യൂറോപ്പിലിപ്പോള്‍
അതിശൈത്യമാണ്. തണുപ്പുകാലം ആണെങ്കിലും ഈ വര്‍ഷത്തെ കൊടുംതണുപ്പ് പല
കാര്യങ്ങളിലും റെക്കോര്‍ഡ് ഭേദിക്കും എന്നുതന്നെയാണ് തോന്നുന്നത്.
പതിവിലും പത്തും പതിനഞ്ചും ഡിഗ്രി താെഴെയാണ് ടെമ്പറേച്ചര്‍. സാധാരണ
പൂജ്യത്തിനു ചുറ്റിപ്പറ്റി നില്‍ക്കുന്ന ജനീവയില്‍ ഇപ്പോള്‍ രാത്രിയിലെ
തണുപ്പ് മൈനസ് പതിമൂന്നാണ്. കിഴക്കന്‍ യൂറോപ്പില്‍ ആകട്ടെ തണുപ്പ് മൈനസ്
നാല്പതിനോടടുത്തിരിക്കുന്നു. കാല്‍ നൂറ്റാണ്ടിനുശേഷം റോമില്‍ മഞ്ഞു
പെയ്യുന്നു.
കേരളത്തില്‍ ഉള്ളവരും ഹിന്ദി സിനിമ സ്ഥിരമായി കാണുന്നവര്‍ക്കും മഞ്ഞ്
റൊമാന്റിക്കായ ഒരു കാഴ്ചയാണ്. തെളിഞ്ഞ ആകാശം, വെളുത്ത ഭൂമി, നനുനനുത്ത
മഞ്ഞ് , ഒരു സ്വെറ്റര്‍ പോലുമില്ലാതെ നായകനും നായികയും പൂന്തോട്ടത്തിലോ
മലയോരത്തോ ഓടിക്കളിക്കുന്നു. ആനന്ദലബ്ധിക്ക് ഇനി എന്തുവേണം?
യഥാര്‍ത്ഥ മഞ്ഞ് പക്ഷെ അത്ര റൊമാന്റിക് അല്ല മഞ്ഞു വീഴ്ചയ്ക്ക് ഒന്നോ രണ്ടോ
ദിവസത്തിനുശേഷം വീഴുന്നത് മനുഷ്യരാണ്. മഞ്ഞ് ഉരുകുകയും തണുപ്പ്
പോകാതിരിക്കുകയും ചെയ്യുമ്പോള്‍ വെള്ളം കട്ടിയായി ഐസ് ആയി മാറുന്നു.
അതിലൂടെ നടക്കുമ്പോള്‍ തെന്നി വീഴാനും എല്ലൊടിയാനും ഉള്ള സാധ്യത ഏറെയാണ്.
ഐസായ കണ്ടീഷനില്‍ റോഡിലൂടെ വണ്ടി ഓടിക്കുന്നതും ഏറെ അപകടകരം ആണ്. അസ്ഥിരോഗ
വിദഗ്ദന്‍മാര്‍ക്കും ട്രാഫിക് പോലീസുകാര്‍ക്കും വണ്ടി കെട്ടി
വലിക്കുന്നവര്‍ക്കും ഏറെ തിരക്കുള്ള സമയം ആണ്.
ഭൂപ്രകൃതികൊണ്ടും ഗവണ്‍മെന്റുകളുടെ കാര്യക്ഷമമായ തയ്യാറെടുപ്പുകൊണ്ടും
ദുരന്തങ്ങള്‍ കുറഞ്ഞ നാടാണ് യൂറോപ്പ്. ഈ തവണത്തെ കൊടുംതണുപ്പ് പക്ഷെ പല
രാജ്യങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പ്രത്യേകിച്ചും കിഴക്കന്‍
യൂറോപ്യന്‍ രാജ്യങ്ങള്‍ ആയ പോളണ്ട്, റുമേനിയ, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍
അതിശൈത്യംമൂലം ഇരുന്നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല
പ്രദേശങ്ങളുമായും റോഡും വാര്‍ത്താവിനിമയബന്ധവും അറ്റു പോയതിനാലും തണുപ്പു
കുറഞ്ഞു തുടങ്ങാത്തതിനാലും മരണസംഖ്യ ആയിരം കടന്നാല്‍ അതിശയം
വിചാരിക്കാനില്ല.
ദുരന്തങ്ങളുടെ ഒരു പൊതുവായ സ്വഭാവം തണുപ്പ് ഒരേ രീതിയില്‍ ആണെങ്കില്‍ പോലും
മുന്‍ കരുതലുകളും, മുന്നറിയിപ്പും മറ്റു സഹായങ്ങളും ഉണ്ടെങ്കില്‍
മരണസംഖ്യയും അപകടസംഖ്യയും ഏറെ കുറയ്ക്കാന്‍ പറ്റും എന്നതാണ് യൂറോപ്പില്‍
തണുപ്പ് കൂടുതല്‍ ആണെങ്കിലും അതിലും കൂടുതല്‍ ആളുകള്‍ അത്ര തന്നെ
തണുപ്പുവരാത്ത രാജ്യങ്ങളില്‍ മരിക്കാറുണ്ട്.
താമസിക്കാന്‍ വീടില്ലാത്തതും ഉള്ള വീടിന് ആവശ്യത്തിന് തെര്‍മല്‍
ഇന്‍സുലേഷനോ ഹീറ്റിംഗോ ഇല്ലാത്തതും എല്ലാം ആണ് ഇതിന് കാരണം അഫ്ഗാനിസ്താനിലെ
ചില തണുപ്പുകാലങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കാറുണ്ട്. അതിലേറെ
പേര്‍ക്ക് ഫ്രോസ്റ്റ് ബൈറ്റ് കാരണം വിരലുകളോ കയ്യോ കാലോ ഒക്കെ
നഷ്ടപ്പെടാറും ഉണ്ട്. ഇത്തവണത്തെ തണുപ്പുകാലത്തുനിന്നും
മുന്നറിയിപ്പുകളേയും മുന്‍കരുതലുകളേയും പറ്റി യൂറോപ്പിനും പലതും
പഠിക്കാനുണ്ട്.
എല്ലൊടിയുന്നതും മരിക്കുന്നതും മാത്രമല്ല മറ്റു കുഴപ്പങ്ങളും ഈ തണുപ്പുകാലം
ഉണ്ടാക്കുന്നുണ്ട്. യൂറോപ്പിലെ പ്രധാനപ്പെട്ടതുള്‍പ്പെടെയുള്ള പല
വിമാനത്താവളങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റണ്‍വേയിലെ
മഞ്ഞിലുമപ്പുറം പറക്കാന്‍ പോകുന്ന ഓരോ വിമാനത്തിന്റെ മുകളിലും ഐസ്
മാറ്റുന്ന യന്ത്രങ്ങളുടെ പരിമിതിയാണ് ഇതിന്റെ കാരണം. എല്ലാ രാജ്യത്തും ഒരേ
സമയത്ത് കൂടുതല്‍ വൈദ്യുതിയും ചൂടാക്കാനുള്ള മറ്റ് ഇന്ധനങ്ങളും വേണ്ടി
വരുന്നത് മറ്റൊരു പ്രശ്‌നമാണ്.
ഇതില്‍ പല രാജ്യങ്ങളും റഷ്യയിലെ ഗാസ് ആണ് ഉപയോഗിക്കുന്നത്.
അതുവരുന്നതാകട്ടെ പഴയസോവിയറ്റ് രാജ്യമായ യുക്രയിന്‍ വഴിയും. റഷ്യയും
യുക്രെയിനും തമ്മില്‍ ഗാസിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും
തണുപ്പുകാലത്ത് മൂര്‍ച്ചിക്കാറുണ്ട്. തണുപ്പുകാലം പൊതുവെ മാനസിക
പ്രശ്‌നങ്ങളുടെയും മദ്യത്തിന്റെ അമിത ഉപയോഗത്തിന്റെയും സമയം കൂടി ആണ്.
പകലിന്റെ സമയം തീരെ കുറയുകയും പുറത്തിറങ്ങി അധികം ഒന്നും ചെയ്യാന്‍ പറ്റാതെ
വരികയും ചെയ്യുമ്പോള്‍ മൂഡ് ഓഫ് ആകുന്നതും രണ്ടു ലാര്‍ജ് അടിക്കണമെന്ന്
തോന്നുന്നതും അസ്വാഭാവികം അല്ലല്ലോ.
സാധാരണ
മഞ്ഞുകാലം സ്വിറ്റ്‌സര്‍ലാന്റില്‍ സ്‌കേറ്റിംഗിന്റെ കാലമാണ്.
ലോകമെമ്പാടുമെന്നുമുള്ള ധനികരായ ആളുകള്‍ മഞ്ഞുമലകളില്‍ വന്ന് സ്‌കേറ്റിംഗ്
ചെയ്യുന്നു. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സ്‌കേറ്റിംഗ് നിര്‍ബന്ധം
ആണെന്നുമാത്രമല്ല ഒരാഴ്ച കുടുംബവുമായി സ്‌കേറ്റിംഗിനു പോകാനുള്ള അവധിയും
ആണ്.
യൂറോപ്പില്‍ പത്തുവര്‍ഷം ആയിട്ടും എനിക്ക് മഞ്ഞില്‍ നടക്കാനോ വണ്ടി
ഓടിക്കാനോ ഇഷ്ടമല്ല. വയസ്സുകാലത്ത് മറഞ്ഞു വീണ് നമ്മുടെ
മുഖ്യമന്ത്രിയെപ്പോലെ ചുമ്മാ കുഴപ്പത്തില്‍ ആകേണ്ടല്ലോ. ഓരോ മഞ്ഞുകാലത്തും
കയ്യും കാലും പൊതിഞ്ഞുകെട്ടിയും ക്രച്ചസില്‍ ആയിട്ടും ആരെങ്കിലും ഒക്കെ
ഓഫീസില്‍ കാണുകയും ചെയ്യും.
തണുപ്പ് കാലത്ത് യൂറോപ്പിലെ പല നദികളും തടാകങ്ങളും തണുത്ത് കട്ടിയാകും.
അതിന്റെ മീതെ കളിക്കുന്നത് മറ്റൊരു വിനോദം ആണ്. സാധാരണ ജനീവയിലെ
തടാകത്തില്‍ അത്ര തണുപ്പ് വരാറില്ല. ജനീവതടാകത്തിന് ചുറ്റും ഇപ്പോള്‍
വെള്ളം കട്ടിയായിക്കിടക്കുകയാണ്. ഇത്തവണ പക്ഷെ കഥ മാറിയേക്കാം.
തടാകത്തിന്റെ ചുറ്റും ഇപ്പോള്‍ മഞ്ഞുപാളികള്‍ ആണ്. അതിമനോഹരവും ആണ്.
മഞ്ഞുകാലത്ത് രാവിലെ എഴുന്നേറ്റാല്‍ മൂത്രം ഒടിച്ചുകളയേണ്ടിവരുമെന്ന്
കാശ്മീരില്‍ പോയ പട്ടാളക്കാരന്റെ പുളുക്കഥയുണ്ട്. ബെല്‍ജിയത്തില്‍ പക്ഷേ കഥ
കാര്യമായി. പതിനാലാം നൂറ്റാണ്ട് മുതല്‍ മൂത്രമൊഴിച്ച് നില്ക്കുന്ന
പയ്യന്റെ പ്രതിമ ബ്രസല്‍സിലെ ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. പക്ഷേ ഈ
വര്‍ഷത്തെ അതിശൈത്യത്തില്‍ മൂത്രം കട്ടിയായി പയ്യന്റെ 'മെക്കാനിസം'
തകരാറില്‍ ആകുമോ എന്ന് പേടിച്ച് അധികാരികള്‍ ഫൗണ്ടന്‍ ഓഫ്
ചെയ്തിട്ടിരിക്കുകയാണ്. ഇവിടെ മുറിക്കകത്ത് നല്ല ചൂടുള്ളതിനാല്‍ എന്റെ
'മെക്കാനിസ'ത്തിന് ഇതുവരെ കുഴപ്പം ഒന്നും ഇല്ല!
|
Albania |
|
Albania |
|
Croatia |
|
Bosnia |
|
Britain |
|
France |
|
Germany |
|
Greece |
|
Germany |
|
Moldova |
|
Netherlands |
|
Netherlands |
|
Serbia |
|
Ukraine |
|
Kosovo |
|
Germany |
|
Winter X Games |
|
Belarus |
|
Bulgaria |
|
Germany |
|
Switzerland |
|
Romania Snow Storm |
|
Switzerland |
|
Turkey |
|
Geneva Lake
|
|
Geneva Lake
|
|
Geneva Lake
|
|
Geneva Lake
|
|
Geneva Lake
|
|
Geneva Lake
|