
എം.ടിസാറിനെ
എന്നാണ് പരിചയപ്പെട്ടത് എന്ന് ഓര്‍മ്മയില്ല. എന്നോ, എവിടെ വച്ചോ സംഭവിച്ച
ഒരു ഭാഗ്യം. അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായി അങ്ങിനെ ഇഴുകിച്ചേരാന്‍
സാധിച്ചിട്ടില്ല. അദ്ദേഹം'അറ്റാച്ച്ഡ് ഡിറ്റാച്ച്‌മെന്റ്' എന്ന
അവസ്ഥയിലുള്ള ആളായതുകൊണ്ടായിരിക്കണം. പക്ഷേ അദ്ദേഹം എഴുതിയ വിസ്മയകരമായ
കുറേ തിരക്കഥകളില്‍ അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. ഉയരങ്ങളില്‍, അമൃതം
ഗമയ, പഞ്ചാഗ്‌നി, ഇടനിലങ്ങള്‍, താഴ്‌വാരം, സദയം... ഒറ്റ ഓര്‍മ്മയില്‍
മാത്രം എത്ര ചിത്രങ്ങള്‍! എന്തെന്ത് അനുഭവങ്ങള്‍! അവയെല്ലാം എന്റെ
അഭിനയജീവിതത്തിലെ അഭിമാനനിമിഷങ്ങളാണ്.
മലയാളസിനിമയില്‍
തിരക്കഥാരചനയ്ക്ക് ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കിയത് എം.ടി.വാസുദേവന്‍
നായരാണ്. തിരക്കഥയില്‍ കേരളത്തിന്റേതായ സംഭാഷണശൈലി ചേര്‍ത്ത് മലയാള
സിനിമയില്‍ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍
എം.ടിയുമായുള്ള ബന്ധം തുടങ്ങുന്നത് ഒരു ആരാധകനായിട്ടാണ്. അദ്ദേഹത്തിന്റെ
കഥകളൊക്കെ വായിച്ച് തുടങ്ങിയ ആരാധന. അന്ന് എംടി. കോഴിക്കോട് 'മാതൃഭൂമി'
യിലാണ്. ഞാന്‍ കോഴിക്കോട്ട് കാരനായതു കൊണ്ട് 'മാതൃഭൂമി'യില്‍ ചെന്ന്
അക്കാലത്തേ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. ശരിക്കു പറഞ്ഞാല്‍ ഒരു
അധ്യാപക-വിദ്യാര്‍ഥി ബന്ധമായിട്ടാണ് ആ സൗഹൃദം തുടങ്ങുന്നത്.