 ഫെബ്രുവരി 22 മുതൽ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും സ്റ്റഡി ടൂർ പോകാൻ ടൂർ ഓപ്പറേറ്ററായ എതിർ കക്ഷിയെ സമീപിച്ചു.
41 പേർക്കായുള്ള ആകെ യാത്രാച്ചെലവ് 2,07,000/- രൂപയായിരുന്നു. അധ്യാപകർക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിരുന്നു.
ഇത്പ്രകാരം പരാതിക്കാരൻ 1,00,000/- രൂപ ടൂർ ഓപ്പറേറ്റർമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഡ്വാൻസായി കൈമാറി.
എന്നാൽ, ഇന്ത്യൻ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങുകയും, ബദൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ ടൂർ പൂർണ്ണമായും റദ്ദാക്കുകയും ചെയ്തു.
അഡ്വാൻസ് തുക 2023 ജൂൺ മാസത്തിൽ തിരികെ നൽകാമെന്ന് ടൂർ ഓപ്പറേറ്റർമാർ സമ്മതിച്ചിരുന്നുവെങ്കിലും, നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകിയില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി, എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
സേവനം നൽകാത്തതിനാൽ, പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും അത് ചെയ്യാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാര രീതിയുമാണ്.
ഒരു കൂട്ടം വിദ്യാർത്ഥികളുടെ വിശ്വാസത്തെയാണ് ടൂർ ഓപ്പറേറ്റർമാർ വഞ്ചിച്ചത്. യാത്രാ തടസ്സം ഉണ്ടായപ്പോൾ പണം ഉടൻ തിരികെ നൽകുക എന്നതായിരുന്നു പ്രാഥമിക നിയമപരമായ ബാധ്യത. എതിർ കക്ഷിയുടെ ദീർഘമായ നിശബ്ദത വിദ്യാർത്ഥിയെ കോടതി വ്യവഹാരത്തിലേക്ക് കൊണ്ടെത്തിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വിദ്യാർത്ഥിയിൽ നിന്നും അഡ്വാൻസായി വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നൽകണം. കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 25000 /- രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.
പരാതിക്കാരന് വേണ്ടി അഡ്വ. എം.ജെ ജോൺസൺ ഹാജരായി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താക്കുറിപ്പ്
തിരഞ്ഞെടുപ്പ് ചിഹ്നം : പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം.
പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കകയും വേണം.
അത്തരത്തിൽ ചിഹ്നം ശിപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികൾ, സ്വന്തം കൈപ്പടയിൽ ഒപ്പ് വച്ച ശിപാർശ കത്ത് ബന്ധപ്പെട്ട വരണാധികാരി ചിഹ്നം അനുവദിക്കുന്ന നവംബർ 24 ന് വൈകിട്ട് മൂന്നു മണിക്ക് മുൻപ് സമർപ്പിക്കണം.
'നൈറ്റ് ഔട്ട് വിത്ത്
ബി എൽ ഒ '-
ഗിരിനഗർ നിവാസികൾ
കതകു തുറന്നപ്പോൾ
കണ്ടത് ജില്ലാ കളക്ടറെ...
വൈകിട്ട് ബെൽ ശബ്ദം കേട്ട് കതക് തുറന്നു നോക്കിയ ഗിരിനഗർ നിവാസികൾ ഒന്ന് അമ്പരന്നു... മുന്നിൽ ജില്ലാ കളക്ടർ.
എസ് ഐ ആർ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ബൂത്ത് ലെവൽ ഓഫീസർ, തഹസിൽദാർ എന്നിവർക്കൊപ്പം കൊച്ചി കോർപറേഷനിലെ ഗിരിനഗർ 123 ബൂത്ത് പരിധിയിലെ വോട്ടർമാരുടെ വീടുകൾ സന്ദർശിച്ചത്.
സമ്മതിദായകരെ കണ്ട് എന്യൂമറേഷൻ ഫോമുകൾ നേരിട്ടു വിതരണം ചെയ്യുക കൂടിയായിരുന്നു ജില്ലാ കളക്ടർ.
എസ് ഐ ആറിൻ്റെ ഗൗരവം വോട്ടർമാരെ അറിയിക്കുക, തിരഞ്ഞെടുപ്പ് നടപടികൾ വേഗത്തിൽ ആക്കുക എന്നിവയുടെ ഭാഗമായിട്ടാണ് മിന്നൽ പര്യടനം നടത്തിയത്.
1406 വോട്ടർമാരാണ് ഇവിടെയുള്ളത്. 40 ശതമാനത്തിലേറെ ഫോമുകൾ വിതരണം ചെയ്തതായി ജില്ലാ കളക്ടർ അറിയിച്ചു. രാത്രി 10 വരെ ഫോം വിതരണം നീണ്ടു.
എന്യൂമറേഷൻ ഫോം വിതരണത്തിൻ്റെ എട്ടാം ദിവസമായിരുന്ന ചൊവ്വാഴ്ച
സംസ്ഥാനത്ത് രാത്രി 11.58 വരെ വരെ 1,25,3004 പേർക്ക് (47%) ഫോം വിതരണം ചെയ്തു.