ഒരു മഴക്കാലത്തിനു തുടക്കം..........

6 views
Skip to first unread message

Sidheek Thozhiyoor

unread,
Nov 7, 2010, 2:57:49 PM11/7/10
to mallo...@googlegroups.com




ഒരു മഴക്കാലത്തിനു തുടക്കം..........

അന്തരീക്ഷം മുഴുവന്‍ കാര്‍മേഘങ്ങള്‍ ......തണുത്ത കാറ്റില്‍ മുറ്റത്തെ മരങ്ങളില്‍നിന്നു കൊഴിഞ്ഞ
ഇലകള്‍ അപ്പൂപ്പന്‍ താടി പോലെ താഴോട്ട്......മഴ പെയ്യുകയാണ്......
പുതുമണ്ണിന്‍റെ ഗന്ധം എന്‍റെ ഹൃദയം നിറയെ ശ്വസിച്ചു.....ദൂരെ മഴയിരമ്പുന്ന ശബ്ദം
കേള്‍ക്കുന്നു....മുറ്റത്തുവീഴുന്ന മഴതുള്ളികള്‍ കുമിളകളായി
ചിതറിതെറിക്കുന്നു..തൊടിയിലെ പൂക്കള്‍ നാണത്തോടെ മഴയെ പുണര്‍ന്നു
നില്‍ക്കുന്നു...

എങ്ങും മഴതന്നെ മഴ............സര്‍വത്ര മഴ......പാടത്തെ മുളപ്പൊട്ടിയ പുല്ലുകള്‍ക്കിടയില്‍ എവിടെയൊ ഇരുന്ന്
പോക്രാചി തവളകള്‍ അവയുടെ സന്തോഷം അറിയിച്ചുതുടങ്ങി.....ചിവീടുകളുടെയും
കുളക്കോഴികളുടെയും ആര്‍പ്പുവിളികള്‍ തുരുംബിച ജനല്‍ വഴികളിലൂടെ എന്‍റെ
കാതുകളില്‍.........
മഴ ഭൂമിയെ പ്രണയിച്ചു തുടങ്ങി, ഞാന്‍ മഴയെയും.....തുളവീണ എന്‍റെ കുടയിലൂടെ മഴത്തുള്ളികള്‍ ശരീരത്തിലൂടെ എന്‍
ഹൃദയത്തിനോടു സ്വകാര്യം പറഞ്ഞ് പാദങ്ങളെ ഉമ്മ വെച്ച് നനഞ്ഞു കുതിര്‍ന്ന
മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു....

ആരൊ പറഞ്ഞുകേട്ട വാക്ക് എന്‍റെ ഓര്‍മ്മയില്‍!!:..
"
ആത്മാക്കളുടെ സംഗീതമാണു മഴ"......

ആ സംഗീതത്തിനനുസരിച്ച് എന്‍റെ നഗ്നമായ പാദങ്ങള്‍ മഴവെള്ളത്തില്‍ താളം തട്ടി
അലസമായി നടന്നു നീങ്ങുന്നു...... വഴിയരികിലെ ഉന്തുവണ്ടിയില്‍ നിന്നും
മൂന്നു രൂപ കടല പൊതിയും വാങ്ങി നടന്നു. നനഞ്ഞു കുതിര്‍ന്ന കടലാസുപൊതി പതിയെ
മാറ്റി അല്‍പ്പം ചൂടുകടല വായിലേക്ക് .... എതിര്‍ദിശയില്‍ സ്കൂള്‍ ബസ്സില്‍
കുട്ടികള്‍ ഭാവിയിലെ യന്ത്രമനുഷ്യരാകാന്‍
സ്കൂളിലേക്ക്...തിരക്കിട്ടുപോകുന്നു...................

എനിക്കപ്പോള്‍ എന്‍റെ കുട്ടികാലം ഓര്‍മ്മയില്‍ തെളിഞ്ഞു...... ഓടിച്ചെന്ന് വഴിയിലെ
ചെളിവെള്ളത്തില്‍ കാലുകൊണ്ട് പടക്കം പൊട്ടിച്ച് രസിച്ചു.... മേലാകെ
ചെളിവെള്ളം.... എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.. കൊച്ചുകുട്ടിയെ പോലെ
ഉറക്കെ ചിരിച്ചു. ചിരിച്ചുകൊണ്ടേ നടന്നു വര്‍ത്തമാനത്തില്‍ നിന്നും
ഭൂതത്തിലേക്ക്.....................

ഇവിടെ ഞാനിപ്പോള്‍ കൊച്ചു കുട്ടിയാണ്. , പേര് സാജിദ് .....ദാരിദ്ര്യം കോറിവരച്ച ശരീരം.......ഞങ്ങളുടെ
ജീവിതത്തില്‍ ദാരിദ്ര്യം ഒരു അതിഥി ആയിരുന്നില്ല, മറിച്ച് ഒരു
സ്ഥിരതാമസക്കാരനായിരുന്നു. ദാരിദ്ര്യം കുടുംബനാഥനായപ്പോള്‍ പാവം ഉപ്പയ്ക്ക്
നാടുവിടേണ്ടി വന്നു.പക്ഷേ ഞങ്ങളെ കാണാതെ മനം നൊന്ത് ഒരാഴ്ചയ്ക്കു മുന്‍പെ
തിരിച്ചെത്തി. ഒരുപാട് രോഗങ്ങള്കിടയിലും ജീവിതത്തിന്റെ രണ്ടറ്റം
കൂട്ടിമുട്ടികാന്‍ വേണ്ടി .പല ജോലിയും എടുത്ത് ഞങ്ങളെ പോറ്റാന്‍
കഷ്ടപ്പെട്ടുകൊണ്ടിരുന്നു...

ഉമ്മയുടെ കണ്ണുനീര്‍ വറ്റുന്നതു ഞാന്‍ കണ്ടിട്ടേയില്ല.കണ്ണുനീരിന് ഉപ്പുരസമാനെന്നു ആദൃമായി തിരിച്ചറിഞ്ഞതും
കണ്ണുനീരില്‍ കുതിര്‍ന്ന ആ മുഖത്ത് ഉമ്മ വെച്ചപ്പോഴാണ്....എന്നോട് വലിയ
വാല്‍സല്യമായിരുന്നു. അതുകൊണ്ടു തന്നെ ഒരു കൊച്ചു കുറുമ്പനുമായിരുന്നു.
എന്നാല്‍ എത്ര വിക്രൃതി കാണിച്ചാലും എന്‍റെ ഉടുപ്പിനോട് എനിക്ക് വലിയ
ശ്രദ്ധയായിരുന്നു.കാരണം സ്ക്കൂളില്‍ പോകാന്‍ ഒരു ജോടി ഉടുപ്പുമാത്രമെ
ഉണ്ടായിരുന്നുള്ളൂ....ട്രൗസറാണെങ്കില്‍ ...
കീറിത്തുടങ്ങി.....ഇടക്കിടയ്ക്ക് ശക്തമായ കാറ്റ് ശരീരത്തിലേക്ക്
ഇരച്ചുകയറിയപ്പോള്‍ അറിയാതെ പറയുമായിരുന്നു....:
"
അയ്യേ... ഈ കാറ്റിന് ഒരു നാണവുമില്ല"
കാറ്റിന് ഒരു ബന്ധനങ്ങളും ഇല്ലെന്ന തിരിച്ചറിവുണ്ടായതും അന്നായിരുന്നു. അങ്ങിനെ ജീവിതം തിരിച്ചറിവാക്കി ഞാന്‍ വളര്‍ന്നു........

വീണ്ടും ഒരു മഴക്കാലം.......................

കുഞ്ഞുട്രൗസറും തോളില്‍ സ്ക്കൂള്‍ സഞ്ചിയും കൈയില്‍ തുന്നലുകള്‍ പൊട്ടിയ കുഞ്ഞുകുടയുമായി
വഴിയില്‍ കാണുന്ന കിളികളോടും പൂമ്പാറ്റകളോടും കിന്നാരം ചൊല്ലി..വഴിയൊരത്തെ
ചെളിവെള്ളത്തില്‍ ചാടി പടക്കം പൊട്ടിച്ചും ഞാന്‍ എന്‍റെ സ്ക്കൂളിലേക്ക്..

സ്ക്കൂളിനോട് ചേര്‍ന്നുള്ള കാദര്‍ക്കയുടെ പെട്ടികടയില്‍ എത്തിയപ്പോള്‍ എന്‍റെ കാലുകള്‍
അറിയാതെ നിശ്ചലമായി.അവിടെ പിരിയുള്ള ചില്ലു ഭരണികളില്‍ നിറച്ചു
മിഠായികളാണ്... കാരക്കാമിഠായി,കട്ടിമിഠായി, നാരങ്ങാമിഠായി,തേന്‍
നിലാവ്,ചുണ്ടു ചുവപ്പന്‍മിഠായി...ഇങ്ങിനെ പോകുന്നു ഭരണികളുടെ നിരകള്‍..പല
വര്‍ണ്ണങ്ങളിലുള്ള മിഠായികള്‍ എന്‍റെ കുഞ്ഞുകണ്ണുകള്‍ക്ക് ആനന്ദകരവും
കുഞ്ഞുവയറിന് ആവേശവുമായിരുന്നു........
ഉപ്പയൊട് ഞാന്‍ എന്നും കൊഞ്ചാറുണ്ടായിരുന്നു മിഠായിക്കുവേണ്ടി...പക്ഷേ കിട്ടാറില്ല, എങ്കിലും
വര്‍ഷത്തില്‍ ഒരിക്കല്‍ നോമ്പുപെരുന്നാളിനു ഞങ്ങള്‍ക്കു മിഠായി
വാങ്ങിതരാറുണ്ടായിരുന്നു, വലിയപെരുന്നാളിനു ഉടുപ്പുകളും...

അല്ലെങ്കിലും വീട്ടിലെ പട്ടിണിയില്‍ മിഠായിക്കെന്തു പ്രസക്തി അല്ലേ......??
കൊതി മൂത്തപ്പോള്‍ കാദര്‍ക്കയുടെ മുന്നില്‍ കൈനീട്ടി:

"
കാദര്‍ക്കാ എനിക്കൊരു മിഠായി തരൊ......"
തന്നില്ല, പിന്നേയും കെഞ്ചി:
"
ഒരു മിഠായി താ‍ കാദര്‍ക്കാ.......ഇതു നിന്‍റെ .... കടയാണോടാ" എന്നു
പറഞ്ഞ് എനിക്കിട്ടൊരു തള്ളും ഒരുമിച്ചായിരുന്നു. എന്‍റെ കുഞ്ഞുമനസ്സ് ഇടറി.
ഒന്നും മിണ്ടാതെ തലതാഴ്ത്തി വാടിയ മുഖവും കീറിയ മൂടുമായി ഞാന്‍ നടന്നു.
പിന്നേയും ശക്തമായ കാറ്റ് ഇരച്ചുകയറി.
"
അയ്യേ... ഈ കാറ്റിന് ഒരു നാണവുമില്ല"..... പുഞ്ചിരിയാല്‍ വിടര്‍ന്ന എന്‍റെ നുണക്കുഴിയില്‍ എവിടെ
നിന്നോ ഒരു മഴത്തുള്ളി തെറിച്ചു വീണു......
അപ്പോഴേക്കും തലയ്ക്കു മുകളില്‍ ഒരു വലിയ ബോര്‍ഡ് "മഞ്ചേരി എല്‍.പി. സ്കൂള്‍".
പിന്നെ ഒരൊട്ടമായിരുന്നു അകത്തേക്ക്. അവിടെ എന്നെയും കാത്ത് വലിയ ഒരു ഉങ്ങുമരം
നില്‍ക്കുന്നുണ്ട്. നിറച്ച് ഉങ്ങുകായകളുള്ള "എന്‍റെ അപ്പൂപ്പന്‍ മരം"...
ആവേശത്തോടെ ഉങ്ങുകായകള്‍ പെറുക്കി സഞ്ചിയിലും പോക്കറ്റിലും നിറച്ച്
അപ്പൂപ്പന്‍ മരത്തിനൊരു ഉമ്മയും നല്‍കി നേരെ ക്ലാസിലേക്ക്................

സെഞ്ചിയില്‍ നിന്നും അരികുപ്പൊട്ടിയ സ്ലേറ്റും പെന്‍സിലും പിന്നെപലരീതിയില്‍
വെട്ടിയുണ്ടാക്കിയ കള്ളിചെടി കഷ്ണങ്ങളും (സ്ലേറ്റ് മായ്ക്കാനുള്ളത് )
പുറത്തെടുത്ത് ക്ലാസിലെ പ്രധാന അധ്യാപകനായ കോരന്‍ മാഷിനെ കാത്തിരുന്നു.
ചുവരിലെ ബോര്‍ഡില്‍ തലേ ദിവസത്തെ കോരന്‍മാഷിന്‍റെ കൈയ്യക്ഷരം പാതി മാഞ്ഞു
കിടക്കുന്നു...: " പാഠം 1 അമ്മ"....."
ക്ലാസിനു പുറത്ത് മഴത്തുള്ളികള്‍ ഒറ്റിവീഴുന്ന ശബ്ദം എന്‍റെ കാതുകളില്‍.....ചിന്തയുടെ വേരുകള്‍ എങ്ങൊട്ടൊക്കെയോ പടര്‍ന്നുകയറുന്നു.

രാജകുമാരിയെ കൊല്ലാന്‍ വരുന്ന ദുഷ്ടനായ ജിന്നിന്‍റെ കഥയും കേട്ട് ദ്രവിച്ചുവീഴാറായ
മേല്‍ക്കൂരയിലൂടെ താഴോട്ട് പതിക്കുന്ന മഴത്തുള്ളികളെ നോക്കി ഉമ്മയുടെ
മടിയില്‍ തലവെച്ച് കിടക്കുന്നു..... ഉമ്മയുടെ വിളറിയ വിരലുകള്‍ എന്‍റെ
തലയിലൂടെ ഒഴുകി നടക്കുന്നു... പെട്ടെന്നാണറിഞ്ഞത്, മഴത്തുള്ളികള്‍ക്കും
ഉമ്മയുടെ കണ്ണുനീരിനും ഒരേനിറം....ഉമ്മയെ നൊക്കി അതിശയതോടെ പറഞ്ഞു...:
"
ഉമ്മാ........ ദേ നോക്ക്യ മഴ കരയുന്നു .........."
'
അത് വിഷമം കൊണ്ടാ മോനേ...എന്‍റെ പളുങ്ക് കരയണ്ടാട്ടോ"
'
ഉം'
ഞാന്‍ തലയാട്ടി ഉമ്മയുടെ മടിയിലോട്ട് ചാഞ്ഞു. എന്‍റെ നുണക്കുഴിയില്‍ ഉമ്മയുടെ ചുടുകണ്ണീര്‍ നിറയുന്നു..

"
അയ്യോ"...............ചിന്തകളെ ഭേദിച്ചുകൊണ്ട് കോരന്‍ മാഷിന്‍റെ ചൂരല്‍ പുറത്തുപതിഞ്ഞതും ഞാന്‍ പുളഞതും
പെട്ടെന്നായിരുന്നു..... 'മുന്നില്‍ പത്തുതലയുള്ള രാവണനായി കോരന്‍ മാഷുടെ
താണ്ഡവം', ഉമ്മ എനിക്കു പറഞ്ഞുതരാറുള്ള കഥകളിലെ ദുഷ്ടനായ ജിന്നിനെ പോലെ
തോന്നി.....ഞാന്‍ ആലില പോലെ വിറയ്ക്കാന്‍ തുടങ്ങി , മാഷിന്‍റെ വക ശിക്ഷയും
കിട്ടി. ബഞ്ചില്‍ കയറ്റിനിര്‍ത്തി "ഞാന്‍ കുഴിമടിയന്‍" എന്നു 100 തവണ
പറയിപ്പിച്ചു. കുട്ടികളുടെ കൂട്ടചിരികള്‍ക്കിടയിലൂടെ എന്‍റെ ഇടറിയശബ്ദം
അവിടമാകെ ചിതറി ത്തെറിച്ചു.. കൂട്ടചിരിയില്‍ ഈ കുഞ്ഞുമനസ്സിന്‍റെ നൊമ്പരം
ആരുമറിഞ്ഞില്ല.................

ഉച്ചഭക്ഷണത്തിനുള്ള കൂട്ടമണി കേട്ടപ്പോളാണ് വയറിന്‍റെ വിശ്പ്പ് തിരിച്ചറിഞ്ഞത്. 'പൊടിയന്‍ മരത്തിന്‍റെ'
ഇലയുമായി സ്കൂള്‍ കഞ്ഞിക്കുള്ള നീണ്ടവരിയില്‍ ചമ്രം പടിഞ്ഞിരുന്നു.
ഭവാനിചേച്ചിയുടെ കരിവളയിട്ട കൈകള്‍ എന്‍റെ ഇലയില്‍ ഗൊതമ്പ് ഉപ്പുമാവ്
പകര്‍ന്നു (അന്നൊക്കെ ഉച്ച ഭക്ഷണം ഗൊതമ്പ് ഉപ്പുമാവായിരുന്നു ) അതുമുഴുവനും
ഞാന്‍ തിന്നുതീര്‍ത്തു. 'ലോകത്തെ എറ്റവും വിലകൂടിയതും രുചിയുള്ളതുമായ
ഭക്ഷണമായിരുന്നു എനിക്കത്'. എല്ലാ കുട്ടികള്‍ക്കും കൊടുത്തശേഷം ബാക്കിയുള്ള
ഉപ്പുമാവ് വീട്ടുകാര്‍ക്കു കൊടുക്കാന്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ്
എന്‍റെ കൈയില്‍ വെച്ചുതന്ന് ഭവാനിചേച്ചി എന്നും പറയും...:

"
ടാ പളുങ്കേ....നന്നായി പഠിക്കണം ട്ടോ" എന്നിട്ട് നുണകുഴിയില്‍ ഒരു നുള്ളും.
എന്തോ..ഭവാനിചേച്ചിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു..... മക്കളില്ലത്തതു കൊണ്ടാകാം.....

ഉപ്പുമാവുപൊതി ഭദ്രമായി സഞ്ചിയില്‍ തിരുകി പോക്കറ്റില്‍ നിറച്ച ഉങ്ങുകായ്കളുമായി ഒരു
പോരാളിയെ പോലെ കളിക്കളത്തിലേക്ക്......................
അപ്പൂപ്പന്‍ മരത്തിന്‍റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ താവളം. മണ്ണില്‍ ചതുരം വരച്ച്
അതില്‍ പത്ത് ഉങ്ങുകായ്കള്‍ വീതം ഇടും. കൈയില്‍ പത്ത് കല്ലും കാണും. ഒരു
നിശ്ചിത ദൂരത്തുനിന്ന് എറിഞ്ഞുകൊള്ളിക്കണം, ഏറു കൊള്ളുന്ന കായ്കളെല്ലാം
എറിയുന്നവന് സ്വന്തം... ഗോലിക്കളി പോലെതന്നെ. ഗോലി വാങ്ങാന്‍ പൈസയില്ലാത്ത
എന്നെപൊലുള്ളവര്‍ക്കു ഈ കായകളായിരുന്നു ആശ്വാസം. കൂടുതല്‍ കായ്കള്‍
സ്വന്തമാക്കുന്നവനാണ് ജേതാവ്. ഞങ്ങളുടെ വാശിയേറിയ 'ലോകക്കപ്പ്' കാണാന്‍
എല്ലാ കുട്ടികളും ചുറ്റും തടിചുകൂടുമായിരുന്നു. ഞാനായിരുന്നു എപ്പോഴും
കളിയിലെ ജേതാവ്.

കൂടുതല്‍ കായ്കള്‍ സ്വന്തമാക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ഗമ ഒന്നു കാണേണ്ടതു തന്നെ. അതില്‍ അസൂയമൂത്ത ശ്രീകാന്ത്
എന്ന സഹപാഠി എന്‍റെ .കീറിയ ട്രൗസറില്‍ പിടിച്ച് ഒറ്റ വലി......

കൈയിലെ ഉങ്ങുകായ്കള്‍ക്കൊപ്പം എന്‍റെ നാണവും പുറത്തേക്ക് ചാടി, ആണ്‍ക്കുട്ടികള്‍
കൂട്ടച്ചിരിയോടെ ആ ക്കാഴ്ച കണ്ടു രസിച്ചു. "..... . എന്നിലപ്പോഴുണ്ടായ
വികാരം ഇവിടെ എനിക്ക് എഴുതാനറിയില്ല....ഇടാന്‍ വേറെ
ട്രൗസറില്ല...കരച്ചില്‍, അപമാനം, ദേഷ്യം എല്ലാം ഒരുമിച്ചായിരുന്നു. ഞാന്‍
ഓടിചെന്ന് അവന്‍റെ നെഞ്ചില്‍ 'ഒറ്റ കടി' കടി വിട്ടപ്പോള്‍ അവന്‍റെ നെഞ്ചിലെ
അല്‍പം മാംസം എന്‍റെ വായില്‍....അവന്‍ നിലവിളിക്കാന്‍ തുടങ്ങി.
പെടിച്ചുവിറച്ചു. പിന്നെ എനിക്ക് ശിക്ഷകളുടെ പെരുമഴക്കാലമായിരുന്നു.

ഒരു കുറ്റവാളിയെപ്പോലെ എന്നെ ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുപ്പോയി.
സ്ഥലവും കാലവും നോക്കാതെ കുട്ടികളുടെ മുന്നിലിട്ട് മാഷിന്‍റെ ചൂരല്‍
കണക്കിനു പ്രഹരിച്ചുകൊണ്ടിരുന്നു.. ... കൈകളിലും കാലുകളിലും
എല്ലാം....വേദനകൊണ്ട് ഞാന്‍ .... ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. ശിക്ഷ
കഴിഞ്ഞില്ല. സ്കൂളിലെ സ്റ്റേജില്‍ കയറ്റി നിര്‍ത്തി, എല്ലാവരോടുമായി
"
ഞാന്‍ പേപ്പട്ടി "
എന്ന് പത്ത് തവണ വിളിച്ചുപറഞ്ഞു. സ്കൂള്‍ വിടുന്നതുവരെ സ്റ്റേജില്‍
നിര്‍ത്തിഎല്ലാവരും ക്ലസ്സുകളില്‍ കയറി. ഞാന്‍ ഉറക്കെ കരഞ്ഞു. എന്നെ
തോല്‍പ്പിച്ചുകൊണ്ട് മഴയും കരയുന്നു, മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന
എന്‍റെ അപ്പൂപ്പന്‍ മരവും എനിക്കുവേണ്ടി കരയുന്നുണ്ടായിരുന്നു.....
"
ഉമ്മാ........ ദേ നോക്ക്യ ഞങ്ങള്‍ കരയുന്നു ട്ടോ....."

എന്‍റെ പിഞ്ചുമനസ്സ് തേങ്ങി. കീറിപറിഞ്ഞ ട്രൗസറിലൂടെ തണുത്ത കാറ്റ് എന്‍റെ
മുറിവുകളെ തഴുകിയപ്പോള്‍ ഒരു നാണവും തോന്നിയില്ല. നല്ല സുഖമായിരുന്നു. നാണം
തോന്നാത്ത അവസരങ്ങളും മനുഷ്യരില്‍ ഉണ്ടാവുമെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

അപ്പൂപ്പന്‍ മരത്തിന് ഒരു ഉമ്മയും കൊടുത്ത് തോളില്‍ സഞ്ചിയും പൊത്തിപ്പിടിച്ച
ട്രൗസറുമായി വീട്ടിലോട്ട് വേച്ചു വേച്ചു നടന്നു. അവിടെ എന്നെയും കാത്ത്
ശ്രീകാന്തും അമ്മയും പിന്നെ എന്‍റെ ഉമ്മയും. ഒന്നും ചോദിക്കാ‍ന്‍ പോലും
നില്‍ക്കാതെ കയ്യില്‍ കിട്ടിയ വടിയെടുത്ത് ഉമ്മ എന്നെ പൊതിരെ തല്ലി. ഞാന്‍
കരഞ്ഞില്ല എന്‍റെ കണ്ണുനീരെല്ലാം വറ്റിപ്പോയിരുന്നു. വടിക്ക് നല്ലൊരു ഇരയെ
കിട്ടിയ സന്തോഷമായിരുന്നു..കുളിക്കാന്‍ ഡ്രസ്സ്‌ അഴിച്ചപോഴാണ് ഉമ്മ എന്‍റെ
നഗ്നത കണ്ടത്. അത് താങ്ങാന്‍ ആ പാവത്തിന് കഴിഞ്ഞില്ല. പൊട്ടികരയാന്‍
തുടങ്ങി. അത് കണ്ടുനില്‍ക്കാന്‍ എനിക്കും കഴിഞില്ല.. ഉമ്മ എന്നെ
കോരിയെടുത്ത് കൊണ്ടുപൊകുന്നത് മാത്രം ഞാന്‍ അറിയുന്നുണ്ടായിരുന്നു.....

ബോധം വന്നപ്പോള്‍ നിലത്തെ പായില്‍ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്.
ഒരിക്കലും വറ്റാത്ത സ്നെഹത്തിന്‍റെ ഉറവ മുഴുവന്‍ നല്‍കി എന്നെ
സന്തോഷിപ്പിക്കുന്നു....തെറ്റുകള്‍ മനസ്സിലാക്കി തന്ന് എന്‍റെ മനസ്സിലെ
കറകള്‍ മായ്ച്ചുകൊണ്ടേയിരിക്കുന്നു.
"
ഇനി ഒരിക്കലും ഈ പളുങ്ക് തെറ്റ് ചെയ്യില്ലുമ്മാ......." ആ കണ്ണുകള്‍ തുടച്ച് ആ കവിളില്‍ കുറേ
പളുങ്കുമുത്തങ്ങള്‍ നല്‍കിയതും എന്നെ വാരിപ്പുണര്‍ന്ന് ഉമ്മയുടെ അധരങ്ങള്‍
എന്‍റെ കവിളിലും ചുണ്ടിലും, കണ്ണിലും നെറ്റിയിലും,തലയിലും നുണകുഴികളിലും
മഴയായി പെയ്തിറങ്ങി.........................
ഉമ്മയുടെ കാല്‍ചുവട്ടിലാണ് സ്വര്‍ഗ്ഗമെന്നും ഉമ്മയുടെ അടി ഒരു പാഠമാണെന്ന തിരിച്ചറിവുണ്ടായതും
അന്നാണ്....""പ്രവാസത്തില്‍ ഇരുന്നു ഇന്നും അതോര്കുമ്പോള്‍ കണ്ണുനീര്‍ ധാര
ധാര യായി ഒഴുകുന്നുണ്ടായിരുന്നു"" ...
പൊട്ടിയ സ്ലേറ്റ് എടുത്തുവെച്ച് ഞാന്‍ എഴുതി.....

"
പാഠം ഒന്ന് ഉമ്മയുടെ അടി"

കടലാസുപൊതിയില്‍ അവസാനത്തെ കടലയും കഴിഞ്ഞപ്പോഴാണ് ഭൂതത്തില്‍ നിന്നും വര്‍ത്തമാനത്തിലെത്തിയെന്ന് മനസ്സിലായത്.

ശ്രീകാന്ത് ഇന്ന് 'കല്ലന്‍ ഷാജി' എന്നാണ് അറിയപ്പെടുന്നത്. നാട്ടിലെ പ്രധാന റൗഡി.

"
എന്തേ അവന്‍റെ അമമ അവനെ അടിക്കാന്‍ മറന്നുവോ...???"
"
അതോ അമമയുടെ അടി അവന് തിരിച്ചറിവായില്ലയോ...???"

ഈ ചോദ്യങ്ങള്‍ സമൂഹത്തിന് വിട്ട് കൊടുത്ത് എന്‍റെ ജീവിത വേഷങ്ങളുമായി ഞാന്‍
ഓടുകയാണ്.... "ഭൂതത്തില്‍ നിന്നും ഭാവിയിലേക്ക്........ജന്മത്തില്‍ നിന്നും
ചരമത്തിലേക്ക്.....പ്രവാസത്തില്‍ നിന്നും
ചിതയിലേക്ക്.............................................................."
ഇപ്പോഴും മഴ കരയുന്നുണ്ട്.........


ഉമ്മാ........ ദേ നോക്ക്യ മഴ കരയുന്നുട്ടോ..................

 

 

 

 

--


Reply all
Reply to author
Forward
0 new messages