ആകാംക്ഷകള്‍ക്ക് വിരാമംകുറിച്ച് കൊണ്ട് സിനിമ സീരിയല്‍ നടി രചന നാരായണന്‍കുട്ടി വിവാഹിതയാണെന്നും വിവാഹം വേര്‍പാടിന്റെ വക്കിലാണെന്നുമുള്ള തെളിവുകള്‍ പുറത്തായി. കുറച്ചു ദിവസങ്ങളായി രചനയുടെ കല്യാണച്ചടങ്ങുകള്‍ നടന്ന ഫോട്ടോകള്‍ സോഷ്യല്‍ വെബസൈറ്റുകളില്‍ വൈറലായി പടര്‍ന്നിരുന്നു. താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്നും വിവാഹബന്ധം വേര്‍പെടുത്തിയോ എന്നീ സംശയങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നത്.
എന്നാല്‍ എല്ലാത്തിനും വിരാമമായത് നടി രചന നാരായണന്‍കുട്ടി വിവാഹമോചന കേസിന്റെ ഭാഗമായുള്ള കൗണ്‍സിലിംഗിനായി തൃശൂര്‍ കുടുംബക്കോടതിയിലെത്തിയതിനുശേഷമായിരുന്നു. കുടുംബ കോടതി ജഡ്ജ് പി.കെ.ഭഗവത്സിംഗിന്റെ മുന്നിലായിരുന്നു കൌണ്‍സിലിംഗ് നടന്നത്. ഭര്‍ത്താവായ അരുണും കുടുംബ കോടതിയില്‍ എത്തിയിരുന്നു. വിവാഹമോചന ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു കൌണ്‍സിലിംഗ്. അരുണ്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടാണ് രചന ഹര്‍ജി നല്‍കിയിരിക്കുന്നത്. 2012 മാര്‍ച്ച് 14നാണ് വിവാഹ മോചനത്തിനായി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കൗണ്‍സലിംഗില്‍ തീരുമാനമാകാതിരുന്നതിനാല്‍ കേസ് അടുത്ത മാസം എട്ടിലേക്കു മാറ്റിയിരിക്കുകയാണ്. 2011 ജനുവരി 9 ന് ആയിരുന്നു രചനയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടന്നത്.
നേരത്തെ റേഡിയോ ജോക്കിയായും, അധ്യാപികയായും ജോലി ചെയ്തിരുന്ന രചന മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. ജയറാമിനൊപ്പം ലക്കിസ്റ്റാര്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച രചന, ആമേന്‍, 101 ചോദ്യങ്ങള്‍, വല്ലാത്ത പഹയന്‍ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.