മനസ്സിന്റെ നടുമുറ്റത്ത് കൂടുകൂട്ടിയ മനയെക്കുറിച്ച്

15 views
Skip to first unread message

പ്രസൂണ്‍ ( പ്രസൂ )

unread,
Jun 11, 2013, 4:25:27 AM6/11/13
to
മനസ്സിന്റെ നടുമുറ്റത്ത് കൂടുകൂട്ടിയ മനയെക്കുറിച്ച്



എവിടെയുമെനിക്കൊരു വീടുണ്ട് എന്ന് ഞാന്‍ മുമ്പ് ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്. ഊട്ടിയിലെ എന്റെ വീടും ഷൂട്ടിങ്ങിന് പോയിപ്പോയി എന്റേതുപോലെ ആയിത്തീര്‍ന്ന ചില വീടുകളെക്കുറിച്ചുമായിരുന്നു അന്ന് ഞാന്‍ ഓര്‍ത്തിരുന്നത്. ഫേണ്‍ഹില്‍ പാലസ്, നവനഗര്‍ പാലസ് എന്നിവയായിരുന്നു അവ. മറ്റൊരാളാണ് ഉടമസ്ഥന്‍ എന്നറിഞ്ഞിട്ടും ഇപ്പോഴും അവ എന്റേതാണ് എന്ന് എനിക്ക് തോന്നാറുണ്ട്. ജീവിതത്തിലെ അത്രയധികം നിമിഷങ്ങള്‍ ഞാന്‍ അവയില്‍ ചിലവഴിച്ചിട്ടുണ്ട്.

അതുപോലെ,അല്ലെങ്കില്‍ അതിലുപരി മറ്റൊരു വീടുണ്ട് എന്റേതെന്നുതോന്നുന്നതും എന്നാല്‍ എന്റേതല്ലാത്തതും. ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയാണത്. അടുത്തദിവസം എന്റെ സുഹൃത്തായ ഒരു മാധ്യമപ്രവര്‍ത്തകനോട് ഒരാള്‍ വരിക്കാശ്ശേരിയിലേക്കുള്ള വഴിചോദിച്ചു. എന്താണ് കാര്യം എന്ന് അദ്ദേഹം തിരിച്ചുചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞുവത്രേ 'മോഹന്‍ലാല്‍ ഒരുപാടുതവണ വന്ന സ്ഥലമല്ലേ, ഒന്നുപോയിക്കാണാനാണ്' എന്ന്. ഇതൊരു ആത്മപ്രശംസയായി എടുക്കരുത് എന്റെ വായനക്കാര്‍. എന്നെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമുള്ള കാര്യമാണ്. വെറുതേ വന്നുപോയതുകൊണ്ടുമാത്രം എന്റെ പേരില്‍ വീട് അറിയപ്പെടുക, വെറും വീടല്ല കേരള ചരിത്രത്തിലേയും വാസ്തുശില്‍പ്പ ചരിത്രത്തിലേയും തച്ചുശാസ്ത്രണ്ഡലത്തിലേയും എണ്ണം പറഞ്ഞ ഒരു മന.



സിനിമാ ജീവിതത്തിന്റെ ഏത് കാലഘട്ടം മുതല്‍ക്കാണ് ഞാന്‍ വരിക്കാശ്ശേരിയുടെ മുറ്റത്തെ സ്ഥിരക്കാരനായത് എന്നെനിക്ക് ഓര്‍മ്മയില്ല. ഏറ്റവും ഒടുവില്‍പ്പോയത് 'മാടമ്പി' എന്ന ചിത്രത്തിന് വേണ്ടിയാണ്.ഇക്കാലത്തിനിടെ എത്രയോ തവണ ഞാന്‍ ചരിത്രം കിടന്ന് ബഹളം കൂട്ടുന്ന ആ മുറികളില്‍ എന്തൊക്കെയോ ഓര്‍ത്ത് ഇരുന്നിരിക്കുന്നു, അവിടത്തെ പഴമയുടെ ഗന്ധം പടര്‍ന്ന മുറികളില്‍ ഇരുന്ന് ഉണ്ടിരിക്കുന്നു, ഉച്ചമയങ്ങിയിരിക്കുന്നു,ചങ്ങാത്തം കൂടിയിരിക്കുന്നു, ജോലിചെയ്ത് തളര്‍ന്നിരിക്കുന്നു, ഒരുപാട് വലിയമനുഷ്യരെയും നാടന്‍ മനുഷ്യരേയും കണ്ടിരിക്കുന്നു.

ഓരോ തവണ പോകുമ്പോഴും അവിടെയുള്ള മുതിര്‍ന്ന നമ്പൂതിരിയില്‍ നിന്നാണ് ഈ വീടിന്റെ ഏകദേശ ചരിത്രം ഞാന്‍ കുറേയെങ്കിലും മനസ്സിലാക്കിയെടുത്തത്. ചുരുങ്ങിയത് ആയിരം വര്‍ഷത്തിന്റെ ചരിത്രമെങ്കിലും ഉണ്ടാകും ഈ വീടിന്. 'അഷ്ടഗൃഹത്തില്‍ ആഢ്യന്മാരുടെ'കൂട്ടത്തില്‍പ്പെട്ടവരായിരുന്നു വരിക്കാശ്ശേരിക്കാര്‍. പെരുന്തച്ചന്റെ കണക്കുപ്രകാരമാണ് മന പണിതത്. തീര്‍ച്ചയായും ആയിരിക്കാം.അക്കാലം ഈ ദേശത്തിന്റെ മണ്ണിലെ ഓരോ അദ്ഭുതശില്‍പ്പത്തിലും അദ്ദേഹത്തിന്റെ ഉളിപ്പാടുകള്‍ കാണാം. പത്തായപ്പുരയും ഊട്ടുപുരയും കുളപ്പുരയും തെക്കിനിയും വടക്കിനിയും കിഴക്കിനിയും പടിഞ്ഞാറ്റിയുമുള്ള വിസ്മയസൗധം. അതിന്റെ പ്രതാപകാലത്തേക്കുറിച്ചും അദ്ദേഹം പറഞ്ഞുതരമായിരുന്നു സംസ്‌കൃതഭാഷണങ്ങളും തര്‍ക്കങ്ങളും വേദാദ്ധ്യാനങ്ങളും വാരസ്സദ്യകളും സംഗീതസഭകളും നിറഞ്ഞ കാലം. നിത്യവും പാവങ്ങള്‍ക്ക് ഊണ്. പലദേശത്തുനിന്നും വരുന്നവര്‍ക്ക് സ്വീകരണം, താമസം. മുറ്റത്തും പറമ്പിലും ആനകള്‍, അവയുടെ ചങ്ങലക്കിലുക്കങ്ങള്‍. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍, ഉച്ചമയക്കങ്ങളിലേക്ക് വീഴുന്ന സമയങ്ങളില്‍ ഞാന്‍ ചിലപ്പോള്‍ ആ കാലത്തേക്ക് പോകാറുണ്ട്. എത്രമാത്രം ചലനാത്മകമായിരിക്കും അക്കാലം! എന്തിനൊക്കെ സാക്ഷ്യം വഹിച്ചവയായിരിക്കും ഈ ചുമരുകള്‍!

എന്നോട് ചരിത്രം പറഞ്ഞ ആ നമ്പൂതിരി അങ്ങനെ ഇരിക്കും. സുഗമമായി സൂര്യനമസ്‌കാരം ചെയ്യുമായിരുന്നു അദ്ദേഹം. സൂര്യനമസ്‌കാരത്തിലൂടെ പ്രമേഹത്തെ മാറ്റിയ ആളാണ്.



ദേവാസുരത്തിന്റെ ചിത്രീകരണ കാലത്തായിരിക്കും ഏറ്റവുമധികം സമയം ആദ്യമായി ഞാന്‍ വരിക്കാശ്ശേരിയില്‍ കഴിയുന്നത്. പിന്നെ ആറാം തമ്പുരാന്‍ ചിത്രീകരിക്കാന്‍ എത്തി. അപ്പോഴേക്കും ആ വീടിന്റെ ഒരോ കോണും എനിക്ക് പരിചിതമായിരുന്നു. ഉച്ചസമയങ്ങളിലൊക്കെ അവിടെയങ്ങനെ ഇരിക്കാന്‍ പ്രത്യേക സുഖമാണ്.

ഞാനൊറ്റക്കായിരുന്നില്ല എന്റെ വരിക്കാശ്ശേരി ജീവിതം നയിച്ചിരുന്നത്. ഒരു പാട് നടന്മാരും നടിമാരും സംവിധായകരും എഴുത്തുകാരും സാങ്കേതിക പ്രവര്‍ത്തകരും ഷൂട്ടിങ്ങ് കാണാന്‍ വന്ന് വന്ന് മുഖപരിചയമായ മനുഷ്യരും എല്ലാം ചേര്‍ന്ന് വലിയൊരു ആള്‍ക്കൂട്ടം. പഴയകാലത്ത് മറ്റൊരുതരത്തിലുള്ള മനുഷ്യരാണ് ഈ മുറ്റത്തും അകത്തളങ്ങളിലും വിഹരിച്ചിരുന്നതെങ്കില്‍ ഇന്ന് പുതിയ തരത്തിലുള്ള ആളുകള്‍ വരിക്കാശ്ശേരിയുടെ മുറ്റത്തേയും മുറികളേയും ചലനാത്മകമാക്കുന്നു.



വരിക്കാശ്ശേരി മനയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു കാര്യം മാത്രം എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും: ഈ വീടിന്റെ ഓരോ അണുവിനും എന്നെ അറിയാം, മുറ്റത്തിനും മരങ്ങള്‍ക്കുമറിയാം, കുളത്തിനറിയാം,അതിലെ മീനുകള്‍ക്കറിയാം, തൊടിയിലെ കാറ്റിനുപോലുമറിയാം..... അതൊരു ഭാഗ്യമല്ലേ?


 
Reply all
Reply to author
Forward
0 new messages