അബൂബക്ര്‍ സിദ്ദീഖിന്റെ ഭരണ കാലത്ത് വിശുദ്ധ ഖുര്‍ആന്റെ ക്രോഡീകരണം പൂര്‍ത്തിയായപ്പോള്‍ അതിന്റെ കൈയെഴുത്ത് പ്രതി അദ്ദേഹത്തിന് സമര്‍പ്പിക്കപ്പെട്ടതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അദ്ദേഹം മരിക്കുന്നത് വരെ ആ കോപ്പി അദ്ദേഹത്തിന്റെ കൈവശം തന്നെയായിരുന്നു. പിന്നെയത് അബൂബക്ര്‍ സിദ്ദീഖിന്റെ പിന്‍ഗാമിയായി അധികാരമേറ്റ ഉമറുബ്‌നുല്‍ ഖത്വാബിന്റെ കൈവശമായി. ഉമര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകളും പ്രവാചക പത്‌നിയുമായ ഹഫ്‌സയുടെ കൈവശമാണ് ഖുര്‍ആന്റെ ആ പ്രതി എത്തിച്ചേര്‍ന്നത്. പ്രവാചക പത്‌നിമാരില്‍ എല്ലാവര്‍ക്കും എഴുതാനും വായിക്കാനും അറിയുമായിരുന്നില്ല. ചിലര്‍ക്ക് വായിക്കാനറിയാം, ചിലര്‍ക്ക് എഴുതാനും വായിക്കാനുമറിയാം. എഴുത്തും വായനയും അറിഞ്ഞുകൂടാത്തവരും അവരില്‍ ഉണ്ടായിരുന്നു. അക്കാലത്ത് എഴുത്തും വായനയും അറിയാവുന്ന അപൂര്‍വം വനിതകളില്‍ ഒരാളായിരുന്നു ഹസ്രത്ത് ഹഫ്‌സ. ഇതെല്ലാം പരിഗണിച്ചുകൊണ്ട് മൂന്നാം ഖലീഫയായ ഉസ്മാനുബ്‌നു അഫ്ഫാന്‍ ഖുര്‍ആന്റെ ആ കൈയെഴുത്ത് പ്രതി ഹസ്രത്ത് ഹഫ്‌സയുടെ കൈവശം തന്നെ ഇരിക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. ഖുര്‍ആന്‍ മുഴുവനായി മനഃപാഠമുള്ള ആളുമായിരുന്നു ഹസ്രത്ത് ഉസ്മാന്‍. വിശുദ്ധ ഖുര്‍ആന്റെ തന്റേതായ ഒരു കൈയെഴുത്ത് കോപ്പിയും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഹസ്രത്ത് ഹഫ്‌സയുടെ കൈവശമുള്ള കോപ്പി വാങ്ങേണ്ട ആവശ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പക്ഷേ, അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്ത് ക്രോഡീകരിച്ച ആ ഔദ്യോഗിക കോപ്പി ഹസ്രത്ത് ഹഫ്‌സയില്‍നിന്ന് തിരിച്ചുവാങ്ങാന്‍ നിര്‍ബന്ധിച്ച ഒരു സംഭവം അക്കാലത്ത് ഉണ്ടായി.