ടോട്ടോ-ചാന്‍ (ജനാലയ്ക്കരികിലെ വികൃതിക്കുട്ടി)

196 views
Skip to first unread message

Mukesh Photography

unread,
Jun 21, 2012, 1:31:27 AM6/21/12
to
ടോട്ടോ-ചാന്‍ (ജനാലയ്ക്കരികിലെ വികൃതിക്കുട്ടി)
ടോട്ടോ- ചാന്‍ എന്ന വികൃതിപ്പെണ്‍‌കുട്ടിയുടെയും അവളുടെ പ്രിയപ്പെട്ട റ്റോമോ വിദ്യാലയത്തിന്റെയും കഥയാണിത്. യൂനിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡറായി വളര്‍ന്ന തെത്‌സുകോ കുറോയാനഗി എന്ന ടോട്ടോ- ചാന്റെ സ്‌മരണകള്‍ എന്നും ഈ പുസ്‌തകത്തെ വിശേഷിപ്പിക്കാം.
                    1937-ല്‍ കൊബായാഷി മാസ്‌റ്റര്‍ സ്‌ഥാപിച്ച റ്റോമോ വിദ്യാലയം 1945-ല്‍ ടോക്കിയോയിലെ ബോംബാക്രമണത്തില്‍ കത്തിയെരിഞ്ഞു. ആ കുറഞ്ഞ കാലയളവിനുള്ളില്‍ മാസ്‌റ്റര്‍ കുട്ടികള്‍ക്കു നല്‍കിയ അപൂര്‍വ ശിക്ഷണത്തിന്റെ ഓര്‍മകള്‍. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും പ്രത്യേകിച്ച് അധ്യാപകര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം.


ജപ്പാന്‍കാരനായ ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവം എന്ന പുസ്തകത്തെയും ആശയത്തെയും പറ്റി നമ്മള്‍ കേട്ടിരിക്കുന്നു. സസ്യങ്ങളെ അതിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്കു വിടുക എന്ന സുന്ദരമാ‍യ ഒരു സംഗതിയാണു് ഫുക്കുവോക്ക നിര്‍ദ്ദേശിക്കുന്നതു്. സ്വാഭാവികമായ അന്തരീക്ഷത്തില്‍ സസ്യങ്ങള്‍ക്കു് പ്രതിരോധശക്തി ലഭിക്കുമെന്നും. വളര്‍ച്ചയ്ക്കു പ്രതികൂലമായി വരുന്ന അവസ്ഥകളെല്ലാം തന്നെ കാലക്രമേണ ഇല്ലാതായിക്കൊള്ളുകയോ, അതിനു തക്ക പ്രതിരോധം വിത്തിലും ചെടിയിലും ഉണ്ടായി വരികയോ ചെയ്യുമെന്നും ഫുക്കുവോക്ക ചെയ്തു കാണിച്ചു തരുന്നതു് നമ്മെ തീര്‍ച്ചയായും ആകര്‍ഷിക്കും. എന്നാല്‍ ഇതു വായിക്കുന്ന ഒരാളും തങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളും ഇപ്രകാരമാണോ വളരുന്നതെന്നു ചിന്തിക്കാന്‍ മിനക്കെടുന്നില്ല. അങ്ങനെ അബദ്ധത്തിലെങ്ങാനും ചിന്തിച്ചു പോയാല്‍ തന്നെ ഒരു ജീവിതകാലയളവുകൊണ്ടിതൊന്നും ശരിയാകാന്‍ പോകുന്നില്ലെന്നു് സ്വയം തീരുമാനിച്ചു് പിന്തിരിയുന്നു. 

ചന്തയില്‍നിന്നു മേടിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതില്‍ നാം അതീവ ശ്രദ്ധാലുക്കളാണു്. നാട്ടുകാരതു കൂട്ടം കൂട്ടമായി വാങ്ങുന്നു എന്നതു് നമ്മെ സ്വാധീനിക്കുമെങ്കിലും നമുക്കതു തന്നെയാണോ വേണ്ടതു് എന്നു് ഒരു നിമിഷമെങ്കിലും ആലോചിക്കാതിരിക്കില്ല. നിര്‍ഭാഗ്യവശാല്‍, ചിന്തിക്കുന്ന ആളുകള്‍ പോലും അവനവന്റെ കുഞ്ഞിന്റെ വിദ്യാഭ്യാസകാര്യത്തില്‍ സ്വീകരിക്കുന്ന നയം ആശാവഹമായ ഒന്നല്ല. മനുഷ്യന്റെ, മനുഷ്യകുലത്തിന്റെ, സ്വാഭാവികമായ വളര്‍ച്ചയും പരിണാമവും വിഭാവനം ചെയ്യുന്ന ഒരു വിദ്യാഭ്യാസപദ്ധതിയുടെ ആവശ്യകതയെപ്പറ്റി അതിന്റെ ഉപഭോക്താക്കളില്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ അത്തരമൊരു വിദ്യാലയത്തില്‍ പഠിച്ച തെത്‌സുകോ കുറയോനഗി എഴുതിയ ടോട്ടോചാന്‍ എന്ന കൃതിയില്‍ അങ്ങനെ ചിന്തിക്കുകയും, ഉപേക്ഷിക്കപ്പെട്ട റെയില്‍ബോഗികളില്‍ അദ്ധ്യയനം നടത്തുകയും ചെയ്ത, ഫുക്കുവോക്കയുടെ നാട്ടുകാരനായ കൊബായാഷി മാസ്റ്ററെ പറ്റിയുള്ള ഓര്‍മ്മകള്‍ നിങ്ങള്‍ക്കു വായിക്കാം. 

തെത്‌സുകോ കുറയൊനഗി എന്ന ടോട്ടോചാനെ ആദ്യം പഠിച്ച സ്ക്കൂളില്‍ നിന്നു പറഞ്ഞയക്കുകയാണുണ്ടായതു്. തുടരെ തുടരെ പെന്‍സില്‍ ബോക്സ് തുറന്നടച്ചും, ജനാലയ്ക്കരികില്‍ ചെന്നു നിന്നു് തെരുവിലെ പാട്ടു സംഘത്തിനു് ചെവികൊടുത്തും. മറ്റും ശല്യപ്പെടുത്തുന്നുവെന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട വിവരം ടോട്ടോയെ അറിയിക്കാതെ അമ്മ കൊബായാഷി മാസ്റ്ററുടെ റ്റോമോഗാക്വെന്‍ സ്ക്കൂളില്‍ കൊണ്ടു ചെല്ലുന്നു. കൊബായാഷി മാസ്റ്ററുടെ കുഞ്ഞുമായുള്ള അഭിമുഖം തന്നെ വളരെ രസകരമാണു്. സംസാരിച്ചു തുടങ്ങിയ ടോട്ടോ ഇനി ഒന്നും പറയാനില്ലാതെ നിര്‍ത്തുന്നതു വരെ മാസ്റ്റര്‍ അതു കേട്ടുകൊണ്ടിരുന്നു. ഏകദേശം നാലര മണിക്കൂര്‍. ഇന്റര്‍വ്യൂ അത്രതന്നെ. കുഞ്ഞിന്റെ എല്‍ കെ ജിയിലെ അഡ്മിഷനു വേണ്ടി ഉറക്കമിളച്ചു ജി.കെ ഉണ്ടാക്കുന്ന അച്ഛനമ്മമാര്‍ക്കും ഇവര്‍ക്കു ചോദ്യക്കടലാസുണ്ടാക്കുന്ന അദ്ധ്യാപകര്‍ക്കും ഒരു പക്ഷേ അതു് അന്നത്തെ കാലം ഇന്നതല്ല അവസ്ഥ എന്നൊരു ന്യായം പറയാനുണ്ടാവും. മത്സരം നിറഞ്ഞ ലോകത്തില്‍ ഇടിച്ചു നിന്നു് പത്തു കാശോ പേരോ ഉണ്ടാക്കാനുള്ളതാണു് വിദ്യാഭ്യാസം എന്ന തെറ്റിദ്ധാരണയാണിതിനു ഹേതു. കാലത്തിനാണോ വിദ്യാഭ്യാസം വേണ്ടതു്? കുഞ്ഞിനല്ലേ? കുഞ്ഞു് അന്നുമിന്നും ഒന്നാണു്. 

സ്കൂളിലെ ഭക്ഷണരീതികള്‍ കണിശമാണു്. ചോറിനോടൊപ്പം മലകളില്‍ നിന്നൊരു പങ്കു് സമുദ്രത്തില്‍ നിന്നൊരു പങ്കു്. അതു നിര്‍ബന്ധം. മാസ്റ്റര്‍ എല്ലാവരുടെയും ചോറ്റുപാത്രം പരിശോധിച്ചു് ഏതെങ്കിലും പങ്കു് കുറവെന്നുകണ്ടാല്‍ അതു് കൊടുക്കാന്‍ പത്നിയെ ഏല്പിക്കും. കൃഷിയെക്കുറിച്ചു ക്ലാസെടുക്കാന്‍ വരുന്നതു് ഒരു അഗ്രികള്‍ചര്‍ ബിരുദധാരിയല്ല, മറിച്ചു് ഒരു കൃഷിക്കാരനാണു്. ഇങ്ങനെ ഒട്ടനവധി വിശേഷങ്ങളുണ്ടീ വിദ്യാലയത്തില്‍. 

1937-ല്‍ ഒട്ടനവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണു് സൊസാകു കൊബായാഷി റ്റോമോഗാക്വെന്‍ ആരംഭിച്ചതു്. “കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വെയ്ക്കാതിരിക്കുക. അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടേതിനേക്കാള്‍ മഹത്തരമാണു്” എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ലോകത്തിന്റെ നെഞ്ചില്‍ തൊടുക്കപ്പെട്ട ആറ്റംബോംബിലാണു് ഈ സ്ക്കൂളും അവസാനിക്കുന്നതു്. വായിക്കാനും ഇന്നത്തെ വിദ്യാഭ്യാസപദ്ധതി അപര്യാപ്തമാണെന്ന ബോധം ഉണ്ടായിട്ടുള്ളവര്‍ക്കതെക്കുറിച്ചു് ചിന്തിക്കാനും ഉതകുന്ന ഒരു നല്ല പുസ്തകം. മൂലകൃതി ജാപനീസ് ഭാഷയില്‍. രചനാകാലം 1970- 1980. ഖണ്ഡശ്ശ ആയി പ്രസിദ്ധീകരിക്കപ്പെട്ടു് പിന്നീടു് പുസ്തകമായ ഈ കൃതി ജപ്പാനിലെ വിദ്യാഭ്യാസവിചക്ഷണന്മാ‍രെ ഏറെ സ്വാധീനിച്ചിരുന്നതായി പറയപ്പെടുന്നു.
Inline image 1
കടപ്പാട്: പുസ്തകപരിചയം

"കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വെയ്ക്കാതിരിക്കുക. 
അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടേതിനേക്കാള്‍ മഹത്തരമാണു് ..."


 Mukesh      

Pls like this page in facebook...

MUKESH PHOTOGRAPHY

totto-chan1.jpg
Reply all
Reply to author
Forward
0 new messages