ലണ്ടന്‍: ഫിഫ ലോകകപ്പ് 2018, 2022 എന്നിവ എവിടെ സംഘടിപ്പിക്കണമെന്നതില്‍ വ്യാഴാഴ്ച സൂറിച്ചില്‍ വോട്ടു ചെയ്യാനിരിക്കുന്ന മൂന്നു ഫിഫ ഉദ്യോഗസ്ഥര്‍ 1990 കളില്‍ കൈക്കൂലി വാങ്ങിയിരുന്നുവെന്ന വാര്‍ത്ത ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചാ വിഷയമാവുന്നു. ബിബിസി അന്വേഷണാത്മക പരിപാടിയായ 'പനോരമ'യാണ് ഇൌ വിവരം പുറത്തു കൊണ്ടു വന്നത്.
പരാഗ്വയുടെ നിക്കോളസ് ലിയോസ്, ആഫ്രിക്കന്‍ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഇസ ഹയാട്ടോ, ബ്രസീലില്‍ നിന്നുള്ള റിക്കാര്‍ഡോ ടെക്സീറ എന്നിവരാണ് ടെലിവിഷന്‍ അവകാശം നല്‍കുന്നതിനു പകരമായി ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് ആന്‍ഡ് ലീഷറില്‍ (ഐഎസ്എല്‍) നിന്നും കൈക്കൂലി വാങ്ങിയതായി തെളിഞ്ഞത്.
1989 മുതല്‍ 1999 വരെയുള്ള പത്തു വര്‍ഷത്തിനിടെ പത്തു ദശലക്ഷം ഡോളറിലേറെ തുക ഇവര്‍ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ഇതില്‍ പരാഗ്വക്കാരനും സൌത്ത് അമേരിക്ക ഫുട്ബോള്‍ കോണ്‍ഫിഡറേഷന്‍ തലവന്‍ കൂടിയായ ലിയോസ് മൂന്ന് തവണകളായി ആറു ലക്ഷം ഡോളര്‍ കൈപ്പറ്റിയതായി ബിബിസി പരിപാടിയില്‍ വെളിപ്പെട്ടു. 2014 ല്‍ ബ്രസീല്‍ ലോകകപ്പ് സംഘാടനചുമതല കൂടിയുള്ള ടെക്സീറയാവട്ടെ 9.5 ദശലക്ഷം ഡോളറാണ് കൈപ്പറ്റിയത്. ആഫ്രിക്കന്‍ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഫിഫ വൈസ് പ്രസിഡന്റ് 20,000 ഡോളര്‍ കൈപ്പറ്റിയതായും പരിപാടിയില്‍ തെളിഞ്ഞു.
ഇവ കൂടാതെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ നിന്നുള്ള ഫിഫ വൈസ് പ്രസിഡന്റ് ജാക്ക് വാര്‍ണര്‍ ഇക്കഴിഞ്ഞ ലോകകപ്പില്‍ 84,000 ഡോളറിന്റെ ടിക്കറ്റ് അനധികൃതമായി വാങ്ങി വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തി. 2006ലെ ലോകകപ്പിലും വാര്‍ണര്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റു.
2018 ലെ ലോകകപ്പ് എവിടെ നടത്തണമെന്നുള്ള വ്യാഴാഴ്ചത്തെ വോട്ടെടുപ്പില്‍ ഈ നാലു പേര്‍ ഉള്‍പ്പെടെ 22 പേരാണുള്ളത്. ആകെ 24 പേരായിരുന്നു വോട്ടു ചെയ്യേണ്ടിയിരുന്നത്. രണ്ടുപേരെ വോട്ടവകാശം വില്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നു കഴിഞ്ഞ മാസം വിലക്കിയിരുന്നു. 2018ലെയും 2022ലെയും ലോകകപ്പ് വേദി നിശ്ചയിക്കാനുള്ള വോട്ടുകള്‍ പണത്തിനായി മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചുവെന്ന സണ്‍ഡേ ടൈംസ് കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്.
അതേസമയം, പരിപാടി പ്രക്ഷേപണം ചെയ്ത സമയം ഇംഗണ്ടില്‍ ചര്‍ച്ചാ വിഷയമാവുകയാണ്. 2018 ലെ ഫിഫ ലോകകപ്പ് വേദിയായി മത്സരരംഗത്തുള്ള ഇംഗണ്ടിന്റെ സാധ്യതകള്‍ ബിബിസി പ്രക്ഷേപണം ചെയ്ത പരിപാടിയിലൂടെ നഷ്ടമാകുമെന്ന ആശങ്കയാണ് ഇതിനു പിന്നില്‍