12 പേജുകളിലായി വിസ്തരിച്ചെഴുതിയ സത്യവാങ്മൂലത്തിലെ മുഴുവന്‍ പേജുകളിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും എളുപ്പം മനസ്സിലാവുന്ന ഒരു കാര്യമുണ്ട്; ഒരു ഇസ്ലാമിക പ്രസ്ഥാനം എത്രത്തോളം ജനാധിപത്യപരവും അഹിംസാത്മകവുമായ മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കുന്നു എന്നത് പരിഗണിക്കപ്പെടേണ്ട കാര്യമേ അല്ല. ജമാഅത്തെ ഇസ്ലാമി അക്രമത്തിലോ വിധ്വംസക പ്രവര്‍ത്തനത്തിലോ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും അവരുടെ വിശ്വാസങ്ങള്‍ തന്നെയാണ് പ്രശ്നം.പക്ഷേ, ആ വിശ്വാസം മുഴുവന്‍ മുസ്ലിംകളും പങ്കുവെക്കുന്ന അടിസ്ഥാന തത്ത്വങ്ങളാണ് എന്നതാണ് സത്യം. ദേശീയഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ വയ്യ എന്ന യഹോവാ സാക്ഷികളുടെ വിശ്വാസത്തിന് കോടതി സംരക്ഷണമുള്ള നാട്ടിലാണ് പ്രാഥമികമായ ഇസ്ലാമിക തത്ത്വങ്ങള്‍ പ്രചരിപ്പിച്ചതിന്‍റെ പേരില്‍ ഒരു സംഘടനയെയും അതിന്‍റെ പുസ്തകങ്ങളെയും നിരോധിക്കാന്‍ നോക്കുന്നത്. ഇസ്ലാമോഫോബിയ എന്ന മഹാരോഗത്തിന്‍റെ പ്രകടമായ ലക്ഷണങ്ങള്‍ മാത്രമാണിത്. ചികിത്സിക്കേണ്ടവര്‍ തന്നെ രോഗം സംക്രമിപ്പിക്കുന്നുവെന്നത് മഹാദുരന്തത്തിന്‍റെ മുന്നറിയിപ്പാണ്.