ഗാര്‍ഹിക പീഡന പരാതികളുമായി ഭര്‍ത്താക്കന്മാര്‍

2 views
Skip to first unread message

Nafsad Abdul Jabbar

unread,
Apr 6, 2013, 3:37:43 AM4/6/13
to

ഗാര്‍ഹിക പീഡന പരാതികളുമായി ഭര്‍ത്താക്കന്മാര്‍


കോഴിക്കോട്: സ്ത്രീസംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഭാര്യമാര്‍ക്കെതിരെ പരാതി പ്രളയവുമായി പുരുഷന്മാര്‍. ജനമിത്രം ജനകീയ നീതിവേദി കോഴിക്കോട് ശിക്ഷക് സദനില്‍ സംഘടിപ്പിച്ച തെളിവെടുപ്പിലാണ് ‘നല്ല പാതി’ക്കെതിരെ പരാതിക്കെട്ടുകളുമായി ഭര്‍ത്താക്കന്മാരെത്തിയത്. വ്യാജമായി പൊലീസ് സ്റ്റേഷനുകളിലും കുടുംബ കോടതികളിലും നല്‍കിയ സ്ത്രീധന-ഗാര്‍ഹിക പീഡന, സാമ്പത്തിക പീഡന പരാതികളെക്കുറിച്ചാണ് കൂടുതലും പരാതികള്‍ എത്തിയത്. യുവാക്കള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ പരാതി നല്‍കാനെത്തിയവരില്‍പെടും.
ഭാര്യയുടെ അവിഹിത ബന്ധം നേരില്‍ കണ്ടതിനെ തുടര്‍ന്ന് ഭാര്യാവീട്ടുകാര്‍ തുടരുന്ന പീഡനത്തെക്കുറിച്ചായിരുന്നു കോഴിക്കോട് ജില്ലക്കാരനായ യുവാവിന്‍െറ പരാതി. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ തുനിയവെ ഗള്‍ഫിലുള്ള ഭാര്യാസഹോദരന്‍ അവിടെ കള്ളക്കേസ് കൊടുത്തതിനാല്‍ ഗള്‍ഫിലെ ബിസിനസ് ഉപേക്ഷിക്കേണ്ടിവന്നതായി അദ്ദേഹം പരാതിപ്പെട്ടു. ഗള്‍ഫില്‍ നിന്നയച്ച പണം കൊണ്ട് ഭാര്യ സ്വന്തം പേരിലാണ് നാട്ടില്‍ സ്ഥലവും വീടും വാങ്ങിയത്. ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ സര്‍വ സമ്പാദ്യവും തട്ടിയെടുത്ത മുന്‍ ഭാര്യയില്‍നിന്ന് നീതി നേടിത്തരണമെന്നാണ് ഇദ്ദേഹത്തിന്‍െറ ആവശ്യം.
സ്വത്ത് മുഴുവന്‍ ഭാര്യയുടെ പേരിലായതിനാല്‍ ഭാര്യയും പൊലീസുകാരനായ മകനടക്കം മക്കളും ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്നാണ് 65കാരന്‍െറ പരാതി. ജീവിത ചെലവിനുള്ള തുക ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ അത് സ്വീകരിച്ചില്ല. തന്‍െറ അനുമതിയില്ലാതെ ഭാര്യവീട്ടുകാര്‍ ഭാര്യയുടെ പ്രസവം നിര്‍ത്തിച്ചെന്ന് തെളിവെടുപ്പിനെത്തിയ പാലക്കാട്ടെ യുവാവ് പരാതിപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഭാര്യയേയും എട്ടും 12ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളേയും ഭാര്യവീട്ടുകാര്‍ ബലമായി അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട് കുടുംബ കോടതിയുടെ വിധി പ്രകാരം ഭാര്യയേയും മക്കളെയും സ്വീകരിക്കാന്‍ തയാറായിട്ടും ഭാര്യവീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന് യുവാവ് പരാതിപ്പെട്ടു.
ഭാര്യയുടെ പീഡനം മൂലം സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ലെന്നാണ് കോഴിക്കോട്ടുകാരനായ മധ്യവയസ്കന്‍െറ പരാതി. വരാന്തയില്‍ കിടന്നുറങ്ങാന്‍ ശ്രമിച്ചാല്‍ ഭാര്യ അവിടെ വെള്ളം ഒഴിക്കും. അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ കിടന്നുറങ്ങാനെങ്കിലും അവസരമുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ലഭിച്ച പരാതികള്‍ ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് നല്‍കി പരാതിക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ പരമാവധി യത്നിക്കുമെന്ന് ജനകീയ നീതിവേദി പ്രസിഡന്‍റ് എം.എ. ഇബ്രാഹിം റാവുത്തര്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിയമത്തില്‍ നിലവില്‍ സ്ത്രീക്ക് മാത്രമേ സംരക്ഷണമുള്ളൂ. ഈ നിയമം പൊളിച്ചെഴുതി പുരുഷനും സംരക്ഷണം ലഭിക്കുംവിധം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നിയമയുദ്ധം നടത്താനുള്ള തയാറെടുപ്പിലാണ് നീതിവേദി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9387469083.
Reply all
Reply to author
Forward
0 new messages