
ഖുര്ആന് കഴിഞ്ഞാല്‍ പിന്നെ രണ്ടാമതായി അനിവാര്യമായും കടന്നുവരിക ഹദീസാണ്; അതായത് പ്രവാചകചര്യ. ഇസ്‌ലാമിക തത്ത്വ-നിയമസംഹിതയുടെ അടിത്തറ ഈ രണ്ട് പ്രമാണങ്ങളുമാണ്. അതിനാല്‍ ഖുര്‍ആനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞാലുടന്‍ ഹദീസിന്റെ പ്രാധാന്യത്തെപ്പറ്റിയും ഹദീസും ഖുര്‍ആനും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെപ്പറ്റിയും പറയുന്നതാണ് ഉചിതം. ഖുര്‍ആന്‍ ഒട്ടനവധി സ്ഥലങ്ങളില്‍ വിശ്വാസികളോട് പ്രവാചകനെ അനുസരിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ''പ്രവാചകന്‍ കൊണ്ടുവന്നത് നിങ്ങള്‍ സ്വീകരിക്കുക, അദ്ദേഹം വിലക്കിയതില്‍നിന്ന് വിട്ടുനില്‍ക്കുക'' (59:7). ''ആരെങ്കിലും പ്രവാചകനെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്'' (4:80). ഇതും ഇതുപോലുള്ള സൂക്തങ്ങളും നബിചര്യയെക്കുറിച്ചുള്ള ഖുര്‍ആനിക സങ്കല്‍പ്പം വ്യക്തമായും വരഞ്ഞുകാട്ടുന്നുണ്ട്. അതിനാല്‍ ഹദീസ് എന്നത് അപ്രധാനമായി തള്ളേണ്ട വിഷയമല്ല. ഏതാണ്ട് ഖുര്‍ആന്റെ അത്രതന്നെ പ്രാധാന്യത്തോടെ പഠിക്കേണ്ട ഒന്നാണ്.