ഒരു സുഖമുള്ള കുളിര്‍മ മനസ്സിലേയ്ക്ക് പകര്‍ന്നു തരുന്ന കര്‍ക്കിടത്തെ കുറിച്ച് പൊതുവേ പറയാറുണ്ട് 'കര്‍ക്കിടക മാസം പഞ്ഞ മാസം' എന്ന്. പെരുമഴയില്‍ നനഞ്ഞ് കുളിച്ച് ഭൂമി ഒരു തരം വിശ്രമാവസ്ഥയിലാവുന്നതു കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ പറയുന്നത്, അല്ലെങ്കില്‍ പറഞ്ഞിരുന്നത്. അതുമല്ലെങ്കില്‍ അതൊരുപക്ഷെ, ഒരു കൃഷിക്കാരന്റെ സുവര്‍ണ്ണ കാലമാവുന്ന ചിങ്ങമാസത്തിന്റെ വരവിനു മുന്‍പേയുള്ള പ്രകൃതിയുടെ ഒരു പെയ്തുതോരലും ആയിരിയ്ക്കാം.. ഏതായാലും മഴയുടെ വരവറിയിയ്ക്കുന്ന ഒരിരുണ്ട മുഖമാണ് കര്‍ക്കിടകം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ് പെട്ടെന്ന് കൊടുക്കാറുള്ള ഒരു ചിത്രം.
കര്‍ക്കിടകം എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത് കര്‍ക്കിടക സംക്രാന്തി തന്നെ. ചേട്ടയെ കളഞ്ഞ്, ശ്രീയെ അകത്തേയ്ക്കു കൊണ്ടുവരല്‍. വീടിന്റെ ഓരോ മുക്കും മൂലയും അടിച്ചു തുടച്ച്, പ്രത്യേകിച്ചും അന്ന്, അടുക്കളയ്ക്ക് തൊട്ടടുത്തു തന്നെ കണ്ടു വരാറുള്ള, ധാരാളം സാധനങ്ങള്‍ സൂക്ഷിച്ചു വെയ്ക്കാനുപയോഗിയ്ക്കുന്ന 'കലവറ'യും മുഴുവനായി ഒഴിച്ച് അടിച്ചു തുടയ്ക്കുന്നത് വലിയ പ്രാധാന്യത്തോടെ ചെയ്തിരുന്നത് ഓര്‍ക്കുന്നു. അതുപൊലെ ജനാല ക്കമ്പികളിലും മറ്റുമുള്ള പൊടിയും, (അതു ഞങ്ങള്‍ കുട്ടികള്‍ക്കുള്ള ജോലിയായിരുന്നു.) മുകളില്‍ തൂങ്ങി കിടക്കുന്ന മാറാലയും മറ്റു അഴുക്കും കളഞ്ഞ്, അടിമുടി വൃത്തിയാക്കിയെടുത്ത് വീടിന്റെ ഐശ്വര്യം വീണ്ടെടുക്കല്‍ തന്നെയായിരിയ്ക്കണം അതിന്റെ ഉദ്ദേശ്ശവും. സത്യത്തില്‍, ഇപ്പോള്‍ ഗൃഹപരിപാലനം കൂടി തുടങ്ങിയപ്പോള്‍, വര്‍ഷത്തിലൊരിയ്ക്കലെങ്കിലും ഇത്തരം വിപുലമായ ഒരു അടിച്ചു തുടയ്ക്കല്‍ പരിപാടിയുണ്ടാവുന്നത് വളരെ നല്ല കാര്യമായി തന്നെ തോന്നുന്നു.
അങ്ങനെ ചേട്ടയെ കളഞ്ഞ്, ശ്രീ ഭഗവതിയെ കുടിയിരുത്തിയതിനു ശേഷം കുളിച്ച് ദശപുഷ്പങ്ങള്‍ ചൂടുക എന്നൊരു പതിവുണ്ടായിരുന്നു. അതിപ്പോഴും നാട്ടില്‍ ഗ്രാമപ്രദേശങ്ങളിലെങ്കിലും പതിവുണ്ടാവണം. പേരില്‍ പുഷ്പങ്ങള്‍ എന്നുണ്ടെങ്കിലും അതിലുള്ളതധികവും ഇലകള്‍ തന്നെയാണ്. പൂവാന്‍ കുറുന്നില, മുയല്‍ച്ചെവി (മോക്ഷമി), കറുക, നിലപ്പന, കയ്യൊന്നി, വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി ഇത്രയുമായാല്‍ ദശപുഷ്പങ്ങളായി. മഴക്കാലത്ത് ഇവ തലയില്‍ ചൂടുന്ന ശീലം ഉണ്ടായത്, ഇവയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഔഷധ ഗുണം കണ്ടു കൊണ്ടു തന്നെയാവണം. മുക്കുറ്റി കൊണ്ടുള്ള പൊട്ട് അല്ലെങ്കില്‍ ചാന്ത് സ്ത്രീകള്‍ അണിയും.
പിന്നെ, മുടങ്ങാതെ എല്ലാവരും ചെയ്തിരുന്ന മറ്റൊരു കാര്യമായിരുന്നു രാമായണം വായന. ശരിയ്ക്കും ഉച്ചയ്ക്കു വായിയ്ക്കണമത്രേ.. എന്നാലെ ശ്രീരാമന്‍ കേള്‍ക്കൂ, മറ്റേ സമയത്തൊക്കെ രാമന്‍ ഹനൂമാന്റെ അടുത്താവും, അപ്പോള്‍ നമ്മള്‍ വായിയ്ക്കുന്നത് കേള്‍ക്കില്ല. [നമ്മള്‍ രാമായണം വായിക്കുന്ന നേരത്ത് ഹനുമാന്‍
അത് കേള്‍ക്കാന്‍ നമ്മുടെ അടുത്തു വന്നിരിക്കും. അപ്പോള്‍ ഹനുമാന്റെ ദൈനംദിന ചര്യകള്‍ ഒക്കെ മുടങ്ങും എന്നും പറയുന്നത് കേട്ടിട്ടുണ്ട്] പക്ഷെ എന്തു ചെയ്യാം, ശനീം ഞായറും മാത്രമേ ഉച്ചയ്ക്ക് വായിയ്ക്കാന്‍ പറ്റുകയുള്ളൂ..എന്നാല്‍, സത്യത്തില്‍ രാവിലെ വായിച്ചാലും, ഉച്ചയ്ക്കു വായിച്ചാലും, ശ്രീരാമന്‍ കേള്‍ക്കണമെന്ന ഉദ്ദേശ്ശത്തിനേക്കാള്‍ കൂടുതല്‍ കര്‍ക്കിടകം കഴിയുമ്പോഴേയ്ക്കും രാമായണം മുഴുവനും എങ്ങനെയെങ്കിലും, കുറഞ്ഞത് ഒരാവര്‍ത്തിയെങ്കിലും വായിച്ചു തീര്‍ക്കാനുള്ള തത്രപ്പാടായിരുന്നു കൂടുതല്‍.. ആദ്യം വായിച്ചുതീര്‍ത്തതിനുള്ള 'ക്രെഡിറ്റ്' സ്വന്തമാക്കാനുള്ള വെപ്രാളം വെറെയും.. അതൊരു മാരത്തോണ്‍ വായന തന്നെയായിരുന്നു ശരിയ്ക്കും.
പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ് കര്‍ക്കിടക മാസം.കര്‍ക്കിടത്തിലെ കലി തുള്ളി പെയ്യുന്ന മഴക്ക് ശേഷമുള്ള മലയാളത്തിന്റെ പൊന്‍ ഓണത്തിന് വേണ്ടിയുള്ള കാത്തിരുപ്പ് കൂടിയാണ് കര്‍ക്കിടകമാസം. ഇനിയുള്ള നാളുകളില്‍ രാമായണ പാരായണത്താല്‍ സമ്പന്നമാകും കേരളത്തിലെ വീടുകളും ക്ഷേത്രങ്ങളും..
കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തര്‍പ്പണ ത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.