ഏഷ്യാനെറ്റിലെ ജനപ്രിയ ടോക് ഷോ ആയ നമ്മള്‍ തമ്മില്‍ എന്ന ടോക്‌ഷോയില്‍നിന്ന് ജഗദീഷിനെ ഒഴിവാക്കുന്നുവോ? ജഗദീഷിന്റെ അതിഭാവുകത്വം കലര്‍ന്ന അവതരണ രീതിയോടു പ്രേക്ഷകര്‍ക്കു യോജിക്കാന്‍ കഴിയുന്നില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കി പകരക്കാരനെ നിയമിക്കാന്‍ ഏഷ്യാനെറ്റ് തീരുമാനിക്കുകയായിരുന്നു. പുതിയ അവതാരകനുവേണ്ടിയുള്ള തിരച്ചില്‍ ഏഷ്യാനെറ്റ് ആരംഭിച്ചതായാണ് സൂചന. നമ്മള്‍ തമ്മിലിന്റെ അവതരണത്തില്‍ ജഗദീഷ് ശരാശരിയിലും താഴെയാണെന്ന പൊതുവേ അഭിപ്രായം ഉയര്‍ന്നിരുന്നു. ടെലിവിഷന്‍ റേറ്റിങിലും നമ്മള്‍ തമ്മില പിന്നാക്കം പോയതാണ് കടുത്ത തീരുമാനമെടുക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്. അതേ സമയം ചാനലിലെ മറ്റൊരു ഹിറ്റ് ഷോയായ വോഡാഫോണ്‍ കോമഡിസ്‌റ്റാര്‍സിന്റെ വിധികര്‍ത്താക്കളിലൊരാളായി ജഗദീഷ് തുടരും.
ചാനലിന്റെ ആരംഭകാലം മുതല്‍ക്കെ നമ്മള്‍ തമ്മില്‍ അവതരിപ്പിച്ചിരുന്നത് ശ്രീകണ്‌ഠന്‍ നായരായിരുന്നു. ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ്‌കൂടിയായിരുന്ന ശ്രീകണ്‌ഠന്‍ നായര്‍ ചാനല്‍ ഉപേക്ഷിച്ചതോടെയാണ് നടന്‍ ജഗദീഷിനെ അവതാരകനാക്കിയത്.
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ടോക്ക് ഷോയെന്ന പദവി കൈവിടാതെയായിരുന്നു ശ്രീകണ്‌ഠന്‍ നായര്‍ പരിപാടി അവതരിപ്പിച്ചിരുന്നത്. സിനിമ പോലുള്ള ജനപ്രിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടും പ്രേക്ഷകരെ ആകര്‍ഷിയ്‌ക്കാന്‍ ജഗദീഷിന് കഴിഞ്ഞില്ല. തന്റെ അഭിപ്രായങ്ങള്‍ തന്മതയത്വത്തോടെ അവതരിപ്പിക്കുമ്പോഴും പരസ്യമായി നിക്ഷപക്ഷത കൈവിടാതിരുന്ന നായരുടെ വിരുതും ജഗദീഷിനില്ലെന്ന് പരക്കെ പരാതി ഉയര്‍ന്നിരുന്നു.