നീതിവ്യവസ്ഥയെ വെളിപ്പെടുത്തുന്ന രണ്ട് തുറന്നുപറച്ചിലുകള്‍
ഇന്ത്യയിലെ ഏറ്റവും ബുദ്ധിശാലിയായ ജീവി ഏതാണെന്നറിയുമോ?
അതൊരു നായയാണ്. അതിന്‍െറ കുലവും വിലാസവും വഴിയേ പറയാം. ഈയിടെ പുറത്തുവന്ന രണ്ടു വെളിപ്പെടുത്തലുകളും അതിന്‍െറ തുടരൊഴുക്കുകളുമാണ് ഇത്തരമൊരു നിഗമനത്തിലത്തെിച്ചത്. അദ്ഭുതകരമല്ലെങ്കിലും ആകസ്മികമായ രണ്ടു തുറന്നു പറച്ചിലുകള്‍.
ആദ്യം- സ്വാമി അസിമാനന്ദയുടെ അഭിമുഖമാണ്. സത്യസന്ധവും ധീരവുമായ പത്രപ്രവര്‍ത്തനം നടത്തിയതിന്‍െറ പേരില്‍ കരിയറിന്‍െറ തുടക്കകാലത്തുതന്നെ കോര്‍പറേറ്റ്-ഭരണകൂട അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്ന പഴയ ‘ഫ്രീപ്രസ്’ പത്രാധിപര്‍ വിനോദ് കെ. ജോസ് ആ വേട്ടയാടലുകള്‍ തന്നെ കൂടുതല്‍ കരുത്തനാക്കിയെന്ന് തെളിയിച്ച് പുറത്തിറക്കുന്ന കാരവന്‍ മാഗസിനില്‍ ലീന ഗീതാ രഘുനാഥ് തയാറാക്കിയ അഭിമുഖം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനേകരുടെ ജീവനെടുത്ത പല ബോംബു സ്ഫോടനങ്ങള്‍ക്കും പിന്നില്‍ ആരായിരുന്നുവെന്നതിന് കൃത്യമായ ദിശാസൂചി നല്‍കുന്ന വെളിപ്പെടുത്തലുകളാണ് അതിലുള്ളത്. മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഇന്ത്യവിട്ടുപോകണമെന്ന് ശഠിക്കുന്ന, ഈ ശത്രുക്കള്‍ക്കെതിരെ ചോര തിളക്കാത്തവര്‍ ഹിന്ദുക്കളല്ലെന്നും വിധിക്കുന്ന കാലുഷ്യത്തിന്‍െറ വിചാരധാര പിന്‍പറ്റുന്ന സംഘ്പരിവാര്‍ ആസൂത്രണം ചെയ്തവയാണ് മാലേഗാവ്-സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ എന്നും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്‍െറ അറിവോടെയാണ് ഇവ നടപ്പാക്കിയതെന്നും അസിമാനന്ദ വ്യക്തമാക്കുന്നു. ഇതു മുഴുവന്‍ പുത്തന്‍ അറിവുകളല്ല. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും അസിമാനന്ദ ഏതാനും വര്‍ഷംമുമ്പുതന്നെ തന്‍െറ കുറ്റ സമ്മതമൊഴിയില്‍ ഏറ്റുപറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പറയിച്ചതാണ് എന്നായിരുന്നു അക്കാലത്ത് ഇതു സംബന്ധിച്ച ആര്‍.എസ്.എസ് വിശദീകരണം. എന്നാല്‍, ഇക്കാര്യമെല്ലാം ലോകമറിയണം എന്ന ലക്ഷ്യത്താല്‍ താന്‍ തുറന്നു പറയുകയാണ് എന്ന് ‘കാരവന്‍’അഭിമുഖത്തില്‍ സ്വാമി വ്യക്തമാക്കുന്നു. നിരവധി മനുഷ്യരുടെ ജീവഹാനിയും അംഗഭംഗവും വരുത്തിയതിലൊതുങ്ങുന്നില്ല മേല്‍പറഞ്ഞ സ്ഫോടനങ്ങളുടെ വ്യാപ്തി. ഒരുപാടൊരുപാട് മുസ്ലിം ചെറുപ്പക്കാരുടെ ജീവിതം പാഴ്ക്കടലാസുപോലെ ചീന്തിയെറിയപ്പെട്ടു ആ പൊട്ടിത്തെറികളുടെ പേരില്‍. അപകര്‍ഷബോധത്താല്‍ മുമ്പേ കുനിഞ്ഞുപോയ സമുദായം അപമാനഭാരത്താല്‍ വളഞ്ഞൊടിഞ്ഞു. പരസ്പര വിശ്വാസം അമ്പേ തകര്‍ന്നു. തൊപ്പി ധരിച്ചൊരു താടിക്കാരന്‍ ഒരു പെട്ടിയോ സഞ്ചിയോ ഏന്തി കയറിയാല്‍ കമ്പാര്‍ട്ട്മെന്‍റിലെ സഹയാത്രികരുടെ ഹൃദയതാളം തെറ്റുമായിരുന്നു. സംഘടിതമായ നരഹത്യക്കൊപ്പം ഇത്തരമൊരു ഭീതിപരത്തലും വെറുപ്പിന്‍െറ രീതിശാസ്ത്രക്കാരുടെ ലക്ഷ്യമായിരുന്നിരിക്കണം. അസിമാനന്ദ അഭിമുഖത്തിന്‍െറ പൂര്‍ണ ശബ്ദരേഖ കാരവന്‍ പുറത്തുവിടുകയും അതു വ്യാജമെങ്കില്‍ തങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. എവിടെനിന്നോ വന്നു വീണെന്ന് പറയപ്പെടുന്ന ഇ-മെയിലുകളും ഭീഷണിക്കത്തുകളും മിസ്കോളുകളും സുപ്രധാന തെളിവുകളായി ഗണിച്ചല്ലെ ഒട്ടനവധി മനുഷ്യരെ നേരാംവണ്ണം വിചാരണ പോലും നടത്താതെ തടങ്കല്‍പാളയത്തില്‍ പൂട്ടിയിട്ടിരിക്കുന്നത്. എന്നിട്ടോ, ഇത്ര സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുണ്ടായിട്ടും പൊട്ടിത്തെറികളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്കു നേരെ വിരല്‍ചൂണ്ടാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ക്കു മുട്ടുവിറക്കുന്നു.
രണ്ടാം വെളിപ്പെടുത്തല്‍ വായനക്കാര്‍ ഊഹിച്ചതു പോലെ ‘വിശുദ്ധ നരകം’ തന്നെ. രാഷ്ട്രകുലപതിമാരും ന്യായാധിപ പ്രമുഖരും മുട്ടുകുത്തി വണങ്ങാന്‍ വരിനില്‍ക്കുന്ന അമൃതാനന്ദമയിയുടെ ആശ്രമത്തിലെ അപമാനങ്ങളെക്കുറിച്ചും ലൈംഗിക പീഡനങ്ങളെക്കുറിച്ചും മുന്‍ ശിഷ്യ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ കാര്യങ്ങളും ഏറെക്കാലമായി അടക്കം പറച്ചിലായി കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ തന്നെയാണ്. അധികാരകേന്ദ്രങ്ങളെ സദാ ആലിംഗനം ചെയ്തു നില്‍ക്കുന്ന മഠവുമായി ബന്ധപ്പെട്ട ദുരൂഹ മരണം അന്വേഷിക്കാനത്തെിയ ഉദ്യോഗസ്ഥര്‍ നടത്തിയ പാദപൂജകളും പരസ്യമാണ്. ഇത്ര ഗുരുതരമായ ആരോപണം ഉയരുമ്പോഴും മഠത്തെ ന്യായീകരിക്കാനാണ് സംസ്ഥാനം ഭരിക്കുന്നവര്‍ക്കു തിടുക്കം. നഴ്സുമാരുടെ സമരകാലത്ത് അതിക്രമം പ്രവര്‍ത്തിച്ചപ്പോഴും ഒരു ശസ്ത്രക്രിയയെ ചൊല്ലിയും അമൃതാനന്ദമയി സ്ഥാപനങ്ങളെ ചോദ്യംചെയ്തവര്‍ക്കെതിരെ ചെയ്ത പതിവ് തുടര്‍ന്നുകൊണ്ട് ഇക്കുറിയും ഫേസ്ബുക്കില്‍ പ്രതികരിച്ചവരുടെ പേരില്‍ പൊലീസ് സൈബര്‍ കേസ് എടുത്തിട്ടുണ്ട്. ഒരു പുസ്തകത്തില്‍ കണ്ട പരാമര്‍ശത്തിന്‍െറ പേരിലോ ഫേസ്ബുക് ചര്‍ച്ചയുടെ ചുവടുപിടിച്ചോ അമൃത മഠത്തിനെതിരെ നടപടിവേണമെന്നു പറയുന്നതില്‍ ന്യായമില്ല എന്നു നിരീക്ഷിക്കുന്നവരുമുണ്ട്. ധൈര്യമുണ്ടെങ്കില്‍ നാട്ടില്‍ വന്ന് കേസുകൊടുക്കാന്‍ മദാമയെ വെല്ലുവിളിക്കുന്നവരുമുണ്ട്. അമൃതാനന്ദമയി മഠത്തെയും ബാലു സ്വാമിയെയും സാധ്വി ഗായത്രിയെയും ഒക്കെ മാറ്റിവെക്കുക.
ഗെയ്ല്‍ ട്രെഡ്വെല്‍ വള്ളിക്കാവ് ആശ്രമത്തില്‍ വന്നു താമസിച്ചതിനു പകരം കോവളത്തെയോ കുമരകത്തെയോ ഒരു റിസോര്‍ട്ടില്‍ വന്നാണ് താമസിച്ചത് എന്നു നിരൂപിക്കുക. റൂം സര്‍വീസിനു വന്ന ജീവനക്കാരന്‍ അപമര്യാദയായി പെരുമാറി എന്ന് ട്വിറ്ററില്‍ ഒരു വരി ട്വീറ്റി എന്നും വെക്കുക. നേരമിരുട്ടി വെളുക്കും മുമ്പേ കുടുംബത്തുകയറി ആ തൊഴിലാളിയുടെ ജനനേന്ദ്രിയം ഞെരിച്ചുടക്കുമായിരുന്നില്ലെ നമ്മുടെ പൊലീസ്?
ഇവിടെയാണ് പത്തുവര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ ഒരു കേസിന്‍െറ തെളിവെടുപ്പിനിടയില്‍ ഒരാളെ നോക്കി കുരച്ച് പത്തുവര്‍ഷം തടവുജീവിതം സമ്മാനിച്ച നായയുടെ പ്രസക്തി. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവന്‍െറ ജാതിയും ദേശവും നോക്കി നിരപരാധിയെങ്കിലും തൂക്കുമരം വിധിച്ച് രാഷ്ട്രമനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്ന, രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങള്‍ക്കു പിന്നിലാരെന്ന് വിളിച്ചു പറയുന്ന പുസ്തകത്തെ ദേശദ്രോഹകരമെന്ന് മുദ്രയടിക്കുന്ന ഏമാന്‍മാരുടെയും ന്യായാധിപ പടുക്കളുടെയും ഉള്ളിലിരിപ്പുകള്‍ ഇത്ര വ്യക്തമായി മനസ്സിലാക്കി കൃത്യനിര്‍വഹണം നടത്തിയ ആ നായയുടെ ബുദ്ധിസാമര്‍ഥ്യത്തെ എത്ര പ്രകീര്‍ത്തിച്ചാലാണ് മതിയാവുക?
സവാദ് റഹ്മാന്‍