പരിഷ്‌കൃതയുഗത്തില്‍ ഫിഖ്‌ഹിന്റെ പുനരാവിഷ്‌കരണം

24 views
Skip to first unread message

Abu Fathima

unread,
May 20, 2012, 8:46:26 AM5/20/12
to

പരിഷ്‌കൃതയുഗത്തില്‍ ഫിഖ്‌ഹിന്റെ പുനരാവിഷ്‌കരണം


ഫിഖ്‌ഹ്‌ എന്ന വാക്കിന്റെ ഭാഷാര്‍ഥം അറിവ്‌, ഗ്രാഹ്യത എന്നിവയാണെങ്കിലും ആഴത്തിലുള്ളതോ രഹസ്യങ്ങളെ ചൂഴുന്നതോ ആയ അറിവിന്‌ മാത്രമേ അത്‌ ഉപയോഗിക്കപ്പെടുകയുള്ളൂ. എന്നാല്‍ ഇസ്‌ലാമിക നിയമ പണ്ഡിതന്മാര്‍ ഫിഖ്‌ഹിന്‌ നല്‌കുന്ന നിര്‍വചനം ഇപ്രകാരമാണ്‌. ``ശര്‍ഇന്റെ പ്രമാണങ്ങളില്‍ നിന്ന്‌ ആവിഷ്‌കരിക്കപ്പെടുന്ന കര്‍മസംബന്ധമായ നിയമവിധികള്‍ വിവരിക്കുന്ന ശാസ്‌ത്രം.
'' ഫിഖ്‌ഹില്‍ പ്രധാനമായും നമസ്‌കാരം, നോമ്പ്‌, സകാത്ത്‌, ഹജ്ജ്‌ തുടങ്ങിയ ആരാധനകള്‍, ക്രയവിക്രയങ്ങള്‍, കുടുംബജീവിതം, ഭരണ-നീതിന്യായ വിഷയങ്ങള്‍, കുറ്റം, ശിക്ഷ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും വിധികളുമാണ്‌ കൈകാര്യം ചെയ്യപ്പെടുന്നത്‌. കഴിഞ്ഞ പതിനാല്‌ നൂറ്റാണ്ടിനിടക്ക്‌ ഇസ്‌ലാമിക ഫിഖ്‌ഹ്‌ ആറ്‌ ഘട്ടങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ട്‌. പ്രവാചകന്റെയും സ്വഹാബികളുടെയും താബിഉകളുടെയും കാലഘട്ടം കഴിഞ്ഞ്‌ നാലാമത്തെ ഘട്ടത്തില്‍, അഥവാ ഹിജ്‌റ രണ്ടാം നൂറ്റാണ്ട്‌ മുതല്‍ നാലം നൂറ്റാണ്ടിന്റെ പകുതിവരെയുള്ള കാലയളവിലാണ്‌ നാല്‌ മദ്‌ഹബുകളുടെയും ഇമാമുകളായ അബൂഹനീഫ, മാലിക്‌, ശാഫിഈ, അഹ്‌മദു ബ്‌നു ഹന്‍ബല്‍ എന്നീ ഫുഖഹാക്കള്‍ വരുന്നതും അവരുടെ ഗ്രന്ഥങ്ങള്‍ വിരചിതമായതും.
ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ വ്യാപ്‌തി വര്‍ധിക്കുകയും ഖുര്‍തുബയും ഖൈറുവാനും കയ്‌റോവും ബഗ്‌ദാദും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കേന്ദ്രങ്ങളായി മാറുകയും ചെയ്‌തത്‌ ആ രാജ്യങ്ങളിലെ പൂര്‍വിക വിജ്ഞാനങ്ങളും ഇസ്‌ലാമിക ശരീഅത്തും തമ്മില്‍ ശക്തമായ സങ്കലനത്തിന്‌ കാരണമായി. അത്‌ ഫിഖ്‌ഹ്‌ വിജ്ഞാനത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കുകയും ചെയ്‌തു. ആ കാലഘട്ടത്തില്‍ സമൂഹത്തില്‍ ജീവിതത്തിന്റെ വ്യത്യസ്‌ത രംഗങ്ങളില്‍ നിലവിലുണ്ടായിരുന്ന എല്ലാ അവസ്ഥാ വിശേഷങ്ങളും അന്നത്തെ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളില്‍ പ്രതിഫലിക്കുന്നതായി കാണാന്‍ കഴിയും. അവ വിരചിതമായ പ്രദേശങ്ങളുടെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയമ വിധികളും അവ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഹി. നാലാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ രാഷ്‌ട്രീയരംഗത്തുണ്ടായ വമ്പിച്ച മാറ്റങ്ങള്‍ ഫിഖ്‌ഹിനെയും ബാധിച്ചു. വിജ്ഞാനവും സാഹിത്യവും വിളങ്ങിയിരുന്ന മുസ്‌ലിം നാഗരികകേന്ദ്രങ്ങള്‍ തകര്‍ന്നു. ഏകീകൃത മുസ്‌ലിം ഭരണം അവസാനിച്ചു. വ്യത്യസ്‌ത നാടുകളില്‍ വ്യത്യസ്‌ത മുസ്‌ലിം ഭരണകൂടങ്ങള്‍ നിലവില്‍ വന്നു. പണ്ഡിതന്മാര്‍ അതുവരെ പുലര്‍ത്തിയിരുന്ന സ്വതന്ത്ര ചിന്ത ചരമം പ്രാപിച്ചു. ഒരു മുന്‍കാല പണ്ഡിതന്റെ വീക്ഷണങ്ങളെ അനുകരിക്കുന്ന തഖ്‌ലീദ്‌ സമ്പ്രദായം നിലവില്‍ വന്നു. മുമ്പ്‌ വിധികള്‍ ആവശ്യമായ വല്ല പ്രശ്‌നവും നേരിട്ടാല്‍ പണ്ഡിതന്മാരെ സമീപിക്കുകയും അവര്‍ ഖുര്‍ആനും ഹദീസും നോക്കി വിധി പ്രസ്‌താവിക്കുകയുമാണ്‌ ചെയ്‌തിരുന്നത്‌. ഈ അവസ്ഥ മാറി മുന്‍കാല ഗ്രന്ഥങ്ങളെനോക്കി അവയെ അടിസ്ഥാനമാക്കി അഭിപ്രായം പറയുന്ന രീതി ജന്മംകൊണ്ടു. ഏതെങ്കിലും ഒരു ഇമാമിനെ അംഗീകരിച്ച്‌ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ സംഗ്രഹിച്ച്‌ എഴുതലോ വ്യാഖ്യാനിക്കലോ ആയി ഗ്രന്ഥരചന. ഒരു വിഷയത്തില്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചു അഭിപ്രായം പറയുന്ന ഇജ്‌തിഹാദിന്റെ കവാടം കൊട്ടിയടക്കപ്പെട്ടു. രാജ്യത്ത്‌ മദ്‌ഹബ്‌ അംഗീകരിച്ച പണ്ഡിതന്‍മാര്‍ക്ക്‌ മാത്രമായി സ്ഥാനവും അംഗീകാരവും.
പുതിയ പ്രശ്‌നങ്ങള്‍ക്ക്‌ വിധികള്‍ കണ്ടുപിടിക്കുന്നതിനുപകരം സാങ്കല്‍പിക സംഭവങ്ങളുടെ വിധികള്‍ പ്രസ്‌താവിക്കുന്ന രീതി ഇക്കാലത്ത്‌ ഉടലെടുത്തു. അന്നത്തെ പണ്ഡിത ചിന്തയുടെ സ്വഭാവം മനസ്സിലാക്കാന്‍ ഫിഖ്‌ഹ്‌ കൈകാര്യം ചെയ്‌ത ചില ചോദ്യങ്ങള്‍ ഇവിടെ പകര്‍ത്തുന്നു. ഒരു മനുഷ്യന്‍ പെണ്ണാടുമായി ലൈംഗിക ബന്ധം പുലര്‍ത്തി അതില്‍ ഒരു കുട്ടി ജനിച്ചാല്‍ അതിനെ ഉദ്‌ഹിയ്യത്ത്‌ അറുക്കാമോ? കറാമത്തുള്ള വര്‍ക്ക്‌ സിയാറത്ത്‌ ചെയ്യാനായി കഅ്‌ബ തല്‍സ്ഥാനത്തുനിന്ന്‌ കറാമത്തുകാരുടെ നാട്ടിലേക്ക്‌ മാറ്റപ്പെട്ടാല്‍ തിരിഞ്ഞു നമസ്‌കരിക്കേണ്ടത്‌ എവിടേക്ക്‌? മക്കയില്‍ കഅ്‌ബ നിര്‍മിക്കപ്പെട്ട സ്ഥലത്തേക്കോ, അതോ അപ്പോള്‍ കഅ്‌ബ നിലകൊള്ളുന്ന ഭൂമിയിലേക്കോ? ഒരു സ്‌ത്രീയുടെ യോനിയിലൂടെ ഒരു പുരുഷന്‍ ഉള്ളിലേക്ക്‌ കടന്നാല്‍ അയാള്‍ക്ക്‌ കുളി നിര്‍ ബന്ധമാണോ? അതുപോലെ നിയമത്തിന്റെ പിടിയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ചില സൂത്രങ്ങളും ഫുഖഹാക്കള്‍ നിര്‍ദേശിച്ചു. ഭര്‍ത്താവില്‍ നിന്ന്‌ തലാഖ്‌ നേടാന്‍ സ്‌ത്രീ മുര്‍തദ്ദാവുക. പിന്നെ ഇസ്‌ലാമിലേക്കുതന്നെ തിരിച്ചുവരിക. സകാത്ത്‌ കൊടുക്കാന്‍ സമയമായാല്‍ സ്വത്ത്‌ ഭാര്യക്ക്‌ ഹദ്‌യയായി കൊടുക്കുക. കൊല്ലം തികയാറാകുമ്പോള്‍ ഭാര്യ തിരിച്ചും നല്‍കുക തുടങ്ങിയവ ഇതിന്‌ ചില ഉദാഹരണങ്ങളാണ്‌. ഇതോടൊപ്പം മദ്‌ഹബുകള്‍ തമ്മിലുള്ള സംഘട്ടനവും തൊട്ടുകൂടായ്‌മയും അന്ന്‌ ശക്തമായി. നമസ്‌കാരത്തില്‍ അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ഇളക്കിക്കൊണ്ടിരുന്ന ഒരു അഹ്‌ലെ ഹദീസുകാരന്റെ വിരല്‍ ഒരിക്കല്‍ ഒരു ഹനഫീ മുസ്‌ലിം അടിച്ചുതകര്‍ത്തുവത്രെ. കാരണം പറഞ്ഞത്‌ അയാള്‍ ഹറാം പ്രവര്‍ത്തിച്ചു എന്നതാണ്‌. ശാഫിഈകള്‍ക്ക്‌ ജിസ്‌യ ചുമത്തേണമെന്ന്‌ എഴുതിവെച്ച ഹനഫീ പണ്ഡിതന്മാര്‍ പോലുമുണ്ടായിട്ടുണ്ട്‌. ഇത്‌ ഫിഖ്‌ഹിന്റെ ചരിത്രത്തിലെ അഞ്ചാം ഘട്ടമായി കണക്കാക്കപ്പെടുന്നു.
മുഹമ്മദുബ്‌നു അബ്‌ദില്‍ വഹാബ്‌ സൃഷ്‌ടിച്ച നവോത്ഥാന വിപ്ലവത്തിന്‌ ശേഷം ഉടലെടുത്ത കാലഘട്ടമാണ്‌ ഫിഖ്‌ഹിന്റെ ചരിത്രത്തിലെ ആധുനിക യുഗം. ആഗോളീകരണം, വിജ്ഞാനത്തിലെ വിസ്‌ഫോടനം, ശാസ്‌ത്രത്തിന്റെ കുതിച്ചുചാട്ടം, കംപ്യൂട്ടര്‍ വിസ്‌മയം തുടങ്ങിയ പ്രതിഭാസങ്ങള്‍കൊണ്ട്‌ വിശേഷിപ്പിക്കപ്പെടുന്ന ഈ യുഗത്തില്‍ ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍കൊണ്ടും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധംകൊണ്ടും ലോകമാകെ ഒരു കൊച്ചുഗ്രാമമായി മാറിയിരിക്കുന്നു. ആരാധനാകര്‍മങ്ങള്‍,സാമ്പത്തിക ഇടപാടുകള്‍, സ്‌ത്രീകുടുംബമേഖലകള്‍, കണ്ടുപിടുത്തങ്ങള്‍ കൊണ്ട്‌ വിസ്‌മയം സൃഷ്‌ടിച്ച പുതിയ വൈദ്യശാസ്‌ത്രം, നിയമം, നീതിന്യായം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, കല, സാഹിത്യം, രാജ്യഭരണം, രാഷ്‌ട്രാന്തരീയ ബന്ധം തുടങ്ങിയ രംഗങ്ങളിലെല്ലാം പുതിയ പല ക്രമങ്ങളും നിലവില്‍ വരികയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇവയുമായി ബന്ധപ്പെട്ട ഫിഖ്‌ഹ്‌ നിയമങ്ങള്‍ പലതും പുതുതായി ആവിഷ്‌കരിക്കേണ്ടത്‌ അനിവാര്യമായി വന്നു. ആധുനിക പ്രശ്‌നങ്ങളില്‍ ഫത്‌വാ ചോദിക്കുന്നവര്‍ക്ക്‌ പ്രമാണ നിബദ്ധമായി മറുപടി പറയാന്‍ പണ്ഡിതന്മാര്‍ ബാധ്യസ്ഥരാണ്‌. ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ പുതിയ ചിന്തയ്‌ക്ക്‌ രൂപം നല്‍കുവന്നവര്‍ക്കല്ലാതെ പഴയ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളില്‍ നിന്ന്‌ ഇവക്ക്‌ മറുപടി തേടുന്നവര്‍ക്ക്‌ അത്‌ ലഭിക്കുകയില്ല.
കാലവും ജനങ്ങളുടെ സമ്പ്രദായങ്ങളും മാറുന്നതിനനുസരിച്ച്‌ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളുടെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുകൊണ്ട്‌ നിയമങ്ങളിലും മാറ്റം അനിവാര്യമായിത്തീരും. `കാലത്തിന്റെ മാറ്റമനുസരിച്ച്‌ വിധികള്‍ മാറുന്നത്‌ പ്രതിഷേധാര്‍ഹമല്ല'. എന്നത്‌ ഫിഖ്‌ഹിലെ നിയമതത്വമാണ്‌. പരമലക്ഷ്യം നീതിയുടെ സുസ്ഥാപനവും നന്മ കൈവരുത്തലും ദോഷത്തെ തടുക്കലുമാണ്‌. അതിനാലാണ്‌ പൂര്‍വിക പണ്ഡിതന്മാരുടെ ഫത്‌വകള്‍ പലതും പില്‍ക്കാല പണ്ഡിതന്മാര്‍ തിരസ്‌കരിച്ചത്‌. ഇമാം ശാഫിഈ തന്നെ ഇറാഖിലായിരുന്നപ്പോള്‍ പ്രസ്‌താവിച്ച നിയമ-വിധികളില്‍ നിന്ന്‌ വ്യത്യസ്‌തമായവയാണ്‌ ഈജിപ്‌തിലായപ്പോള്‍ നല്‍കിയത്‌. ശൈഖ്‌ ഇബ്‌നുതൈമിയയും ഇബ്‌നുല്‍ഖയ്യിമും ഹജ്ജില്‍ ഏര്‍പ്പെടുന്ന ആര്‍ത്തവകാരിക്ക്‌ ശുദ്ധിയാകുന്നതുവരെ കാത്തിരിക്കുക പ്രയാസകരമാണെങ്കില്‍ ആര്‍ത്തവാവസ്ഥയില്‍ തന്നെ ത്വവാഫുല്‍ ഇഫാദ നടത്താമെന്ന്‌ ഫത്‌വാ നല്‍കിയത്‌ ഈ നിലക്കാണ്‌. ഇന്ന്‌ വിശേഷിച്ചും സംഘത്തിലുള്ള ഹാജിമാര്‍ക്ക്‌ നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ വിമാനയാത്ര അനിവാര്യമായതിനാല്‍ സ്‌ത്രീ ആര്‍ത്തവകാരിയായിത്തന്നെ ത്വവാഫ്‌ ചെയ്യാന്‍ നിര്‍ബന്ധിതയാകുന്നു. ഇബ്‌നുല്‍ഖയ്യിം `കാലം, സ്ഥലം, അവസ്ഥ, ഉദ്ദേശ്യം, സമ്പ്രദായം എന്നിവ മാറുന്നതിനനുസരിച്ച്‌ ഫത്‌വ മാറല്‍' എന്ന അധ്യായത്തില്‍ ഇങ്ങനെ പറയുന്നു: ``ഇതുവളരെ പ്രധാനമായ ഒരു വിഷയമാണ്‌. ഇത്‌ മനസ്സിലാകാത്തതുകൊണ്ട്‌ ശരീഅത്തിനെപ്പറ്റി വലിയ അബദ്ധധാരണകള്‍ സംഭവിച്ചിട്ടുണ്ട്‌. ബുദ്ധിമുട്ടും, വിഷമവും, ചുമക്കാന്‍ കഴിയാത്ത ഭാരവുമായിട്ടുണ്ട്‌. ശരീഅത്തിന്റെ അടിത്തറ ജനങ്ങളുടെ നന്മ കാത്തുസൂക്ഷിക്കലാണ്‌. നീതിക്കും കാരുണ്യത്തിനും വിരുദ്ധമായതും ദോഷമുണ്ടാക്കുന്നതും തത്വദീക്ഷയില്ലാത്തതുമായ ഏത്‌ നിയമവും ശരീഅത്തില്‍ പെട്ടതല്ല - വ്യാഖ്യാനിച്ച്‌ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും.''
ആധുനിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഫിഖ്‌ഹ്‌ നിയമങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാന തത്വം ജനങ്ങള്‍ക്ക്‌ പ്രയാസം ഇല്ലാതാക്കുകയും കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുക എന്നതാണ്‌. ഏറ്റവും എളുപ്പമുള്ളത്‌ എന്താണോ അത്‌ സ്വീകരിക്കുക എന്നതായിരുന്നു പ്രവാചകന്റെ രീതി. അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ചു മിച്ചമുള്ളതിനാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌. എന്നാല്‍ ഇന്ന്‌ ആവശ്യങ്ങള്‍ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ വര്‍ധിച്ചിരിക്കുന്നു. അടിസ്ഥാനാവശ്യങ്ങള്‍തന്നെ ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം എന്നീ മൂന്നില്‍ ഒതുങ്ങുന്നതല്ല. വിദ്യാഭ്യാസത്തിന്‌ ചെലവ്‌ വരുമെങ്കില്‍ അതും അതില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. ചില പ്രദേശങ്ങളില്‍ കാറും ഫ്രിഡ്‌ജും എ സിയും അലങ്കാരങ്ങളല്ല, അത്യാവശ്യങ്ങളായിരിക്കും. ജനങ്ങളുടെ സമ്പ്രദായങ്ങളിലും ജീവിതരീതികളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ ഫിഖ്‌ഹ്‌ നിയമങ്ങളെയും ബാധിക്കുക സ്വാഭാവികം.
ഇബ്‌നു ആബിദീന്‍ പറയുന്നു:``കാലം മാറുമ്പോള്‍ ജനങ്ങളുടെ ജീവിതരീതികളും മാറും. നിര്‍ബന്ധിതാവസ്ഥകള്‍ ഉടലെടുക്കും. ജനങ്ങളില്‍ കാലികമായ പല തിന്മകളും പ്രത്യക്ഷപ്പെടും. അപ്പോള്‍ അവക്കനുസരിച്ച്‌ വിധികളിലും മാറ്റം വരും. വിധികള്‍ മാറ്റമില്ലാതെ പഴയ അവസ്ഥയില്‍ തന്നെ തുടരുകയാണെങ്കില്‍ ആളുകള്‍ക്ക്‌ അത്‌ പ്രയാസങ്ങള്‍ സൃഷ്‌ടിക്കും. എളുപ്പമാക്കുക, ലഘൂകരിക്കുക, ദോഷങ്ങളെ തടയുക എന്നീ ശരീഅത്ത്‌ തത്വങ്ങള്‍ ലംഘിക്കപ്പെടും''. നിര്‍ബന്ധിതാവസ്ഥ നിരോധങ്ങളെ അനുവദനീയങ്ങളാക്കുമെന്നത്‌ ഇസ്‌ലാമിന്റെ അംഗീകൃത തത്വമാണ്‌. ``വലിയദോഷം ഒഴിവാക്കാന്‍ ചെറിയദോഷം ആവാം.'' രണ്ട്‌ തിന്മകളില്‍ ഏതെങ്കിലും ഒന്ന്‌ എടുക്കേണ്ടത്‌ അനിവാര്യമായി വന്നാല്‍ ദോഷം കുറഞ്ഞത്‌ എടുക്കുക'', ``ഒരു പൊതുവായ ദോഷത്തെ തടുക്കാന്‍ വ്യക്തിയുടെ ദോഷം സഹിക്കണം'' തുടങ്ങിയവയെല്ലാം ഫിഖ്‌ഹ്‌ നിയമത്തില്‍ പാലിക്കപ്പെടേണ്ട തത്വങ്ങളാണ്‌. ജീവിതത്തിന്റെ വ്യത്യസ്‌ത രംഗങ്ങളില്‍ വിശേഷിച്ചും ആരോഗ്യം, സാമ്പത്തികം- പുതിയ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ അവയില്‍ വിധികള്‍ പ്രസ്‌താവിക്കുന്നതിന്‌ ഈ ഫിഖ്‌ഹീ തത്വങ്ങള്‍ പ്രായോഗികമാക്കാന്‍ പണ്ഡിതന്മാര്‍ ബാധ്യസ്ഥരാകുന്നു.
ആധുനിക കാലഘട്ടത്തില്‍ ഫിഖ്‌ഹ്‌ കൈകാര്യം ചെയ്യുന്ന പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്‌ത ചില വിഷയങ്ങളും അവരുടെ നിഗമനങ്ങളും ഒരു മാതൃക എന്ന നിലയ്‌ക്ക്‌ ഇവിടെ അവതരിപ്പിക്കുന്നു:
സ്‌ത്രീയുടെ ഗര്‍ഭകാലം രണ്ടുവര്‍ഷംമുതല്‍ അഞ്ചുവര്‍ഷം വരെ നീണ്ട്‌ നില്‍ക്കുമെന്ന വിധത്തിലുള്ള പരാമര്‍ശങ്ങളാണ്‌ പഴയ ഫിഖ്‌ഹ്‌ ഗ്രന്ഥത്തിലുള്ളത്‌. സ്‌ത്രീകളുടെ ചില പ്രസ്‌താവനകളുടെ അടിസ്ഥാനത്തിലാണ്‌ മുന്‍കാലപണ്ഡിതന്മാര്‍ ഈ നിഗമനങ്ങള്‍ രൂപീകരിച്ചത്‌. എന്നാല്‍ ഗര്‍ഭിണിയാകാനുള്ള സ്‌ത്രീയുടെ കൊടിയദാഹം കാരണം തനിക്കുഗര്‍ഭമുണ്ടെന്നും വയര്‍വീര്‍ത്തിട്ടുണ്ടെന്നും അതിനകത്ത്‌ കുട്ടിയുടെ ചലനമുണ്ടെന്നും സ്‌ത്രീക്ക്‌ തോന്നുകയും അതിനെ തുടര്‍ന്ന്‌ ചിലപ്പോള്‍ ഛര്‍ദ്ദി അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇത്‌ വ്യാജഗര്‍ഭം എന്ന പ്രതിഭാസമാണെന്ന്‌ ഇന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. ഭ്രൂണശാസ്‌ത്രം വളരെയേറെ വളര്‍ന്ന ഇക്കാലത്ത്‌ സ്‌കാനിംഗും ലബോറട്ടറി പരിശോധനയും മുഖേന സ്‌ത്രീയുടെ വയറിനുള്ളിലുള്ളത്‌ മുഴുവന്‍ കണ്ടുപിടിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ പഴയ ഫിഖ്‌ഹ്‌ നിഗമനങ്ങള്‍ തിരുത്താന്‍ പണ്ഡിതന്മാര്‍ നിര്‍ബന്ധിതരാകുന്നു.
യാത്രയിലേര്‍പ്പെട്ട കാരണം, വീട്ടില്‍നിന്ന്‌ ദിവസങ്ങള്‍ അകന്നുനിന്നശേഷം ഭര്‍ത്താവ്‌ രാത്രി പെട്ടെന്ന്‌ വന്ന്‌ വീടിന്റെ വാതില്‍ മുട്ടാന്‍ പാടില്ലെന്ന്‌ നിയമമുണ്ട്‌. ഭാര്യക്ക്‌ അദ്ദേഹത്തെ സ്വീകരിക്കുന്നതിനുവേണ്ട ഒരുക്കം ചെയ്യാന്‍ കഴിയില്ലെന്നതാണ്‌ ഇതിന്റെ കാരണം. എന്നാല്‍ ഈ നിരോധം ഭാര്യക്ക്‌ മൂന്‍കൂട്ടി വിവരം കൊടുക്കാന്‍ കഴിയാത്ത കാലത്തുള്ളതാണ്‌. ഫോണും ഫാക്‌സും മറ്റു സൗകര്യങ്ങളുമുള്ള ഇക്കാലത്ത്‌ ഈ നിയമം ബാധകമല്ല. നേരത്തെ ഫോണ്‍ ചെയ്‌ത്‌ ഏത്‌ സമയത്തും വീട്ടില്‍ വരാം.
പിതാവിന്റെ ജീവിതകാലത്ത്‌ മകന്‍ മരണപ്പെടുക കാരണം അനാഥരായിത്തീരുന്ന അയാളുടെ മക്കള്‍ക്ക്‌ അവരുടെ പിതാമഹന്‍ ജീവിച്ചിരിപ്പുള്ളപ്പോള്‍തന്നെ സ്വത്ത്‌ വസ്വിയ്യത്ത്‌ ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന നിയമം നിര്‍മിക്കേണമെന്ന്‌ ഇന്ന്‌ പണ്ഡിതന്മാര്‍ ഭരണാധികാരികള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു. ചില മുസ്‌ലിം രാഷ്‌ട്രങ്ങള്‍ ഇത്‌ നടപ്പിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. മുമ്പ്‌ ഇത്തരത്തില്‍ ഒരു നിയമത്തിന്റെ ആവശ്യകതയുണ്ടായിരുന്നില്ല. കാരണം യതീംകുട്ടികളെ അവരുടെ പിതാവിന്റെ സഹോദരന്മാരും സഹോദരികളും സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ചിരുന്നു. ഇന്നാകട്ടെ താനും തന്റെ കുടുംബവും എന്ന സ്വാര്‍ഥ ചിന്ത സര്‍വ വ്യാപകമായിരിക്കുകയാണ്‌.
വിവാഹത്തര്‍ക്കമുണ്ടാകുമ്പോള്‍ വിവാഹം തന്നെ നടന്നത്‌ നിഷേധിക്കുന്ന പ്രവണതയുള്ളതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനെ ആധുനിക ഫിഖ്‌ഹ്‌ അംഗീകരിക്കുന്നു. ഭൂമി രജിസ്‌ട്രേഷനും ഇന്ന്‌ ഫിഖ്‌ഹിന്റെ അംഗീകാരമുണ്ട്‌.
ഫോണ്‍, ഇന്റര്‍നെറ്റ്‌, ഫാക്‌സ്‌ എന്നിവ മുഖേന കച്ചവടം ഉറപ്പിക്കുകയും ചെക്കുകള്‍ മുഖേന പണമിടപാട്‌ നടത്തുകയും ചെയ്യുന്നതിനെ ആധുനിക ഫിഖ്‌ഹ്‌ അംഗീകരിക്കുന്നു.
ഗര്‍ഭധാരണനിയന്ത്രണം, അവയവം മാറ്റിവെക്കല്‍, മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന്‌ മൃതദേഹം വിട്ടുകൊടുക്കല്‍, നേത്രദാനം, കുഴല്‍ ശിശു(ബീജം ഭര്‍ത്താവിന്റേതാണെങ്കില്‍), ബാങ്കില്‍ പണം നിക്ഷേപിക്കല്‍, വസ്‌തുക്കളുടെ ഇന്‍ഷൂറന്‍സ്‌, ഡി എന്‍ എ ടെസ്റ്റ്‌ മുഖേനയുള്ള പിതൃത്വ നിര്‍ണയം, വൈരൂപ്യം മാറ്റാന്‍ സൗന്ദര്യശസ്‌ത്രക്രിയ, ക്ലോണിംഗ്‌ (മനുഷ്യരുടേതൊഴികെ) തുടങ്ങിയ ആധുനിക ഫിഖ്‌ഹ്‌ വിഷയങ്ങളെല്ലാം പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യുകയും തെളിവുകളും ന്യായങ്ങളും നിരത്തി നിബന്ധനകളോടെ അവ അനുവദനീയമാക്കുംവിധം ഫത്‌വകള്‍ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. അതേ അവസരം സ്‌ത്രീകളുടെ ഡ്രൈവിംഗ്‌, ഫോട്ടോ, സംഗീതം, സ്‌ത്രീകള്‍ മുഖം വെളിപ്പെടുത്തല്‍, ടി വിയില്‍ പ്രത്യക്ഷപ്പെടല്‍, മിശ്രവിദ്യാഭ്യാസം തുടങ്ങിയവയെല്ലാം ഹറാമായി വിധിക്കുന്നവരും പണ്ഡിതന്മാരിലുണ്ട്‌.
ലോകത്ത്‌ ഒട്ടാകെയുള്ള 195 രാഷ്‌ട്രങ്ങളില്‍ 52 രാഷ്‌ട്രങ്ങള്‍ മാത്രമാണ്‌ മുസ്‌ലിം രാഷ്‌ട്രങ്ങള്‍. ബാക്കിയുള്ള 143 രാഷ്‌ട്രങ്ങളില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളാണ്‌. ഇവര്‍ക്കെല്ലാം പല പുതിയ ഫിഖ്‌ഹ്‌ വിധികളും ആവശ്യമായ പ്രശ്‌നങ്ങളുണ്ട്‌. ഫിഖ്‌ഹുല്‍ അഖല്ലിയ്യാത്ത്‌ (ന്യൂനപക്ഷങ്ങളുടെ നിയമവിധികള്‍) എന്ന ഒരു പുതിയ വിജ്ഞാനശാഖ തന്നെ ഉടലെടുത്തിട്ടുണ്ട്‌. ഭാര്യ അമുസ്‌ലിമും ഭര്‍ത്താവ്‌ മുസ്‌ലിമും ആവുക അല്ലെങ്കില്‍ ഭര്‍ത്താവ്‌ അമുസ്‌ലിമും ഭാര്യ മുസ്‌ലിമും ആവുക - ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഇസ്‌ലാമിക വിധിയെന്ത്‌? ഇതുപോലെ പാശ്ചാത്യരാജ്യങ്ങളിലെ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ധാരാളമാണ്‌.
ആധുനിക ജീവിതത്തില്‍ മുസ്‌ലിംകളുടെ മുമ്പില്‍ ഉയര്‍ന്നുവരുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടികളും അവയുമായി ബന്ധപ്പെട്ട നിയമവിധികളും ഉള്‍ക്കൊള്ളുന്ന പുതിയ ഫിഖ്‌ഹ്‌ ആവിഷ്‌കരിക്കേണ്ടത്‌ അനിവാര്യമാണ്‌. മനുഷ്യര്‍ക്ക്‌ കാലഘട്ടത്തിന്റെ പുരോഗതിയും സൗകര്യങ്ങളും നവീന രീതികളും മതത്തിന്റെ പരിധിക്കുള്ളില്‍ നിന്ന്‌ ഉപയോഗിക്കാനും അനുഭവിക്കാനും പ്രയാസങ്ങളെ എളുപ്പമാക്കാനും കഴിയുംവിധം പണ്ഡിതന്മാര്‍ പുതിയ ഒരു ഫിഖ്‌ഹിന്‌ രൂപം നല്‍കേണ്ടതുണ്ട്‌.
Reply all
Reply to author
Forward
0 new messages